അന്ന് 2011 ഏപ്രില്‍ 16 . കൊല്ലം പൂരലഹരിയിലാണ്. പോലീസ് സേനയുടെ ശ്രദ്ധ പൂര്‍ണ്ണമായി പൂരത്തില്‍ . രാമന്‍ കുളങ്ങരയിലുള്ള മാതൃഭൂമി കൊല്ലം ബ്യൂറോയില്‍ വൈകീട്ട് ആറുമണിക്ക് ഒരു ഫോണ്‍ കോള്‍ എത്തി. വിളിച്ചയാള്‍ക്ക് സീനിയര്‍ റിപ്പോര്‍ട്ടര്‍ വി. ബി ഉണ്ണിത്താനെ കിട്ടണം. ഓഫീസ് വളപ്പിലെ കാന്റീനില്‍ ചായ കുടിക്കുകയായിരുന്ന ഉണ്ണിത്താന് ഫോണ്‍ കണക്ടു ചെയ്തു. ഉണ്ണിത്താനെ നേരിട്ടു കണ്ട് ഒരു പ്രത്യേക വാര്‍ത്ത നല്‍കാനുണ്ടെന്ന് വിളിച്ചയാള്‍ . നേരിട്ടു കാണണമെന്നില്ലെന്നും വാര്‍ത്ത കൊടുത്തയച്ചാല്‍ മതിയെന്നും ഉണ്ണീത്താന്റെ മറുപടി. വിളിക്കുന്നതു ആരെന്നു ചോദിച്ചപ്പോഴേക്കും ഫോണ്‍ കട്ടായി.
തെരെഞ്ഞെടുപ്പ് വാര്‍ത്തക്കിടയിലെ അജ്ഞാതഫോണ്‍
നിയമസഭാ തെരെഞ്ഞെടുപ്പ് കാലമായിരുന്നു അത്. അതിന്റെ വാര്‍ത്തകളുടെ തിരക്കിലായിരുന്നു ഉണ്ണിത്താന്‍. 7.15 ന് അതേ ശബ്ദത്തില്‍ ഒരു കോള്‍ കൂടി എത്തി. ഉണ്ണിത്താന്‍ ജോലി കഴിഞ്ഞ് എപ്പോള്‍ ഇറങ്ങുമെന്നറിയണം . ആരാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ കട്ട്. തെരഞ്ഞെടുപ്പ് വാര്‍ത്തകളുമായുള്ള കെട്ടിമറിയല്‍ തുടരുന്നതിനിടയില്‍ 8 15 ന് വീണ്ടും അതേ വ്യക്തി വിളിച്ചു. ഉണ്ണിത്താന്‍ ഇറങ്ങുന്ന കൃത്യസമയം അറിയണമെന്നും വാര്‍ത്ത നല്‍കാനാണെന്നും. വീണ്ടും ആരെന്നു ചോദിച്ചപ്പോള്‍ ഫോണ്‍ മൗനത്തിലായി. ഒമ്പതു മണിയായപ്പോള്‍ ഉണ്ണിത്താന്‍ ഓഫീസില്‍ നിന്നിറങ്ങി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും ഓഫീസിലേക്ക് കോള്‍, ഉണ്ണിത്താന്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചു. സാധാരണ കെ. എസ്. ആര്‍. ടി. സി യുടെ വേണാട് ഓര്‍ഡിനറി ബസ്സില്‍ കയറി ശാസ്താം കോട്ടയിലിറങ്ങി അവിടെ വെച്ചിരിക്കുന്ന ബൈക്ക് എടുത്താണ് വീട്ടിലേക്ക് യാത്ര. അന്ന് ആ ബസ് അല്‍പ്പം വൈകിയപ്പോള്‍ കരുനാഗപ്പിള്ളിക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ചവറയിലിറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ഥിരം ബസ് എത്തി അതില്‍ കയറി 10 മണിക്ക് ശാസ്താം കോട്ടയിലിറങ്ങി.
