വിശ്വവിഖ്യാതമായ മൂക്ക്‌

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക്‌ എന്ന കഥ വായിക്കുക.

അമ്പരപ്പിക്കുന്ന മുട്ടൻ വാർത്തയാണ്‌. ഒരു മൂക്ക്‌ ബുദ്ധിജീവികളുടെ ദാർശനികരുടെയും ഇടയിൽ വലിയ തർക്കവിഷയമായി കലാശിച്ചിരിക്കുന്നു. വിശ്വവിഖ്യാതമായ മൂക്ക്‌.

ആ മൂക്കിന്റെ യഥാർത്ഥ ചരിത്രമാണ്‌ ഇവിടെ രേഖപ്പെടുത്താൻ പോകുന്നത്‌.

ചരിത്രം ആരംഭിക്കുന്നത്‌ അദ്ദേഹത്തിന്‌ ഇരുപത്തിനാലുവയസ്സു തികഞ്ഞ കാലത്താണ്‌. അതുവരെ അദ്ദേഹത്തെ ആരും അറിഞ്ഞിരുന്നില്ല. ഈ ഇരുപത്തിനാലാമത്തെ വയസ്സിനു വല്ല പ്രത്യേകതയുമുണ്ടോ എന്തോ. ഒന്നു ശരിയാണ്‌. ലോകചരിത്രത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ മിക്ക മഹാന്മാരുടെയും ഇരുപത്തിനാലാമത്തെ വയസ്സിനു ചില പ്രത്യേകതകൾ കാണാൻ കഴിയും. ചരിത്രവിദ്യാർത്ഥികളോട്‌ ഇതെടുത്തു പറയേണ്ട കാര്യമില്ലല്ലോ?

‘നമ്മുടെ ചരിത്രപുരുഷൻ ഒരു കുശിനിപ്പണിക്കാരനായിരുന്നു. കുക്ക്‌, പറയത്തക്ക ബുദ്ധിവൈഭവമൊന്നുമുണ്ടായിരുന്നില്ല. എഴുത്തും വായനയും അറിഞ്ഞുകൂടാ. അടുക്കളയാണല്ലോ അദ്ദേഹത്തിന്റെ ലോകം. അതിനു വെളിയിലുള്ള കാര്യങ്ങളെക്കുറിച്ച്‌ തികച്ചും അശ്രദ്ധൻ, എന്തിനു ശ്രദ്ധിക്കണം?

നല്ലവണ്ണം ഉണ്ണുക; സുഖമായൊന്നു പൊടി വലിക്കുക; ഉറങ്ങുക വീണ്ടും ഉണരുക; കുശിനിപ്പണി തുടങ്ങുക, ഇത്രയുമാണ്‌ അദ്ദേഹത്തിന്റെ ദിനചര്യ.

മാസങ്ങളുടെ പേര്‌ അദ്ദേഹത്തിനറിഞ്ഞുകൂടാ. ശമ്പളം വാങ്ങേണ്ട സമയമാകുമ്പോൾ അമ്മ വന്നു ശമ്പളം വാങ്ങിക്കൊണ്ടുപോകും. പൊടി വേണമെങ്കിൽ ആ തള്ളതന്നെ വാങ്ങിച്ചു കൊടുക്കും. ഇങ്ങനെ സുഖത്തിലും സംതൃപ്‌തിയിലും ജീവിച്ചുവരവേ അദ്ദേഹത്തിന്‌ ഇരുപത്തിനാലു തിരുവയസ്സുതികയുന്നു. അതോടെ അത്‌ഭുതം സംഭവിക്കുകയാണ്‌!

വേറെ വിശേഷമൊന്നുമല്ല. മൂക്കിനു ശകലം നീളം വെച്ചിരിക്കുന്നു. വായും കഴിഞ്ഞു താടിവരെ നീണ്ടുകിടക്കുകയാണ്‌!

അങ്ങനെ ആ മൂക്ക്‌ ദിനംതോറും വളരാൻ തുടങ്ങി. ഒളിച്ചുവെക്കാൻ പറ്റുന്ന കാര്യമാണോ? ഒരു മാസംകൊണ്ട്‌ അതു പൊക്കിൾവരെ നീണ്ടു. എന്നാൽ, വല്ല അസുഖവുമുണ്ടോ? അതുമില്ല. ശ്വാസോച്‌ഛാസം ചെയ്യാം. പൊടി വലിക്കാം വാസനകൾ സർവ്വവും തിരിച്ചറിയാം. പറയത്തക്ക യാതൊരു കുഴപ്പവുമില്ല.

’പക്ഷേ ഇങ്ങനത്തെ മൂക്കുകൾ ലോകചരിത്രത്തിന്റെ ഏടുകളിൽ കിടപ്പുണ്ടായിരിക്കാം – അല്‌പസ്വല്‌പം. പക്ഷേ, അത്തരം കിണാപ്പൻമൂക്കാണോ ഈ മൂക്ക്‌. ഈ മൂക്കു കാരണം പാവപ്പെട്ട ആ അരിവയ്‌പുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

എന്താ കാരണം?

പിരിച്ചുവിട്ട തൊഴിലാളിയെതിരിച്ചെടുക്കണം എന്നെല്ലാം പറഞ്ഞ്‌ ബഹളം കൂട്ടാൻ ഒരു സംഘക്കാരും മുന്നോട്ടു വന്നില്ല. രാഷ്‌ട്രീയ പാർട്ടികളെല്ലാം ഈ കൊടിയ അനീതിയുടെ മുമ്പിൽ കണ്ണടച്ചുകളഞ്ഞു.

‘എന്തിനയാളെ പിരിച്ചുവിട്ടു?’ മനുഷ്യസ്‌നേഹികളെന്നു പറയുന്നവരാരും ഈ ചോദ്യം ചോദിച്ചില്ല. എവിടെപ്പോയി അന്നു ബുദ്ധിജീവികളും ദാർശനീയരും?

പാവം തൊഴിലാളി; പാവം കുശിനിക്കാരൻ!

ജോലി നഷ്‌ടപ്പെട്ടതെന്തുകൊണ്ടന്ന്‌ ആരും അദ്ദേഹത്തിനു പറഞ്ഞുകൊടുക്കേണ്ടതായിട്ടില്ല. ജോലിക്കു നിർത്തിയിരുന്ന വീട്ടുകാർക്കു സ്വൈരമില്ലാതായിത്തീർന്നതാണു കാരണം. മൂക്കനെ കാണാൻ, മൂക്കു കാണാൻ രാപ്പകൽ മനുഷ്യക്കടൽ! ഫോട്ടോ എടുക്കുന്നവർ, അഭിമുഖസംഭാഷണക്കാർ, റേഡിയോ, സിനിമ, ടെലിവിഷൻ, പത്രക്കാരായ പത്രക്കാർ, ഇരമ്പുന്ന മനുഷ്യക്കടൽ.

ആ വീട്ടിൽ നിന്നു പല സാധനങ്ങളും കളവു പോയി. പതിനെട്ടുകാരി സുന്ദരിയെ കട്ടുകൊണ്ടു പോകാനും ശ്രമമുണ്ടായി.

ഈ വിധത്തിൽ ജോലി നഷ്‌ടപ്പെട്ട ആ കുശിനിപ്പണിക്കാരൻ തന്റെ പാവപ്പെട്ട ചെറ്റപ്പുരയിൽ പട്ടിണി കിടക്കുമ്പോൾ ഒരു കാര്യം അയാൾക്കു നന്നായി ബോദ്ധ്യം വന്നു. അയാളും അയാളുടെ മൂക്കും വളരെ പ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു!

ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ അയാളെ കാണാൻ വരുന്നു. ദീർഘമേറിയ മൂക്കു നോക്കിക്കൊണ്ട്‌ അത്‌ഭുതസ്‌തബ്‌ധരായി നിൽക്കുന്നു. ചിലർ തൊട്ടുനോക്കുന്നുമുണ്ട്‌. എന്നാൽ, ആരും….ആരും ‘നിങ്ങൾ ആഹാരം ഒന്നും കഴിച്ചില്ലേ? എന്താണിത്ര ക്ഷീണം?’ എന്നൊന്നും ചോദിച്ചില്ല. ഒരു വലിക്കു പൊടി വാങ്ങാൻ പോലും ആ വീക്കിൽ ഒമ്പിടിക്കാശില്ല. പട്ടിണിക്കിട്ട കാഴ്‌ചമൃഗമാണോ അയാൾ? മണ്ടനാണെങ്കിലും മനുഷ്യനല്ലേ? അയാൾ തന്റെ വൃദ്ധമാതാവിനെ വിളിച്ചു രഹസ്യമായി പറഞ്ഞു.

‘ഈ മുശേട്ടകളെ ആട്ടിപ്പൊറത്താക്കി വാതിലടച്ചേ!

അമ്മ സൂത്രത്തിൽ എല്ലാവരേയും വെളിയിലാക്കി വാതിലടച്ചു.

