“നീയൊന്നും ഒരു കാലത്തും കൊണം പിടിക്കില്ലെടാ” എന്നു ചില കാരണവന്മാർ കുടുംബത്തിലെ ഭാവി വാഗ്‌ദാനങ്ങളെ ആശീർവദിക്കാറുണ്ട്.
“കെ.എസ്.ആർ.ടി.സി. ഒരുകാലത്തും രക്ഷപ്പെടുകയില്ല.” എന്ന് ഒരു കാരണവർ പറഞ്ഞതുകേട്ടപ്പോഴാണ് പഴയ ആശീർ്‘വാതം’ ഓർത്തുപോയത്. രക്ഷപ്പടുകയില്ലെന്നു പറഞ്ഞ പലരും- വീരപ്പനുൾപ്പെടെ രക്ഷപ്പെടുന്നുണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം.
മകൻ അവസരത്തിനൊത്തുയർന്ന് തന്തയ്‌ക്കു തറുതല പറഞ്ഞുഃ “ഈ കോർപ്പറേഷൻ ലാഭമുണ്ടാക്കും.” ആർക്ക്? എന്നു വ്യക്തമാക്കിയിട്ടില്ല.
സാധാരണക്കാരെ സംബന്ധിച്ച് ‘റേഷൻ’പോലും ഇപ്പോൾ ലാഭമല്ല. പിന്നല്ലേ ഈ കോപ്പ്‌റേഷൻ.
“നഷ്‌ടത്തിന്റെ ഒരു കാരണം ബസ്സുകളുടെ മൈലേജുകുറവാണ്.”
“മൈലേജ് ഇനി കൂട്ടാൻ പറ്റുമെന്നു തോന്നുന്നില്ല. ബസ്‌ചാർജ് കൂട്ടാം. അതേ നടക്കൂ.”
“അപകടങ്ങൾ കുറയ്‌ക്കാൻ കഴിയില്ലേ?”
“കടങ്ങൾ ഒന്നും കുറയ്‌ക്കാൻ കഴിയുമെന്നുതോന്നുന്നില്ല.”
ഭരണപരവും സാങ്കേതികവുമായ കാര്യങ്ങളിൽ തലയിട്ട് പുണ്ണാക്കിയിട്ട് (അതോ പുണ്ണാക്കോ) യാതൊരു പ്രയോജനവുമില്ല.
യാത്രകൾ ലാഭകരവും സുഖപ്രദവും ആകണമെന്നല്ലേ. ബസ് യാത്ര അങ്ങനെ ആക്കുന്നവർ കുറച്ചുപേരേയുളളൂ. ആളൊഴിഞ്ഞാലും ബസിന്റെ അകത്തുകയറാതെ ഫുട്‌ബോർഡിൽ മാത്രം നിന്നു യാത്ര ചെയ്യുന്ന കുമാരന്മാരെ നമുക്കറിയാം. ക്ലാസ് മുറിയുടെ ഉൾവശമെന്നപോലെ ബസിന്റെ ഉൾവശവും ഇവർക്ക് അലർജിയാണ്.
പുരുഷന്മാർ ഇറങ്ങുമ്പോൾ വഴിമാറിയും സ്‌ത്രീകൾ ഇറങ്ങുമ്പോൾ മാറാതെയും ഇവർ യാത്ര സുഖപ്രദമാക്കുകയും കഴിവതും ടിക്കറ്റെടുക്കാതെ (കിളിക്കും ടിക്കറ്റോ?) യാത്ര ലാഭകരവും ആക്കുന്നു. (സമയവും ജന്മവും പാഴാക്കാൻ വേണ്ടി രാവിലെ ഇറങ്ങിത്തിരിക്കുന്ന ഇവന്മാർ ആർക്ക് ലാഭമുണ്ടാക്കാൻ? പണ്ടൊരു രക്ഷകർത്താവ് അരുമസന്താനത്തെക്കുറിച്ചു പറഞ്ഞതുപോലെ. ‘മോർണിംഗ് ഗോയിംഗ്, ഈവനിംഗ് കമിംഗ്, മൈ മണി ഈസ് വെസ്‌റ്റിംഗ്.“
ഒരു ബസ്സിൽ എങ്ങനെയൊക്കെ യാത്ര ചെയ്യാമെന്നു മനസ്സിലാകണമെങ്കിൽ ഉൽസവകാലങ്ങളിൽ ബസ്സ് യാത്ര ചെയ്‌താൽ മതി. നഗരത്തിൽ നിന്നു പുറപ്പെട്ട ഒരു ബസിൽ ഫുട്‌ബോർഡിൽ മാത്രമല്ല, ഏണിയിലുമ മുകളിലും ഒക്കെ ആളുണ്ട്. ബസിനുളളിൽ കത്തുന്ന ഒരേ ഒരു ലൈറ്റിനു സമീപം കണ്ടക്‌ടർ ’യു‘ ഷെയ്‌പിൽ നിൽക്കുന്നു.
