സമയമെത്രയായി ?
നാശം മൊബൈല്‍ കാറില്‍ വച്ചു മറന്നിരിക്കുന്നു . പണ്ടു മുതല്‍ക്കേ വാച്ച് കെട്ടുന്ന ശീലവുമില്ല .ഞാന്‍ ചുറ്റും കണ്ണോടിച്ചു . ഇവിടെയൊരു വാള്‍ ക്ലോക്ക് പോലുമില്ലേ ?
ഓഫീസ് മുറിയിലെ ബഹളങ്ങള്‍ കേട്ടു ശീലമായത്‌കൊണ്ട് ഇവിടുത്തെ നിശബ്ദത തന്നെ ഏറെ അലോസരപെടുത്തുന്നുണ്ട് . മുന്‍പിലിരികുന്ന ഫയല്‍ എത്ര തവണ തിരിച്ചും മറിച്ചും നോക്കി എന്നറിയില്ല . അവസാനത്തെ വാചകത്തിലാണ് സ്വാഭാവികമായും കണ്ണ് ഉടക്കിനിന്നത് .
‘ഠഒഋ ഢകഇഠകങ ണഅട ടഡആഖഋഇഠഋഉ ഠഛ ടഋതഡഅഘ അടടഅഡഘഠ ‘
ഓ … ഇതുപോലെ എത്ര റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടതാണ്, വായിച്ചതാണ് . എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നുന്നില്ല .
ഇതിനുമുന്പും ധാരാളം സ്ത്രീകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ഇല്ലാത്ത പരിഗണന ഇവള്‍ക്ക് നല്‍കുന്നു എന്നതിന്റെ തെളിവാണോ ഈ കാത്തിരിപ്പ് ? നേരം നട്ടുച്ച ആയിരിക്കുന്നു …എന്നിട്ടും തണുപ്പ് മാറിയിട്ടില്ല . ഉച്ചക്ക്‌ശേഷം പ്രധാനപ്പെട്ട മീറ്റിംഗ് ഉള്ളതാണ് . അവിടെയിനി സമയത്ത് എത്തുമെന്ന് തോന്നുന്നില്ല . തികട്ടി വന്ന ദേഷ്യം ഞാന്‍ പല്ലുകള്‍ക്കിടയില്‍ ഒതുക്കി .. ഒന്നുകൂടി വിളിച്ചു .ഇത്തവണ അവള്‍ മുഖമുയര്‍ത്തി … പക്ഷേ അവളുടെ മുഖത്തെ നിഷ്‌കളങ്കതയ്ക്ക് എന്റെ ദേഷ്യത്തെ അലിയിക്കാനുള്ള കരുത്തുണ്ടായിരുന്നു . ചുവന്നു തുടുത്ത കവിളുകളും കാശ്മീരി ആപ്പ്‌ളിന്റെ നിറവുമായിരുന്നു അവള്‍ക്ക് . പക്ഷേ അവളുടെ ഈ ലോകത്തേ അല്ലായെന്ന ഭാവം എന്നെ വീണ്ടും അതിശയിപ്പിച്ചു . എന്റെ മുഖത്തെ ഭാവം വായിച്ചെടുതിട്ടെന്നോണം അവള്‍ നന്നായി പുഞ്ചിരിച്ചു . ‘മാഡത്തിന്റെ സമയം ഞാന്‍ നശിപ്പിക്കുന്നു , അല്ലേ ? ‘
‘ ഇത് നേരത്തെ ആകാന്‍ പാടില്ലായിരുന്നോ , എന്തിനാ ചാന്ദിനി എന്റെ ഇത്രയും സമയം കളഞ്ഞത് ? ‘ ഫയലിലെ പേജുകള്‍ക്ക് ഇടയില്‍ നിന്ന് എപ്പോഴോ അവളുടെ പേരും എന്റെ മനസ്സില്‍ കയറിക്കൂടിയിരുന്നു . അതിനവള്‍ മറുപടി ഒന്നും തന്നില്ല … ‘ അതോ ….’ ഞാന്‍ മുഴുവിപ്പിക്കുന്നതിനു മുന്‌പേ അവള്‍ പറഞ്ഞു ‘ എന്തിനാ മാഡം ഇപ്പോള്‍ ഇങ്ങനെ .. