നമ്മുടെ വിഷു

മേടം ഒന്ന്‌…..വിഷുദിനം. കേരളീയരുടെ ഭക്തിപൂർവ്വമായ ആഘോഷം. ഏപ്രിൽ 14-​‍ാം തീയതി ഉദയത്തിൽ പ്രമുഖ ക്ഷേത്രങ്ങളിൽ കണിയൊരുക്കുന്നു. കാർഷികവൃത്തിയെ ആരാധനയോടെ കാണുന്ന ജനസഞ്ചയത്തിന്റെ ഐശ്വര്യഗാഥയായ വിഷു മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമാണ്‌. കൊന്നപ്പൂക്കളും കണിവെളളരിയും പ്രധാനം തന്നെ. മറ്റു കാർഷികോൽപ്പന്നങ്ങളും, സ്വർണ്ണം, പണം, പട്ട്‌, കുങ്കുമം, പലഹാരങ്ങൾ, തിരിതെളിയുന്ന നിലവിളക്ക്‌, നിറഞ്ഞ കിണ്ടി തുടങ്ങിയവയുടെ കൂട്ടായ കാഴ്‌ച കണ്ണിനേയും മനസ്സിനേയും ഊഷ്‌മളമാക്കുന്നു.

പ്രതീക്ഷയുടേയും പൈതൃകവിധേയത്വത്തിന്റെയും പ്രതീകമായ വിഷുക്കൈനീട്ടം വീട്ടിലെ കാരണവർ വാത്സല്യപൂർവ്വം തന്റെ ഇളംതലമുറക്കാർക്ക്‌ വിതരണം ചെയ്യുന്നു. പടക്കം പൊട്ടിച്ചും സദ്യയുണ്ടും നമ്മൾ കൊണ്ടാടുന്ന വിഷു ശരിക്കും ഒരു കാർഷികോത്സവമാണ്‌.

പണ്ട്‌ ‘വിഷുച്ചാൽപൂട്ട്‌’ എന്ന ഒരു ആചാരം ഉണ്ടായിരുന്നു. കൃഷി എന്നത്‌ ദൈവീകമായ ഒരു പ്രക്രിയയായി കരുതിയിരുന്ന കാലത്തായിരുന്നു അത്‌. കാളയെ കുളിപ്പിച്ചു കുറിതൊടുവിച്ച്‌ കൊന്നപ്പൂക്കൾ അണിയിച്ച്‌ ഭവ്യതയോടെ കിഴക്കോട്ടു തിരിച്ചു നിർത്തിയായിരുന്നു വിഷുച്ചാൽ പൂട്ട്‌.

അരിയും പയറും ശർക്കരയും തേങ്ങായും ചേർത്തുണ്ടാക്കുന്ന മധുരമുളള വിഷുക്കഞ്ഞി കുടിച്ചും വിഷുക്കാളയെ പൂട്ടിയും പാടത്തു പണി ചെയ്യുന്ന പണിക്കാർക്ക്‌ വിഷുക്കൈനീട്ടം, എണ്ണ, കോടിവസ്‌ത്രങ്ങൾ, സദ്യ എന്നിവ നൽകി കർഷകനും തൊഴിലാളിയും ആത്മബന്ധം പുതുക്കുന്നു. അവിടെ മേൽക്കോയ്‌മ എന്ന ഒന്നില്ല.

വീട്ടമ്മ കണിയൊരുക്കുന്നു. വീട്ടിലെ എല്ലാവരേയും വിളിച്ചുണർത്തി, കണികാണിക്കുന്നു. അതുകഴിഞ്ഞാൽ നിലവിളക്കും കണിവസ്‌തുക്കളുമായി വീട്ടുകാർ തൊഴുത്തിലേക്കു നടക്കും. വളർത്തുമൃഗങ്ങളേയും വൃക്ഷലതാദികളേയും കണികാണിക്കാൻ. കണിവയ്‌ക്കുന്ന കാർഷിക വിഭവങ്ങളിൽ ചക്ക വാഴപ്പാഴം മുതലായവയിലൊരു ഭാഗം വളർത്തു മൃഗങ്ങൾക്കു നൽകി അവയെ തൃപ്‌തിപ്പെടുത്തുന്നു.

“വിഷുമാറ്റം” എന്ന പേരിൽ ഉത്സവചന്തകൾ അവിടവിടെയായി കാണാം. സാധനങ്ങൾക്കു പകരം സാധനങ്ങൾ എന്ന വിനിമയശൈലിയാണവിടെ. അന്നൊക്കെ പണിയായുധങ്ങളും മറ്റും വാങ്ങുന്നത്‌ വിഷുമാറ്റങ്ങളിൽ നിന്നാണ്‌.