”സാറേ, മറയ്‌ക്കാതെ ഒന്നു മാറ്.“ ലൈൻ മുറിഞ്ഞ ദേഷ്യത്തിൽ ഒരു കുമാരൻ വിളിച്ചു പറഞ്ഞു.
”ടിക്കറ്റ്‌സ്- ആ ഫുട്‌ബോഡിൽ നിൽക്കുന്നവർ, വീഴുന്നതിനുമുമ്പ് ടിക്കറ്റെടുത്തേ..“
ഡ്രൈവർ പരിസരത്ത് ഒരു ബഹളം.
”ഹോ.. പിടിച്ചൊടിച്ചു കളഞ്ഞല്ലോ.“ ഒരു മുൻനില്പൻ.
”ഗിയറു മാറ്റേണ്ടേ? ഒന്നു മാറിനിൽക്ക്.“ ഡ്രൈവർ.
”കണ്ടക്‌ടർ സാറേ, ഫസ്‌റ്റ് ഫ്ലോറിലും സ്‌റ്റെയർകേസിലും ആളുണ്ട്.“
കണ്ടക്‌ടർ ഞെങ്ങി ഞെരുങ്ങി പുറത്തിറങ്ങി.
”ഹോ.. വിയർത്തു കുളിക്കുന്നു. ഒന്ന് അടിച്ചുവിട് സാറേ.“
ഡബിളടിച്ച് വണ്ടി നീങ്ങി.
മുകളിൽ നിന്നൊരു വിളി. ”ആളെറങ്ങണം.“
”ആരെടാ ഇവൻ. ഇത്രേം നേരം ഒറങ്ങിയിരുന്നോ? ഇനി അടുത്ത സ്‌റ്റോപ്പിൽ ഇറങ്ങാം.“ ഡ്രൈവർ.
”അയ്യോ.. അത് കണ്ടക്‌ടറാണ്. മുകളിൽ ടിക്കറ്റു കൊടുക്കാൻ കയറിയതാ. പാവം! ഇറക്കിവിട്.“
”അപ്പോൾ ഡബിളടിച്ചതോ?“
”അത് ആരോ അദ്ദേഹത്തെ സഹായിച്ചതാണ്.“
ബസ്സ് നിർത്തി; കണ്ടക്‌ടറെ അകത്താക്കി. അതിനിടയിൽ ഒരാൾ – ”സാറേ, ബാലൻസ് കിട്ടിയില്ല.“
”നടുക്കുളള കമ്പിയിൽ മുറുക്കിപ്പിടിച്ചാൽ മതി. നല്ല ബാലൻസ് കിട്ടും.“
”അയ്യോ എന്റെ പേഴ്‌സ് കാണുന്നില്ല.“ ഒരു വയസ്സന്റെ നിലവിളി.
”ഇരുട്ടായതു കൊണ്ടാ. ഈ ലൈറ്റിനടുത്തു വന്നു നോക്ക്.“
”വീട്ടിൽ നിന്നു കൊണ്ടുവന്നു കാണില്ല.“ – മറ്റൊരാൾ.
”കുറച്ചു മുമ്പുവരെ എന്റെ പാക്കറ്റിൽ ഒണ്ടായിരുന്നു. ഒന്നു നിർത്ത് സാറേ.“
ബസ് നിർത്തി.
”ബസല്ല. എന്നെ താഴെ നിർത്താൻ. കാലുവയ്‌ക്കാൻ സ്ഥലം താ.“
”പഴ്‌സിൽ എന്തുണ്ടായിരുന്നു?“
”അഞ്ഞൂറ്റി ഒന്ന് – രണ്ടെണ്ണം.“
”ആയിരത്തി രണ്ടു രൂപയോ?“
”അല്ല. അഞ്ഞൂറ്റി ഒന്നു സോപ്പിന്റെ രണ്ടു കവറ്. അഞ്ചു കവറു കൊടുത്താൽ ഒരു സോപ്പു കിട്ടും.“
”പൈസയൊന്നുമില്ലായിരുന്നോ?“
”പിന്നെയില്ലാതെ. ഏഴെമുക്കാ രൂപ.“
”അയ്യേ.. അതൊന്നുറക്കെപ്പറഞ്ഞേ, എടുത്തവൻ ഇപ്പോൾ തന്നെ തിരിച്ചുതരും.“
”ശരി വണ്ടിപോട്ടെ.“
സിംഗിൾ അടിച്ചു.