കടകളെല്ലാം അടച്ചിരിക്കുന്നു. കവലയില്‍ ആരുമില്ല. വെളിച്ചവും കുറവ്. ബൈക്ക് വെച്ചിരിക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരുട്ടിലൂടെ നടന്നു. ഓഡിറ്റോറിയത്തിനടുത്തുള്ള ലൈറ്റ് കത്തുന്നില്ല ഓഡിറ്റോറിയത്തിന്റെ മുറ്റത്തേക്ക് കയറുമ്പോള്‍ കാലില്‍ ഇരുമ്പുപാരകൊണ്ടുള്ള ആദ്യത്തെ അടി വീണു. നില തെറ്റിപ്പോയ കൊടും വേദനയില്‍ നിന്നും പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ഇരുമ്പു ദണ്ഡുകള്‍ കാലുകളില്‍ ആഞ്ഞു പതിച്ചു. കാലുകള്‍ തകര്‍ന്ന് എല്ലും മജ്ജയും തെറിച്ചു വീണു. സഹായമഭ്യര്‍ത്ഥിച്ചു ബഹളം വച്ച് ഉണ്ണിത്താന്റെ ശരീരത്തില്‍ വീണ്ടും ഇരുട്ടില്‍ നിന്നും ഇരുമ്പു ദണ്ഡുകള്‍ വന്നു വീണു. കയ്യും വാരിയെല്ലും ഒടിഞ്ഞു വീഴുന്ന ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ കിടന്നുകൊണ്ട് തലക്കു നേരെ വന്ന അടി ഒരു വിധം തടഞ്ഞു . അപ്പോഴേക്കും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കണ്ടപ്പോള്‍ അക്രമികള്‍ സ്ഥലം വിട്ടു.
മരണത്തില്‍ നിന്ന് ജീവിതത്തിലേക്കൊരു തെന്നിവീഴല്‍
ഓടിക്കൂടിയ ആളുകള്‍ വാരിയെടുത്തുകൊണ്ടുപോയതുകൊണ്ടും പത്മാവതി ഹോസ്പിറ്റല്‍ അടുത്തായതുകൊണ്ടും മാത്രമാണ് ഉണ്ണിത്താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഒടിഞ്ഞു തൂങ്ങിയ ശരീരമായാണ് ഉണ്ണിത്താന്‍ ആസ്പത്രിയിലെത്തിയത്. മജ്ജയും രക്തവും കൂടിക്കലര്‍ന്ന അവസ്ഥയിലൊരാള്‍ ജീവിച്ചിരിക്കുന്നത് പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ കൊണ്ടുവന്നവരോട് പറഞ്ഞു. എങ്കിലും ആ ജീവന്‍ തിരിച്ചു പിടിക്കാന്‍ അവര്‍ ഊണും ഉറക്കവും മറന്ന് പ്രവര്‍ത്തിച്ചു. എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ മൂന്നു മാസത്തെ ആസ്പത്രി വാസത്തിലൂടെ പതിയെ കഠിനവേദനകളുടെ നിത്യതോഴനായി ജീവിതത്തിലേക്ക് തിരിച്ചു കയറ്റം. മൂന്നു മാസം വീട്ടില്‍ എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കട്ടിലില്‍ . വാക്കര്‍ ഉപയോഗിച്ച് നടക്കാന്‍ തുടങ്ങിയത് 10 മാസങ്ങള്‍ക്കു ശേഷം . ഇപ്പോള്‍ ഓഫീസിലെത്തുന്നത് പരസഹായത്തോടെയാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും സദാസമയവും വേദന. തകര്‍ന്ന ഇടതുകാല്‍ കമ്പിയിട്ട് നേരെയാക്കിയതിനാല്‍ നടക്കാന്‍ ഏറെ പ്രയാസം . കഠിനവേദനയുടെ ശയ്യയില്‍ തുടരുന്നു . ഉറക്കം വരാത്ത രാത്രികള്‍ . പാലക്കാട് വൈദ്യമഠത്തില്‍ ഇപ്പോഴും ചികിത്സ തുടരുന്നു.