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ ?’ ഞാന്‍ മുഴുവിപ്പിക്കുന്നതിനു മുന്‌പേ അവള്‍ പറഞ്ഞു . ‘ ചാന്ദിനിക്ക് എത്ര വയസ്സായി ?? ‘ പതിനാറ് ‘ ‘ കുട്ടിയുടെ ഈ പ്രായം മാത്രം മതി ഞങ്ങള്‍ക്ക് സ്വമേധയാ കേസെടുക്കാന്‍.. അതുപോട്ടെ പോലീസ് റിപ്പോര്‍ട്ട് പ്രകാരം കുട്ടിക്ക് പ്രതിയെ അറിയില്ലെന്ന് പറയുന്നത് ശരിയാണോ ? ‘ ‘ അതെയെന്നു പറഞ്ഞാല്‍ ഞാന്‍ പറയുന്നത് തെറ്റാണെന്നു തിരിച്ചറിയാന്‍ മാഡത്തിനു കഴിയുമോ ? ‘
മോളുടെ പ്രായമില്ല ഉണ്ടായിരുന്നേല്‍ കൊടുക്കേണ്ട മറുപടി എനിക്കറിയാമായിരുന്നു . പിന്നെ തനിക്കിതൊക്കെ ശീലവുമാണ്. നീണ്ട ഇരുപത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം എന്നെ പഠിപ്പിച്ചത് ‘ക്ഷമ ‘ ആയിരുന്നു .
‘ കുട്ടി ഇങ്ങനെയായാല്‍ പറ്റില്ല എനിക്കെന്റെ ഡ്യൂട്ടി ചെയ്യണം ‘
‘ അതല്ലേ മാഡമിപ്പോള്‍ ചെയ്യുന്നത് … ? ‘
റിപ്പോര്‍ട്ടില്‍ എന്തെങ്കിലും എഴുതിവെക്കാമെന്ന് കരുതി പോകാനായി എഴുന്നേറ്റപ്പോഴാണ് അവളുടെ വയര്‍ ഞാന്‍ കാണുന്നത് .
‘കുട്ടി പ്രെഗ്‌നന്റ് ആണോ ?’
അവളുടെ പാതിയടഞ്ഞ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു . ഞാന്‍ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു … ‘കുട്ടിയുടെ വീട്ടില്‍ നിന്നാരും അതിനുശേഷം വന്നിട്ടില്ലേ ?’ ‘ എന്നെ ഗോത്രത്തില്‍ നിന്ന് പുറത്താക്കാന്‍ അച്ഛനായിരുന്നു മുന്‍പന്തിയില്‍ എന്നാ കേട്ടത് .’ ‘ഈ റിപ്പോര്‍ട്ട് ഞാന്‍ വിശ്വസിക്കുന്നില്ല .. ഇതില്‍ കുട്ടിയുടെ മൊഴിയെന്നു പറഞ്ഞ് എഴുതിയിരിക്കുന്നത് കള്ളമല്ലേ ? ‘ ‘അതില്‍ എഴുയിരിക്കുന്നതില്‍ കൂടുതലായി എനിക്കൊന്നും പറയാനില്ല മാഡം …ആ ഒന്നുണ്ട്, ആ റിപ്പോര്‍ട്ട് നാലുമാസം മുന്പുള്ളതാ അതില്‍ ഒന്നുകൂടി ചേര്‍ക്കാനുണ്ട് അതിപ്പോള്‍ മാഡത്തിനു കിട്ടികാണുമല്ലോ ‘ ‘ നീ ഇനിയും അഭിനയിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു കുട്ടീ … നീ ചെറുപ്പമാണ് എനിക്ക് നിന്റെ അമ്മയുടെ പ്രായവും ‘
‘മാഡത്തിന്റെ നാട്ടില്‍ ഒരുപാട് ഉത്സവങ്ങള്‍ നടക്കാറില്ലേ ?’
