കപി -പീതാംബരൻ

“ഹലോ… മാമ്പഴം വാരികയുടെ ഓഫീസല്ലേ?”

“അതെ.”

“എഡിറ്റർ ഉണ്ടോ?”

“എഡിറ്ററാണ്‌.”

“ഞാൻ കപി പീതാംബരൻ. അല്ല കവി പീതാംബരൻ.”

“ആ.. സാർ, ഞാൻ അങ്ങോട്ടു വിളിക്കാനിരിക്കുകയായിരുന്നു.”

“എന്താ.. അത്യാവശ്യം?”

“കവിത ഉഗ്രൻ.”

“എനിക്ക്‌ ഇത്തവണ വീക്ക്‌ലിയുടെ കോപ്പി കിട്ടിയില്ല.”

“അയച്ചിട്ടുണ്ട്‌. പോസ്‌റ്റൽ ഡിലേ ആയിരിക്കും. പിന്നെ, കവിതയെപ്പറ്റി അഭിനന്ദനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്‌.”

“നന്ദി.. നന്ദി.”

“കവിതക്കു പേരില്ലാത്തതുതന്നെ ശ്രദ്ധേയമായി.”

“പേരില്ലായിരുന്നോ?”

“സാർ ഓർക്കുന്നില്ലേ? ഞാൻ ‘ഒരു പേരില്ലാക്കവിത’ എന്ന ശീർഷകം കൊടുത്തു. അഭിനന്ദനക്കത്തുകളിൽ കവിതയുടെ അർത്ഥതലങ്ങൾ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. ആനുകാലികങ്ങളിലെ കഥകൾക്കും കവിതകൾക്കും ഇപ്പോൾ പല അവാർഡുകളും നിലവിലുണ്ട്‌. ഇത്തവണ സാറിന്‌ ഒരെണ്ണം പ്രതീക്ഷിക്കാം. അല്ല ഉറപ്പിക്കാം.”

“വിനയം കൊണ്ട്‌ എന്റെ തല കുനിയുന്നു”

“കൂടുതൽ കുനിയേണ്ട. ഫോൺ നെഞ്ചിൽ തട്ടും.”

“കളിയാക്കാതെ എഡിറ്ററേ.”

“വാനം വെട്ടി വെട്ടി

തിങ്കളും ചൊവ്വയും.”

“മനസ്സിലായില്ല.”

“ഓർമ്മയില്ലേ. സാറിന്റെ കവിതയിലെ ആദ്യവരികളാണ്‌ ചൊല്ലിയത്‌.”

“ഓ..”

“എങ്ങനെ ഓർക്കാൻ. എന്നും പുതിയ പുതിയ കവിതകൾ മനസ്സിൽ സ്ഥാനം പിടിക്കുകയല്ലേ?”

“അതെ.. അതെ.”

“ഒരു കത്തു മുഴുവൻ ഈ വരികളെപ്പറ്റിയാണ്‌. പ്രപഞ്ചത്തെ കീഴടക്കാനുളള മനുഷ്യന്റെ വെമ്പൽ. ആകാശം മുഴുവൻ വെട്ടിപ്പിടിക്കാൻ ചന്ദ്രനിൽ കാലൂന്നി. ഇതാ ഇപ്പോൾ ചൊവ്വയിലേക്ക്‌. എസ്‌.റ്റി.ഡിയാണോ സാർ?”

“അല്ല. ലോക്കലാണ്‌.”

“എന്റെ മുമ്പിൽ തന്നെയുണ്ട്‌ കത്തുകൾ. ഇതാ ഈ കത്തിൽ ‘ചാന്തും കറുപ്പും ചരിവിലെ ചാരവും പത്തുപന്ത്രണ്ടിരുപത്‌.’ എന്നഭാഗത്തെക്കുറിച്ചാണ്‌. സമൂഹത്തിൽ സ്‌ത്രീ എന്നും വില്പനച്ചരക്കാണ്‌ എന്ന സത്യം ഈ വരികളിലൂടെ മനോഹരമായി വിവക്ഷിക്കുന്നു. അവളുടെ ചാന്തും കൺമഷിയുമണിഞ്ഞ സൗന്ദര്യം മാത്രമല്ല മോഹച്ചരിവിലെ ചാരംപോലും ലേലം ചെയ്യുകയാണ്‌. പത്ത്‌ പന്ത്രണ്ട്‌ ഇരുപത്‌ എന്ന കണക്കിൽ. സാറു കേൾക്കുന്നുണ്ടോ?”

