നര്‍മ്മബോധത്തിന്റെ ജാലകങ്ങള്‍ തുറക്കുന്ന കഥകള്‍

ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ സേവകനുമായിരിക്കണം. തന്റെ രചനക്കിതുവരെ ഉള്‍ക്കൊള്ളാനാവാത്ത എന്തോ ഒന്ന് ജീവിതത്തില്‍ അവശേഷിക്കുന്നുണ്ടെന്ന പ്രത്യാശയാണവനെ നയിക്കുന്നത്. തിരക്കു പിടിച്ച് ജീവിതത്തിനിടയില്‍ വിലപിടിച്ചതെന്നയാള്‍ വിശ്വസിക്കുന്ന പലതും പൊടുനെ നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായും ജീവിതത്തെ കുറച്ചു കൂടെ അഗാധമായി നോക്കിക്കാണുവാനും അവന്‍ ശ്രമിക്കും. കാപട്യം നിറഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാവുമ്പോള്‍ സ്വതവേ അവനില്‍ അടങ്ങിയിരിക്കുന്ന നര്‍മ്മബോധം വിമര്‍ശനബുദ്ധിയോടെ എല്ലാം നിരീക്ഷിക്കുവാനും വിലയിരുത്തുവാനും അവനു സഹായകമായി രൂപാന്തപ്പെടുന്നതും സത്യമാണ് . ജീവിതത്തെ നോക്കുക്കാണുകയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ആന്തരീക ചോദനകള്‍ക്കപ്പുറം ബാ‍ഹ്യമായ ഒരു സ്വതന്ത്ര വീക്ഷണവും ഇതിനു വേണ്ടി ഉള്‍ക്കൊള്ളേണ്ടീയിരിക്കുന്നു.

നിരവധി വര്‍ഷങ്ങള്‍ പ്രവാസിയായി അമേരിക്കയില്‍ കഴിയേണ്ടി വന്ന ഡോ. ജോര്‍ജ്ജ് മരങ്ങാലിയുടെ സ്വന്തം നാടിനെക്കുറിച്ചുള്ള ആകാംക്ഷകളും ആകുലതകളും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ ‘’ ദൈവത്തിന്റെ നാട്ടിലൊരവധിക്കാലത്ത് ‘’ എന്ന കഥാസമാഹാരത്തിലും നിറഞ്ഞു നില്‍ക്കുന്നു.

പതിനൊന്നു കഥകളിലൂടെ വികാസം കൊള്ളുന്ന ഇതിലെ പ്രമേയത്തിന് മൊത്തത്തില്‍ നോവലിന്റേതായ ഒരു നൈരന്തര്യമുണ്ട്. മലയാള സാഹിത്യത്തില്‍ അത്യപൂര്‍വമായി കാണുന്ന ഒരു ശൈലിയാണിവിടെ ഇതിനു വേണ്ടി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.

പ്രസിദ്ധ മെക്സിക്കന്‍ സാഹിത്യകാരനായ കാര്‍ലോസ് ഫുയെന്തസ് ‘’ ക്രിസ്റ്റല്‍ ഫ്രോണ്ടിയേര്‍സ്’‘ എന്ന സമാഹാരത്തില്‍ ഏതാണ്ടിതിനു സമാനമായ ഒരു ശൈലി ഉപയോഗിച്ചിട്ടുണ്ട്.

സ്വന്തം നാട്ടില്‍ അരങ്ങേറുന്ന കാപട്യങ്ങള്‍ക്കെതിരെയാണ് അത്യന്തം സവിശേഷമായ നര്‍മ്മബോധത്തോടെ ഡോ. മരങ്ങോലി തന്റെ രചനകള്‍ക്ക് രൂപവും ഭാവവും പകര്‍ന്നു കൊടുക്കുന്നത്. ഇതിലെ കഥകള്‍ പ്രത്യേകം വായിക്കുന്നതിലും അപാകതയൊന്നുമില്ല. പക്ഷെ കഥാകൃത്ത് സമന്വയിപ്പിക്കുന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ കണ്ണികള്‍ ഈ ഗ്രന്ഥത്തിനൊരു നോവലിന്റെ എല്ലാ ലക്ഷണങ്ങളും പകര്‍ന്നു കൊടുക്കുന്നുണ്ട്. ചിറ്റപ്പന്റെ മരണം, അക്ഷയതൃതീയ, കല്യാണിക്കുട്ടീടെ കല്യാണം, (രണ്ടു ഭാഗങ്ങള്‍) കള്ളനുറങ്ങാത്ത നാട് , മിന്നല്‍ പണിമുടക്ക് എന്നി രചനകളെക്കുറിച്ച് പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

ഒരോ കഥകള്‍ക്കു ശേഷവും പുതിയ ഒന്നിലേക്ക് സംക്രമിക്കുന്നതിനിടയിലാണ് കഥാകൃത്ത് ബോധപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്ന കണ്ണികളിലൂടെയാണീ സമാഹാരത്തിനൊരു നൂതനമായ ശില്‍പ്പഭംഗി കൊടുക്കുവാന്‍ കഴിഞ്ഞത്. വായിച്ചു പോകുമ്പോള്‍ ഡോക്ടര്‍ മരങ്ങാലിയുടെ രചനകള്‍ നിശബ്ദമായി പങ്കുവയ്ക്കുന്ന നര്‍മ്മം ആരേയും ചിരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം ആന്ത്യന്തികമായി വിജയിക്കുന്നതും വായനക്കാരുടെ മനസില്‍ ഇടം കണ്ടെത്തുന്നതും ഇവിടെയാണ്.

കഥ പറച്ചിലിലൂടെ അദ്ദേഹം പകര്‍ന്നു തരുന്ന ആഹ്ലാദം ഈ മുടന്തന്‍ ലോകത്തിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുവാന്‍ നമ്മെ സഹായിക്കുമെന്നതിലും അത്ഭുതപ്പെടാനില്ല.

published by :prabhath book house

thiruvananthapuram

വില : 70.00

Generated from archived content: book1_aug25_12.html Author: vaikkom-murali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English