മുരിങ്ങയിലെ വിറ്റാമിൻ

അയൽവീട്ടിലെ പാറുക്കുട്ടി മുരിങ്ങയൊടിക്കാൻ വന്നിരിക്കുകയാണ്‌. നല്ല ഇളയ മുരിങ്ങയില തെക്കേ മുറ്റത്തോടുചാരി നിൽക്കുന്ന മരത്തിൽ ധാരാളമായുണ്ട്‌. പക്ഷേ, കൈയെത്തും ദൂരത്തൊന്നും കിട്ടാനില്ല. കുട്ടികൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവർ ഒടിച്ചുകൊടുക്കുമായിരുന്നു. അവർക്ക്‌ മരം അണ്ണാനെപ്പോലെയാണ്‌.

ഇപ്പോൾ ഇവിടെ മുരിങ്ങ ഒടിച്ചുകൊടുക്കാൻ ഞാനല്ലാതെ മറ്റാരുമില്ല. കുട്ടികൾ പളളിക്കൂടത്തിൽ പോയിരിക്കുകയാണ്‌. ഭാര്യ കുളിക്കാനും.

പാറുക്കുട്ടിയ്‌ക്ക്‌ എങ്ങനെയാണ്‌ മുരിങ്ങ ഒടിച്ചു കൊടുക്കാതിരിക്കുക? പതിനേഴുകാരി! നിറം കറുപ്പാണെങ്കിലും നല്ല അഴക്‌. കണ്ണുകളിൽ കവിതയും ചുണ്ടുകളിൽ കഥകളുമുണ്ട്‌.

വെറുതെ ഒരു രസത്തിനുവേണ്ടി അൽപം ‘അടുത്തുകൂടാം’ എന്നു കരുതി, വാരിക മേശപ്പുറത്തിട്ട്‌ ഞാൻ അങ്ങോട്ടു നടന്നു.

“കിട്ടാനൊരു വയ്യൂല്ല അല്ലേ…?” ഒരു പുളിങ്ങാ ചിരിയോടെ ഞാൻ ഒത്താശക്കു ചെന്നു.

“എന്തേയ്‌ മാളുത്താത്ത?” പാറുക്കുട്ടിക്ക്‌ എന്തോ പന്തികേടുളളതുപോലെ തോന്നിയോ?

“എന്തിനാ?”

“തോട്ടിക്കാ.”

ഓ! തോട്ടിയുടെ കാര്യം ഞാൻ മറന്നു പോയിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുവാൻ ഭാര്യ ഒരു തോട്ടി കെട്ടിയുണ്ടാക്കിയിട്ടുണ്ട്‌. ഉയരത്തിലുളള മുരിങ്ങയുടെ ഇളയ ഇല്ലികൾപോലും ഒടിച്ചെടുക്കാൻ തോട്ടികൊണ്ടു പറ്റും. പക്ഷേ, പാക്കിസ്ഥാൻ അണുബോംബ്‌ സൂക്ഷിച്ചിരിക്കുന്നതുപോലെ, ഭാര്യ അതെവിടെയോ ഒളിപ്പിച്ചിരിക്കുകയാണ്‌. കണ്ട പാറുവിനും പീറുവിനുമൊക്കെ തോട്ടി കൊടുത്താൽ മുരിങ്ങാമരത്തിന്റെ ഇളയശിഖരങ്ങൾ ഒടിച്ചു നശിപ്പിക്കും എന്നവൾക്ക്‌ പരാതിയുണ്ട്‌.

പക്ഷേ, എന്റെ ദൗർബല്യം സഹധർമ്മിണിയുടെ രഹസ്യത്തിന്റെ മറ വലിച്ചുകീറി. തൊഴുത്തിന്റെ അട്ടത്തുനിന്ന്‌ ഞാൻ മുരിങ്ങാതോട്ടി വലിച്ചൂരിയെടുത്ത്‌ പാറുക്കുട്ടിക്ക്‌ കൊടുത്തു.

പാറുക്കുട്ടി മുരിങ്ങ ഒടിക്കുകയാണ്‌…!

“ഈ മുരിങ്ങയില നല്ല ഗുണമുളള സാധനമാണ്‌ അല്ലേ…?”

