സമമായ്‌ വരുന്ന ദിനരാത്രം – വിഷു

തിളച്ചുമറിഞ്ഞ കുംഭവും മീനവും മേടത്തിനു വഴിമാറുന്ന ദിവസത്തിലാണല്ലോ നമ്മുടെ വിഷു. ഗ്രീഷ്‌മത്തിൽ നിന്നും വസന്തത്തിലേക്കുളള ഋതുസംക്രമണത്തിന്റെ തുടക്കം. വിഷുവിന്റെ പ്രാചീനനാമം ‘വിഷുവം’ എന്നും ‘വിഷുവത്‌’ എന്നുമാണ്‌ പൂർവ്വികർ പറഞ്ഞിരുന്നത്‌.

പകലും രാത്രിയും സമമായ്‌ വരുന്ന ആ നാൾ അന്നാണ്‌ വിഷു. വിഷു ഉത്തരായനക്കിളിയുടെ ഉണർത്തുപാട്ടാണ്‌. പ്രകൃതിയെ സ്‌നേഹിച്ച, പൂജിച്ച മനുഷ്യരാശിയുടെ കാർഷികജീവിതത്തിന്റെ വാർഷിക പുതുമ കൊണ്ടാടുന്ന ദിനം കൂടിയാണ്‌ വിഷു. ഭൂമിദേവിയുടെ ഭാവസൗന്ദര്യത്തിന്‌ ആകാശം നൽകുന്ന വരദാനം.

കാലത്തിന്റെ ഗൃഹപതിയായ സൂര്യൻ സ്വയം പ്രകാശിക്കുന്നതോടൊപ്പം പ്രപഞ്ചത്തെയും പ്രശോഭിതമാക്കുന്നു. മേടമാസപ്പിറവി പുതുവത്സരമാഘോഷിക്കുന്ന നമ്മുടെ വിഷു കാർഷികസമൃദ്ധിയുടെ ഉത്സവം കൂടിയാണ്‌. പ്രകൃതിവിഭവങ്ങളോടൊപ്പം പൊന്നണിഞ്ഞുനിൽക്കുന്ന കൊന്നമരം കൃഷ്‌ണഭഗവാന്റെ പൊന്നരഞ്ഞാണത്തിന്റെ മുത്തുമണികൾപോലെ ഞാന്നു കിടക്കുന്ന കൊന്നപ്പൂങ്കുലകൾ. തന്റെ ഭക്തന്‌ പ്രസാദമായി നൽകിയ പൊന്നരഞ്ഞാണം തെറ്റിദ്ധരിച്ച്‌ ദൂരേക്ക്‌ വലിച്ചെറിഞ്ഞ മാതാവ്‌ കണ്ടത്‌ കൊന്നമരത്തിൽ തൂങ്ങിയ അരഞ്ഞാണവും പൂവണിഞ്ഞു നിൽക്കുന്ന കൊന്നമരവും. ഇത്‌ ഐതീഹ്യം.

സൂര്യനുദിക്കും മുൻപേ ഓരോ വീട്ടിലും വീട്ടമ്മ കണിയൊരുക്കാനുണരുന്നു. ശുഭദർശനത്തിനായി കണിയൊരുക്കുന്നു. തിരി തെളിഞ്ഞ നിലവിളക്കിൻമുന്നിൽ, ഓട്ടുരുളിയിൽ ഒരു ഭാഗത്ത്‌ അരി മറുഭാഗത്ത്‌ കണിവെളളരി, ചക്ക, മാങ്കുല, വാഴപ്പഴം, പൊന്ന്‌, വസ്‌ത്രം, കുങ്കുമം, കണിക്കൊന്നപ്പൂവ്‌, വാൽക്കണ്ണാടി, കുഴലൂതുന്ന കൃഷ്‌ണനും പിന്നെ ഗ്രന്ഥവും.