അന്വേഷണത്തില്‍ ചുരുളഴിഞ്ഞ കഥ സിനിമാക്കഥകളെപ്പോലും അതിശയിപ്പിക്കുന്നത്. അതും കേരളത്തിനു പുറത്തുള്ള പശ്ചാത്തലങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകളോടു മാത്രം സാമ്യമുള്ളത്. സൗമ്യശീലനായ ഈ യുവാവിന്റെ ഉയിര്‍ ഇത്ര ക്രൂരമായി പറിച്ചെടുക്കാനുള്ള കാരണമായത് നമ്മുടെ പോലീസ് സേനയിലെ കുറ്റവാളി സംഘത്തെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തള്‍. അറിഞ്ഞ വിവരം നാട്ടുകാരെ അറിയിക്കുക എന്ന പത്രപ്രവര്‍ത്തകന്റെ ചുമതല നിര്‍വഹിച്ചതു മാത്രമാണ് ഉണ്ണിത്താന്‍ ചെയ്ത പാതകം. നാരദമുനിയില്‍ തുടങ്ങുന്ന അവന്റെ ഗുരുപരമ്പര തലമുറകളായി അനുഷ്ഠിച്ചുവരുന്ന കര്‍മ്മം . അതിന് ജീവിതം വിലയായി നല്‍കേണ്ടി വരുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യം. പോലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി വാടകഗുണ്ടകളെ ഏര്‍പ്പാടാക്കി ഒരു മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ തന്നെ അത്യപൂര്‍വ്വവും. കേസിലെ അന്വേഷണസംഘാംഗമായ ഒരു ഉദ്യോഗസ്ഥന്‍ തന്നെ പ്രതിയാകുന്നത് മറ്റൊരു അപൂര്‍വത.
പ്രതി കപ്പലില്‍ തന്നെ
ലോക്കല്‍ പോലീസാണ് അന്വേഷണം തുടങ്ങിയത് . ശൂന്യതയില്‍ നിന്നു തുടങ്ങിയ അന്വേഷണം പോലീസ് സേനയിലെ ഉയര്‍ന്ന തലങ്ങളിലെ കുറ്റവാളി സംഘത്തിനിടയിലേക്ക് ചെന്നുകയറുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ വഴിമുട്ടി. ഒരു തുമ്പുമുണ്ടാക്കാതെ ലോക്കല്‍ പോലീസ് വല്യേമാന്മാരോട് കൂറുകാട്ടി. എന്നാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും പൊതുസമൂഹവും ചില രാഷ്ട്രീയ നേതാക്കളും പുലര്‍ത്തിയ ജാഗ്രത കേസ് ഇവിടെ നിര്‍ത്തി പിന്തിരിയാന്‍ പോലീസിനെ അനുവദിച്ചില്ല . അങ്ങനെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറ്റപ്പെട്ടു. ഡി ഐ ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘം. എന്നാല്‍ ഈ സംഘത്തിലുമുണ്ടായിരുന്നു ക്രിമിനല്‍ സാന്നിധ്യം. ഇതേ കേസില്‍ ഈയിടെ അറസ്റ്റു ചെയ്ത ഡി. വൈ. എസ്. പി. എന്‍ അബ്ദുറഷീദായിരുന്നു സംഘത്തിലെ ഒരംഗം. അന്വേഷണത്തില്‍ പ്രതിക്കു തന്നെ നേരിട്ടു നിയന്ത്രണം . സന്തോഷ് മാധവന്‍ കേസില്‍ നേരത്തെ സസ്പന്‍ഷനിലായ എസ്. പി സാം ക്രിസ്റ്റി ഡാനിയേല്‍ മറ്റൊരംഗം. അന്വേഷണത്തിന്റെ സുപ്രധാന ഘട്ടങ്ങള്‍ കടന്നു പോയത് ഇയാളുടെ കൈകളിലൂടെയാണ്. അതുകൊണ്ടു തന്നെ അധികം വൈകാതെ ക്രൈംബ്രാഞ്ച് അന്വേഷണവും വഴി തെറ്റി.
ഹാപ്പി രാജേഷ് കൊല്ലപ്പെടുന്നു.
