തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര പട്ടണത്തിലാണ് ഞാൻ ജനിച്ചത്. നെയ്യാറിന്റെ തീരം- തീരമണലിൽ നിന്നുകൊണ്ട് എന്റെ ബാല്യം അതിദൂരത്തെങ്ങോ ഉളള അഗസ്‌ത്യകൂടത്തിൽ നെയ്യാർ ഉറവെടുക്കുന്നത് സങ്കല്പ ചലച്ചിത്രമായി കാണുമായിരുന്നു. ആ പുഴ എനിക്ക് അമ്മയോ കൂട്ടുകാരിയോ ആയിരുന്നു. ഇന്ന് വെറുമൊരു ആഴക്കിടങ്ങാണ് നെയ്യാർ. നോക്കാൻ പോലും പേടി തോന്നും. ഒരു ചെറിയ പട്ടണമെന്ന നിലയിൽ ഒരുപാട് ജീവിതാനുഭവങ്ങൾ അവിടെ നിറഞ്ഞുനിന്നിരുന്നു. ഗ്യാസ്, മൈക്രോ ഓവൻ… അവൻ… ഇവൻ ഒന്നും ഇല്ലാത്ത കാലം. പാചകത്തിന് വിറക് വേണം. വിറക് ശേഖരിക്കാൻ വീട്ടിനടുത്തുളള തീപ്പെട്ടിക്കമ്പനിയിൽ അതിരാവിലെ പോകണം. അവിടെ വിവിധതരം ആളുകൾ. വണ്ടിക്കാളകളുടെ മണിയൊച്ച. പച്ചക്കറിയുമായി വരുന്ന സ്‌ത്രീകൾ. അവരുടെ വർത്തമാനങ്ങൾ. പൂവ്വാർ കടലോരത്തുനിന്നു വീശുന്ന കാറ്റ്. പൊരിയുണ്ടയും, അവിലും മുറുക്കുമായെത്തുന്ന പണ്ടാരങ്ങൾ. കൈനോക്കുന്ന കാക്കാത്തി. ഇവരെല്ലാം ചേർന്ന് ജീവിതത്തിൽ വിവിധാനുഭവങ്ങൾ പകർന്നുതന്നു. ഈ സമ്പർക്കങ്ങളാണ് എന്റെ ഓർമ്മകൾ. ഓരോ വെളുപ്പാൻ കാലത്തിനും ഓരോ സൗന്ദര്യമുണ്ടെന്ന് തിരിച്ചറിഞ്ഞതും ഈ യാത്രകളിലൂടെത്തന്നെ.
ചെറുപ്പത്തിൽ മോരു വാങ്ങാൻ പോകുമായിരുന്നു. അമ്മാവന്റെ ഊണിന് നെയ്യും പർപ്പടകവും മോരും പൂവൻ പഴവും നിർബന്ധം. ഈ രാജകീയ ഭക്ഷണം ഞങ്ങൾ കുട്ടികൾക്ക് അന്യമായിരുന്നു. മരുമക്കത്തായത്തിന്റെ പ്രധാന സവിശേഷതകളായിരുന്നു കാരണവൻമാർക്കുളള നല്ല ഭക്ഷണവും ഉയർന്ന ജീവിതനിലവാരവും. അമ്മാവന്റെ ഊണിനുശേഷമുളള എച്ചിലും പഴയതും തന്നെ പിളേളർക്ക് നല്ല പഞ്ചാമൃതമായിരുന്നു. ജീവിതത്തിൽ എച്ചിൽ മാത്രം തിന്നാൻ വിധിക്കപ്പെട്ടവരുടെ സ്ഥിതി മനസ്സിലാക്കാൻ ഇതു സഹായിച്ചു. മോരു വാങ്ങാൻ പോകുമ്പോൾ സ്വദേശാഭിമാനി മൈതാനത്തിലെ ഒട്ടരുടെയും സർക്കസുകാരുടെയും പ്രകടനങ്ങൾ കണ്ടു രസിച്ചു നില്‌ക്കും. വീട്ടിലെത്തിയശേഷം അത് അനുകരിക്കും. അച്ഛന് എന്നൊട് അങ്ങേയറ്റം വാത്‌സല്യമുണ്ടായിരുന്നുവെങ്കിലും അത് പ്രകടിപ്പിച്ചിരുന്നില്ല. അദ്ദേഹം ഒരു സഞ്ചാര പ്രിയനായിരുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സ്‌കൂൾ തുറക്കുന്ന ദിവസം വെളുപ്പിന് മേശപ്പുറത്ത് കൃത്യമായി പുതിയ പുസ്‌തകങ്ങൾ വാങ്ങിവയ്‌ക്കാൻ അദ്ദേഹം മറന്നിരുന്നില്ല. പുതിയ പുസ്‌തകങ്ങളുടെ മണം എനിക്കിഷ്‌ടമാണ്. അത് മനസ്സിൽ തങ്ങി നില്‌ക്കുന്നു. സ്‌കൂൾ യാത്രകളിൽ ഇഷ്‌ടംപോലെ മഴ നനഞ്ഞിരുന്നു. മഴ നനയാനും വെയിൽ കൊളളാനും അന്ന് ഞങ്ങൾ കുട്ടികൾക്ക് ഏറെ ഭാഗ്യം ലഭിച്ചിരുന്നു.