അന്നുമുതൽ അവർക്കു നല്ലകാലമായി! അമ്മയ്‌ക്കു കൈക്കൂലി കൊടുത്തു ചിലർ മകന്റെ മൂക്കുകാണാൻ തുടങ്ങി! മണ്ടക്കൂട്ടമല്ല്യോ ജനം. ഈ കൈക്കൂലിക്കെതിരായി ചില നീതിമാന്മാരായ ബുദ്ധിജീവികളും ദാർശനീയരും ഉശിരൻ ശബ്‌ദമുയർത്തി. പക്ഷേ, ഗവൺമെന്റ്‌ ഇതു സംബന്ധമായി യാതൊരു നടപടിയുമെടുത്തില്ല. കേട്ടതായിപ്പോലും ഭാവിച്ചില്ല. സർക്കാരിന്റെ ഈ കൊടിയ അനാസ്‌ഥയെ പ്രതിഷേധിച്ചു പരാതിക്കാർ പലരും ഗവൺമെന്റിനെതിരായുള്ള പലേ അട്ടിമറിപ്പൻ പാർട്ടികളിലുംചേർന്നു!

മൂക്കന്റെ വരാഴിക ദിനംപ്രതി വർദ്ധിച്ചു. എന്തിനധികം! അക്ഷരശൂന്യനായ ആ കുശിനിപ്പണിക്കാരൻ ആറുകൊല്ലം കൊണ്ടു ലക്ഷപ്രഭുവായി.

അദ്ദേഹം മൂന്നു പ്രാവശ്യം സിനിമയിൽ അഭിനയിച്ചു. ’ദിഹ്യൂമൻ സബ്‌മറയിൽ‘ എന്ന ടെക്‌നി കളർ ഫിലിം എത്രയെത്ര കോടി പ്രേക്ഷകരെയാണ്‌ ആകർഷിച്ചത്‌! അന്തർവാഹിനി- മനുഷ്യൻ. ആറു മഹാകവികൾ മൂക്കന്റെ അപദാനങ്ങളെ കീർത്തിച്ചുകൊണ്ട്‌ മഹാകാവ്യങ്ങൾ പുറത്തിറക്കി. ഒമ്പതു മഹാസാഹിത്യകാരന്മാർ മൂക്കന്റെ ജീവചരിത്രമെഴുതി പണവും പ്രശസ്‌തിയും നേടി.

മൂക്കന്റെ സൗധം ഒരതിഥിമന്ദിരം കൂടിയാണ്‌. ആർക്കും അവിടെ എപ്പോഴും ആഹാരമുണ്ട്‌; ഒരു വലിപൊടിയും.

ആ കാലത്ത്‌ അദ്ദേഹത്തിന്‌ രണ്ടു സെക്രട്ടറിമാരുണ്ടായിരുന്നു. രണ്ടു സുന്ദരികൾ, വിദ്യാസമ്പന്നകൾ.

രണ്ടുപേരും മൂക്കനെ കലശലായി പ്രേമിക്കുന്നു; രണ്ടുപേരും മൂക്കനെ ആരാധിക്കുന്നു. ഏതു മണ്ടനെയും ഏതു തീവെട്ടിക്കൊള്ളക്കാരനെയും, ഏതു മുന്തിയറുപ്പനെയും പ്രേമിക്കാൻ സുന്ദരികൾ എപ്പോഴും ഉണ്ടാകുമല്ലൊ.

ലോകചരിത്രത്തിന്റെ ഏടുകൾ മറിച്ചു മറിച്ച്‌ നോക്കിയാൽ രണ്ടു സുന്ദരികൾ ഒരു പുരുഷനെ ഒരേ സമയത്തു പ്രേമിക്കുമ്പോൾ ചില്ലറ കുഴപ്പങ്ങളുണ്ടായതായി കാണുമല്ലൊ. മൂക്കന്റെ ജീവിതത്തിലും അതുണ്ടായി.

ആ രണ്ടു സുന്ദരികളെപ്പോലെ ജനങ്ങൾ ആകമാനം മൂക്കനെ സ്‌നേഹിക്കുന്നുണ്ട്‌. പൊക്കിൾക്കുഴിവരെ നീണ്ടുകിടക്കുന്ന അണ്ഡകടാഹപ്രശസ്‌തമായ സുന്ദരമൂക്ക്‌ മഹത്ത്വത്തിന്റെ ചിഹ്‌നമല്ലേ? തീർച്ചയായും.

ലോകത്തിലുണ്ടാകുന്ന പ്രധാന സംഭവങ്ങളെപ്പറ്റി മൂക്കൻ അഭിപ്രായം പറയും. പത്രക്കാർ അതു പ്രസിദ്ധപ്പെടുത്തും.