“ഉണ്ട്‌. പക്ഷേ എനിക്കു വിശ്വാസം വരുന്നില്ല.”

“ഇതാ മറ്റൊരുകത്ത്‌. ‘വാട്ടറും ദീപയും പ്രശ്‌നം പ്രശ്‌നം’ എന്നവരിയെക്കുറിച്ചാണ്‌. കവി ഇൻഡ്യയിലെ ഇന്നത്തെ പൊല്ലാപ്പുകളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു എന്നാണ്‌ ഈ വായനക്കാരൻ എഴുതിയിരിക്കുന്നത്‌. വാട്ടർ എന്ന സിനിമയും അതിന്റെ സ്രഷ്‌ടാവ്‌ ദീപാമേത്തയും ഇപ്പോഴും പ്രശ്‌നത്തിലാണല്ലോ.”

“മറ്റു കത്തുകൾകൂടി വായിക്കൂ. എന്റെ ആകാംക്ഷ നിയന്ത്രിക്കാനാകുന്നില്ല.”

“ഇതാ ഒരു കോളേജുകുമാരിയുടെ കത്താണ്‌.

കരിങ്കൽ മണ്ണ്‌ കരിവീട്ടി

സർവ്വേശ്വരത്തെ സൗജന്യം

കോൺക്രീറ്റു കാടൻ ചതിച്ചു

ഇനിയൊരു നിലയുമില്ലാതെയായ്‌.” എന്ന വരികളാണ്‌ ആ കുട്ടിക്ക്‌ ഏറെ ഇഷ്‌ടമായത്‌. ഈശ്വരന്റെ സൗജന്യമായി മനുഷ്യനു കിട്ടിയ കല്ലും മണ്ണും മരവുമെല്ലാം നാം നശിപ്പിച്ചു. മായം കലർത്തി. പകരം കോൺക്രീറ്റുകാടുകൾ പടുത്തുയർത്തി. പക്ഷേ ആ കാടത്തരം അവനെത്തന്നെ ചതിച്ചു. ഫലമോ? ഇനി ഒരു ഗതിയുമില്ലാതെയായിത്തീർന്നു. കവിയുടെ പ്രകൃതിസ്‌നേഹം എത്ര പ്രശംസിച്ചാലും അധികമാവില്ല.“

”ഞാൻ ഫോൺ വയ്‌ക്കട്ടെ എഡിറ്ററെ.“

”രണ്ടുവരികളുടെ അർത്ഥം എനിക്കും വ്യക്തമായില്ല. അത്‌ സാറിനോടു ചോദിക്കണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിന്റെ ആവശ്യം വന്നില്ല.“

”അതെന്താ?“

”പ്രശസ്ത നിരൂപകൻ ഘടോൽകചൻ ആ വരികളെക്കുറിച്ചുതന്നെ കത്തെഴുതിയിരിക്കുന്നു.?

“ഏതു വരികൾ?”

“സീഡിയോ അയ്യായിരം.

അയണിനാൽ പതിനായിരം.” ഘടോൽകചൻ എഴുതുന്നു. ഇന്ന്‌ എല്ലാ മേഖലയിലുമുളള മൂല്യത്തകർച്ച ആയുസിനേയും ആരോഗ്യത്തേയും ബാധിക്കുന്നു. വൈറ്റമിൻ സീയും ഡീയും ഇല്ലാതെ അയ്യായിരം പേർ മരിക്കുന്നുവെങ്കിൽ അയണിന്റെ കുറവുകൊണ്ട്‌ മരിക്കുന്നത്‌ പതിനായിരങ്ങളാണ്‌. വേട്ടയാടപ്പെടുന്ന മനുഷ്യന്റെ..“

”അതാ. പോസ്‌റ്റുമാൻ വന്നു. വീക്ക്‌ലി ഉണ്ടെന്നു തോന്നുന്നു. ഫോൺ വച്ചോട്ടെ.?

