മെഗാമ്മൂമ്മ

ഒന്ന്‌

മെഗാമ്മൂമ്മ അലാറം കേട്ട്‌ ഞെട്ടിപ്പിടഞ്ഞ്‌ തറയിൽ വീണു. ഒന്നും സംഭവിക്കാത്തമട്ടിൽ ഇരുന്നെണീറ്റു. ഇന്നലെ രണ്ടുമണിയായി ഉറങ്ങാൻ കിടന്നപ്പോൾ. എന്തുചെയ്യാം-ഓരോ ഉത്തരവാദിത്വങ്ങൾ! അതിരാവിലെ എണീക്കാതിരിക്കാനും പറ്റില്ലല്ലോ.

ടി.വി.യെ കണികണ്ട്‌ ഭക്തിപൂർവ്വം ഓൺ ചെയ്‌തു.

“ചായയായില്ലേ പെണ്ണേ?”

മോളും മരുമോളുമൊന്നും ഇതുവരെ അടുക്കളയിൽ കയറീല്ലേ? രാത്രി പത്തുമണിക്കു കിടന്നവരാ. മടിച്ചികൾ!

“രാവിലത്തെ സിനിമയെന്താ മോളേ?”

“ഈ വെളുപ്പാൻ കാലത്ത്‌ കെളവിക്ക്‌…”

“ങാ..അതുതന്നെ. ഈ തണുത്ത വെളുപ്പാൻകാലത്ത്‌. മമ്മൂട്ടി… അടിപൊടി.”

ടി.വി.യിൽ അപ്പോൾ ‘ചക്രശ്വാസം’ സീരിയൽ തുടങ്ങിക്കഴിഞ്ഞിരുന്നു. 158-​‍ാം ഭാഗം. സീരിയലിന്റെ തല മുതൽ എല്ലാഭാഗവും കാണാറുണ്ടെങ്കിലും പഴയതുപോലെ ഓർമ്മ നിൽക്കുന്നില്ല. മെമ്മറിപൗവറിന്‌ ഇനി ഒരു കുപ്പി ജൂനിയർ ഹോർളിക്‌സ്‌ കഴിക്കണം. ഇടയ്‌ക്ക്‌ സുഭാഷിതങ്ങളും വാർത്തകളും വന്ന നേരത്ത്‌ അമ്മൂമ്മ ‘ബാത്ത്‌റൂം എപ്പിസോഡ്‌’ പൂർത്തിയാക്കി. പരസ്യംപോലും കളയാത്ത അവർക്ക്‌ അല്പം റെസ്‌റ്റ്‌ കിട്ടുന്നത്‌ ടി.വി. വിജ്ഞാനം വിളമ്പുമ്പോൾ മാത്രമാണ്‌.

പരസ്യത്തിലെ അമ്മായിയമ്മയുടെ സ്‌റ്റൈലിൽ മരുമോളുടെ ചായയെക്കുറിച്ച്‌ രണ്ട്‌ അഭിപ്രായം പാസാക്കി, സമയം കളയാതെ വീണ്ടും ടി.വിയുടെ മുമ്പിൽ വന്നു.

സിനിമാതാരം ‘വന്യ’യുടെ അടുക്കള രഹസ്യങ്ങൾ.

സ്‌കൂൾബസ്‌ പോയാലെ എഴുന്നേൽക്കൂ എന്ന വാശിയിൽ കിടക്കുന്ന പേരക്കുട്ടിയെ ഉരുട്ടിവിളിക്കുന്ന അവന്റെ അമ്മ.

ആ ബഹളത്തിൽ, ‘വന്യ’ അടുക്കളയിൽ പാറ്റയെ കൊല്ലുന്നതിന്റെ വിവരണം കേൾക്കാൻ പറ്റുന്നില്ല.

“എടീ, ആ കൊച്ചവിടെ കിടക്കട്ടെ. അല്ലെങ്കിൽ ഇപ്പോൾ പെട്ടെന്ന്‌ ഉന്മേഷം വന്ന്‌ ചാടി എഴുന്നേൽക്കുന്ന ഒരു പേസ്‌റ്റുണ്ട്‌. അതുവാങ്ങി കൊടുക്ക്‌.”

മകൾ കുട്ടിയെ പൊക്കിയെടുത്ത്‌ കസേരയിലിരുത്തി, ഹോംവർക്ക്‌ ബുക്ക്‌ മുമ്പിൽവച്ചു കൊടുത്തു. അവൻ ‘കണ്ണ്‌’ തുറന്നും അടച്ചും ബുക്കിൽ അക്ഷരം വരച്ചു. ഇടയ്‌ക്ക്‌ അവന്റെ ശ്രദ്ധമാറി ടി.വി.യിൽ പതിയുന്നു. എന്നാൽ അമ്മൂമ്മയുടെ ശ്രദ്ധ മാറുന്നില്ല. ഏകാഗ്രതയോടെ ടി.വിയിൽ തന്നെ.

“അമ്മൂമ്മേ, സീരിയൽ കണക്‌ഷൻ എന്നു പറഞ്ഞാലെന്താ?”