പ്രദേശത്തെ അമ്പലങ്ങളിൽ ആണ്ടോടാണ്ട് നടക്കുന്ന ഉത്‌സവങ്ങൾ അനുഭവപൂർണ്ണങ്ങളാണ്. വില്ലടിച്ചൻ പാട്ട്, കരകനൃത്തം, നെയ്യാണ്ടിമേളം തുടങ്ങിയ നാടൻ കലകളും ക്ഷേത്രകലകളും സംഗീതകച്ചേരികളും- നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ കഥകളി, ചാക്യാർകൂത്ത്, ഓട്ടൻതുളളൽ, ഭരതനാട്യം ഇവയെ ല്ലാം വെറും കൂത്തും പാട്ടും മാത്രമല്ല. ഈ തമിഴക കേരള കലക ളുടെ സങ്കലനം നമ്മുടെ സൗന്ദര്യസങ്കല്പങ്ങളിൽ കാണുന്നു.
ബാല്യത്തിൽ വറുതിയും സംഗീതത്തിന്റെ വസന്തവും ഉണ്ടായിരുന്നു. ജീവിതത്തിൽ ഏറ്റവും ആനന്ദകരമായത് പാടുന്നതാണെന്ന് അന്നേ അനുഭവിച്ചറിഞ്ഞു. നന്നായി പാടണമെങ്കിൽ വിശപ്പുവേണം. അച്‌ഛന്റെ നാട് പാറശ്ശാല, അമ്മയുടേത് കുന്നത്തുകാൽ. വലിയ തറവാടായിരുന്നു. ഒരുപാടുണ്ടായിരുന്നു. ഒരുപാട് കൊടുത്തു. ഒരുപാട് മുടിഞ്ഞു. നന്നായി പട്ടിണി അനുഭവിച്ചു. ശരിക്കും അതും ഭാഗ്യമാണ്. നാലാം ക്ലാസ് പഠനത്തിനുശേഷമാണ് കുടുംബം പട്ടണത്തിൽ നിന്ന് നാട്ടിൻപുറത്തേക്ക് കുടിയേറിയത്. നാട്ടിൽ നിറയെ കുന്നുകൾ, നാട്ടുചെടികൾ, കുറ്റിച്ചെടികൾ. കുന്നുകൾ അധികം വിളയാത്തവയാണ്. അധികം വിയർപ്പൊഴുക്കാത്തവ. ഭാഷയും വിളവില്ലാത്തത്. വാക്കുകൾ മുളയ്‌ക്കാത്ത കുന്നുകൾ. പാടങ്ങളുണ്ട്, കാലാകാലം കപ്പക്കൃഷിയുണ്ടാകും. കുറച്ച് വാഴക്കൃഷി. ഒരുപാട് തരിശുഭൂമികൾ. പലതും തർക്കത്തിൽ കിടക്കുന്നവ. അച്‌ഛനും കേസ്സിൽ തല്‌പരനായിരുന്നു. അതുകൊണ്ടുതന്നെ അവിടെയും പട്ടിണി. ദാനം ചെയ്യുന്നതിൽ രക്ഷാകർത്താക്കൾക്ക് വലിയ താത്‌പര്യമായിരുന്നു. കൊട്ടിയമ്പലത്തിൽ വെളളം വയ്‌ക്കും. വേനൽക്കാലത്ത് ഉപ്പിലിട്ടമാങ്ങയും ഉണ്ടാകും.
