മലയാള നോവലിലും മലയാള ഗദ്യത്തിലും പുതിയൊരു യുഗം ഉദ്‌ഘാടനം ചെയ്‌ത ‘ഖസാക്കിന്റെ ഇതിഹാസം’ ഒമ്പതുവർഷത്തിനുളളിൽ ഇരുപത്തഞ്ചാം പതിപ്പിലേക്ക്.
95 ഏപ്രിലിൽ ഡി.സി. ബുക്‌സ് ആദ്യപതിപ്പിറക്കിയ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഒമ്പതാംവർഷത്തിൽ 25-ാം പതിപ്പിൽ എത്തിയത് ഡി.സി.ബുക്‌സ് ആഘോഷമാക്കുകയാണ്. ഖസാക്ക് ഒരു വാരികയിൽ ആദ്യം ഖണ്‌ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ പ്രശസ്തചിത്രകാരൻ എ.എസ്.വരച്ച ചിത്രങ്ങളും സിൽവർ ജൂബിലി പതിപ്പിൽ ഉപയോഗിക്കുന്നു. കാലിക്കോബയന്റിംഗിൽ ഏറ്റവും വില കൂടിയ പേപ്പറിൽ ഉയർന്ന ഗുണനിലവാരത്തോടെയാണ് പുതിയ പതിപ്പിറങ്ങുന്നത്.
63 കാലത്ത് ഡൽഹിവാസത്തിനിടയിലാണ് വിജയൻ ഖസാക്കെന്ന ‘തസറാക്കി’നെ പശ്ചാത്തലമാക്കി എഴുതുന്നത്. എട്ടുവർഷം ഖസാക്കിനുമേൽ വിജയൻ ‘അട’യിരിക്കുകയായിരുന്നുവെന്നാണ് അന്ന് ഡൽഹിയിൽ ഒപ്പമുണ്ടായിരുന്ന വി.കെ.എൻ കുറിച്ചിട്ടുളളത്. 69ൽ തൃശൂർ കറന്റ് ബുക്‌സ് ആദ്യപതിപ്പിറക്കിയ ഖസാക്ക് ഒരു തലമുറ അവരുടെ മനസ്സിന്റെ ഞരമ്പുകൾകൊണ്ട് ഏറ്റുവാങ്ങുകയായിരുന്നു. ഭാഷകൊണ്ടുളള മഹോത്സവമായിരുന്നു വിജയൻ ആഘോഷിച്ചത്. മാസ്‌റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിക്ക് നീണ്ട ഇരുപത്തിമൂന്ന് വർഷത്തിനുശേഷം മുട്ടത്തുവർക്കിയുടെ പേരിലുളള ഏക അവാർഡാണ് ലഭിച്ചിട്ടുളളത്. ഡി.സി. ബുക്‌സിന് കോപ്പിറൈറ്റ് ലഭിക്കുന്നതിന് മുമ്പുതന്നെ ഒരു ഡസനിലേറെ പതിപ്പിറങ്ങിയിട്ടുളള ഖസാക്കിന്റെ ഇതിഹാസം കഴിഞ്ഞ 35 വർഷത്തിനുളളിൽ മുപ്പത്തഞ്ചിലേറെ പതിപ്പുമായി മറ്റൊരു മലയാള നോവലിനും അവകാശപ്പെടാൻ കഴിയാത്ത റിക്കാർഡ് സൃഷ്‌ടിച്ചിരിക്കുകയുമാണ്. ഏറെ വൈകി വിജയനെ ഉൾക്കൊളളാൻ യാഥാസ്ഥിതിക നിരൂപകർ നിർബന്ധിതരായതോടെ ഖസാക്കിനെപ്പറ്റി ഇനി എഴുതാൻ ഒന്നുമില്ലാത്ത സ്ഥിതിയായി.
ശ്രുതിഭേദങ്ങളില്ലാത്ത മഴയും ജന്മാന്തരങ്ങളുടെ ഇളവെയിലിൽ പറന്നലയുന്ന തുമ്പികളും പനമ്പട്ടകളിൽ പിടിക്കുന്ന കാറ്റും കല്പവൃക്ഷത്തിന്റെ കരിക്കിൻതൊണ്ടുകളും ആദിരൂപങ്ങളായി മാറുന്ന ഖസാക്ക് മലയാളത്തിൽ വസന്തത്തിന്റെ കൊടുങ്കാറ്റായിരുന്നു. പാപത്തിന്റെ തിണർപ്പുകളുളള ഇതിഹാസത്തിലെ രവി മലയാളനോവൽ സാഹിത്യത്തിന് അപൂർവ്വമായ കഥാപാത്രങ്ങളിലൊന്നായിരുന്നു.
1994ൽ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചിരുന്നു; ഇപ്പോഴിതാ മറ്റൊരു സിൽവർ ജൂബിലി.
(കടപ്പാട്‌ഃ കേരളകൗമുദി ദിനപത്രം)
Generated from archived content: essay3_sep22.html Author: v_vijayakumar
Click this button or press Ctrl+G to toggle between Malayalam and English