ഉത്തരായനത്തിൽ സൂര്യൻ ഭൂമദ്ധ്യരേഖയ്‌ക്കു മുകളിൽ എത്തുന്ന ദിവസം രാത്രിക്കും പകലിനും തുല്യദൈർഘ്യമാണുളളത്‌. സൂര്യൻ മേടരാശിയിൽ പ്രവേശിച്ചപ്പോൾ രാക്ഷസരാജാവായ രാവണന്റെ കൊട്ടാരമുറ്റത്ത്‌ സൂര്യന്റെ തീക്ഷ്‌ണരശ്‌മികൾ പതിക്കാനിടയായി. ഇന്നുമുതൽ തന്റെ കൊട്ടാരത്തിനു നേരെ സൂര്യൻ ഉദിക്കരുതെന്ന്‌ രാവണൻ ആജ്ഞാപിച്ചു. പിന്നീട്‌ രാവണനിഗ്രഹത്തിന്റെ അടുത്ത പുലരിയിലാണ്‌ മേടരാശിയിൽ സൂര്യനുദിച്ചതെന്ന്‌ ഐതീഹ്യവുമുണ്ട്‌.

ഒരേ ദൈർഘ്യത്തിലെത്തുന്ന രാപ്പകലുകളെ ‘വിഷുവത്ത്‌’ എന്നു വിളിക്കുന്നുവെന്ന്‌ വിഷ്‌ണുപുരാണം സൂചിപ്പിക്കുന്നു. വസന്തവിഷു, ശരത്വിഷ്‌ഠ എന്നീ ദിവസങ്ങൾക്കും മേൽ പറഞ്ഞ രീതിയിൽ സമദൈർഘ്യങ്ങളാണ്‌. സ്വർണ്ണനിറത്തിലുളള പൂക്കൾ കൊണ്ടുനിറഞ്ഞ കണിക്കൊന്നയെ ഒരു അത്ഭുതപ്രതിഭാസമായിത്തന്നെ കാണേണ്ടതാണ്‌. മയിൽക്കൊന്ന, കർണ്ണികാരം എന്നിങ്ങിനേയും ഈ സ്വർണ്ണപൂമരത്തിനു പേരുണ്ട്‌.

പ്രകൃതിയും ഐതിഹ്യങ്ങളും പഴമയും എല്ലാം ധർമ്മത്തിന്റെ പാതയിലൂടെ എന്ന സൂചന നമുക്കു തരുമ്പോൾ, കാലം മാറി, കോലം മാറി എന്ന വസ്‌തുത ഒരു പേക്കോലം പോലെ മുമ്പിൽ പല്ലിളിക്കുന്നു. വാശിയും, വെട്ടിപ്പിടിക്കലും, മത്സരബുദ്ധിയും സ്‌നേഹത്തിന്റെ ഊഷ്‌മളതയെ ചിതലരിക്കുമ്പോലെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

കുഞ്ഞുങ്ങൾ വിഷുപ്പുലരിയുടെ പടങ്ങൾ ടെലിവിഷനിൽ കാണുന്നു ക്രിക്കറ്റ്‌ ബാറ്റും കൈയിൽ പിടിച്ചുകൊണ്ട്‌. അവർക്ക്‌ വേണ്ടത്‌ മുത്തച്ഛന്റെ വാത്സല്യത്തിന്റെ കൈനീട്ടമായ ഒറ്റനാണയമല്ല…. അവർക്ക്‌ കാണേണ്ടത്‌ കണിയുമല്ല. പകരം കർണ്ണകഠോരമായ താളത്തിൽ തുളളുന്ന അല്പവസ്‌ത്രധാരികളായ പെൺകിടാങ്ങളുടെ കോലം തുളളലാണ്‌. ഒന്നോർക്കുക…. ഈശ്വരൻ പ്രകൃതിയുടെ രൂപത്തിൽ നമ്മിൽ വന്നണയുന്ന ഈ സുദിനത്തെ ധർമ്മനിഷ്‌ഠയോടെ, അനുഷ്‌ഠാനങ്ങളിലൂടെ, മനസ്സാന്നിദ്ധ്യത്തോടെ നമുക്ക്‌ വരവേൽക്കാം.

Generated from archived content: essay1_apr12_06.html Author: valsala_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here