പരാതികൾക്ക്‌ ‘ഫുൾ’ പരിഹാരം

ആവലാതിക്കാരൻ ഓഫീസറുടെ കയ്യിൽ പരാതി നൽകി. വായിച്ചു നോക്കിയശേഷം അദ്ദേഹം- “ഓവർസിയറുടെ കൈയിൽ കൊടുക്കാം. അവിടെ തിരക്കിയാൽ മതി.” അയാൾ സമാധാനത്തോടെ പുറത്തിറങ്ങി.

അടുത്ത ദിവസം പത്തുമണിക്കുതന്നെ ഓഫീസിൽ എത്തി. “ഓവർസിയർസാർ വന്നില്ലേ?”

“മണിപത്തായില്ലേ? ഓവർസിയർ പത്തുമണിക്കു പോകും.”

ആവലാതിക്കാരൻ മിഴിച്ചുനിന്നു. “അപ്പോൾ ഇനി വരുന്നത്‌ അഞ്ചു മണിക്കാണോ?” മനസ്സിൽ തോന്നിയ സംശയം ചോദിക്കുന്നതിനുമുമ്പ്‌ മറുപടി കിട്ടി.

“ഇനി പന്ത്രണ്ടു പന്ത്രണ്ടരയാകുമ്പോൾ വന്നേക്കും.”

എന്തായാലും കാത്തുനിന്നു നോക്കാം.

ഓഫീസിനു മുമ്പിലെ കരിങ്കൽ കെട്ടിൽ പലരോടൊപ്പം അയാളുമിരുന്നു. സർക്കാർ മന്ദിരങ്ങളിൽ വലിയ വരാന്തകളുണ്ടായിരുന്നെങ്കിൽ ആവശ്യക്കാരന്‌ വെയില്‌ കൊളളാതെ കഴിക്കാമായിരുന്നു.

കൃത്യനിഷ്‌ഠയുളള ഓവർസിയർ കൃത്യം പന്ത്രണ്ടരയ്‌ക്കുതന്നെ സീറ്റിൽ വന്നു. പലരുടേയും ഊഴം കഴിഞ്ഞപ്പോൾ അയാൾക്കും പറയാൻ അവസരം കിട്ടി. പേരു പറഞ്ഞപ്പോൾ ഓവർസിയർ ഫയൽ തപ്പിയെടുത്ത്‌ തുറന്നുനോക്കി.

“കിട്ടിയിട്ടുണ്ട്‌. ഇനി നോട്ട്‌ പുട്ടപ്പ്‌ ചെയ്‌താൽ മതി.”

ഓവർസിയർ എഴുന്നേറ്റ്‌ നടന്നു കഴിഞ്ഞു.

ഇനി നിൽക്കുന്നതിൽ അർത്ഥമില്ലെന്നു കണ്ട്‌ ആവലാതിക്കാരൻ മടങ്ങി.

പിന്നെയും രണ്ടു ദിവസം ഓവർസിയറെ കണ്ടു. “നോട്ടു പുട്ടപ്പ്‌ ചെയ്യണം.” എന്ന മറുപടി മാത്രമാണു ലഭിച്ചത്‌.

പോകാനായി പുറത്തിറങ്ങവെ, ഒരു പരിചയക്കാരൻ.

“എന്താ ഇവിടെ?”

“ഒന്നും പറയേണ്ട. ഇവിടെ ഒരു പരാതികൊടുത്തു. വരുമ്പോഴൊക്കെ ‘നോട്ട്‌ പുട്ടപ്പ്‌ ചെയ്യണം’ എന്നാണ്‌ ആ ഓവർസിയർ പറയുന്നത്‌. അയാൾ നോട്ടെഴുതുന്നുമില്ല.”

“അയാൾ പറഞ്ഞതു നിങ്ങൾക്കു മനസ്സിലായില്ലേ. അമ്പതിന്റേയോ നൂറിന്റേയോ നോട്ട്‌ പുട്ടപ്പ്‌ ചെയ്യുന്ന കാര്യമാണു പറഞ്ഞത്‌.”

“ആണോ? എനിക്കാ ബുദ്ധി പോയില്ല.”

അന്നുതന്നെ വീണ്ടും ഓവർസിയറെ കണ്ടു. “സാർ റിപ്പോർട്ട്‌ എത്രയും വേഗം എഴുതിക്കൊടുക്കണം. ഞാൻ വേണ്ടതുപോലെ ചെയ്യാം.”

“മൂന്നു ദിവസമായിട്ടും വേണ്ടതു ചെയ്യാൻ സമയം കിട്ടിയില്ലേ?”

“അത്‌.. സാർ, പുറത്ത്‌ പുതിയൊരു ബോർഡിരിക്കുന്നതു കണ്ടതു കൊണ്ടാണ്‌ ഞാൻ അങ്ങനെ ചിന്തിക്കാത്തത്‌”

“ബോർഡിൽ എന്താ എഴുതിയിരിക്കുന്നത്‌?”

“പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും..”

“മതി. കാര്യം മനസ്സിലാക്കാൻ ഇത്രയും വായിച്ചാൽ പോരെ?”

“അല്ല സാർ, അതിന്റെ കൂടെ പിന്നെയുമുണ്ട്‌.”

“എന്തിനാ ആവശ്യമില്ലാത്തതൊക്കെ വായിക്കുന്നത്‌? നമുക്കു വേണ്ടതുമാത്രം വായിച്ചെടുത്താൽ പോരെ?”

“ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ അതിന്റെ കണക്കുകൂടി സാറുതന്നെ പറഞ്ഞാൽ ഉപകാരമായിരുന്നു.”

“ആ ചുവരിൽ ഒട്ടിച്ചിരിക്കുന്ന പേപ്പർ കണ്ടില്ലേ?”

“കണ്ടു.”

“വായിക്ക്‌.”

“ഓവർസിയർ -250-400.”

“അതുതന്നെ. 250 മുതൽ 400 വരെയാകാമെന്ന്‌.”

“അത്‌. ഫോൺ നമ്പറോ മറ്റോ..”

“നിങ്ങൾ ആവശ്യമില്ലാത്തതൊക്കെ അന്വേഷിക്കുന്നതെന്തിന്‌? കാര്യം മനസ്സിലാക്കിയാൽ പോരെ?”

“മനസ്സിലായി.”

“അതിനുതാഴെ എഴുതിയിരിക്കുന്നതുകൂടി മനസ്സിലാക്കിയിട്ടു വേണം പോകാൻ.”

ആവലാതിക്കാരൻ അടുത്ത വരി വായിച്ചു.

“സബ്‌ എൻജിനീയർ ഫുൾ അഡീഷണൽ ചാർജ്‌ ഓഫ്‌..”

“ശ്ശോ… വീണ്ടും ആവശ്യമില്ലാത്തതേ വായിക്കൂ. സബ്‌എൻജിനീയർ കഴിഞ്ഞിട്ട്‌ എന്ത്‌ എഴുതിയിരിക്കുന്നു?”

“ഫുൾ.”

“അതുമതി. ഹാഫാണ്‌ എടുക്കുന്നതെങ്കിൽ രണ്ടെണ്ണം എടുത്തു കൊടുക്കണം.”

പരാതിയുടെ പരിഹാരകർമ്മങ്ങൾക്കുളള സാധനസാമഗ്രികൾ സ്വരൂപിക്കാൻ ആവലാതിക്കാരൻ ലിസ്‌റ്റുമായി പുറത്തിറങ്ങി.

Generated from archived content: essay_parathikal.html Author: v_suresan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here