ഉണ്ണിത്താനു നേരെ ആക്രമണമുണ്ടായതിന്റെ പത്താം ദിവസം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഹാപ്പി രാജേഷിനെ കൊല്ലം ജില്ലാ ആസ്പത്രിക്കു മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. ഹാപ്പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണിത്താനെ ആക്രമിച്ചതെന്നും രാജേഷാണ് സംഭവദിവസം മാതൃഭൂമി ഓഫീസിലേക്കു വിളിച്ചതെന്നും വ്യക്തമായി. ഗുണ്ടാസംഘത്തില്‍ പെട്ട എസ്. മഹേഷ്, വി. ആര്‍ ആനന്ദ്, ഷഫീക് എന്നിവര്‍ അറസ്റ്റിലാകുക കൂടി ചെയ്തതോടെ ഇവരെ ഏര്‍പ്പാടാക്കിയത് അധോലോക പ്രമുഖനായ കണ്ടെയ്നര്‍ സന്തോഷ് എന്നയാളാണെന്ന് വ്യക്തമായി.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ കണ്ടെയ്നര്‍ സന്തോഷ് തിരുവല്ല കോടതിയില്‍ കീഴടങ്ങി. ഉണ്ണിത്താനെ വധിക്കാന്‍ ഗുണ്ടാ സംഘത്തെ നിയോഗിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയത് ഡി. വൈ. എസ്. പി മാരായ സന്തോഷ് നായരും അബ്ദുറഷീദുമാണെന്ന് കോടതി വളപ്പില്‍ കണ്ടയ്നര്‍ സുരേഷ് ഉറക്കെ വിളിച്ചു പറഞ്ഞതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്ത കൊടുംപാതകത്തിനു പിന്നിലെ ഗൂഢാലോചനകള്‍ പുറത്തുവരുന്നത്. കൊല്ലത്തെ , ആശ്രമം ഗസ്റ്റ് ഹൗസില്‍ 2009 ഒക്ടോബറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ മദ്യ സല്‍ക്കാരത്തെക്കുറിച്ചുള്ള സംഭവുമായി ബന്ധം വൈകാതെ വെളിപ്പെട്ടു . ഏതാനും സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു സല്‍ക്കാരം. ഉന്നത പോലീസ്സുദ്യോഗസ്ഥര്‍ മദ്യവും മദിരാക്ഷിയുമായി അര്‍മാദിക്കുന്ന വിവരമറിഞ്ഞ് ഗസ്റ്റ്ഹൗസിലെത്തിയ ഉണ്ണിത്താന്‍ അതിന് ദൃക്‌സാക്ഷിയായി. വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ പോലീസിലെ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെങ്കിലും ഉണ്ണിത്താന്‍ വഴങ്ങിയില്ല . വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് അതിലുള്‍പ്പെട്ട പോലീസുകാര്‍ പ്രതികാരദാഹികളായി.
ഗൂഡാലോചന നടന്നത് ഗോവയില്‍
സന്തോഷ് നായര്‍ അറസ്റ്റിലായെങ്കിലും റഷീദിനെ ക്രൈംബ്രാഞ്ച് തൊട്ടില്ല . അതിനു പറഞ്ഞ ന്യായങ്ങളാകട്ടെ അതിവിചിത്രവും. ക്രിമിനലായ കണ്ടെയ്നര്‍ സന്തോഷിന്റെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്നായിരുന്നു വാദം. റഷീദിന് ഉണ്ണിത്താനോട് വിരോധമുണ്ടാകാന്‍ കാരണമില്ലെന്നും കേസന്വേഷണത്തില്‍ വലിയ പങ്കു വഹിച്ചയാളാണ് റഷീദെന്നുമായിരുന്നു മറ്റു ന്യായങ്ങള്‍ . ഒരു സ്ഥലമാറ്റമല്ലാതെ മറ്റൊന്നും റഷീദിന് ലഭിച്ചില്ല . ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. റഷീദിലേക്ക് സംശയക്കണ്ണുകള്‍ നീളേണ്ട നിരവധി തുമ്പുകള്‍ കിട്ടിയിട്ടും അന്വേഷണ സംഘം അതു കണ്ടില്ലെന്നു നടിച്ചു. ഇതില്‍ പ്രധാനമായിരുന്നു ഗോവയില്‍ നടന്ന ഗൂഢാലോചന. ഉണ്ണിത്താനു നേരെ ആക്രമണമുണ്ടാകുന്നതിനു മൂന്നു മാസം മുന്‍പ് സന്തോഷ് നായരും റഷീദും കുടുംബസമേതം കണ്ടെയ്നര്‍ സന്തോഷിനൊപ്പം ഗോവയില്‍ അവധിക്കാലം ചെലവഴിച്ചിരുന്നു. ഈ ഒത്തു ചേരലിലാണ് ഉണ്ണിത്താന്റെ ജീവനെടുക്കാനുള്ള ഗൂഢാലോചന ഉരുത്തിരിഞ്ഞത്. ഈ കൂടിച്ചേരലിലെ റഷീദിന്റെ സാന്നിധ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ഗോവ യാത്ര കഴിഞ്ഞ് കണ്ടെയ്നര്‍ സന്തോഷിനോടൊപ്പം മടങ്ങുമ്പോള്‍ രാജാധാനി എക്സ്പ്രസ് സ്റ്റോപ്പില്ലാത്ത കൊല്ലം റയില്‍വേ സ്റ്റേഷനില്‍ റഷീദ് ചങ്ങല വലിച്ചു നിര്‍ത്തിയ സംഭവമുണ്ടായിരുന്നു. ഈ കേസ് തേച്ചു മാച്ചു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതൃഭൂമിയില്‍ വിശദമായ വാര്‍ത്ത വന്നു . റഷീദിന് ഉണ്ണിത്താനോട് വിരോധമുണ്ടാകാനുള്ള കാരണത്തിന് ബലമുള്ള ഒരു തുമ്പായിരുന്നു ഇതെങ്കിലും ആ വഴിക്കും അന്വേഷണ സംഘം നീങ്ങിയില്ല. ഹാപ്പി രാജേഷിനെ കൊലപ്പെടുത്തിയ ശേഷം ഈ സംഘം പരവൂരിലെ ഒരു റിസോര്‍ട്ടില്‍ ഒത്തുകൂടിയതായി വിവരം ലഭിച്ചിരുന്നെങ്കിലും ആ വഴിക്കും അന്വേഷണം നീങ്ങിയില്ല. ഇങ്ങനെ പകല്‍ വെളിച്ചം പോലെ വ്യക്തമായ തെളിവുകള്‍ പലതും കുഴിച്ചു മൂടപ്പെട്ടു. മാത്രമല്ല അന്വേഷണ കാലയളവില്‍, അന്വേഷണ സംഘത്തലവന്‍ ശ്രീജിത്ത് ഒരു തവണ പോലും ഉണ്ണിത്താനെ നേരിട്ടു കാണാന്‍ തയ്യാറായതുമില്ല. ഇതെല്ലാം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ വ്യക്തമായ സൂചനകളായി.
എന്നാല്‍ എപ്പോഴും ജാഗ്രതയിലായിരുന്നു പൊതു സമൂഹം. കേസ് സി. ബി. ഐ യെ ഏല്‍പ്പിക്കണമെന്ന അതിശക്തമായ ആവശ്യം രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരില്‍ നിന്നും പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് കേസ് സര്‍ക്കാര്‍ 2011 ജൂലൈ 25 – ന് സി. ബി. ഐ ക്ക് വിട്ടു . എന്നാല്‍ തങ്ങള്‍ കണ്ടെത്തിയതില്‍ കൂടുതലൊന്നും സി. ബി. ഐ കണ്ടെത്തിയില്ലെന്ന വിശ്വാസത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ആദ്യം കേസ് ഏറ്റെടുക്കാന്‍ സി. ബി. ഐ മടികാട്ടുക കൂടി ചെയ്തതോടെ അവരുടെ വിശ്വാസം ബലപ്പെട്ടെങ്കിലും കേസിനു പിറകെ തന്നെയുണ്ടായിരുന്നു കേരളീയ സമൂഹം 2012 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സി. ബി. ഐ ഡയറക്ടര്‍ക്ക് നേരിട്ട് കത്തെഴുതിയതിനെ തുടര്‍ന്ന് നവംബര്‍ 24 ന് സി. ബി. ഐ കേസ് ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് ഒളിച്ചുവെച്ച തുമ്പുകള്‍ കൂടി കണ്ടെത്തി സി. ബി. ഐ മുന്നോട്ടു പോയതിനെ തുടര്‍ന്നാണ് റഷീദ് പിടിയിലായത്. സി. ബി. ഇ അന്വേഷണം ഏറ്റെടുത്തപ്പോള്‍ തന്നെ റഷീദ് അപകടം മണത്തിരുന്നു. ഇതോടെ സി. ബി. ഇ യെ വഴിതെറ്റിച്ച് രക്ഷപ്പെടാനുള്ള ശ്രമമായി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘാംഗമെന്ന മേല്‍ വിലാസം ഉപയോഗപ്പെടുത്തി അന്വേഷണത്തെ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ സി. ബി. ഐ സംഘവുമായി അടുത്തു. തന്റെ കയ്യില്‍ സുപ്രധാന തെളിവുകളുണ്ടെന്നും അതു കൈമാറാമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്. പി ജയകുമാറിനെ ഫോണില്‍ അറിയിച്ചു. അപ്പോഴും സി. ബി. ഐ യുടെ നിരീക്ഷണത്തിലായിരുന്നു റഷീദ്. സി. ബി. ഐ യുടെ നീക്കങ്ങള്‍ റഷീദും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഏതു ദിവസവും സി. ബി. ഐ സംഘം തന്നെ തേടി എത്തിയേക്കാമെന്നു മനസിലാക്കിയ റഷീദ് രാജ്യം വിടാനായി ടിക്കറ്റ് എടുക്കുക വരെ ചെയ്തിരുന്നു . ഇതിനിടയില്‍ തെളിവുകള്‍ കൈമാറാനാവശ്യപ്പെട്ട് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് റഷീദിനെ സി. ബി. ഐ സംഘം വലയിലാക്കിയത്.
