ജീവിതരാഗങ്ങൾ

വൈരുദ്ധ്യജടിലമായ ബാഹ്യലോകത്തിലെ ജീവിതാവസ്‌ഥ സൃഷ്‌ടിക്കുന്ന സംഘർഷങ്ങളെ ഒറ്റയ്‌ക്ക്‌ നേരിടുന്ന വ്യക്തിമനസ്സ്‌ തന്നെ ആന്തരികമായ സംഘർഷങ്ങളാൽ പ്രശ്‌നകലുഷിതമാകുന്നുണ്ട്‌. ജീവിതത്തെ അസഹനീയമാക്കുന്ന നൈതികച്യൂതികൾ, ചിരിയുടെ പട്ടിൽപൊതിഞ്ഞ ചതിയുടെ കൊടുവാളുകൾ, ഒരിക്കലും കൈവരികയില്ലെന്നറിയാവുന്ന എന്തോ ഒന്നിനെക്കുറിച്ചുള്ള വിദൂരസ്വപ്‌നദൃശ്യം മനസ്സിന്‌ സമ്മാനിക്കുന്ന ദുഃഖമാധുര്യം – പാവം മനസ്സിന്‌ ഈ രണ്ട്‌ സംഘർഷങ്ങളെയും സമരസപ്പെടുത്തുവാനായി ശാന്തവും സുന്ദരവുമായ ഒരു ലോകത്തെ സൃഷ്‌ടിച്ചെടുക്കണം. സർഗ്ഗാത്മകതയുടെ നിതാന്തശ്രമം അതിനായി അനവരതം ശ്രമം തുടരുകയാണ്‌. സ്വാഭാവികമായും അന്തർമുഖമാവാൻ സാധ്യതയുള്ള വ്യക്തിസത്ത, വിനിമയത്തിനുള്ള ആർജ്ജവം നേടുമ്പോഴാണ്‌ ഒരു സർഗ്സാത്മകരചന രൂപംകൊള്ളുന്നത്‌. അടിച്ചമർത്തലും സമരസപ്പെടുത്തലും പകരംവയ്‌ക്കലും എല്ലാം ഒരേസയം നടക്കുന്നുണ്ടാവാം. എങ്ങനെയായാലും കഥാരചനയ്‌ക്ക്‌ പിന്നിൽ, ‘സർഗ്ഗാത്മകതയുടെ ബലതന്ത്രം (Dynamics of Creation) എന്ന പുസ്‌തകത്തിൽ ആന്റണി സ്‌റ്റോർ പറയുന്ന ദിവ്യമായ അതൃപ്‌തി പ്രവർത്തിനിരതമാകുന്നുണ്ട്‌. സർഗ്ഗാത്മകഭാവന മറ്റൊരു ലോകത്തെ വിഭാവനം ചെയ്യുന്നുണ്ട്‌. അങ്ങോട്ടുള്ള സൂചകകഫലകങ്ങൾ രചനകളിൽ എവിടെയെങ്കിലുമൊക്കെ പരോക്ഷമായി സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു.

അനാർഭാടമായ ഭാഷയിൽ സൂക്ഷ്‌മമായി തിരഞ്ഞെടുത്ത വാക്കുകളിൽ ജീവിതത്തിന്റെ അതിലോലഭാവങ്ങളെപ്പോലും അനുഭവതലത്തിൽ ദൃഢീകരിക്കാൻ കഴിയുന്ന ഒരു കഥാകാരിയാണ്‌ ഇ. സന്ധ്യ. ദർശനങ്ങളുടെ വലിയ ഭാരങ്ങൾ വഹിക്കുന്ന വാക്കുകൾ സഹൃദയമനസ്സിന്റെ വാതിൽപ്പുറത്തുവന്ന്‌ ആക്രോശത്തോടെ ഇടിക്കുന്നില്ല. അവയുടെ നേർത്ത വിരൽസ്‌പർശത്തിൽ ആ വാതിലുകൾ താനെയെന്നതുപോലെ തുറക്കും. വായനക്കാരുടെ മനസ്സിൽ അതിഥിയല്ലാതെ വാസമുറപ്പിക്കുകയും ചെയ്യും.

മാനവികതയുടെ തരിമ്പ്‌ പോലുമില്ലാത്ത കച്ചവടസംസ്‌കാരത്തിന്റെ തീചൂളയിൽ ഉരുകുന്ന നിസ്സഹായരുടെ പ്രതീകമാണ്‌ ’ബൈ ബാക്ക്‌‘ എന്ന കഥയിലെ ബാസ്‌റ്റ്യൻ ഡേവിസ്‌. പുതിയ കാലത്തിന്റെ സന്നിഗ്‌ധതകളോട്‌ വൈകാരികമായും ബൗദ്ധികമായും പ്രതികരിക്കുന്ന ഒരു കഥാമനസ്സ്‌ ഈ കഥയിലുണ്ട്‌. ’പുഴ പറയുന്നത്‌‘ പ്രത്യാശയുടെ ചിരാതുകളിൽ പ്രകാശനാളങ്ങൾ അണഞ്ഞുപോകുന്നതിന്റെ കഥയാണ്‌. ഉള്ള്‌ പൊള്ളിക്കുന്ന ഒരു പ്രണയത്തീയിൽ, ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായ യുവതിയുടെ മനസ്സിന്റെ ആന്ദോളനം. ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ ആടിയാടിത്തളർന്ന ആ മനസ്സ്‌ ഒടുവിൽ ഒരു സന്ധ്യപ്രകാശത്തിൽ വിശ്രാന്തി തേടുന്നു.

