നവലിബറലിസത്തെ ഭയക്കുന്നതെന്തിന്‌?

കമ്പോളത്തിന്‌ കൂടുതൽ പ്രാമുഖ്യം നൽകിയും സ്വകാര്യമൂലധനം കൂടുതൽ ഉപയോഗപ്പെടുത്തിയും സാമ്പത്തികവ്യവസ്ഥ ഉദാരമാക്കണമെന്ന്‌ വാദിക്കുന്നവരെ പൊതുവായി ‘നിയോലിബറലുകൾ’ എന്ന്‌ ആക്ഷേപിക്കാറുണ്ട്‌. കേരളത്തിലെ പൊതുജീവിതത്തിലും ചർച്ചകളിലും പത്രമാസികാ പ്രസിദ്ധീകരണങ്ങളിലുമൊക്കെ, നിയോലിബറലുകൾക്കെതിരെയുള്ള ആക്ഷേപശരങ്ങൾ ധാരാളമുണ്ടാകാറുണ്ട്‌. എന്നാൽ നിയോലിബറൽ എന്നു വിളിക്കപ്പെടുന്ന വാദഗതികളുടെ ഗുണമെന്താണ്‌ എന്ന്‌ വിശദീകരിക്കുന്ന കുറിപ്പുകളും ലേഖനങ്ങളും വേണ്ടത്ര ഉണ്ടാകാറില്ല. ഇത്‌ ഒരളവുവരെയെങ്കിലും പരിഹരിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ്‌ ഈ കുറിപ്പുകൾ എഴുതിയിട്ടുള്ളത്‌.

കേരളത്തിൽ രാഷ്ര്ടീയരംഗത്തും ‘ലിബറൽ’ എന്നു വിളിക്കാവുന്ന ചിന്താധാരകൾക്ക്‌ കാര്യമായ സ്വാധീനമുണ്ടായിട്ടില്ല. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾപോലും നയസമീപനങ്ങളിൽ ഇടതുപാർട്ടികളുമായി മത്സരിച്ച്‌ അവർ സ്വീകരിക്കുന്ന പരിപാടികൾ നടപ്പാക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. മാത്രമല്ല, കേരളത്തിലെ കോൺഗ്രസുകാരിൽ നല്ലൊരു പങ്കും വയലാർ രവിയെപ്പോലെ, കോൺഗ്രസ്സിനകത്തെ ‘ഇടതുപക്ഷക്കാരാ’വാൻ മത്സരിക്കുന്നവരാണ്‌. അവർക്ക്‌ ഉദാരവൽക്കരണനയങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുമില്ല. കേരളത്തിലെ വ്യാപാരികളെയോ വ്യവസായികളെയോ പോലെ ഉദാരവൽക്കരണനയം കൊണ്ട്‌ ഗുണമുണ്ടാകുന്നവരെന്ന്‌ കരുതപ്പെടുന്നവർ പോലും തങ്ങൾക്ക്‌ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന നികുതിയിളവുകളും മറ്റും ഉപേക്ഷിക്കാനോ, ഒരു മത്സരാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയിൽ പൂർണ്ണമായ ആത്മവിശ്വാസത്തോടെ ഇടപെടാനോ തയ്യാറാവുന്നില്ല. ഇവയൊക്കെ കേരളത്തിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന്‌ അനുകൂലമായ അഭിപ്രായഗതി ഉയർന്നുവരുന്നതിന്‌ തടസ്സമായിട്ടുണ്ട്‌.

ഈ സാഹചര്യങ്ങളാണ്‌ ഈ പുസ്തകത്തിലെ കുറിപ്പുകൾ അനിവാര്യമാക്കുന്നത്‌. ഈ കുറിപ്പുകളിലൂടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്‌ നമ്മുടെ നാട്ടിൽ നടക്കുന്ന ചർച്ചകളിൽ ഒരു ‘മറുവശം’ കാണിച്ചുതരാനാണ്‌ ശ്രമിക്കുന്നത്‌. ഈ മറുവശം പൂർണ്ണമായും ശരിയാണ്‌ എന്നോ, അല്ലെങ്കിൽ ഈ മറുവശം മാത്രമാണ്‌ ശരിയെന്നോ ഈ ലേഖകൻ കരുതുന്നില്ല. മറിച്ച്‌ കുറേക്കൂടി സ്വാർത്ഥകവും ആഴത്തിലുള്ളതുമായ സാമൂഹികചർച്ചകൾക്ക്‌ മറുവശവുംകൂടി കണക്കിലെടുക്കണമെന്നുള്ള ഉദ്ദേശ്യമാണ്‌ ഈ കുറിപ്പുകളെഴുതാൻ പ്രേരിപ്പിച്ചത്‌. വ്യക്തികളും സമൂഹവും, സമൂഹത്തിൽ പ്രചരിക്കപ്പെടുന്ന ആശയങ്ങളിൽ നിന്നും തങ്ങൾക്കനുകൂലമായവ സ്വാംശീകരിച്ച്‌ തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കുമെന്ന്‌ കരുതുന്നതിനാൽ, ചില ആശയങ്ങൾ പൊതുവായനയ്‌ക്കായി നൽകിയിട്ട്‌ മാറിനിൽക്കാനാണ്‌ എന്റെ ശ്രമം. ഏതെങ്കിലും തരത്തിലുള്ള ആശയപ്രചരണമോ, ഉദ്‌ബോധനം നൽകലോ ഈ കുറിപ്പുകളിലൂടെ ലക്ഷ്യമാക്കുന്നില്ല.

ഒരു ഗവേഷണലേഖനത്തിന്റെ രീതിയിലല്ല ഈ കുറിപ്പുകൾ എഴുതിയിട്ടുള്ളത്‌. മറിച്ച്‌, പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ മാതൃകയിലാണ്‌ എഴുതിയിട്ടുള്ളത്‌. അതുകൊണ്ട്‌ കണക്കുകളോ, ഗവേഷണത്തെളിവുകളോ ഈ കുറിപ്പുകൾക്ക്‌ ആധാരമായിട്ട്‌ നൽകിയിട്ടില്ല. മറിച്ച്‌, നമ്മുടെ നാട്ടിൽ വ്യാപകമായി പ്രചരിച്ചിട്ടുള്ള ആശയങ്ങൾക്ക്‌ ബദലായ ചില വാദഗതികൾ നിരത്താനാണ്‌ ഇവിടെ ശ്രമിച്ചിട്ടുള്ളത്‌.

(ആമുഖത്തിൽ നിന്ന്‌)

നവലിബറലിസത്തെ ഭയക്കുന്നതെന്തിന്‌?

(വി. ശാന്തകുമാർ)

പ്രസാ ഃ ഡി.സി ബുക്സ്‌

വില ഃ 55രൂ.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcbookstore.com”

Generated from archived content: book1_aug30_07.html Author: v_santhakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here