പ്രിയപ്പെട്ട കവിമിത്രമേ,
കവിതയിൽ നീയെന്തന്വേഷിക്കുന്നു?
ഒഴിഞ്ഞ ശവക്കല്ലറയുടെ
ഏകാന്തമൗനത്തിൽ
മരണം കഴിഞ്ഞുള്ള ഇരുണ്ടുനനഞ്ഞ
ശ്വാസപടലത്തിൽ
ജീവിതത്തെ ഉപേക്ഷിച്ച
ഉയിർപ്പുരാത്രിയിൽ
നീ എന്തന്വേഷിക്കുന്നു –
നിഴലില്ലാത്ത വെളിച്ചത്തെയോ?
പുഴ ജീവിക്കുന്നത്
അതിന്റെ മത്സ്യങ്ങളെക്കൊണ്ടാണ്
ആകാശം അതിന്റെ
പക്ഷികളെക്കൊണ്ടും
പ്രിയ മിത്രമേ,
നിനക്കു ജീവിക്കാനെന്തുണ്ട്?
നിന്റെ സ്വപ്‌നങ്ങളിൽ
നീ ജീവിക്കുമോ?
സ്വപ്‌നങ്ങൾക്ക് നിന്നെ
മനസിലാകുമോ?
അരികുകൾ കത്തിക്കരിഞ്ഞ
നിന്റെ ശരീരം
മറ്റൊരു പക്ഷിയുടെ
രാത്രിഗാനമാകട്ടെ
കവിത എഴുതുക എന്നാൽ
മരിക്കാൻ തീരുമാനിക്കലാണ്
ഇരുട്ടിൽ ഒഴിച്ചുകളയാനുള്ള
ജീവിതമാണത്
കവിതയിൽ ഒന്നും
അന്വേഷിക്കേണ്ടതില്ല
ആ കല്ലറയിൽ നിന്നെ
അടക്കം ചെയ്‌താൽ മാത്രം മതി.
നാളത്തെ കവിക്ക്
എഴുതാനുള്ളതാണത്
നിന്റെ മരണാനന്തര ജീവിതം.
Generated from archived content: poem1_apr1_10.html Author: v.g_thampi