പോലീസുദ്യോഗസ്ഥന്റെ അറസ്റ്റിനു ശേഷമുണ്ടായ നാടകം.
ലക്ഷണമൊത്ത ക്രിമിനലാണെന്ന് തെളിയിക്കുന്നതാണ് അറസ്റ്റിനു ശേഷമുള്ള റഷീദിന്റെ ചെയ്തികള്‍ ചോദ്യം ചെയ്തപ്പോള്‍ സി. ബി. ഐ ഉദ്യോഗസ്ഥരുമായി സഹകരിക്കാതെ അവരെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു ഉയര്‍ന്ന പോലീസ് പദവിയിലുള്ള ഇയാള്‍ . സി. ബി. ഐ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജറാക്കിയപ്പോള്‍ കുഴഞ്ഞു വീണ് അസുഖം നടിച്ച് ഇയാള്‍ വാര്‍ത്ത സൃഷ്ടിച്ചു. എന്നാല്‍ അത് നാട്യമാണെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് തൊട്ടു പിന്നാലെ വന്നു.
കേസ് സി. ബി. ഐ ഏറ്റെടുത്ത ശേഷം ആദ്യം നടക്കുന്ന അറസ്റ്റാണിത്. അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ഉയര്‍ന്ന പദവികളിലുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാര്‍ കൂടി അറസ്റ്റിലാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതോടെ പോലീസും ക്വട്ടേഷന്‍ സംഘങ്ങളുള്‍പ്പെട്ട ഒരു ദൂഷിത വൃത്തത്തിന്റെ പൂര്‍ണ്ണ രൂപം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് പൊതു സമൂഹം.
എന്നാല്‍ അതുകൊണ്ടുമായില്ല നമ്മുടെ സാമൂഹ്യഘടനെയെ ബാധിച്ച മാരകമായൊരു രോഗത്തിന്റെ ലക്ഷണം മാത്രമാണ് ഉണ്ണിത്താന്‍ വധശ്രമം. സുരക്ഷിതമായ ജനജീവിതത്തിന് വേണ്ടി ക്രമസമാധാനം പാലിക്കാന്‍ ജനം ശമ്പളം കൊടുത്തു പോറ്റുന്ന കാവല്‍ക്കാര്‍ തന്നെ അവരുടെ അന്തകരായി മാറുന്ന അതിഭീകരമായ ജീവിതാവസ്ഥയിലൂടെയാണ് കേരളീയര്‍ കടന്നു പോകുന്നത് . കുറ്റവാളികളുമായി ചേര്‍ന്ന് പോലീസുദ്യോഗസ്ഥന്മാര്‍ക്ക് എന്തും ചെയ്തുകൂട്ടാമെന്നും അതു പുറത്തുകൊണ്ടുവരുന്ന കണ്ഠങ്ങള്‍ അരിഞ്ഞു വീഴ്ത്താമെന്നുമുള്ള അവസ്ഥ ജനാധിപത്യ ജീവിത വ്യവസ്ഥക്ക് മാരകമാണ്. ഇരയെന്നപോലെ തന്നെ അരക്ഷിതമായ ഈ ജീവിതാവസ്ഥയുടെ പ്രതീകം കൂടിയാകുകയാണ് ഉണ്ണിത്താന്‍.