പീതാംബരൻ, പോസ്‌റ്റുമാൻ കൊടുത്ത മാമ്പഴം മറിച്ച്‌ ‘ഒരു പേരില്ലാക്കവിത’ വായിച്ചു. താൻ സംശയിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. എഴുത്തുമുറിയിൽ കയറി കവിതക്കെട്ട്‌ അഴിച്ചു പരിശോധിച്ചു. അവസാനലക്കത്തിലേക്ക്‌ ‘അയച്ച’ കവിതയുടെ ഒർജിനലും കാർബൺ കോപ്പിയും കിട്ടി.

“എടീ, കൗസല്യേ…”

“എനിക്കിവിടെ ജോലിയുണ്ട്‌.”

“ഇങ്ങോട്ടുവരാനാ പറഞ്ഞത്‌.”

“എന്താ ഇത്ര അത്യാവശ്യം. പുതുതായി വല്ലതും കുത്തിക്കുറിച്ചോ?”

“എടീ കണ്ണുതുറന്നുനോക്ക്‌. ഇതെന്തോന്നാ?”

“ഇതു കവിതയല്ലേ?”

“അപ്പോൾ നീ വീക്ക്‌ലിക്ക്‌ അയയ്‌ക്കാൻ കവറിലാക്കിയത്‌ ഏതു കടലാസാണ്‌?”

“എനിക്കോർമ്മയില്ല.”

“നമ്മുടെ കെട്ടിടം പണിയുടെ കണക്കെഴുതിവച്ചിരുന്ന പേപ്പറാണ്‌ നീ എടുത്ത്‌ അയച്ചുകൊടുത്തത്‌. വിവരമില്ലാത്ത..”

“കണക്കും കവിതയും ഒരുപോലിരുന്നാൽ അങ്ങനെയൊക്കെ സംഭവിക്കും.”

“ആകെ കുഴപ്പമായല്ലോ.”

പീതാംബരൻ വീണ്ടും ഫോണെടുത്തു.

“ഹലോ. എഡിറ്ററല്ലേ, ഞാൻ പീതാംബരൻ.”

“എന്താ സാർ വീണ്ടും?”

“ആ കവിതയുടെ കാര്യം തന്നെ.”

“അവിടെയും അഭിനന്ദനങ്ങൾ എത്തിയോ?”

“ഒരു അബദ്ധംപറ്റി. ഞാൻ ഒരു കെട്ടിടം വച്ചുകൊണ്ടിരിക്കുന്ന കാര്യം പറഞ്ഞിരുന്നല്ലോ?”

“അതെ.”

“അതിന്റെ കണക്കും കാര്യങ്ങളുമെല്ലാം ഞാൻ പേപ്പറുകളിൽ കുറിച്ച്‌ ഫയൽ ചെയ്‌തു വയ്‌ക്കാറുണ്ട്‌. കവിയായതുകൊണ്ട്‌ കണക്കിലും കുറച്ചു സാഹിത്യം വന്നുപോകും. അതുകൊണ്ടാണെന്നു തോന്നുന്നു മിസ്‌റ്റേക്ക്‌ പറ്റിയത്‌. ഭാര്യ കവിതക്കുപകരം അതിലൊരു കടലാസാണ്‌ അങ്ങോട്ടയച്ചത്‌.”

“ങേ! എന്നിട്ട്‌ അതു വായിച്ചപ്പോൾ അങ്ങനെ തോന്നിയില്ലല്ലോ.”

“എനിക്കു മനസ്സിലാകാൻ വേണ്ടി എഴുതിയതാണ്‌. ‘വാനം വെട്ടിവെട്ടി തിങ്കളും ചൊവ്വയും! കോമ്പൗണ്ടുവാളിന്റെ വാനം വെട്ടിയകാര്യമാണ്‌. തിങ്കൾ കൊണ്ടു തീരുമെന്നാണു പറഞ്ഞിരുന്നത്‌. പക്ഷേ ചൊവ്വാഴ്‌ച വൈകുന്നേരമായി വെട്ടിത്തീർന്നപ്പോൾ.”

“ചാന്തും കറുപ്പും ചരിവിലെ ചാരിവും പത്തു പന്ത്രണ്ടിരുപത്‌.’ എന്നു വച്ചാൽ?”