ഡ്രൈവർ ഃ ”ആരാ അടിച്ചത്? കണ്ടക്‌ടർ തന്ന്യോ?“
ഒരാൾഃ ആ അടി കണ്ടക്‌ടർ ഒന്നു അറ്റസ്‌റ്റ് ചെയ്‌തുകൊടുക്കണം. എന്നാലേ നിർത്തൂ.”
വീണ്ടും രണ്ടു സിംഗിൾ കൂടി അടിച്ചു.
വണ്ടി നിന്നു.
“ഒന്നിൽ പിഴച്ചാൽ മൂന്ന്.”
“മൂന്നായാൽ നിർത്തണമെന്നു തന്നെയാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.”
“േയേസ്..” കണ്ടക്‌ടർ വിളിച്ചു പറഞ്ഞ് അടി സ്ഥിരീകരിച്ചു. ഡ്രൈവറുടെ ഡോറിലൂടെയും സൈഡ് വിൻഡോയിലൂടെയും ചിലർ പുറത്തുചാടി.
“ഇതാ ഇയാൾ കാലു രണ്ടും പുറത്തിടുന്നു.”
കണ്ടക്‌ടർ ഇടപെട്ടു. “ഏയ് മിസ്‌റ്റർ, താനെന്താ കാണിക്കുന്നത്? വിൻഡോയിൽ തന്നെയിരുന്നുകൊണ്ട് ’കാല‘ൻ-
”ഞാൻ നിയമലംഘനമൊന്നും നടത്തിയിട്ടില്ല. കയ്യും തലയും പുറത്തിടരുതെന്നല്ലേ എഴുതിവച്ചിരിക്കുന്നത്? കാലിടുന്നതിനു വിലക്കില്ലല്ലോ.“
കണ്ടക്‌ടർ, തന്റെ ഡെസിഗ്‌നേഷനിലെ ’ക‘,’ണ്ട‘ തുടങ്ങിയ അക്ഷരങ്ങൾ പിറുപിറുത്തുകൊണ്ട് തന്റെ ജോലി തുടർന്നു.
ഏറെ കഴിഞ്ഞില്ല, വീണ്ടും പരാതി.
”ഇതാ, ഇയാൾ കൈപുറത്തിടുന്നു.“
”ഇതു വലിയ ശല്യമായല്ലോ, അവന്റെ സൗകര്യംപോലെ കയ്യോ കാലോ തലയോ പുറത്തിട്ടോട്ടെ. അല്ലാതെ ഞാനെന്തു പറയാൻ.“
ഒരു മാസം കഴിഞ്ഞപ്പോൾ പ്രസ്തുത കണ്ടക്‌ടർക്ക് വനിതാക്കമ്മീഷനിൽ നിന്ന് സമൻസ് വന്നെന്നും ഒരു ബസ് യാത്രക്കാരിയാണ് പരാതിക്കാരിയെന്നും കേട്ടു. പരാതി ഇപ്രകാരമായിരുന്നുവത്രെ. ”ബസ് യാത്രയ്‌ക്കിടയിൽ, അടുത്തുനിന്ന വിരുതൻ എന്റെ പുറത്ത് കൈവയ്‌ക്കുകയും ഞാൻ കണ്ടക്‌ടറോട് -ഇതാ ഇയാൾ കൈപുറത്തിടുന്നു എന്നു പരാതിപ്പെട്ടപ്പോൾ – അയാൾക്ക് സൗകര്യമുളളതുപോലെ കയ്യോ കാലോ പുറത്തിട്ടോട്ടെ- എന്നാണ് കണ്ടക്‌ടർ പറഞ്ഞത്.“
കേട്ടതു സത്യമാണോ എന്നറിയില്ല. എന്നാൽ ഒന്നു സത്യമാണ്. സാമൂഹ്യദ്രോഹികൾക്കൊഴികെ, ബസ് യാത്ര ദുഃഖകരവും നഷ്‌ടപ്രദവും തന്നെയാണ്.
Generated from archived content: narmam.html Author: v_suresan