ഇന്നലെയായിരുന്നു…… ഉച്ചയ്‌ക്ക് ഒന്നരമണിക്ക്. വീടിനു പുറത്തുനിൽക്കുന്നത് ആന്റപ്പന്റെ മൂത്തമകനാണ്. ബന്ധുക്കളിൽ ചിലർ വീട്ടിലുണ്ട്. കൂടുതൽപേർ എത്താൻ എട്ടൊമ്പതു മണിയാകും. പോസ്‌റ്റിൽ കെട്ടിയിരുന്ന കരിങ്കൊടി ചരിഞ്ഞുകിടക്കുന്നു. മകൻ അതു പൂർവ്വസ്ഥിതിയിൽ കെട്ടിവച്ച്, റോഡിൽ പത്രക്കാരനെ കാത്തുനിന്നു. വൻകിട പത്രത്തിൽ വലിപ്പത്തിൽ ചിത്രവും വിശദമായ വാർത്തയും കൊടുക്കാൻ നല്ലൊരു തുക പരസ്യകൂലിയായി കൊടുക്കേണ്ടിവന്നു. മകനെ സംബന്ധിച്ച് അത് നാട്ടുനടപ്പോ അന്തസ്സിന്റെ അടയാളമോ ആയിരുന്നില്ല. അതിനെക്കാളുമൊക്കെ വലുതായ ഒരു കർമ്മം.
അല്ലെങ്കിലും ആന്റപ്പൻ ചരമക്കോളത്തിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടല്ല. ഒരു കാലത്ത് അയാളുടെ നിലനിൽപ്പുതന്നെ ആ കോളത്തെ ആശ്രയിച്ചായിരുന്നു. ചരമക്കോളം അശുഭസൂചകമാണോ? ആണെങ്കിലും അല്ലെങ്കിലും ചിലർക്ക് ജീവിതം പച്ചപിടിക്കുന്നത് ആ കറുത്ത പുറത്തിൽ നിന്നാണ്. ശവപ്പെട്ടി കച്ചവടക്കാരനെപ്പോലെയെന്നു പറയാമോ? എന്തായാലും അന്യന്റെ മരണത്തെ നിസംഗതയോടെ സമീപിക്കുന്ന രീതി ആന്റപ്പനുണ്ടായിരുന്നു. ഒരുപക്ഷെ അത് തൊഴിലിന്റെ ഭാഗമായി വന്ന സ്വഭാവവിശേഷമായിരിക്കും.
പത്രപ്രവർത്തനത്തിൽ മുൻപരിചയമൊന്നും ഇല്ലാതിരുന്ന ആന്റപ്പന്റെ തലയിൽ ഒരു പത്രസ്ഥാപനം കെട്ടിവച്ചു കൊടുത്തത് ഒരു അകന്ന ബന്ധുവായിരുന്നു. സത്യം പറഞ്ഞാൽ അടുത്ത ബന്ധുവായിരുന്ന അയാൾ അകന്നത് ഈ ഇടപാടിനുശഷമായിരുന്നു. സ്ഥാപനം എന്നു പറഞ്ഞാൽ ഒരു പ്രസും രണ്ടുമൂന്നു ജോലിക്കാരും. ആ പത്രഭാരം ആന്റപ്പനു താങ്ങാവുന്നതിലധികമായിരുന്നു.
“ഒരു പത്രം കയ്യിലുണ്ടെങ്കിൽ ആരുടെ മുമ്പിലും തല ഉയർത്തി നിന്നൂടേ?” ബന്ധുവിന്റെ പ്രലോഭനങ്ങൾക്ക് പഴയ പത്രത്തിന്റെ വിലപോലുമില്ലെന്ന് മനസ്സിലാക്കാൻ കൂടുതൽ കാലം വേണ്ടിവന്നില്ല. തലതാഴ്‌ത്തി നിൽക്കേണ്ട സന്ദർഭങ്ങളായിരുന്നു ഏറെയും.