ഒന്നും ഇല്ലാ​‍ാത്തവർക്കും എല്ലാം ഉള്ളവരുടെ സ്വപ്‌നങ്ങൾ വിൽക്കുന്ന പുതിയ റിയാലിറ്റി ഷോയുടെ ഷോട്ടുകളിലൂടെ ഇതൾവിരിയുന്ന കഥയാണ്‌ ’പടികൾ കറുന്ന പെൺകുട്ടി‘. ഷോപ്പിംഗ്‌ ഭ്രമവും താരാരാധനയും ഫാഷൻ ഭ്രാന്തും ഒത്തുചേർന്ന്‌പരുവപ്പെടുത്തുന്ന കൗമാരസൗന്ദര്യങ്ങൾ ചതിയുടെ പടികൾ ഒറ്റയ്‌ക്ക്‌ കയറുന്നതിന്റെ വിലോഭനീയമായ കാഴ്‌ചകൾകൊണ്ട്‌ സമൃദ്ധമാണ്‌ ഈ കഥ. പ്രമേയത്തിന്‌ വളരെ അനുയോജ്യമായ ’റിയാലിറ്റിഷോ‘യുടെ ഘടനതന്നെയാണ്‌ ആഖ്യാനത്തിനും ഉപയോഗിച്ചിരിക്കുന്ന്‌.

പെൺക്കളെക്കുറിച്ചുള്ള കാല്‌പനിക സങ്കല്‌പങ്ങൾ മനസ്സിൽ കരുതി വെച്ചിരുന്ന ഒരമ്മ(ഭാര്യ, ടീച്ചർ)യുടെ യാന്ത്രികജീവിതം ചിത്രീകരിക്കുന്ന ’ആൺകുട്ടികളുടെ അമ്മ‘, പ്രണയത്തിന്റെ ബഡവാഗ്നിയെ കവിതയുടെ നിലാവാക്കി മാറ്റുന്ന ’ഏതു മായാജാലംകൊണ്ട്‌‘, കുട്ടിത്തവും പ്രണയവും ഇഴചേർന്ന ഒരു പെൺമനസ്സിന്റെ താളം താളപ്പിഴകളുംകൊണ്ട്‌ നെയ്‌തെടുത്ത ’മഴനൂലുകൾ‘ എന്നിങ്ങനെയുള്ള കഥകൾ വാങ്ങ്‌മയത്തിന്റെ സൗന്ദര്യം എന്തെന്നറിയിക്കുന്ന രചനകളാണ്‌.

ദാരിദ്ര്യത്തിന്റേയും രോഗത്തിന്റെയും കടന്നാക്രമണത്തിൽ അവശയായ ഒരു കുടുംബത്തിന്റെ ചിത്രം. മനസ്സിനെ അത്യന്തം ആർദ്രമാക്കുന്ന രചനാ വൈഭവത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന കഥയാണ്‌ ’തിരിച്ചറിയാത്തത്‌‘. ഇതിലെ രോഗിയായ അമ്മയിലും തീവണ്ടിയിലെ സഹയാത്രികയായ യുവതിയിലും മഴനിലാവ്‌ പോലെ പ്രകാശിക്കുന്ന പെൺമ ഒരു നല്ല വായനാനുഭവമാണ്‌. സൗമ്യവും ദീപ്‌തവുമായ ഈ കഥാ രചനയുടെ കൈയൊതുക്കത്തിന്‌ ഒരു മാതൃകകൂടിയാണ്‌. എല്ലാ കഥകളെയും കുറിച്ച്‌ഈ കുറിപ്പിൽ പറയുന്നില്ല.

ചില കഥകളിൽ സന്ധ്യ പാടുന്ന ജീവിതരാഗം അനുമന്ദ്രത്തിലാണെങ്കിലും അത്‌ അതിതാരമായി അനുവാചകമനസ്സിനെ മഥിക്കും. ആഖ്യാനത്തിലും പ്രമേയത്തിന്റെ തിരഞ്ഞെടുപ്പിലും ഈ സവിശേഷതയുണ്ട്‌ എന്ന്‌ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്‌.

ഡോ.ഇ.സന്ധ്യ ആനുകാലികങ്ങളിൽ നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഥയിൽ സ്വന്തമായ ഒരിടം ഉള്ള ഈ കഥാകാരിക്ക്‌ കഥയ്‌ക്കുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. ഇത്‌ ആദ്യത്തെ കഥാസമാഹാരമാണ്‌. സമ്പന്നമായ കഥാനുഭവം തരുന്ന ഈ പുസ്‌തകം വായനക്കാർക്ക്‌ സന്തോഷപൂർവ്വം സമർപ്പിക്കുന്നു.

(പ്രസാധകർ – എച്ച്‌ ആൻഡ്‌ സി ബുക്‌സ്‌)

Generated from archived content: vayanayute26.html Author: vaisakhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here