“ഉം”

“പാറുക്കുട്ടിക്കറിയാമോ, മുരിങ്ങയിലയിൽ അടങ്ങിയിട്ടുളള വിറ്റാമിൻ ഏതാണെന്ന്‌?”

“കോന്തൻ! ക്ലാസ്സെടുക്കാൻ വന്ന നേരം!” ആയാസപ്പെട്ട്‌ ഇല്ലികൾ ഒടിയ്‌ക്കുമ്പോൾ പാറു പിറുപിറുത്തു.

അല്ലെങ്കിലും പാറുക്കുട്ടിക്കെന്തോന്ന്‌ വിറ്റാമിൻ! കറിവെക്കാനൊന്നും കിട്ടാതെ വരുമ്പോൾ എന്തെങ്കിലും ഒടിച്ചൂരി ഭക്ഷിക്കുന്നു എന്നല്ലാതെ.

“പാറുക്കുട്ടി പറഞ്ഞില്ലല്ലോ വിറ്റാമിൻ ഏതാണെന്ന്‌?”

“ങേ…?”

“അതെ. ‘എ’ തന്നെ”

ഉത്തരം കിട്ടിയപ്പോൾ എനിക്ക്‌ ഉത്സാഹമായി.

“നിനക്ക്‌ നല്ല നോളജാണല്ലോ പാറുക്കുട്ടീ… ആട്ടെ; വിറ്റാമിൻ ‘എ’ കൊണ്ടുളള ഗുണമെന്താണെന്നു പറയാമോ?”

മേൽപോട്ടു നോക്കി നോക്കി പിരടി ഒടിയുമ്പോഴാണ്‌ കിഴവന്റെ വിറ്റാമിൻ! പാറുക്കുട്ടിയ്‌ക്ക്‌ കോപം വന്നെങ്കിലും പുറത്തുകാണിച്ചില്ല. നാലില്ലി മുരിങ്ങ കിട്ടണമല്ലോ, താളിക്കാൻ.

“അറിയില്ല അല്ലേ, വിറ്റാമിൻ ‘എ’ കൊണ്ടുളള ഗുണം?”

“നല്ല കാഴ്‌ചശക്‌തി കിട്ടും.”

മറുപടി കിട്ടി. പക്ഷേ, പിറകിൽ നിന്നായിരുന്നു-ഭാര്യ!

“ഹാ! നീ കുളി കഴിഞ്ഞിങ്ങെത്തിയോ? ഞാനിവൾക്ക്‌ മുരിങ്ങയുടെ ഗുണം പറഞ്ഞു കൊടുക്കുകയായിരുന്നു.”

“ങ്‌ഹാ. മതി മതി; ഗുണവും മണവുമൊക്കെ”

കളത്രമൊഴികളിൽ കഷായച്ചുവ.

പ്രൈവറ്റ്‌ ബസ്‌ ചളിതെറിപ്പിച്ചു വിട്ടവനെപ്പോലെ ഞാൻ പൂമുഖത്തേക്കു നടന്നു.

അപ്പുറത്തപ്പോഴും ഭാര്യയുടെ ‘ക്രോസിംഗ്‌’ തീർന്നിട്ടില്ല.

Generated from archived content: vartha1_feb5.html Author: usman_moothedam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനവംബർ 1 മുതൽ 8 വരെ
Next articleനാവ്‌ – ചെറുകഥാപുരസ്‌കാരം
1959-ൽ ജനനം. ആനുകാലികങ്ങളിലും മറ്റുമായി നൂറിലേറെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുറച്ചുകാലം പത്രപ്രവർത്തനം. ഒരു ബാലസാഹിത്യഗ്രന്ഥം(താലോലം) പ്രസിദ്ധീകരിച്ചു. സാഹിത്യമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌. ഇപ്പോൾ ജന്മദേശത്ത്‌ (മൂത്തേടം) കൃഷിയുമായി കഴിയുന്നു. വിലാസം ഉസ്‌മാൻ മൂത്തേടം കരുവാൻതൊടിക വീട്‌ മൂത്തേടം പി.ഒ. മലപ്പുറം - 679 331.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English