ആന്റപ്പനെപ്പറ്റി നാട്ടുകാർക്കു പലതും പറയാനുണ്ടായിരുന്നു. കൂടുതലും നല്ലതല്ലാത്തവ. കേട്ടു രസിക്കാനല്ലാതെ സത്യാസത്യങ്ങൾ തെരയാൻ ആർക്കും താല്പര്യമില്ലല്ലോ. ‘ചരമക്കട്ട’യായിരുന്നു അതിൽ പ്രധാനം. ചിത്രങ്ങളും ഫോട്ടോയും പ്രിന്റു ചെയ്യാൻ മെഷ്യൻ ബ്ലോക്കുകൾ പോലുമില്ലാതിരുന്ന കാലം. ഒരു ചിത്രം അച്ചടിക്കണമെങ്കിൽ തടിക്കട്ടയിൽ ആ ചിത്രം വരച്ച് അച്ചടിക്കാൻ പാകത്തിൽ കൊത്തിയെടുക്കണം. ചിത്രകാരന്റെയും ശില്പിയുടെയും കരവിരുതുളള ആർട്ടിസ്‌റ്റാണ് ഇതു ചെയ്യേണ്ടത്. അത്തരക്കാരെ കിട്ടാനുളള പ്രയാസവും ഇത്തരത്തിൽ ബ്ലോക്ക് രൂപപ്പെടുത്താനുളള കാലതാമസവുമൊക്കെ കൊണ്ട് ആന്റപ്പന്റെ പത്രത്തിൽ ചിത്രങ്ങൾ ഒഴിവാക്കുകയായിരുന്നു പതിവ്.
ചരമവാർത്തകൾ സൗജന്യമായിത്തന്നെയാണ് ആന്റപ്പനും പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ചിലർക്ക് വാർത്ത മാത്രം പോരാ, ഫോട്ടോയും കൊടുക്കണം എന്ന് നിർബന്ധം. ആന്റപ്പൻ അവരെ നിരാശരാക്കിയില്ല. “കൊടുക്കാം. അതിനൊരു ഫീസ് അടയ്‌ക്കണം.” അങ്ങനെ ദിവസം ഒരാളുടെ ഫോട്ടോ വീതം ചരമക്കോളത്തിൽ കൊടുക്കാൻ തുടങ്ങി. അത് കുടുംബമഹിമയുടെ പ്രതീകമായി കാണാൻ തുടങ്ങിയപ്പോൾ ധനശേഷിയുളള കൂടുതൽപ്പേർ ഫോട്ടോ കൊടുക്കാൻ താല്പര്യം കാട്ടി. ഡിമാന്റ് കൂടിയപ്പോൾ ആന്റപ്പൻ പ്രതിഫലവും വർദ്ധിപ്പിച്ചു. അത് നല്ലൊരു വരുമാന മാർഗ്ഗമായി മാറി.
ആന്റപ്പന്റെ കയ്യിൽ ആകെ ഒറ്റ ബ്ലോക്ക് മാത്രമേ ഉണ്ടായിരുന്നുളളൂവെന്നും അതുവച്ചാണ് ദിവസവും ഓരോ ഫോട്ടോ പത്രത്തിൽ അച്ചടിച്ചിരുന്നതെന്നുമാണ് ഈ ‘പരദൂഷണക്കാരു’ടെ കണ്ടെത്തൽ. ബ്ലോക്ക് രൂപപ്പെടുത്താനുളള ആർട്ടിസ്‌റ്റ് പോലുമില്ലെന്ന്. (അതു ശരിയായിരിക്കും. കാശു ചെലവാകുന്ന കളി ആന്റപ്പൻ വളരെ കുറച്ചേ കളിച്ചിരുന്നുളളൂ.) പഴയ ഒരു കട്ടയിൽ സ്വന്തം കരവിരുതിനാൽ ആന്റപ്പൻ തന്നെയാണ് വ്യത്യസ്തബ്ലോക്കുകൾ രൂപപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ തെറ്റുകുറ്റങ്ങളും പരാതികളും സ്വാഭാവികം.
“എന്റെ അമ്മാവന്റെ ഫോട്ടോ അച്ചടിക്കാൻ ഫീസടച്ചിരുന്നു.”
“ഫോട്ടോ പത്രത്തിൽ കൊടുത്തിരുന്നല്ലോ.”
“അമ്മാവനെ തിരിച്ചറിയില്ല. ഒരു കറുത്തചതുരം മാത്രം.”
“മെഷ്യൻവർക്കല്ലേ, മഷി കൂടിപ്പോയതായിരിക്കും. എന്തായാലും താങ്കളുടെ അമ്മാവനുവേണ്ടി അത്രയും സ്പേസ് ഇട്ടിട്ടുണ്ടല്ലോ. ആ സ്പേസിന്റെ വില മാത്രമേ ഞാൻ ഫീസായി ഈടാക്കുന്നുളളൂ.” ആന്റപ്പൻ നിസ്സഹായത അഭിനയിക്കും.
