അച്ഛനിന്നന്ത്യ വിശ്രമം കൊള്ളുന്ന
ആറടി മണ്ണിന്നരികില്‍ ഞാനെത്തി.
ജീര്‍ണ്ണിച്ചിലകളഴുകി ക്കിടക്കുന്ന
അസ്ഥിമാടം കണ്ടെന്‍ കണ്‍കള്‍ നിറഞ്ഞൊഴുകി..!
അച്ഛന്റെ നെഞ്ചകം സ്ഥാനം പിടിച്ചിന്നു
നില്ക്കുന്ന കേര വൃക്ഷത്തിന്റെ തയ്യും
മാറാമ്പും വാഴയും തൊട്ടരികില്‍ .!
ദൃഷ്ടികള്‍ മെല്ലെയടയുകില്‍ കണ്ടു ഞാന്‍..
അച്ഛന്റെ രൂപമെന്നുള്‍കാമ്പതില്‍…!
മഞ്ഞു പുതച്ചപോല്‍ ആയ ശിരസ്സും
ശോഷിച്ചുണങ്ങിയ കൈകാല്‍കളും ..!
കെട്ടിപ്പിടിക്കുവാന്‍ കൈകള്‍ ഞാന്‍ നീട്ടവെ
മാഞ്ഞു മറഞ്ഞു പൊയെന്റെയച്ഛന്റെ രൂപം
പിന്നിലെന്‍ ദാവണിത്തുമ്പു പിടിച്ചുകോ
ണ്ടാരോയെന്‍ ശ്രദ്ധ തിരിച്ചനേരം…,
കണ്ണുനീരൊപ്പി തിരിഞ്ഞു ഞാന്‍ നോക്കവെ
വൃദ്ധയായെന്നമ്മ പിന്നില്‍ നില്ക്കുന്നു.
കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു ഞാന്‍
ഓര്‍ത്തുപോയ് അച്ഛന്‍ മണ്മറഞ്ഞ കാര്യം.
Generated from archived content: poem1_mar26_15.html Author: valsala_joy