അകത്തേയ്‌ക്കു കരയുന്ന അനുഭവങ്ങളാണ് എനിക്ക് കവിതകളായി തീരുന്നത്. അജ്ഞാതവും അനാഥവുമായ ആ കരച്ചിലുകൾ മനസ്സിനേയും ശരീരത്തേയും വിറപ്പിച്ചുകൊണ്ട് എനിക്കു ഉള്ളിൽ പാഞ്ഞു നടക്കും. തുടൽ പൊട്ടിച്ചോടുന്ന ആ ഉന്മാദിനിയെ മെരുക്കാൻ എനിക്ക് അപൂർവ്വമായിട്ടേ കഴിയാറുള്ളൂ. മിക്കവാറും ആ കരച്ചിലുകൾ എവിടെയോ ഒഴിഞ്ഞുപോകും. ഒഴിച്ചുകളഞ്ഞ വെള്ളംപോലെ എവിടെയോ അത് വറ്റിപ്പോകും.
എഴുതാതെ പോകുന്ന കവിതകളിലാണ് എന്റെ ആന്തരികാനന്ദം. അവയെക്കുറിച്ചുള്ള നിഗൂഢവിസ്‌മയങ്ങളിലാണ് എനിക്ക് ആവേശം. എഴുതി തീർന്നവയോട് എനിക്ക് പ്രണയമില്ല. കവിതയുടെ രസം അതിന്റെ അനിശ്ചിതമായ ആനന്ദലഹരിയിലാണ്. എഴുതാത്ത കവിതകളാണ് ആത്‌മാവിനെ പ്രലോഭിപ്പിച്ചുകൊണ്ട് എനിക്കുള്ളിൽ പ്രണയനൃത്തമാടുന്നത്. പ്രകാശിപ്പിക്കാൻ കഴിയാത്ത ഒരു നക്ഷത്രത്തെ തൊടാനുള്ള വെമ്പലാണത്. ഉച്ചരിക്കാൻ കഴിയാത്ത ഒരു വാക്കിനു വേണ്ടിയുള്ള വിക്കലുകളിൽ മിക്കവാറും കവിതകൾ പാതി വഴിയിൽ മുറിഞ്ഞു വീഴും. വരയ്‌ക്കാൻ മാത്രമല്ല മായ്‌ക്കാനും കൂടിയുള്ളതാണ് കവിതാരചന. ഓർക്കാൻ മാത്രമല്ല മറക്കാനും.
എഴുത്തുമുറിയിൽ നിറയെ, കവിതകളാകാൻ വിധിയില്ലാത്ത വാക്കുകളുടെ പ്രേതസഞ്ചാരമാണ്. എഴുതാത്ത കവിതകൾക്കൊപ്പമുള്ള ജീവിതം ഒരേ സമയം മരണത്തേയും ഉയർപ്പിനേയും ഓർമ്മിപ്പിയ്‌ക്കും. ഒരു ഗോതമ്പുമണിയിൽ മരണവും ഉയിർപ്പും മുദ്രവെയ്‌ക്കപ്പെട്ടിരിക്കുന്നു എന്ന് മന്ത്രിച്ചതാരാണ്? ഭ്രൂണഹത്യ ചെയ്യപ്പെട്ട ആ കാവ്യാനുഭവങ്ങളിൽ ഒരുപക്ഷേ, പൂർത്തിയാകാത്ത ബുദ്ധനോ യേശുവോ മറഞ്ഞിരിപ്പുണ്ടാവും. പ്രതിഭയുടെ പരിമിതി മൂലം വാക്കുകളിൽ കൊത്തിയെടുക്കാൻ കഴിയാതെപോയ അനുഭവശിലകളിൽ ദൈവഛായ പുനർജനിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഞാനിപ്പോഴും. പൂർണ്ണതയ്‌ക്കുവേണ്ടിയുള്ള പരിശ്രമത്തിനിടയിൽ പൂർത്തിയാകാത്ത ആ മെഴുകുശില്‌പങ്ങൾ സ്വയം എരിഞ്ഞുകത്തുകയാണ്.