അവളുടെ പരസ്പര ബന്ധമില്ലാത്ത ചോദ്യം എന്നെ അമ്പരപ്പിച്ചെങ്കിലും ഞാന്‍ അതെയെന്നു തലയാട്ടി . ‘ഈ നാട്ടിലെന്നും ഉത്സവമാ മാഡം പക്ഷെ പൊട്ടുന്നത് പടക്കങ്ങള്‍ അല്ലയെന്നു മാത്രം . ഇന്ന് ജനിച്ച കുഞ്ഞുങ്ങള്‍ പോലും പേടിച്ച് കരയാറില്ല … അവര്‍ക്കതൊക്കെ വയറ്റില്‍ കിടക്കുമ്പോള്‍ തന്നെ കേട്ടു ശീലമാ , ഞങ്ങള്‍ക്ക് മരിക്കാനുള്ള പേടിയുമില്ല മാഡം . എന്നും മരണം മുന്നില്‍ കണ്ടു ആ പേടിയും പോയി ‘
‘ആരാ കുട്ടിയെ ഉപദ്രവിച്ചത് ?’
‘ഒരാളല്ല മാഡം ഒരുപാട് പേര്‍ ‘
‘പക്ഷെ റിപ്പോര്‍ട്ട് പ്രകാരം …’
‘അത് കള്ളമാണെന്ന് മാഡം തന്നെയല്ലേ പറയുന്നത് ? ‘
‘ അതെ ‘
‘എനിക്ക് ബോധമുണ്ടായിരുന്നു , പിന്നെ ഏഴാം ക്ലാസ്സ് വരെ പഠിച്ച ഇംഗ്ലീഷ് ധാരാളമായിരുന്നു മാഡം അയാളുടെ യുണിഫോമിലെ പേരു വായിക്കാന്‍ … പിന്നെ മാഡം എനിക്കൊരു ഉപകാരം ചെയ്യാമോ ? എന്നെ ഇവിടെ നിന്ന് ദൂരെ എങ്ങോട്ടെങ്കിലും കൊണ്ടുപോകാമോ ? ‘
അവളുടെ കണ്ണുകളില്‍ കണ്ടത് വായിക്കാന്‍ എന്റെ ഇത്രയും നാളത്തെ ജീവിതം പോരായിരുന്നു .
‘കൊല്ലാന്‍ മനസ്സ് വരുന്നില്ല മാഡം …ഒരുപക്ഷേ പെണ്‍കുട്ടിയാണെങ്കിലോ ? പുറം ലോകമറിയാത്ത ഒരുപാട് ചാന്ദിനിമാരുണ്ട് ഇവിടെ അതിലിനി അവളും കൂടി വേണ്ടാ . ഇവിടുത്തെ മണ്ണ് മാത്രമല്ല മനുഷ്യരും ആര്‍ക്കാണെന്ന് തീരുമാനിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് ചാന്ദിനിമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും ‘
ഞാനൊന്നും പറയാതെ പുറത്തേയ്ക്ക് നടന്നു . ഇനി ഒരിക്കല്‍ കൂടി അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം പോരാ എനിക്ക് .
പുറത്ത് തണുപ്പ് കനത്തിരുന്നു .
കാറില്‍ കയറിയതും മുന്നോട്ട് നീങ്ങിയതും ഞാന്‍ അറിഞ്ഞില്ല . മരവിപ്പായിരുന്നു അകത്തും പുറത്തും .വലിയ ഒച്ചപ്പാടുകളോടെ കടന്നുപോയ കൂറ്റന്‍ കവചിത വാഹനം എന്നെ മരവിപ്പില്‍ നിന്നുണര്‍ത്തി . അവള്‍ പറഞ്ഞത് ശരിയാണ് , ഒരാളല്ല ഒരുപാട് പേര്‍ . ഞാനുള്‍പ്പെട്ട സമൂഹീ കല്‍പ്പിച്ചനുവദിച്ച പ്രത്യേക അധികാരത്തിന്റെ കാവല്‍ ഭടന്മാര്‍ . അതില്‍ ഏത് വെറിപിടിച്ചവന്‍ ആണെന്നറിയില്ല .
ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി അവളുടെ കുഞ്ഞുമനസ് ജീവിക്കും . അതിനിടയില്‍ എത്ര ഇറോം ശര്‍മിളമാര്‍ ജനിച്ച് മരിച്ചാലും ചാന്ദിനിമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
കാറിലിരുന്നു ഞാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി , എന്നത്തേയും പോലെ …
Generated from archived content: story1_feb20_15.html Author: vaishna_ms