ഞങ്ങളുടെ ബാല്യത്തിന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം ജലസ്വാതന്ത്ര്യമായിരുന്നു. പാറയിലെ ഊറ്റ്, ചതുപ്പുവെളളം, മഴവെളളം ഇവയെയെല്ലാം വിശ്വസിക്കാം. ഏതു വറുതിയിലും ഇത്തിരി വെളളം കിട്ടും. ഇന്ന് കുടിവെളളം പോലും ബഹുരാഷ്‌ട്രകുത്തകകളിൽ നിന്നും വിലയ്‌ക്കുവാങ്ങേണ്ടിവന്നു. നാട്ടിൻപുറത്ത് ഒരു വായനശാലയുണ്ട്. മൂന്നുനാലു കിലോമീറ്ററിനപ്പുറമാണ് കോട്ടുക്കോണം സ്‌കൂൾ. അവിടെ അഞ്ചാം ക്ലാസ്സ് വരെ. അതുമുതൽ പ്രീഡിഗ്രി വരെയുളള നടത്തം എനിക്ക് ഓർമ്മയുണ്ട്. ചെടികളോട് വർത്തമാനം പറഞ്ഞും ഗോട്ടികളിച്ചുമെല്ലാമുളള യാത്രകൾ. ചെറുപ്പത്തിലേ പുസ്‌തകങ്ങൾ വായിക്കുമായിരുന്നു. ഒരുപാട് സ്വപ്‌നങ്ങൾ കാ ണുമായിരുന്നു. ആനക്കാരനാകുന്നത്… ആകാശത്തിൽ പറന്നു നടക്കുന്നത്…. തഞ്ചാവൂരിനെക്കുറിച്ച് അങ്ങനെയെല്ലാം.
ഒ.എൻ.വി. കുറുപ്പ് സാർ എന്റെ ഗുരുവാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്. സ്‌കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. അദ്ദേഹമറിയാതെ അദ്ദേഹത്തെ ഞാനൊന്നു തൊട്ടു. ആ ഹൃദയസ്‌പൃക്കായ അനുഭവം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. കോളാമ്പിയിൽ നിന്നു മാത്രമേ കെ.ബി.സുന്ദരാംബാളുടെ തമിഴ് ഗീതങ്ങൾ കേട്ടിരുന്നുളളു. കെ.ബി. സുന്ദരാംബാൾ നെയ്യാറ്റിൻകരയിലെത്തുന്നതറിഞ്ഞ് ആ അമ്മയുടെ കച്ചേരി കേൾക്കാൻ ഞാനും എത്തി. പരിപാടി തീർന്നപ്പോൾ ഭക്തിപൂർവ്വം ആ സാരിത്തുമ്പിൽ തൊട്ടത് ഇന്നും ഞാനോർക്കുന്നു. ഓർമ്മയുണർന്ന നാൾതൊട്ട് സംഗീതം എന്റെ പരദേവതയായിരുന്നു. ശ്രുതിപ്പിഴയില്ലാതെ പുതിയ ഈണങ്ങൾ ഉണ്ടാക്കുമായിരുന്നു. സംഗീതം പഠിക്കാൻ കഴിയാത്തത് ജീവിതത്തിലെ പ്രധാന ഇച്ഛാഭംഗമായി ഇപ്പോഴും തുടരുന്നു. എം.എ കഴിഞ്ഞ അവസരത്തിലാണ് ശ്രീ പി.കുഞ്ഞിരാമൻനായരെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു ചോക്‌ലേറ്റ് സമ്മാനിച്ചു. വർണ്ണക്കടലാസിൽ നിന്നും മിഠായി പൊളിച്ചെടുത്തപ്പോൾ അതു പാതി തിന്നിരുന്നു. അദ്ദേഹത്തിന്റെ ഉമിനീരലിഞ്ഞ പാതി തന്നെ ഞാനും കഴിച്ചു. ഗുരുശിഷ്യബന്ധങ്ങളുടെ തീവ്രത ഇതിൽ നിന്നെല്ലാം ഞാനറിയുന്നു.