യാത്രകളിലാണ് എനിക്ക് കവിതകൾ വരുന്നതും പോകുന്നതും. ആന്തരികതയിലെ ചില ശൂന്യതകളെ പൂരിപ്പിക്കുകയാണ് ഓരോ യാത്രയും. കവിതയുടെയും ധർമ്മം അതു തന്നെയാണല്ലോ. യാത്രയിൽ നിന്നും കണ്ടെടുത്ത ഒരു കവിതയായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ എഴുതിയ ‘തച്ചനറിയാത്ത മരം.’ അത് ഒരു വനയാത്രയിൽ ഞാൻ കണ്ട വിചിത്രവിധിയുള്ള ഒരു മരത്തെക്കുറിച്ചാണ്. കർണ്ണാടകത്തിലെ ഒരു കാട്ടിൽ ഒരു മരം ദുരൂഹസത്യമായി വളർന്നുനിൽക്കുന്നുണ്ടായിരുന്നു. ഏത് ജാതി? എത്ര പ്രായം? – ആ മരത്തെക്കുറിച്ച് ആർക്കുമൊന്നുമറിയില്ല. തച്ചന്മാർക്കുപോലും ആ മരത്തിനൊരു പേരിടാൻ കഴിയുന്നില്ല. അറിവുകൾ തോറ്റുമടങ്ങിയതിനാൽ പല കഥകളും സങ്കൽപ്പങ്ങളും ആ മരത്തിനു ചുറ്റും പെറ്റു പെരുകി. ചിലർ പറഞ്ഞു പുലിയുടെ രോമം വീണു വളർന്ന മരമാണതെന്ന്. യക്ഷനും അപ്‌സരസും പാർക്കുന്ന ആ മരം പല ഋതുക്കളിൽ പല ആകൃതികളിൽ. ജീവിതത്തിന്റെ അജ്ഞാതവും അനിർവ്വചനീയവും അപ്രവേശ്യവുമായ അനുഭവങ്ങളുടെ ഗൂഢസത്യമായി ആ മരം ഏറെക്കാലം എന്റെ മനസ്സിനുള്ളിലും വളർന്നു. അനുഭവങ്ങളുടെ ഉറവിടത്തിനു സമീപം ഞാനെന്റെ കവിതയുടെ കുടിൽ കുത്തി. ആ മരത്തിന്റെ അപൂർവ്വ ജന്മരഹസ്യങ്ങളിൽ ഹൃദയമമർത്തി എനിക്കൊരു നീണ്ട കവിതയെഴുതാൻ കഴിഞ്ഞു. എന്നെ ഏറ്റവും ആനന്ദിപ്പിച്ച കവിത അന്നും ഇന്നും തച്ചനറിയാത്ത മരമാണ്. പലപ്പോഴും കവിതയെഴുതാനുള്ള ആത്‌മനിശ്‌ചയങ്ങൾ പതറിപ്പോകുമ്പോൾ ഈ കവിതയുടെ വിശ്വാസത്തിൽ ഞാൻ ഉയിർക്കാറുണ്ട്.
കുറച്ചുവർഷങ്ങൾക്കു മുമ്പ് ഹിമാലയത്തിലേയ്‌ക്ക് ആ്തമമിത്രമായ ഷൺമുഖദാസിനോടൊപ്പം ഞാൻ യാത്രചെയ്‌തു. ഏറെക്കാലം ഒന്നും എഴുതാനോ സ്വപ്‌നം കാണാനോ ആശയങ്ങൾ കോർക്കാനോ കഴിയാതിരുന്ന ഒരു നരച്ച ജീവിതാവസ്‌ഥയിൽ നിന്നായിരുന്നു ആ യാത്ര.. എന്നെ അമ്പരപ്പിച്ചുകൊണ്ട് യാത്രയിലുടനീളം എന്റെ മനസ്സ് എഴുതിക്കൊണ്ടിരുന്നു. യാത്രയുടെ ഒരു കൊച്ചു നിമിഷംപോലും എനിക്ക് വെറുതെയായില്ല. മനസ്സിത്രയും നവോന്മേഷത്തിൽ നൃത്തം ചെയ്‌ത മറ്റൊരു അവസരമില്ല. യാത്രയുടെ രാത്രികളിലാണ് കവിതകൾപോലെ വെട്ടിത്തിളങ്ങുന്ന ചിലത് ഹൃദയം കുത്തിത്തുറന്ന് അകത്തു പ്രവേശിച്ചത്.
ഇടവേളകളിൽ മാത്രമല്ല യാത്രയിലുടനീളം ഞങ്ങൾ അതുവരെ വായിച്ചതും ചിന്തിച്ചതുമായ കാര്യങ്ങൾ പങ്കുവെച്ചു. അനുഭവങ്ങളും ആശയങ്ങളും ആ യാത്രയിൽ സർവ്വസ്വാതന്ത്ര്യത്തോടെ ഞങ്ങൾക്കൊപ്പം പറന്നു കളിച്ചു. ആ യാത്ര തന്നെ ഒരു നിറഞ്ഞ കവിതയായിരുന്നു.