’മണിക്കൂറിൽ 10,000 മൈൽ വേഗതയുള്ള വിമാനം ഉണ്ടാക്കിയിരിക്കുന്നു! അതേപ്പറ്റി മൂക്കൻ താഴെ പറയുന്ന പ്രകാരം പ്രസ്‌താവിക്കുകയുണ്ടായി…..‘

’മരിച്ച മനുഷ്യനെ ഡോക്‌ടർ ബുന്ത്‌റോസ്‌ ഫുറാസി ബുറോസ്‌ ജീവിപ്പിച്ചു അതേപ്പറ്റി മൂക്കൻ താഴെ പറയുന്നപ്രകാരം പ്രസ്‌താവിക്കുകയുണ്ടായി……‘

ലോകത്തിലേക്ക്‌ ഉയരം കൂടിയ കൊടുമുടിയിൽ ചിലർ കയറി എന്നു കേട്ടപ്പോൾ ജനങ്ങൾ ചോദിച്ചു.

’അതേപ്പറ്റി മൂക്കൻ എന്തു പറഞ്ഞു?‘

മൂക്കൻ ഒന്നും പറഞ്ഞില്ലെങ്കിൽ….. ഭ! ആ സംഭവം നിസ്സാരം. ഇങ്ങനെ ഗോളാന്തരയാത്ര, പ്രപഞ്ചങ്ങളുടെ ഉല്‌പത്തി, ചിത്രമെഴുത്ത്‌, വാച്ചുകച്ചവടം, മെസ്‌മെരിസം, ഫോട്ടോഗ്രാഫി, ആത്‌മാവ്‌, പ്രസിദ്ധികരണശാല, നോവലെഴുത്ത്‌, മരണാനന്തര ജീവിതം, പത്രപ്രവർത്തനം, നായാട്ട്‌ – എന്നുവേണ്ട എല്ലാറ്റിനെപ്പറ്റിയും മൂക്കൻ അഭിപ്രായം പറണം! പറയുമല്ലോ. മൂക്കന്‌ അറിഞ്ഞുകൂടാത്തത്‌ മഹാപ്രപഞ്ചങ്ങളിൽ വല്ലതുമുണ്ടോ? ഒന്നു പറ!

ഈ കാലഘട്ടത്തിലാണ്‌ മൂക്കനെ പിടിച്ചുപറ്റാനുള്ള വലിയ ഗൂഢാലോചനകൾ നടക്കുന്നത്‌. പിടിച്ചുപറ്റുക എന്നുള്ളതു പുത്തനായ ഏർപ്പാടൊന്നുമല്ലല്ലോ. പിടിച്ചു പറ്റലിന്റെ കഥയാണു ലോകചരിത്രത്തിന്റെ അധികഭാഗവും.

എന്താണീ പിടിച്ചു പറ്റൽ?

നിങ്ങൾ തരിശുഭൂമിയിൽ കുറെ തൈ വെക്കുന്നു. വെള്ളമൊഴിക്കുന്നു. വളമിടുന്നു. വേലികെട്ടുന്നു. പ്രതീക്ഷയാർന്ന വർഷങ്ങൾ നീങ്ങി തൈകളെല്ലാം കുലച്ചു. കുലകുലയായി തേങ്ങകൾ അങ്ങനെ ജോറായി തൂങ്ങുന്നു. അപ്പോൾ നിങ്ങളിൽനിന്ന്‌ ആ തെങ്ങുന്തോപ്പു പിടിച്ചപറ്റാൻ ആർക്കൊണെങ്കിലും മോഹം തോന്നും…..മൂക്കനെ പിടിച്ചുപറ്റുക!

ആദ്യമായി മൂക്കനെ പിടിച്ചുപറ്റാനുള്ള മഹാത്തായ വിപ്ലവശ്രമം നടത്തിയത്‌ ഗവൺമെന്റാണ്‌. അതു സർക്കാരിന്റെ ഡാവായിരുന്നു. ’നാസിക പ്രമുഖൻ‘ എന്നൊരു ബഹുമതിക്കു പുറമെ മൂക്കനു ഗവൺമെന്റ്‌ ഒരു മെഡലും കൊടുത്തു. പ്രസിഡണ്ടുതന്നെയാണ്‌ വജ്രഖചിതമായ ആ സ്വർണമെഡൽ മൂക്കന്റെ കഴുത്തിൽ അണിയിച്ചത്‌. എന്നിട്ടു ഹസ്‌തദാനത്തിനു പകരം പ്രസിഡണ്ട്‌ മൂക്കന്റെ തുമ്പിൽ പിടിച്ചു കുലുക്കി. ഇതിന്റെയെല്ലാം ന്യൂസ്‌റീൽ നാടൊട്ടുക്കുമുള്ള സിനിമാശാലകളിലും ടെലിവിഷനിലും പ്രദർശിപ്പിച്ചു.