“പ്ലാസ്‌റ്ററിംഗിന്റെ കണക്കെഴുതിയതാണ്‌. സിമന്റുചാന്തും അതിൽ ചേർക്കുന്ന കറുപ്പും അതായത്‌ ബ്ലാക്ക്‌ഓക്‌സൈഡ്‌, പിന്നെ ചരിവുതട്ടിൽ ചാരം കെട്ടിയത്‌ എല്ലാംകൂടി പത്തുപന്ത്രണ്ടിരുപതല്ല. 1012.20 രൂപ.”

“ഇതു മനുഷ്യനെ വലക്കുന്ന കണക്കെഴുത്തുതന്നെ. എങ്കിൽ ദീപാമേത്തയും വാട്ടറും എങ്ങനെ വന്നു?”

“വാട്ടറും ദീപവും പ്രശ്‌നം പ്രശ്‌നം‘ എന്നാണ്‌. വാട്ടർ കണക്‌ഷനും ലൈറ്റും ഇതുവരെ കിട്ടിയില്ല.”

“കൊളളാമല്ലോ. പക്ഷേ വീടുപണിയിൽ ഈശ്വരന്‌ എന്തുകാര്യം?”

“അത്‌ ദൈവത്തിന്റെ കാര്യമൊന്നുമല്ല. കരിങ്കൽമണ്ണ്‌ കരിവീട്ടി സർവ്വേശ്വരന്റെ സൗജന്യം’. സർവ്വേശ്വരൻ എന്റെ അളിയനാണ്‌. ഫോറസ്‌റ്റ്‌ ഓഫീസിലെ ഗാർഡ്‌. കല്ലുംമണ്ണും കുറച്ചു തടിയും അവൻ സൗജന്യമായി ഇറക്കിത്തന്നു. ‘കോൺക്രീറ്റു കാടൻ ചതിച്ചു. ഇനിയൊരു നിലയുമില്ലാതെയായ്‌.’ കോൺക്രീറ്റ്‌ മൊത്തമായി കാടൻ ചന്ദ്രനെ ഏല്പിച്ചിരുന്നു. റേറ്റിന്‌. അവൻ എന്നെ ചതിച്ചു. കുറെ പണവുമായി മുങ്ങി. അങ്ങനെ മുകളിലത്തെ നില പണിയാൻ നിവൃത്തിയില്ലാതായി.”

“അങ്ങനെയാണെങ്കിൽ സീഡിയോ അയ്യായിരം അയണിനാൽ പതിനായിരം എന്നതിനും വേറെ അർത്ഥം കാണുമല്ലോ.”

“സി.ഡി.കാഷൻ ഡെപ്പോസിറ്റ്‌ അടച്ചത്‌ അയ്യായിരം. അയണിനാൽ എന്നല്ല. അയണി. നാൽപതിനായിരം എന്നാണ്‌. ഒരു അയണിമരം വിലപറഞ്ഞകാര്യമാണ്‌.”

“ഹോ. ഇങ്ങനെയൊരു കണക്കെഴുത്ത്‌ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.”

“എന്റെ അഭിപ്രായം അടുത്ത ലക്കത്തിൽ ഒരു തിരുത്തും ക്ഷമാപണവും കൊടുക്കുന്നതു നന്നായിരിക്കും എന്നാണ്‌.”

“അതുവേണോ? സാറിനു കിട്ടാവുന്ന ഒരു അവാർഡ്‌ വെറുതെ കളയണോ? സാറിന്റെ മുൻകവിതകളെക്കാൾ മികച്ചതാണ്‌ ഇത്‌ എന്നാണ്‌ പലരുടേയും അഭിപ്രായം.”

പീതാംബരൻ പിന്നെ കൂടുതലൊന്നും പറഞ്ഞില്ല. ഫോൺ വയ്‌ക്കുമ്പോൾ ഭാര്യ വാരികയിലെ കവിത വെട്ടിയെടുക്കുന്നു.

“നീ എന്താ കൗസൂ ഈ കാണിക്കുന്നത്‌?”

“കെട്ടിടം പണിയുടെ ഫയലിൽ ഇടാനാ. കണക്കുപേപ്പർ കിട്ടിയില്ലെങ്കിൽ അതിനും എന്റെ നേരെയല്ലേ ചാട്ടം. അച്ചടിച്ച അക്കൗണ്ടുഷീറ്റും ഒരെണ്ണം കിടന്നോട്ടെ.”

Generated from archived content: kapi.html Author: v_sureshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English