കേദാർനാഥിലെ ഉറക്കമില്ലാത്ത രാത്രിയിൽ ഒരു ഗംഗാപ്രവാഹം എന്നെ ഒഴുക്കിക്കൊണ്ടു പോയി. ഞാൻ കര കവിഞ്ഞൊഴുകിയ ആ അനുഭവത്തെ ഇതുവരേയും കടലാസിൽ പകർത്താനായില്ല. മഴയും മഞ്ഞും അഗാധമാക്കിയ ആ രാത്രി അന്തരീക്ഷം അതുവരേയും എന്റെ ആത്‌മാവിന് സ്‌പർശിക്കാനാവാതിരുന്ന അനുഭവങ്ങളെ കൊണ്ടുവന്നു തന്നു. എത്രയോ തവണ ആ അനുഭവത്തെ കവിതയാക്കുവാൻ ഞാൻ ഉറക്കമൊഴിച്ചു. വാക്കുകൾക്ക് കീഴ്‌പ്പെടുത്തുവാൻ കഴിയാത്തവിധം അവ എന്നിലിരുന്ന് ആളിക്കത്തുകയാണ്.
കൊടും തണുപ്പിൽ കേദാർനാഥ് ക്ഷേത്രത്തിനരികിലെ സത്രത്തിൽ ഉറങ്ങാനാവാതെ ഒരു നീണ്ട രാത്രി മന്ദാകിനിയുടെ പ്രവാഹത്തെ നോക്കി നിന്നു. കേദാറിലെത്തുന്ന ആരേയും ശിവൻ ഉറക്കില്ല. തന്റെ ജടയ്‌ക്കുള്ളിൽ പാർപ്പിക്കും. അതിനുള്ളിലെ പേനുകളായി നാമലയും. ശിവൻ പാർവ്വതിയിൽ നിന്നും മറച്ചുവെച്ച കാമുകിയാണ് ഗംഗ. ജടയിൽ ശിവന്റെ രഹസ്യപ്രണയമുണ്ട്. കഠിനതപസ്സിൽ ശിവൻ ഗംഗാപ്രവാഹത്തെ യോഗാസനം പഠിപ്പിയ്‌ക്കുന്ന രാത്രിയാണിത്. ശിവൻ താണ്‌ഡവനൃത്തം പരിശീലിക്കുന്നതും ഈ രാത്രിഗംഗയുടെ തരംഗങ്ങളിൽ നിന്നാണ്. രാത്രിയുടെ ഏതോ യാമത്തിൽ ഗംഗയുടെ പ്രവാഹം നിലയ്‌ക്കും. ഗംഗയുടെ നിശ്‌ചലപ്രവാഹത്തിലാണ് മഹർഷിമാർ ഉണരുന്നത്. ഹിമാലയത്തിൽ മരിച്ചുപോയ മഹർഷിമാരുടെ ആത്‌മാവുകൾ നൃത്തം ചെയ്യുന്ന രാത്രിയിലേയ്‌ക്ക് ഞാൻ വീർപ്പടക്കി നോക്കിനിന്നു. ഹിമാലയത്തിന്റെ വിശാലപ്രകൃതിയിൽ ഗംഗയുടെ നിരവധി ജന്മങ്ങൾ പല പ്രവാഹങ്ങളായി. ആ രാത്രി ഞാൻ ബോധത്തിൽ നിന്നും പറിച്ചെറിയപ്പെട്ടു. ആത്‌മീയതയുടെ ലഹരിയിൽ ഞാൻ കര കവിഞ്ഞൊഴുകി.
ജീവിതത്തിൽ ഏറ്റവും തീക്ഷ്‌ണതയോടെ തൊട്ടറിഞ്ഞ സത്യത്തെയാണ് കവിത എന്ന് പറയേണ്ടതെങ്കിൽ എന്തുകൊണ്ടാണ് എനിക്കിവയൊന്നും പ്രകാശിപ്പിക്കാൻ കഴിയാതെ പോകുന്നത്? ഒരു പക്ഷേ ഞാൻ ഉന്മാദത്തെ ഭയപ്പെടുന്നതുകൊണ്ടാകാം. എഴുതാത്ത കവിതകൾ എനിക്കു ചുറ്റും ഉന്മാദികളായി ശ്വാസം മുട്ടിക്കുന്നു.
ശരിയാണ്, കവിതകൾ എഴുതാതിരിക്കുമ്പോൾ മാത്രമാണ് നാം സമനിലയിൽ കഴിയുന്നത്. എഴുതാത്ത കവിതകൾ ഉന്മാദത്തിന്റെ ഗൂഢലഹരിയായി എഴുത്തുമുറിയിൽ അപ്രകാശിത സത്യങ്ങളായി ജീവിച്ചുകൊള്ളട്ടെ.
Generated from archived content: essay2_mar22_10.html Author: v.g_thampi