അപ്പോഴത്തേക്കും രാഷ്‌ട്രീയപ്പാർട്ടികൾ ഉഷാറായി മുന്നോട്ടു വന്നു. ജനങ്ങളുടെ മഹത്തായ സമരത്തിനു സഖാവു മൂക്കൻ നേതൃത്വം കൊടുക്കണം! സഖാവു മൂക്കനോ! ആരുടെ, എന്തിന്റെ സഖാവ്‌? ഈശ്വരാ! പാവം മൂക്കൻ…. മൂക്കൻ, പാർട്ടിയിൽ ചേരണം.!

ഏതു പാർട്ടിയിൽ?

പാർട്ടികൾ പലതാണ്‌. വിപ്ലവമാണ്‌ ഉന്നം. ജനകീയവിപ്ലവം. എല്ലാ ജനകീയ വിപ്ലവപ്പാർട്ടികളിലും ഒരേ സമയത്തു മൂക്കൻ എങ്ങനെ ചേരും?

മൂക്കൻ പറഞ്ഞുഃ

’ഞാനെന്നാത്തിനാ പാർട്ടീലൊക്കെച്ചേരണത്‌? ഇനിച്ചു കയ്യേല!‘

ഇങ്ങനെ ഇരിക്കുമ്പോൾ സെക്രട്ടറിമാരിൽ ഒരു സുന്ദരി പറഞ്ഞു.ഃ

’എന്നോട്‌ ഇഷ്‌ടമുണ്ടെങ്കിൽ സഖാവു മൂക്കൻ എന്റെ പാർട്ടിയിൽ ചേരണം!‘

മൂക്കൻ മിണ്ടിയില്ല

’ഞാമ്പല്ല പാർട്ടീലും ചേരണോ?‘ മൂക്കൻ മറ്റേ സുന്ദരിയോടു ചോദിച്ചു. അവൾക്കു കാര്യം മനസ്സിലായി. അവൾ പറഞ്ഞു.

’ഓ, എന്തിന്‌?‘

അപ്പോഴത്തേക്കും ഒരു വിപ്ലവപാർട്ടിക്കാർ മുദ്രവാക്യം ഇട്ടുകഴിഞ്ഞു.

’നമ്മുടെ പാർട്ടി മൂക്കന്റെ പാർട്ടി! മൂക്കന്റെ പാർട്ടി ജനങ്ങളുടെ വിപ്ലവപാർട്ടി!‘

ഇതു കേട്ടപ്പോൾ മറ്റേ ജനകീയ വിപ്ലവപാർട്ടിക്കാർക്ക്‌ അരിശം മൂത്തു. അവർ മൂക്കന്റെ സെക്രട്ടറിമാരായ സുന്ദരികളിൽ ഒരുത്തിയെക്കൊണ്ട്‌ മൂക്കനെതിരായി ഒരു ഭയങ്കര പ്രസ്‌ഥാവന ഇറക്കിച്ചു.

’മൂക്കൻ ജനങ്ങളെ വഞ്ചിച്ചു! പിന്തിരിപ്പൻ മൂരാച്ചിയാണു മൂക്കൻ. ഇത്രയും കാലം മൂക്കൻ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഈ കൊടിയ വഞ്ചനയിൽ എന്നെയും പങ്കാളിയാക്കി. ഞാൻ ഖേദിക്കുന്നു. ഞാൻ ജനങ്ങളോടു സത്യം പറയുന്നു; മൂക്കന്റെ മൂക്കു വെറും റബ്ബർ മൂക്കാണ്‌!‘

ഹൂ! ഈ പ്രസ്‌താവന ലോകത്തിലുള്ള എല്ലാ പത്രങ്ങളും വലിയ ഗമയിൽ പ്രസിദ്ധപ്പെടുത്തി. മൂക്കന്റെ മൂക്ക്‌ റബ്ബർമൂക്കാണ്‌! മഹാമൂരാച്ചിമൂക്കൻ. കള്ളൻ, വഞ്ചകൻ, അറുപിന്തിരിപ്പൻ, ഒറിജിനൽ മൂക്കല്ല!

