ഡിസ്‌കൗണ്ട്

വികസനം വരണമെന്ന് എല്ലാവരേയും പോലെ അയാളും മോഹിച്ചിരുന്നു. പക്ഷെ ചുറ്റുപാടുകളെ നക്കിത്തുടച്ചെടുത്ത് വിഴുങ്ങിവരുന്ന വെള്ളത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കുപോലെ വീതികൂടി ഒഴുകിവരുന്ന റോഡുവികസനം കണ്ടപ്പോള്‍ റോഡരുകില്‍ വീടുള്ള അയാള്‍ ഞെട്ടിത്തെറിച്ചു. കാലിനടിയിലെ മണ്ണിന് ഇളക്കം സംഭവിച്ചതായി തോന്നി. എപ്പോള്‍ വേണമെങ്കിലും ഭൂരഹിതനാവാം. വധശിക്ഷക്ക് തയ്യാറായ പ്രതി പിറകിലേക്ക് കൈവിലങ്ങിട്ട് ഇരുണ്ട കൊലക്കയറില്‍ തീര്‍ത്ത വളയത്തിലേക്ക് തലകടത്തി സമയത്തിനു കാത്തുനില്‍ക്കുന്ന നിസ്സംഗതയാണ് അപ്പോള്‍ അയാളില്‍ ഒരെട്ടുകാലിയെപ്പോലെ വലകെട്ടിനെയ്തത്.

അപകടകരമായ ഒരു കൊടുവളവിലായിരുന്നു അയാളുടെ വീട്. ഭാഗ്യംകൊണ്ട് റോഡ് വികസനം മതിലും മുറ്റവും അരത്തിണ്ണയും മാത്രം കവര്‍ന്നു. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും നഗരത്തില്‍നിന്ന് പാഞ്ഞുവരുന്ന ഒരു വാഹനം നിയന്ത്രണം വിട്ട് തന്റെ ഭവനത്തിലേക്ക് ഇടിച്ചുകയറി നരക ത്തിന്റെ ഭയാനകവും ബീഭത്സവുമായ ദൃശ്യങ്ങള്‍ വരച്ചിടുമെന്ന് ഒരുനിമിഷം ഞെട്ടലോടെ ചിന്തിച്ചു. പിന്നെ അക ലേക്ക് മിഴിനട്ട് താന്‍ സങ്കല്‍പ്പിച്ച ആ വാഹനത്തിന്റെ ഹോണടിക്കും ഇരമ്പലിനും കാതോര്‍ത്ത് നിന്നു.

ചുട്ടവെയിലില്‍ റോഡ് പുതിയ ടാറുരുകി നരകത്തില്‍ നിന്നുള്ള ഒരു ലാവകണക്കെ ഒലിക്കുന്നതായി തോന്നി. റോഡിന് കൊല്ലന്റെ ആലയില്‍ തീയില്‍വെന്ത ഇരുമ്പിന്റെ ചൂട്.

പൊടിഞ്ഞ വിയര്‍പ്പ്തുള്ളികള്‍ ഭയത്തിന്റെ ചാലുകള്‍ വീഴ്ത്തി ഒഴുകി അയാളെ പൊള്ളിച്ചു. എത്രയും പെട്ടെന്ന് ഒരു വാടകവീട്ടിലേക്ക് കുടുംബസമേതം മാറണം.

അങ്ങനെയൊരു തീരുമാനമെടുത്തശേഷം വീട് കാലിയാക്കി അയാള്‍ മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടുന്നതുപോലെ രണ്ടുപാളിഡോര്‍ വലിച്ചടച്ച് ഓടാമ്പല്‍ നീക്കി താഴിട്ടു. പിന്നെ വൃത്താകൃതിയിലുള്ള വെളുത്ത പ്രതലത്തില്‍, കറുത്ത അക്ഷരങ്ങളില്‍ ‘വീടും സ്ഥലവും വില്‍പ്പനയ്ക്ക്’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡ് തയ്യാറാക്കി റീത്ത്‌പോലെ വീടിന് അണിഞ്ഞു. അവകാശികള്‍ എത്താന്‍ കാത്തുകിടക്കുന്ന ജഡം കണക്കെ വീട് വേഗത യുടെ ഹോണ്‍ കരച്ചിലുകളുള്ള റോഡിന്റെ വളഞ്ഞ അരുകില്‍ നിത്യനിശ്ചലതയില്‍ പൂണ്ടു. കാണാവുന്ന ദൂരത്തുതന്നെയുള്ള വാടക റൂമിലെ ഉറക്കം നഷ്ടപ്പെട്ട ആദ്യത്തെ രാത്രിയില്‍, ജനലിലൂടെ വീടിനടുത്തേക്ക് എത്തിനോക്കി അയാള്‍ ഓര്‍ത്തു.

ആ വീടും സ്ഥലവും ആരും വാങ്ങുമെന്ന് തോന്നുന്നില്ല. വളവിലേക്ക് വാഹനങ്ങള്‍ ഇരമ്പിയടുക്കുന്നതു കണ്ടാല്‍ പിന്‍മാറും. പഞ്ചായത്ത് മാനദണ്ഡമനുസരിച്ച് വീട് പുതുക്കി പണിയണമെങ്കില്‍ സ്വന്തം സ്ഥലത്തുനിന്ന് മൂന്നുമീറ്റര്‍ വിട്ടിട്ടു വേണം ചെയ്യാന്‍. അങ്ങനെ മൂന്നുമീറ്റര്‍ വിട്ടാല്‍ പിന്നെയൊന്നിനും സ്ഥലമില്ല. ചുരുക്കത്തില്‍ താന്‍ കെണിയില്‍ പെട്ടിരിക്കുന്നു!

