തിലോത്തമയും ദൈവവും പിന്നെ ഞാനും

ഫോട്ടോയിലെ മഹാവിഷ്ണു ജീവനോടെ മുന്നിൽ നിൽക്കുന്നു.

“ഏ, സുരേശാ..”

“എ.സുരേശനല്ല, വി.സുരേശനാണ്‌ എന്നു പറയാനാണു തോന്നിയത്‌. പക്ഷേ ദൈവത്തോടു തമാശ പാടില്ലല്ലോ.”

“ഇന്ന്‌ സിനിമാതാരങ്ങളെ ഞങ്ങളെക്കാൾ വലിയ ദൈവങ്ങളായി പ്രതിഷ്‌ഠിക്കുന്നു. അവർക്കുവേണ്ടി ക്ഷേത്രം പണിയുന്നു. പൂജിക്കുന്നു.”

“സത്യമാണ്‌.”

“എന്നിട്ടും നിനക്ക്‌, ഒന്നും പറയാനില്ലേ? എഴുതാനില്ലേ?”

“ഞാൻ ഒന്നുരണ്ടു തവണ ആലോചിച്ചതാണ്‌.”

“അതോ യഥാർത്ഥ ദൈവങ്ങളെ നീയും മറന്നോ?”

“അയ്യോ, ഇല്ല.”

“എങ്കിൽ ധൈര്യമായി എഴുത്‌. ഞാനൊന്നു കാണട്ടെ.”

ഞാൻ കണ്ണുതുറന്നു; ലൈറ്റിട്ടു. ഫോട്ടോയിലെ മഹാവിഷ്‌ണു എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ തന്നെ എഴുതിതുടങ്ങാം.

ശ്രീകോവിലിൽ നോക്കി തൊഴുതു നിന്നവർ പെട്ടെന്ന്‌ പ്രതിഷ്‌ഠയ്‌ക്കു പുറം തിരിഞ്ഞുനിന്നു, തൊഴുകയ്യോടെ തന്നെ.

അമ്പലത്തിലെ ദൈവത്തെക്കാൾ വലിയ ദൈവമോ? അതാര്‌?

പ്രസിദ്ധ സിനിമാതാരം തിലോത്തമ തോഴിയോടൊപ്പം വരുന്നു. വഴിയൊരുക്കുന്ന ഉദ്യോഗസ്ഥന്മാരും.

താരസാന്നിധ്യം മണത്തറിഞ്ഞ (മേക്കപ്പിന്റെ ഒരു മണമേ ! ) പത്രലേഖകരും പാഞ്ഞെത്തി. പലരുടേയും ചെരുപ്പ്‌ ഓട്ടത്തിൽ തന്നെ നഷ്‌ടപ്പെട്ടിരുന്നതിനാൽ അമ്പല വാതിൽക്കൽ ഊരിയിടാൻ സമയം കളയേണ്ടി വന്നില്ല.

ഓർക്കാതെ ഷർട്ടു ധരിച്ച്‌ അകത്തു കയറാൻ ശ്രമിച്ച പത്രക്കാരെ ഉദ്യോഗസ്ഥർ തടഞ്ഞു. ചിലർ ബലം പ്രയോഗിച്ചു. മറ്റുചിലർ ഷർട്ട്‌ ഊരി ദൂരെയെറിഞ്ഞു. എങ്കിലും ഉദ്യോഗസ്ഥർ അവരോട്‌ കാത്തുനിൽക്കാൻ തന്നെ പറഞ്ഞു.

കൂടുതൽ ‘ഭക്ത’ ജനങ്ങൾ എത്തി, അമ്പലത്തിലേയ്‌ക്ക്‌ തളളിക്കയറാൻ ശ്രമിച്ചു.

തളളിത്തളർന്നു പിന്മാറിയ ചിലർക്ക്‌ ഷർട്ടു മാത്രമല്ല മുണ്ടും നഷ്‌ടമായിരുന്നു. മറ്റുമാർഗ്ഗമില്ലാതെ ഷർട്ടുമാത്രം ധരിച്ച്‌ ‘അവളുടെ രാവുകൾ’ മോഡലിലാണ്‌ അവർ പുറത്തിറങ്ങിയത്‌.

ഉദ്യോഗസ്ഥരുടെ എതിർപ്പ്‌ വകവയ്‌ക്കാതെ ചില ഭക്തജനങ്ങൾ ചുറ്റുമതിലിനു മുകളിൽ കയറി താരത്തെ തൊഴുതു.

അതാ.. തിലോത്തമ തൊഴുകയ്യോടെ ശ്രീകോവിലിനു മുന്നിൽ.

പൂജാരി ഭവ്യതയോടെ പ്രസാദവുമായി തിലോത്തമയുടെ മുന്നിൽ..