ഇതുകേട്ടാൽ ജനകോടികൾ അമ്പരക്കാതിരിക്കുമോ? ക്ഷോഭിക്കാതിരിക്കുമോ? ഒറിജിനൽ മൂക്കല്ലേ? അല്ല! ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും കമ്പികൾ, ഫോൺ കോളുകൾ, കത്തുകൾ! പ്രസിഡണ്ടിന്‌ ഇരിക്കപ്പൊറുതിമുട്ടി.

’ജനവഞ്ചകനായ റബ്ബർമൂക്കൻ നശിക്കട്ടെ. റബ്ബർ മൂക്കന്റെ കള്ള പിന്തിരിപ്പൻ പാർട്ടി നശിക്കട്ടെ! ഇങ്കിലാബ്‌ സിന്ദാബാദ്‌!‘ ഈ പ്രസ്‌താവന മൂക്കന്റെ എതിർപാർട്ടിക്കാർ ഇറക്കിയപ്പോൾ മറ്റേ വിപ്ലവപാർട്ടിക്കാർ മറ്റേ സെക്രട്ടറി സുന്ദരിയെക്കൊണ്ടു വേറൊരു ഉശിരൻ വിപ്ലവപ്രസ്‌താവന ഇറക്കിച്ചുഃ

’പ്രിയപ്പെട്ട നാട്ടുകാരെ, ലോകരെ! അവൾ പറഞ്ഞതു തികച്ചും കളവാണ്‌. അവളെ സഖാവു മൂക്കൻ ഒട്ടും പ്രേമിച്ചില്ല. അതിന്റെ കുശുമ്പാണ്‌. സഖാവു മൂക്കന്റെ പണവും പ്രശസ്‌തിയും പിടിച്ചുപറ്റാനാണ്‌ അവൾ ശ്രമിച്ചത്‌. അവളുടെ ആങ്ങളമാരിൽ ഒരുത്തൻ മറ്റേ പാർട്ടിയിലുണ്ട്‌. കള്ളന്മാരുടെ ആ പാർട്ടിയുടെ തൊലി ഉരിച്ചുകാണിക്കാൻ ഞാൻ ഈ സന്ദർഭം ഉപയോഗിച്ചുകൊള്ളുന്നു. ഞാൻ സഖാവു മൂക്കന്റെ വിശ്വസ്‌ത സെക്രട്ടറിയാണ്‌. എനിക്കു നേരിട്ടറിയാം, സഖാവിന്റെ മൂക്കു റബ്ബറല്ല. എന്റെ ഹൃദയംപോലെ തനി ഒറിജിനൽ. മായമില്ല, മന്ത്രമില്ല, അനുകരണമില്ല, തനി…. എന്റെ ഹൃദയം പോലെ. പ്രതിഫലേച്‌ഛ കൂടാതെ ഈ ആപൽസന്ധിയിൽ സഖാവു മൂക്കന്റെ പിന്നിൽ അണിനിരന്നിരിക്കുന്ന ജനകീയ മുന്നേറ്റ വിപ്ലവപാർട്ടി സിന്ദാബാദ്‌! സഖാവു മൂക്കൻ സിന്ദാബാദ്‌! സഖാവു മൂക്കന്റെ പാർട്ടി ജനങ്ങളുടെ മുന്നേറ്റവിപ്ലപാർട്ടി! ഇങ്കുലാബ്‌ സിന്ദാബാദ്‌!‘

എന്തു ചെയ്യും? ജനങ്ങൾക്കാകെ ആശയക്കുഴപ്പം. അപ്പോഴത്തേക്കും മൂക്കന്റെ വിപ്ലവപാർട്ടിയുടെ എതിർ വിപ്ലവപാർട്ടിക്കാർ ഗവൺമെന്റിനേയും പ്രസിഡണ്ടിനേയും പ്രധാനമന്ത്രിയേയും ചീത്തപറയാൻ തുടങ്ങി.

’മണ്ടൻ പുളുങ്കൂസൻ ഗവൺമെന്റ്‌! റബ്ബർമൂക്കുകാരൻ ജനവഞ്ചകനു ‘നാസികപ്രമുഖൻ’ എന്ന ബഹുമതി കൊടുത്തു. വജ്രഖചിതമായ സ്വർണ്ണമെഡൽ കൊടുത്തു. ഈ ജനവഞ്ചനയിൽ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും ഉണ്ടല്ലോ പങ്ക്‌. ഈ ഭയങ്കര ഗൂഢാലോചനയിൽ ഒരു ചേരിതിരിവുണ്ട്‌. പ്രസിഡണ്ടും പ്രധാനമന്ത്രിയും രാജിവയ്‌ക്കണം! മന്ത്രിസഭ രാജിവയ്‌ക്കണം! റബ്ബർമൂക്കനെ കൊല്ലണം!‘

ഇതു കേട്ടു പ്രസിഡണ്ട്‌ ക്ഷോഭിച്ചു. പ്രധാനമന്ത്രിയും ക്ഷോഭിച്ചു. ഒരു പ്രഭാതത്തിൽ പട്ടാളവും ടാങ്കുകളും പാവപ്പെട്ട മൂക്കന്റെ ഹർമ്യം വളഞ്ഞു. മൂക്കനെ അറസ്‌റ്റ്‌ ചെയ്‌തുകൊണ്ടുപോയി.