“അതുപിന്നെ.. മോഹം കഴിഞ്ഞാൽ മോഹചക്രം. ജ്വാല കഴിഞ്ഞാൽ ജ്വാലയായ്‌. സ്‌ത്രീ കഴിഞ്ഞാൽ സ്ര്തീജന്മം. ഇങ്ങനെ പോകുന്നു സീരിയൽ കണക്‌ഷൻ.”

“ഞാൻ ചോദിച്ചത്‌ ഇലക്‌ട്രിസിറ്റി കറണ്ടിലെ കണക്‌ഷൻ.”

“അതും ശരിയാ മക്കളെ. കറണ്ടും സീരിയലും വലിയ കണക്‌ഷനാ. കറണ്ടില്ലാതെ എത്ര സീരിയലാ പാഴായി പോകുന്നത്‌. ഹോ നാശം! വീണ്ടും കറണ്ടുപോയല്ലോ.”

രണ്ട്‌

അമ്മൂമ്മ വാതിലും ജനലുമൊക്കെ അടയ്‌ക്കുന്നു. ടി.വിയിൽ പ്രേതങ്ങൾ ഇറങ്ങുന്ന സമയമായി.

“അമ്മൂമ്മയ്‌ക്ക്‌ പേടിയില്ലേ?” കുട്ടി

“ടിവി.യിലെ പ്രേതം പേടിക്കുന്നെങ്കിലേയുളളൂ.” മകളാണ്‌.

ഇപ്പോൾ പ്രേതങ്ങളും വളരെ പുരോഗമിച്ചിരിക്കുന്നു. പണ്ട്‌ യക്ഷിമാർ നിലം തൊടാതെയാണു നടന്നിരുന്നത്‌. ഇപ്പോൾ അവർക്ക്‌ അങ്ങിനെ വാശിയൊന്നുമില്ല. വേണ്ടിവന്നാൽ ബൈക്കിലും കാറിലുമൊക്കെ ചെത്തിനടക്കും. യക്ഷിമാരുടെ പിൻഭാഗം പൊളളയാണെന്നാണ്‌ കഥകളിൽ. കാലം മാറിയില്ലേ. ഇപ്പോൾ അവർ ബ്യൂട്ടിപാർലറിൽ പോയി കുണ്ടും കുഴിയുമൊക്കെ നികത്തി ഷേയ്‌പ്‌ ചെയ്താണു വരുന്നത്‌.

“ഈ യക്ഷിചേച്ചിമാരൊക്കെ എന്റെ സ്‌കൂളിൽ പഠിച്ചിരുന്നവരാ.”

“നിന്റെ സ്‌കൂളിലോ?”

“ങാ..വെളേളം വെളേളം ഞങ്ങടെ സ്‌കൂളിലെ യൂണിഫോമാണ്‌.”

മൂന്ന്‌

പാതിരാസിനിമ തുടങ്ങി.

“ഇതേതു സിനിമ അമ്മൂമ്മേ?” ഒരുറക്കം കഴിഞ്ഞ്‌ കൊച്ചുമോൻ വന്നിരുന്നു.

“പോടാ..പോയിക്കിട. ഇതു കുട്ടികൾ കാണാൻ പാടില്ലാത്ത സിനമയാ.”

“കണ്ടാലെന്താ?”

“ചീത്തയായിപ്പോകും.”

“അപ്പോൾ അമ്മൂമ്മ കാണുന്നതോ?”

“ഇനിയെന്തോന്നു ചീത്തയാകാൻ.” മരുമകളാണ്‌.

നാല്‌

കൊച്ചു വെളുപ്പാൻ കാലത്ത്‌ മനസ്സിനെ അലട്ടുന്ന ഒരുകൂട്ടം പ്രശ്‌നങ്ങളുമായി അമ്മൂമ്മ കിടക്കയിലേയ്‌ക്ക്‌ മറിഞ്ഞു.

“വാസന്തിക്ക്‌ വീണ്ടും അബോർഷനാകുമോ ദൈവമേ?”

“കേശവൻചേട്ടന്‌ നെഞ്ചുവേദനയെന്നു പറഞ്ഞത്‌ ഇനി ഹാർട്ട്‌ അറ്റാക്കാണോ? രക്ഷിക്കണേ.”

“കുഞ്ഞുമോൻ വീടുവിട്ടു പോയിട്ട്‌ ഇന്നു പന്ത്രണ്ടാകുന്നു. ജീവിച്ചിരിപ്പുണ്ടോ ആവോ.”

കണ്ണുകൾ അടച്ചെങ്കിലും ഉറക്കം വരുന്നില്ല.

ചുറ്റും ഓരോന്നു പോത്തുപോലെ സുഖമായുറങ്ങുന്നു. അവർക്ക്‌ ഒന്നും അറിയുകയും ആലോചിക്കുകയും വേണ്ടല്ലോ! എല്ലാത്തിനും ഞാനൊരുത്തിയുണ്ടല്ലോ. ഒന്നു നേരം വെളുത്തു കിട്ടിയിരുന്നെങ്കിൽ. തന്റെ വേണ്ടപ്പെട്ടവരുടെ വിവരങ്ങളറിയാൻ അടുത്ത എപ്പിസോഡും കാത്ത്‌ മെഗാമ്മൂമ്മ കിടന്നു.

Generated from archived content: humour-jan31.html Author: v_sureshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English