വളരെനേരം കഴിഞ്ഞിട്ടും താരം കണ്ണുതുറക്കുന്നില്ല. തോഴിക്കും കാര്യം മനസ്സിലായില്ല.

ഒടുവിൽ ജനക്കൂട്ടത്തിൽനിന്ന്‌ ആരോ ‘കട്ട്‌’ വിളിച്ച്‌ ‘തൊഴൽ സീൻ’ അവസാനിപ്പിച്ചു.

പ്രസാദം നൽകിയപ്പോൾ പൂജാരിക്കു തൊട്ടുകൂടായ്‌കയൊന്നുമില്ല. ജീവിതത്തിൽ ആദ്യമായി ഒരു താരത്തെ തൊടാൻ കിട്ടുന്ന അവസരം പാഴാക്കാനോ?

തിലോത്തമ, തോഴിയുടെ നേരെ കൈനീട്ടി – “ഒരു ഫൈവ്‌”

തോഴി നൽകിയ അഞ്ഞൂറിന്റെ നോട്ട്‌ താരം പൂജാരിയുടെ തട്ടത്തിലേയ്‌ക്കിട്ടപ്പോൾ കൂടിനിന്നവർ വാപൊളിച്ചു. പൂജാരിക്കു സന്തോഷം അടക്കാനാവുന്നില്ല. താരത്തെ ഒരു മുഴുക്കാപ്പ്‌ ചാർത്തിയാലോ എന്നുപോലും ആലോചിച്ചുപോയി.

അപ്രതീക്ഷിതമായി സിനിമാതാരം ഈ ക്ഷേത്രദർശനം നടത്തിയതിനെ എങ്ങനെ മുതലാക്കാം എന്നതിനെപ്പറ്റി ചില കമ്മറ്റി അംഗങ്ങൾ ചർച്ചചെയ്യുന്നു.

“നടിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്‌ക്കായി ഒരു കൊടിമരം നിർമ്മിച്ചാലോ?”

“വേണ്ട. കുളമാണ്‌ നല്ലത്‌.”

തിലോത്തമ ക്ഷേത്രം വലംവച്ച്‌ ഗണപതിയുടെ മുന്നിലെത്തി. തോഴി ഒരു ബാഗ്‌ തുറന്ന്‌ നാളികേരം കൊടുത്തു. കയ്യിൽ തേങ്ങയുമായി മടിച്ചു നിൽക്കുന്ന നടിയോട്‌ ഒരു ഉദ്യോഗസ്ഥൻഃ “ആ കല്ലിലേയ്‌ക്ക്‌ ചെറുതായൊന്ന്‌ എറിഞ്ഞോളൂ.. ഉടയും.”

തോഴി തടഞ്ഞു. “വേണ്ടമ്മാ, ശരീരം കുലുങ്ങും. ഉടയും.”

ജനക്കൂട്ടത്തിൽ ഒരു മുഴക്കം.

“ശരീരം കുലുങ്ങിയാൻ, വീണ്‌ ഉടയാൻ എന്താ?”

“സിനിമയിൽ ബോംബുകൾ നിസ്സാരമായി ഇവർ എറിയുന്നതോ?”

“അതൊക്കെ വെറും ലൂപ്പല്ലേ?”

“ലൂപ്പ്‌ അല്ലെടീ, ഡ്യൂപ്പ്‌.”

പ്രതിസന്ധി തരണം ചെയ്യാൻ ഉദ്യോഗസ്ഥർ കൂടിയാലോചിച്ചു.

“ഒരാൾ നടിയുടെ കൈപിടിച്ച്‌ തേങ്ങായെറിയാൻ സഹായിച്ചാലേ?”

ആ നിർദ്ദേശം എല്ലാവർക്കും സ്വീകാര്യമായി. പക്ഷേ ആരു പിടിക്കണം എന്ന കാര്യം വന്നപ്പോൾ തർക്കമായി.

“എന്നാൽ തേങ്ങാ കല്ലിൽ എറിയുന്നതിനുപകരം കല്ല്‌ തേങ്ങയിൽ എറിഞ്ഞാലോ?”

“വേണ്ട. കുലുങ്ങിയാൽ തന്നെ ഉടയുമെന്നു പറയുന്ന സാമഗ്രികളിൽ അബദ്ധത്തിന്‌ ഏറ്‌ കൊണ്ടാലോ?”

ചർച്ച കൂടുതൽ നീട്ടിക്കൊണ്ടുപോകാതെ നടി നാളികേരം ഒരു ഉദ്യോഗസ്ഥന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം താരത്തിനുവേണ്ടി തേങ്ങായുടച്ച്‌ നിർവൃതിയടഞ്ഞു. ആ വിജയത്തിൽ പങ്കുചേർന്ന്‌ ആരാധകർ ഹർഷാരവം മുഴക്കി. ചിതറിയ തേങ്ങാക്കഷണങ്ങൾക്കുമേൽ പലരും കമഴ്‌ന്നു വീണു. ആ പോരാട്ടത്തിൽ വിജയം വരിച്ചവർ നടിയുടെ മുഖത്തുനോക്കി; ആവേശപൂർവ്വം തേങ്ങാ കടിച്ചു മുറിച്ചു.