പിന്നീടു കുറേ ദിവസത്തേക്ക്‌ മൂക്കനെ സംബന്ധിച്ച യാതൊരു വാർത്തകളുമില്ല. ജനങ്ങൾ മൂക്കനെ അങ്ങ്‌ മറന്നു. എല്ലാ ശാന്തം. എന്നാൽ വന്നു സാക്ഷാൽ ഹൈഡ്രജനും ആറ്റനും ന്യൂക്ലിയറും! എന്താണെന്നോ? ജനങ്ങൾ മറന്നു കഴിഞ്ഞപ്പോൾ പ്രസിഡണ്ടിന്റെ ചെറിയ ഒരു പ്രഖ്യാപനമുണ്ടായിഃ

’മാർച്ച്‌ 9-ന്‌ നാസികപ്രമുഖന്റെ പരസ്യവിചാരണയുണ്ടാവും. മൂക്ക്‌ ഒറിജിനലാണോ……48 രാജ്യങ്ങളുടെ പ്രതിനിധികളായി വരുന്ന വിദഗ്‌ദ്ധ ഡോക്‌ടറന്മാരാണു മൂക്കനെ പരിശോധിക്കുന്നത്‌. ലോകത്തിലെ എല്ലാ പത്രങ്ങളുടെയും പ്രതിനിധികളുണ്ടാകും. റേഡിയോ, സിനിമ, ടി.വി. സർവ ക്‌ണാപ്പികളും. ഈ വിചാരണ എല്ലാ നാട്ടുകാർക്കും ന്യൂസ്‌റീലിൽ കാണാൻ കഴിയും. ജനങ്ങൾ പരമശാന്തരായി വർത്തിക്കുക.‘

മണ്ടക്കൂട്ടമല്യോ ജനം. തനി ബഡുക്കൂസുകൾ, വിപ്ലവാരികൾ. അവർ ശാന്തരായൊന്നും വർത്തിച്ചില്ല. അവർ തലസ്‌ഥാന മഹാനഗരിയിൽ തടിച്ചുകൂടി. ഹോട്ടലുകൾ കയ്യേറി. പത്രങ്ങളുടെ ഓഫീസുകൾ തകർത്തു. സിനിമാശാലകൾക്കു തീവെച്ചു. മദ്യഷാപ്പുകൾ കൈയടക്കി. വാഹനങ്ങൾ തകർത്തു. പോലീസ്‌ സ്‌റ്റേഷനുകൾക്കും തീവെച്ചു. സർക്കാർ കെട്ടിടങ്ങൾ നശിപ്പിച്ചു. കുറെ വർഗീയലഹളകൾ ഉണ്ടായി. കുറെ അധികം പേർ ഈ മൂക്കൻ സമരത്തിൽ രക്തസാക്ഷികളായി. മംഗളം. ശാന്തം.

മാർച്ച്‌ 9. മണി പതിനൊന്നായപ്പോൾ പ്രസിഡണ്ടു മന്ദിരത്തിനു മുൻവശം മനുഷ്യമഹാസമുദ്രംതന്നെ ആയിത്തീർന്നു. അപ്പോൾ ഉച്ചഭാഷിണികൾ ലോകത്തിനോടായി ശബ്‌ദം മുഴക്കി. ജനങ്ങൾ അച്ചടക്കം പാലിക്കണം. വായകൾ അടച്ചു വയ്‌ക്കുക. പരിശോധന തുടങ്ങി.

പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും മറ്റ്‌ അനേകം മന്ത്രിമാരുടെയും മഹനീയ സാന്നിദ്ധ്യത്തിൽ ഡോക്‌ടർമാർ ശ്രീജിത്ത്‌ മൂക്കനെ വളഞ്ഞു….. ഉത്‌കണ്‌ഠാകുലരായ ജനകോടികൾ! ശ്വാസം അടക്കിക്കൊണ്ടുള്ള നില!