ഫോട്ടോയാണെങ്കിലും അല്ലെങ്കിലും അമ്മാവന്റെ പേരിനു മുകളിൽ കാണുന്ന സ്‌പേസ് അമ്മാവനു സ്വന്തമാണെന്നും ആ പേജിൽ അങ്ങനെ സ്വന്തമായി സ്‌പേസ് ഉളള ഒരേ ഒരാൾ അമ്മാവനാണെന്നും ഏതോ സ്‌പേസിലിരുന്ന് തനിക്കായി ബന്ധുക്കൾ നൽകിയ സ്‌പേസ് കണ്ട് അമ്മാവൻ ആനന്ദാശ്രുക്കൾ പൊഴിക്കുകയാവും എന്നുമൊക്കെ ആശ്വസിച്ച് പ്രൗഢിയോടെതന്നെ ചിലർ മടങ്ങി.
ചില വായനക്കാരും ആന്റപ്പന്റെ മുമ്പിൽ ഉപദേശവുമായി വന്നു. “പത്രാധിപർസാറേ, പത്രധർമ്മം എന്നൊന്നില്ലേ?”
“കാണുമായിരിക്കും. പക്ഷേ എനിക്കു ധർമ്മം കിട്ടിയതല്ല ഈ സ്ഥാപനം.”
“ഏതു ദിവസത്തെ പത്രമെടുത്താലും ചരമപ്പേജിൽ കൊടുക്കുന്ന ഫോട്ടോ ഒരുപോലെയിരിക്കുന്നു.”
“അനിയാ, ജീവിതമെന്നു പറയുന്നത് ഇത്രയൊക്കെയേയുളളൂ.”
“എത്രയൊക്കെ?”
“ജീവിച്ചിരിക്കുമ്പോ മാത്രമാണ്, ഞാൻ, നീ, മറ്റവൻ, മറിച്ചവൻ, വലിയവൻ, ചെറിയവൻ എന്നൊക്കെയുളള ഭേദചിന്തകൾ. മരിച്ചു കഴിഞ്ഞാൽ എല്ലാം ഒന്നാണ്.” മറ്റു മാർഗ്ഗമില്ലെങ്കിൽ ആന്റപ്പൻ ഇങ്ങനെ തത്വജ്ഞാനിയാകും.
പരാതിക്കാർ പ്രസിലെ ജോലിക്കാരെയും വെറുതെവിട്ടില്ല. പക്ഷേ ആന്റപ്പന്റെ സ്വഭാവമറിയാവുന്ന ജോലിക്കാർ മൗനം പാലിച്ചതേയുളളൂ. ഇടയ്‌ക്കിടെയുണ്ടാകാറുളള വാക്കേറ്റം വകവയ്‌ക്കാതെ ‘ചരമക്കട്ട’ ഒരു വരുമാനമാർഗ്ഗമായിത്തന്നെ ആന്റപ്പൻ ഉപയോഗിച്ചുപോന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ‘കട്ട’ കാണാനില്ല. ആന്റപ്പൻ ജോലിക്കാരോട് തട്ടിക്കയറി, പ്രസ് മുഴുവൻ അരിച്ചുപെറുക്കി; എന്നിട്ടും കിട്ടിയില്ല. ചരമക്കോളത്തിൽ ‘ഫോട്ടോ’യില്ലാതെ രണ്ടുനാൾ പത്രമിറങ്ങി. മൂന്നാംനാൾ പ്രസിനു പുറകിലുളള കിണറിൽ നിന്ന് ആന്റപ്പൻ വെളളം കോരുകയായിരുന്നു. അതാ തൊട്ടിയിൽ ചരമക്കട്ട. തന്റെ ഐശ്വര്യക്കട്ട തിരികെ കിട്ടിയ സന്തോഷത്തിൽ ആന്റപ്പൻ ജോലിക്കാരെ വിളിച്ചു. നനഞ്ഞ കട്ട അവർക്കുമുമ്പിൽ ഉയർത്തി ആന്റപ്പൻ പറഞ്ഞുഃ “കണ്ടോടാ, നിയൊക്കെ ഇതിനെ കിണറ്റിലെറിഞ്ഞിട്ടും, ദൈവം എന്റെ മുമ്പിലെത്തിച്ചത്.”
“വെറുതെ ഞങ്ങളെ പറയല്ലേ സാറേ, ഞങ്ങളാരും അറിഞ്ഞ കാര്യമല്ല.”
“പിന്നെയെങ്ങനെ ഇതു കിണറ്റിൽ പോയി?”
“അത് സഹികെട്ട് തനിയെ ചാടിയതാവും. എത്രകാലമായി അത് ശവത്തിന്റെ മുഖമായി കഴിയുന്നു.”