വീട്ടിലെ ഓരോ അംഗത്തേയും വാത്സല്യത്തോടെ വിളിച്ചുണർത്തി കണ്ണു പൊത്തിപ്പിടിച്ച്‌ കണിവിളക്കിനുമുന്നിൽ കൊണ്ടുനിർത്തി കണ്ണു തുറപ്പിച്ച്‌ കണികാണിക്കുന്ന വീട്ടമ്മ. എല്ലാ ഐശ്വര്യ സങ്കൽപ്പങ്ങളും നിറഞ്ഞ പ്രതീകമായി ഒരുക്കിയിരിക്കുന്ന കണിത്താലം. പിന്നെ വിഷുക്കൈനീട്ടം. വീട്ടിലെ കാരണവരോ അച്‌ഛനോ ആയിരിക്കും നൽകുക. ഒരു നാണയത്തുട്ട്‌ (ഇന്നത്‌ കറൻസികളായി മാറിയിരിക്കുന്നു) മനസ്സിലേക്ക്‌ ഏറ്റുവാങ്ങുന്ന വിഷുക്കൈനീട്ടം ഒരു വർഷത്തെ ആശീർവാദം പോലെ… വിശിഷ്‌ടമാകട്ടെ എന്ന വരപ്രസാദം പോലെ അനുഗ്രഹമാണ്‌. അതിലൂടെ ഭൗതികവും ആത്മീയവുമായ സമൃദ്ധിയുടെ പ്രതീക്ഷയുമായി മാറുന്നു.

വീട്ടിലൊരുക്കുന്ന കണി പക്ഷിമൃഗാദികൾക്കും ശുഭദർശനമാണ്‌. അവയേയും ഉരുളിയെടുത്തു കൊണ്ടുപോയി കണികാണിക്കുന്നു. സമസ്ത ജീവജാലങ്ങൾക്കും ഐശ്വര്യം നേരുന്ന ഒരു മനസ്സാണിതിന്റെ പിന്നിൽ.

ഇന്നത്തെ ഉപഭോക്തൃ സമൂഹത്തിന്‌ അന്യമായിക്കൊണ്ടിരിക്കുന്ന ചില വൈകാരിക ബന്ധങ്ങളുണ്ട്‌ ഈ വിഷുവുത്സവത്തിന്‌. വെറും ആണ്ടുപിറപ്പിന്റെ പടക്കം പൊട്ടിക്കലല്ല, ഋതുക്കളും കാർഷിക ഉൽപാദനവുമനുസരിച്ച്‌ വീട്ടാചാരങ്ങളും നാട്ടാചാരങ്ങളുമുണ്ടായപ്പോൾ അവയ്‌ക്ക്‌ സമൂഹവുമായി വൈകാരിക ബന്ധമുണ്ടായിരുന്നു.

സ്വന്തം മണ്ണിലെ വിഭവങ്ങൾ കൊണ്ട്‌ കാലത്തിനൊരുക്കുന്ന വിഷുസദ്യ ഇന്നു വിദൂരമാണ്‌. വീടിനെ വീടാക്കുന്ന വീട്ടമ്മ… അവരുടെ ഹൃദയപ്രഭയാണ്‌ നിലവിളക്ക്‌. വിഷുക്കഞ്ഞിയും ഉണ്ണിയപ്പവും പിന്നെ പപ്പടം, പഴം, പായസവും ശരീരത്തെ പോഷിപ്പിച്ച്‌ സംതൃപ്‌തിപ്പെടുത്തുമ്പോൾ വിളിച്ചുണർത്തി കണികാട്ടുന്ന ഭൂമാതാവും അക്ഷയമാം പ്രകാശസ്വർണ്ണം ആത്മാവിനു കൈനീട്ടമായിത്തരുന്ന ആദിത്യപിതാവും ഒരുമിക്കുന്നതാണ്‌ വിഷുവെന്നത്‌ നമ്മുടെ സ്‌മൃതിപഥത്തിൽ നിന്നെത്രയകലെ…..

Generated from archived content: essay2_apr12.html Author: valsala_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English