പോലീസില്‍ രാമചന്ദ്രന്‍ നായരുടെ ധാര്‍മ്മികത അന്യം വരുന്നു.
ക്രിമിനല്‍ സാന്നിധ്യവും ക്രൂരതയും കേരള പോലീസിന്റെ കൂടപ്പിറപ്പാണ്. പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്ന ഒട്ടേറെ ക്രൂരതകള്‍ നമ്മുടെ പോലീസ് ചെയ്തു കൂട്ടിയിട്ടുണ്ട്. വര്‍ഗീസും രാജനും അതിന്റെ കറുത്ത അധ്യായങ്ങളാണ്. സമരരംഗത്ത് വെടിയേറ്റു മരിച്ച അഭിമാനികളായ മനുഷ്യര്‍ നിരവധി . ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അതിന്റേയും എത്രയോ മടങ്ങ്. കടലിലും കായലിലും റെയില്‍ പാളത്തിലുമൊക്കെ അജ്ഞാത ജഢങ്ങളായി എഴുതിത്തള്ളപ്പെട്ടവരുടെ എണ്ണത്തിനാണെങ്കില്‍ ഒരു തിട്ടവുമില്ല. ഈ സംഭവങ്ങളിലെല്ലാം ഒരന്വേഷണവും നടക്കാതെ രക്ഷപ്പെട്ടുപോയ നിരവധി ക്രിമിനലുകളുടെ താവളമാണ് നമ്മുടെ പോലീസ് സേന. ഉണ്ണിത്താന്‍ പത്രപ്രവര്‍ത്തകനായതുകൊണ്ടും പൊതുസമൂഹം വിടാതെ പിന്തുടര്‍ന്നതുകൊണ്ടും മാത്രമാണ് ഈ കേസ് ഇവിടം വരെ എത്തിയത്. എഴുതി തള്ളപ്പെട്ട അജ്ഞാത മരണങ്ങളെക്കുറിച്ചും ഇതുപോലെ അന്വേഷണം നടക്കുകയാണെങ്കില്‍ നമ്മുടെ ജയിലുകള്‍ പോലിസുകാരെക്കൊണ്ട് നിറയുമെന്നതാണ് വസ്തുത.
ഏറെ കെട്ടുപോയ നമ്മുടെയൊക്കെ വാഴ്വു കാലത്ത് പോലിസിലെ ക്രിമിനലുകള്‍ സമൂഹത്തിന് കൂടുതല്‍ ഭീഷണിയായി വളരുകയാണ്. അദ്ധ്വാനത്തിന്റെ വിയര്‍പ്പ് നനയാതെ ദുരൂഹമായ ഏതൊക്കെയോ മാര്‍ഗങ്ങളിലൂടെ ഒഴുകിയെത്തുന്ന സമ്പത്ത് സൃഷ്ടിച്ച് ലക്ഷണം കെട്ട സമ്പദ്ഘടനയില്‍ തഴച്ചു വളരുന്ന ക്വട്ടേഷന്‍ സംഘങ്ങളും പോലീസിലെ ക്രിമിനലുകളും ഒത്തു ചേരുകയും കൊടും പാതകങ്ങള്‍ അനായാസം നിര്‍വഹിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ അവര്‍ക്ക് സഹായകമാവുകയും ചെയ്യുമ്പോള്‍ കൂടുതല്‍ അരക്ഷിതരാവുകയാണ് കേരളീയ ജിവിതം.
കൊളോണിയന്‍ പശ്ചാത്തലത്തില്‍ രൂപം കൊണ്ട സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടാതെ ഫ്യൂഡല്‍ ശീലങ്ങളില്‍ വളര്‍ന്ന ഒരു സേനയില്‍ ഇത് സ്വാഭാവികമാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്നത് താനാണെന്നു വിളിച്ചു പറഞ്ഞ് കോടതിയില്‍ വധ ശിക്ഷ അഭ്യര്‍ത്ഥിച്ച് മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ രാമചന്ദ്രന്‍ നായരെന്ന പോലീസുകാരന്‍ ജീവിച്ച കേരളത്തിലാണ് സന്തോഷ് നായരും റഷീദുമൊക്കെ ജീവിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്.
കടപ്പാട് : ചന്ദ്രിക ആഴ്ചപതിപ്പ്
Generated from archived content: essay1_june5_12.html Author: v.abdul.majeed