“മതി, മതി. എന്നാൽ ഒന്നോർത്തോ. ഭാഗ്യം എന്റെ കൂടെയാണ്.”
പക്ഷേ പിന്നീടുണ്ടായ അനുഭവങ്ങൾ മറിച്ചായിരുന്നു. നിർഭാഗ്യത്തിന്റെ വിളയാട്ടം. സാമ്പത്തികക്ലേശവും അസുഖങ്ങളും ആന്റപ്പനെ വല്ലാതെ വലച്ചു. ഒടുവിൽ, കിട്ടിയ വിലയ്‌ക്ക് പ്രസ് വിൽക്കേണ്ടി വന്നു. വാങ്ങിയ ആൾ പത്രം നടത്താൻ താല്പര്യം കാണിച്ചതുമില്ല.
ഏറെ വൈകാതെ ആന്റപ്പൻ കിടപ്പിലായി. തന്നെ കാണാൻ വരുന്നവരോട് താൻ പഠിച്ച പാഠങ്ങൾ ഉരുവിടും. “അറിയാത്ത ജോലി ഒരിക്കലും ഏറ്റെടുക്കരുത്. പത്രം നടത്തി പേരുദോഷമല്ലാതെ പേരുണ്ടാക്കാൻ കഴിഞ്ഞില്ല. ചരമക്കട്ടകൊണ്ട് ആളുകളെ പറ്റിച്ചു ജീവിച്ചു എന്നതാണ് തനിക്കു കിട്ടിയ ബഹുമതി. എന്നെങ്കിലും എന്റെ സ്ഥാപനത്തെ നവീകരിച്ച് നല്ല രീതിയിൽ പത്രം നടത്താൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. എല്ലാം തീർന്നു. ഇന്നു പത്രം പോലുമില്ല. ദുഃഖിച്ചിട്ടു കാര്യമില്ല. അക്ഷരത്തിന്റെ പവിത്രത കാക്കാൻ ഞാൻ ശ്രമിച്ചില്ല. വെറും കച്ചവടസ്ഥാപനമായി കണ്ടു. അക്ഷരവ്യാപാരം. ചതഞ്ഞ അക്ഷരങ്ങളും മഷി പടർന്ന ചിത്രങ്ങളും വരെ കിട്ടിയ വിലയ്‌ക്കു വിറ്റു. എന്നിട്ടെന്തു നേടി? മങ്ങിയ ജീവിതം കടത്തിൽ മുങ്ങി. അത്രതന്നെ.”
പിന്നെപ്പിന്നെ ആന്റപ്പന് സംസാരിക്കാൻ കഴിയാതെയായി. എങ്കിലും അയാളുടെ ഉളളിൽ വിങ്ങിനിൽക്കുന്ന അക്ഷരങ്ങളും വാക്കുകളും വായിച്ചെടുക്കാൻ മക്കൾക്കു കഴിയുമായിരുന്നു.
അതാ പത്രക്കാരൻ വരുന്നു. മകൻ തിടുക്കത്തിൽ അയാളുടെ അടുത്തേക്കു ചെന്നു. മകന്റെ ജിജ്ഞാസ പത്രക്കാരനും മനസ്സിലായിഃ “ഇതാ പത്രത്തിൽ വലുതായിത്തന്നെ കൊടുത്തിട്ടുണ്ട്.” മകൻ പത്രം മറിച്ച് ചിത്രവും അടിക്കുറിപ്പും നോക്കി. “പത്രാധിപരും പൊതുകാര്യ പ്രസക്തനുമായ ആന്റപ്പൻ അന്തരിച്ചു” എന്ന തലക്കെട്ടിനു താഴെ ചിത്രം; അതിനു താഴെ വിശദമായ വാർത്ത. ചിത്രത്തിനു നല്ല തെളിമയുണ്ടായിരുന്നു. തെളിഞ്ഞ മുഖത്തോടെ മകൻ ചിത്രം മറ്റുളളവരെ കാണിച്ചു. പത്രത്താളിൽ ആദ്യം ശ്രദ്ധ പതിയുന്ന രീതിയിൽത്തന്നെയാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. അച്‌ഛന്റെ വലിയൊരാഗ്രഹം സാധിച്ചുകൊടുത്ത ചാരിതാർത്ഥ്യമായിരുന്നു അപ്പോൾ മകന്റെ മനസ്സിൽ. എന്നാൽ ആന്റപ്പൻ അങ്ങനെയൊരാഗ്രഹം ഒരിക്കലും മകനോട് പറഞ്ഞിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം.
Generated from archived content: humour1_mar29_08.html Author: v_sureshan