ഇപ്പോഴത്തെ ബാല്യത്തിന് അനുഭവങ്ങൾ കുറവാണ്. ദുബായിൽ വളർന്ന ഒരു കുട്ടി. കുട്ടിയെ രക്ഷാകർത്താക്കൾ കേരളത്തിലെ ഒരു കണ്ണു ഡോക്‌ടറുടെ അടുത്തേക്ക് കൊണ്ടുവരുന്നു. കണ്ണിന് കാഴ്‌ച ശക്തി കുറഞ്ഞിരിക്കുന്നു. ഒരു അമ്പതടിക്കപ്പുറമൊന്നും കുട്ടിക്കു കാണാൻ വയ്യ. കാരണം കുട്ടി വളർന്നത് ഫ്ലാറ്റിലാണ്. അത് മൂടിക്കെട്ടിയിരിക്കും. അപ്പുറത്തെ കാഴ്‌ചകൾ എന്തെന്ന് കുട്ടിക്കറിയില്ല. കുഴൽ വഴി മുകളിലേക്കും താഴേക്കും യാത്ര. ശീതികരിച്ച ബസിൽ സ്‌കൂളിലേക്ക്. അവിടേയും ശീതീകരിച്ച ക്ലാസ് മുറി. ഈ അനുഭവങ്ങൾ കുട്ടിയുടെ അപ്പുറത്തേക്കുളള കാഴ്‌ചകൾ ഇല്ലാതാക്കുന്നു. ഇവിടെ യുക്തിയുടേയും വികാരത്തിന്റെയും സങ്കല്പത്തിന്റെയും കാര്യത്തിൽ കുറവ് സംഭവിക്കുന്നു. ജീവിതത്തെ തനതായി നേരിടാൻ പുതിയ വഴികളിൽക്കൂടി പോകണം. പുതിയതെന്തെങ്കിലും കണ്ടെത്തണം. സഹജശക്തികളെ വികസിപ്പിക്കാൻ നിത്യാനുഭവങ്ങൾ വേണം. ജീവിത സമ്പർക്കം വേണം.
വേനലവധി കുട്ടികൾക്ക് സർവ്വകലാശാല സമാനമാകണം. പ്രകൃതിയുമായുളള ആത്മബന്ധത്തിന് അവസരമുണ്ടാകണം. അവധിക്കാല ക്ലാസ്സുകൾ വയ്‌ക്കാതിരിക്കുക. കളിപ്പാട്ടമായ പ്രകൃതിയെ തിരികെ കൊടുക്കുക. നേർക്കാഴ്‌ചകൾക്കും, നേർക്കേൾവിക്കും കൂടുതൽ അവസരം നല്‌കി ഇക്വോ സ്‌പിരിച്വാലിറ്റി സൃഷ്‌ടിച്ചെടുക്കണം. കുട്ടികൾക്ക് കളിയിടങ്ങൾ വേണം. കളിത്തോപ്പുകൾ വേണം. തോപ്പ് എന്നാൽ സസ്യജന്തു പ്രകൃത്യാദികളുടെ കൂട്ടായ്‌മയാണ്. പ്രീ-സ്‌കൂളുകൾക്ക് പകരം ബാലഗ്രാമങ്ങൾ ഉണ്ടാകണം. അവിടെ കൃഷിയും പ്രകൃതിജീവനവും അനുഭവവിഷയങ്ങളാകണം. മാമ്പഴം പറിക്കാനും, ഊഞ്ഞാലിലാടാനും, തെളിനീരിൽ മുങ്ങാനും സ്വാതന്ത്ര്യമുണ്ടാകണം. കുട്ടികൾക്ക് സഹിക്കാനും സാഹസികകർമ്മങ്ങൾ ചെയ്യാനും ശീലം വരണം. അങ്ങിനെ നഷ്‌ടമായതൊക്കെയും തിരിച്ചെടുക്കണം. പുതിയതിലേക്കു പറക്കാൻ ആധാരഭൂമികൾ അത്യാവശ്യമാണ്.
തയ്യാറാക്കിയത്‌ഃ ഡോഃ ആര്യ അൽഫോൺസ്
Generated from archived content: essay1_apr18_07.html Author: v_madhusudanan_nair