രണ്ടു ദിനത്തിനുശേഷം ഒരു പുലര്‍ച്ചെയില്‍ അമിതവേഗതയെ വിഴുങ്ങിയ വാഹനങ്ങളിലൊന്ന്- ഒരു പുത്തന്‍കാര്‍ അയാളുടെ വീട്ടിലേക്ക് പാഞ്ഞുകയറി സ്വയം നശിച്ചു. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് അയാള്‍ ടോര്‍ച്ചുമെടുത്ത് പാഞ്ഞുചെന്നപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഒരു ചെറുക്കനും അവന്റെ ഗേള്‍ഫ്രണ്ടും രക്തത്തില്‍ പുരണ്ട്…

….എന്നിട്ടും അവര്‍ സമരയുക്തിപോലെ ചുംബിക്കുകയാണ്…. ചുടു ചോര ചുംബനങ്ങള്‍….

ദേഷ്യമാണ് തോന്നിയത്. ഒരു വാശിക്ക് നഷ്ടപരിഹാരമായി വലിയൊരു തുക വേണമെന്നായി അയാള്‍. പണക്കാരന്‍ പയ്യന്‍ പെണ്ണിന്റെ മാറില്‍ ധരിച്ചിരുന്ന ഷാള്‍കൊണ്ടും ഷര്‍ട്ടൂരിക്കീറിയും മുറിവുകള്‍ കെട്ടി അയാള്‍ പറഞ്ഞതിലധികം നല്‍കി അയാളെ സ്തംഭനാക്കി. അതിന്റെ പത്തിലൊന്ന് ഭാഗം കൊണ്ട് വന്ന കേടുപാടുകള്‍ ശരിയാക്കാം.

പണം നേടാന്‍ ഒരു സാദ്ധ്യത തെളിഞ്ഞിരിക്കുന്നു!

ചെറിയ അറ്റകുറ്റപ്പണികള്‍ക്കുശേഷം രണ്ടുതവണ കൂടി അപകട ങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍- രണ്ടും ഇന്‍ഷ്വറന്‍സ് തെറ്റിയ വാഹനങ്ങള്‍- അയാള്‍ അതിലും ഉയര്‍ന്ന നഷ്ടപരിഹാരം നേടിയതോടെ ആത്മവിശ്വാസത്തോടെ അടുത്ത ഇരയ്ക്കുവേണ്ടി ഉറക്കം നഷ്ടപ്പെടുത്തി കാതോര്‍ക്കാന്‍ തുടങ്ങി.

ചൂണ്ടയിട്ട് കാത്തിരിക്കുന്ന മീന്‍പിടുത്തക്കാരന്റെ ഉള്ളിലെ ശാന്തതയും പ്രസന്നതയും മടുപ്പും പ്രതീക്ഷയും അയാളില്‍ വന്നുചേര്‍ന്നു.

പിന്നെയും കാത്തിരുന്ന ഒരപകടം വന്നുകുടുങ്ങി. ലൈസന്‍സില്ലാത്തയാളാണ് ഡ്രൈവറെന്ന് രഹസ്യമായി അറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് വിട്ടശേഷം കേസാവാതിരിക്കാന്‍ ഉടനെ വണ്ടി അല്‍പം മാറ്റിയിട്ടു. രണ്ടുദിവസം പിന്നിട്ട് നാശനഷ്ട ങ്ങള്‍ കാണിച്ച് അയാള്‍ വന്‍തുകയ്ക്കുവേണ്ടി അവരോട് വിലപേശുമ്പോള്‍ വ്യസനത്തോടെ അവരിലൊരാള്‍ പറ ഞ്ഞു.

വണ്ടി ഓടിച്ചിരുന്നയാള്‍ ഇന്നലെ പുലര്‍ച്ചെ ഹോസ്പിറ്റലില്‍ മരണ പ്പെട്ടു. സംസ്‌കാരം കഴിഞ്ഞാണ് ഞ ങ്ങള്‍ വരുന്നത്. അയാള്‍ ഞെട്ടി. ആദ്യത്തെ മര ണം! ഒരു തരം തണുത്ത മരവിപ്പ് പൊതിഞ്ഞു.

എത്ര ഭീമമായ തുകയാണ് നഷ്ട പരിഹാരമായി ഇവരോട് താന്‍ ആവ ശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നോര്‍ത്ത് അയാള്‍ ലജ്ജിച്ചു. ഒടുവില്‍ അവര്‍ പണമെണ്ണി കൊടുത്തപ്പോള്‍ അയാള്‍ തന്റെ ദുഃഖം അവരെ അറിയിച്ചു.

– എനിക്ക് വിഷമമുണ്ട്. പക്ഷെ എന്തുചെയ്യാന്‍ പറ്റും. മരിച്ചതുകൊണ്ട് നിങ്ങള്‍ക്ക് ഞാന്‍ അയ്യായിരം രൂപ ഡിസ്‌കൗണ്ട് തരാം.

ആയിരത്തിന്റെ ഗാന്ധിതലയുള്ള അഞ്ച് നോട്ടുകള്‍ വലിച്ചെടുത്ത് നീട്ടിക്കൊണ്ട് അവരുടെ നീരസം നിറഞ്ഞ വ്യസനത്തിനും നിഷേധ നിശ്ചലത ക്കും മുന്നില്‍ അയാള്‍ കണ്ണന്‍ചിരട്ട യും അലറിക്കൊമ്പും കെട്ടിത്തൂക്കിയ വിലകെട്ട നന്മയുടെ ഇളിഭ്യത പ്രദര്‍ശിപ്പിക്കുന്ന നോക്കുകുത്തിയായി.

Generated from archived content: story1_july27_15.html Author: v_gireesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here