ഒരു മഹാഡോക്‌ടർ മൂക്കൻജിയുടെ മൂക്കിന്റെ തുമ്പ്‌ അടച്ചു. അപ്പോൾ മൂക്കൻജി വായ പൊളിച്ചു. വേറൊരു മഹാഡോക്‌ടർ മൊട്ടുസൂചികൊണ്ടു മൂക്കന്റെ തുമ്പത്തു കുത്തി. അപ്പോൾ അത്‌ഭുതമെന്നുവേണം പറയാൻ, ശ്രീജിത്ത്‌ മൂക്കന്റെ മൂക്കിന്റെ തുമ്പത്ത്‌ ഒരു തുള്ളി ചുവന്ന പരിശുദ്ധചോര പൊടിച്ചു!

’മൂക്കു റബ്ബറല്ല! അനുകരണമല്ല! തനി ഒറിജിനൽ…‘ മഹാഡോക്‌ടറന്മാരുടെ ഐകകണ്‌ഠ്യേനയുള്ള വിധി!

മൂക്കൻ സാഹിബിന്റെ സുന്ദരി സെക്രട്ടറിപ്പെണ്ണ്‌ മൂക്കൻജിയുടെ തിരുമൂക്കിന്റെ തുമ്പത്തു ഗാഢമായി ചുംബിച്ചു.

’സഖാവു മൂക്കൻ സിന്ദാബാദ്‌! നാസികപ്രമുഖൻ സിന്ദാബാദ്‌! സഖാവു മൂക്കന്റെ ജനകീയ മുന്നേറ്റപ്പാർട്ടി സിന്ദാബാദ്‌! ജനാബ്‌ മൂക്കന്റെ മൂക്ക്‌ – ഒറിജിനൽ മൂക്ക്‌! ഒറിജിനൽ!! ഒറിജിനൽ!!!‘

അണ്ഡകടാഹങ്ങൾ തകർന്നേക്കാവുന്ന ഒച്ച!…… ഒറിജിനൽ! തനി ഒറിജിനൽ!

ഈ ആരവം അടങ്ങിയപ്പോൾ രാഷ്‌ട്രപതി എന്ന മഹാപ്രസിഡണ്ട്‌ ഒരു പുതുപുത്തൻ ഡാവു കൂടി കാണിച്ചു. സഖാവു മൂക്കനെ ’മൂക്കശ്രീ‘ എന്നുള്ള തകർപ്പൻ ബഹുമതിയോടെ പാർലമെന്റിലേക്കു നോമിനേറ്റ്‌ ചെയ്‌തു.!

മൂക്കശ്രി മൂക്കൻ എം.പി….!

രണ്ടുമൂന്നു യൂണിവേഴ്‌സിറ്റികൾ മൂക്കശ്രീ മൂക്കൻ സാഹിബിന്‌ എം.ലിറ്റും ഡി.ലിറ്റും നൽകി ആദരിച്ചു.

മൂക്കശ്രീ മൂക്കൻ – മാസ്‌റ്റർ ഓഫ്‌ ലിറ്ററേച്ചർ!

മൂക്കശ്രീ മൂക്കൻ – ഡോക്‌ടർ ഓഫ്‌ ലിറ്ററേച്ചർ.

എന്നാലും മണ്ടക്കൂട്ടമല്യോ ജനം. തനി ബഡുക്കൂസുകൾ! മണ്ടക്കൂട്ടത്തെ ഭരിക്കുന്ന സർക്കാർ!

മൂക്കശ്രീ മൂക്കനെ കിട്ടാത്ത സുന്ദരിയുടെ പാർട്ടിക്കാർ ഒരൈക്യമുന്നണിയായി പറഞ്ഞും എഴുതിയും പ്രസംഗിച്ചും നടക്കുകയാണ്‌. പ്രസിഡണ്ടു രാജിവയ്‌ക്കണം. പ്രധാനമന്ത്രി രാജിവയ്‌ക്കണം! മന്ത്രിസഭയും രാജിവയ്‌ക്കണം. ജനവഞ്ചന!…. മൂക്കന്റെ മൂക്ക്‌റബർ മൂക്ക്‌! ഒറിജക്ഷനൽ അല്ലേയല്ല!’

നോക്കണേ വിപ്ലവത്തിന്റെ പോക്ക്‌!

ബുദ്ധിജീവികൾ, ദാർശനികർ – എന്തു ചെയ്യും? ആശയക്കുഴപ്പമുണ്ടാകാതിരിക്കുമോ…. സംഭവം വിശ്വവിഖ്യാതമായ മൂക്ക്‌.

Generated from archived content: story1_sep6_10.html Author: vaikom.muhammad_basheer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here