ശ്രീ. കുഴിത്തുറ രാമചന്ദ്രൻ നായർ 1970 മുതൽ 1990 വരെ രണ്ടു ദശകങ്ങൾക്കുളളിൽ രചിച്ച ഒരുപിടി കവിതകളിൽ നിന്നു തിരഞ്ഞെടുത്ത പതിനാറു കൃതികളാണ് ഈ ചെറുസമ്പുടത്തിൽ. ഇവയിൽ പലതും ആനുകാലികപ്രസിദ്ധീകരണങ്ങളിൽ മുൻപേതന്നെ മുഖം കാട്ടിയിരുന്നു. 1965 മുതൽ ഈ കവിയുടെ രചനകൾ വായിക്കാനുളള യോഗം എനിക്കുണ്ടായിട്ടുണ്ട്. 1965-ൽ അദ്ദേഹം എന്റെ ഗുരുനാഥനായിരുന്നു. സരസമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന, സുഭഗമായി മലയാളം കൈകാര്യം ചെയ്യുന്ന ഗുരുനാഥൻ. അന്ന് ധനുവച്ചപുരം കോളേജിൽ സിദ്ധവചസ്സുകളായ കുറെ അധ്യാപകരുണ്ടായിരുന്നു. ശ്രീ. കുഴിത്തുറ രാമചന്ദ്രൻ നായർ, ശ്രീ.ശ്രീവരാഹം ബാലകൃഷ്‌ണൻ, ശ്രീ. കുളത്തൂർ കൃഷ്‌ണൻ നായർ, എസ്.വി. വേണുഗോപൻ നായർ, ശ്രീമതി കുമ്പളത്തു ശാന്തകുമാരി എന്നിവർ ഓർമ്മയിൽ മുന്നിൽത്തന്നെ നിൽക്കുന്നു. ഇംഗ്ലീഷ് അധ്യാപകൻ മലയാളത്തിൽ കവിതയെഴുതുന്നത്, പ്രീഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന എനിക്ക് ആദ്യമൊരു വിസ്‌മയമായിരുന്നു. ആ വിസ്‌മയത്തിന് മറ്റൊരു ഹേതുകൂടെണ്ടെന്നു തോന്നുന്നു-വശ്യവും സ്വച്ഛന്ദവുമായ ഭാഷയുടെ ലയചാരുത, പിന്നെ, ആദർശശുഭ്രമായ ജീവിതം.
കവിയുടെ ഭാഷാശക്തി സമൂഹത്തിന്റെ മുലപ്പാലിലൂടെ പകർന്നുകിട്ടുന്നതു കൂടെയാവാം. ഭാഗംവച്ചുപോയ തറവാട്ടുസ്വത്താണ് കേരളത്തിൽനിന്നും കന്യാകുമാരി ജില്ല. തിരുവട്ടാറും കുഴിത്തുറയും മണലിക്കരയുമെല്ലാം ഈ ജില്ലയിലാണ്. തിരുനയിനാർക്കുറിച്ചി മാധവൻ നായർ, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങി വളരെയേറെ എഴുത്തുകാർ പൂർവപരമ്പരയുടെ ദീപശിഖാവാഹകരായി ഈ മണ്ണിന്റെ പ്രതിനിധികളായി മലയാളത്തിൽ പ്രതിഷ്‌ഠ നേടിയിട്ടുണ്ട്. ഒരു നൂറ്റാണ്ടാണു മുൻപ്, ആശാന്റെ ‘വീണപൂവ്’ പ്രസിദ്ധീകരിക്കുന്നതിനും മുൻപ് ‘പ്രസൂനചരമം’ എന്ന ഭാവകാവ്യം കവനകൗമുദിയിൽ പ്രകാശനം ചെയ്യപ്പെട്ടിരുന്നു. ആ കാവ്യം രചിച്ചത് കുഴിത്തുറ രാമൻപിളള എന്ന കവിയാണ്.
ഒരു ദേശത്തിന്റെ അക്ഷരപൈതൃകത്തെ ആനുഷംഗികമായി ഓർത്തതുകൊണ്ട്, ഇത്രയും പറഞ്ഞതാണ്. ശ്രീ. കുഴിത്തുറ രാമചന്ദ്രൻ നായരിൽ ആ ദേശത്തിന്റെ പൂർവസമൂഹപ്രഭാവം പകർന്ന ഒരു ഭാവമണ്‌ഡലവും അതിന്റെ ഉച്ചാരണമായ, ഛന്ദസ്സമേതമായ ഭാഷയും ഉണ്ട്. ഒരു കവിയിൽ സഹജസാന്നിധ്യമാവുന്ന ദേശീയദർശനവും വിശ്വമാനവഹൃദയൈക്യവും ഉണ്ട്.
1930കൾക്കുശേഷം മലയാളഭൂമിയെയാകെ നനച്ച കാല്‌പനിക വർഷധാര ഈ കവിയുടെ രക്തത്തിലും സംഭ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് ചങ്ങമ്പുഴയുടെയും വയലാറിന്റെയും ഈണങ്ങളോടു ചേർന്നു പാടാനൊരു പ്രേരണ ചില രചനകളിൽ കാണാം. ആ കാലത്തു വളർന്ന മിക്കവാറും കവികളിൽ ചങ്ങമ്പുഴയുടെ ആവേശമുണ്ടെന്നത് വിസ്‌മരിക്കാനാവില്ല, തനിസ്വരങ്ങൾ അവർ പിന്നീടു കണ്ടെത്തിയെന്നതും മറയ്‌ക്കാൻ കഴിയില്ല. അഭയം, ദേവശില്‌പി, അപൂർണതയിലേയ്‌ക്ക് എന്നീ കവിതകളിൽ ആർദ്രകാല്‌പനികതയുടെ മുന്തിരിച്ചാറാണ്.
(വി. മധുസൂദനൻ നായരുടെ അവതാരികയിൽ നിന്ന്)
വിഷുപ്പക്ഷിയോട്…
കുഴിത്തുറ രാമചന്ദ്രൻ നായർ
വില – 50.00, പരിധി പബ്ലിക്കേഷൻസ്.
Generated from archived content: book2_nov9_05.html Author: v_madhusudanan_nair
Click this button or press Ctrl+G to toggle between Malayalam and English