തോഴി വീണ്ടും ബാഗിൽനിന്നും നാളികേരം അഞ്ചാറെണ്ണം പുറത്തെടുത്തു. താരം അവ ചുറ്റും നിന്നവർക്കു നൽകി. ചിലർ ഗണപതിക്കുമുന്നിൽ എറിഞ്ഞു. ചിലർ വീട്ടിൽ കൊണ്ടുപോയി ഷോകെയ്‌സിൽ വയ്‌ക്കാനായി ‘തിലോത്തമാത്തേങ്ങ’ വസ്‌ത്രത്തിലും മറ്റും ഒളിച്ചുവച്ചു.

തിലോത്തമ വീണ്ടും പിന്നിലേയ്‌ക്ക്‌ കൈനീട്ടി.

“ഇനിയും നാളികേരമോ? അതോ മറ്റു വല്ല നേർച്ചയും..”

തോഴി ഒരു ബാഗ്‌ തുറന്ന്‌ ചീർപ്പും കണ്ണാടിയും മറ്റും പുറത്തെടുത്തു.

“ങേ! ഇതെന്തു നേർച്ച?”

ജനം താല്‌പര്യപൂർവ്വം നോക്കിനിൽക്കേ താരത്തിന്റെ ശരീരത്തിൽ ഒരു ടച്ച്‌ അപ്‌.

കണ്ണാടിനോക്കി നടി ഓക്കെ പറഞ്ഞു.

ഒരു ഉദ്യോഗസ്ഥൻഃ “മാഡം, പത്രക്കാർ പുറത്ത്‌ തിരക്കു കൂട്ടുന്നു. മാഡത്തെ കാണണമെന്ന്‌.”

“ഹോ.. ശല്ല്യം. എവിടെപ്പോയാലും അവർ എന്റെ പിന്നാലേ കൂടും. എന്താ ഈ രാജ്യത്ത്‌ വേറെ ഒരു വാർത്തയുമില്ലേ?”

“അവർ കുറേപ്പേരുണ്ട്‌.”

“എന്റെ തോഴിവരും. അവൾ എന്തെങ്കിലും പറഞ്ഞ്‌ അവരെ ഒഴിവാക്കും.”

താരത്തെക്കാൾ ഗമയിൽ തോഴി പത്രക്കാരുടെ മുന്നിലെത്തി.

“എന്താ നിങ്ങൾക്കറിയേണ്ടത്‌?”

“മിസ്‌ തിലോത്തമയുടെ ആഗമനോദ്ദേശം.”

“അവരുടെ അനിയത്തി ഹിന്ദി സിനിമയിൽ അഭിനയിക്കുന്നു. അനിയത്തിയുടെ അഭിനയം നന്നാകണേ എന്നു പ്രാർത്ഥിക്കാനും അതിനുവേണ്ടി ചില നേർച്ചകൾ നടത്താനുമാണ്‌ വന്നത്‌.”

ഹോ.. കറന്റ്‌ പോയി. നല്ല ക്ഷീണം. ഞാൻ ഇരുട്ടിൽ കിടന്നു.

വീണ്ടും മഹാവിഷ്‌ണുവിന്റെ രൂപം.

“അങ്ങു പറഞ്ഞതുകേട്ട്‌, ഞാൻ കുറെ എഴുതി. കേട്ടില്ലേ? അനിയത്തിയുടെ അഭിനയം നന്നാകണേ എന്നു പ്രാർത്ഥിക്കാനാണ്‌ തിലോത്തമ അങ്ങയുടെ അമ്പലത്തിലെത്തിയത്‌. അങ്ങ്‌ പ്രാർത്ഥന സ്വീകരിക്കുമോ?”

“അനിയത്തിയുടെ അഭിനയം ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട്‌ നന്നാകുമോ എന്നു പറയാനാവില്ല. എന്നാൽ ചേച്ചിയുടെ അഭിനയം ഇപ്പോൾ അമ്പലത്തിൽ കണ്ടു. ഉഗ്രൻ.”

“എല്ലാം ഓരോ വേഷം കെട്ടലുകൾ.”

“ഞാനും കുറെ വേഷം കെട്ടിയിട്ടുണ്ട്‌. അറിയില്ലേ? ഇനിയും എന്നെ വേഷം കെട്ടിച്ചേ അടങ്ങൂ എന്നുണ്ടെങ്കിൽ ഇനിയും കെട്ടാം. അതോടെ എല്ലാം തീരും.”

Generated from archived content: essay_thilothama.html Author: v_suresan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here