കള്ള നോട്ട്‌

 

ദോഷം പറയരുതല്ലോ-

കള്ളന്മാരാണെങ്കിലും വെള്ളിയാഴ്‌ച പള്ളിയിലുണ്ടാവും രണ്ടാളും.

പതിവുപോലെ അന്നും ഖുത്വുബ നടക്കും വേളയിൽ, ഒരു ബക്കറ്റ്‌ കുള്ളൻ നടന്നു പോവും വിധം വിശ്വാസികളുടെ മുമ്പിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഓരോരുത്തരുടേയും മുമ്പിലെത്തുമ്പോൾ അവരുദ്ദേശിക്കുന്ന സംഖ്യ അതിലിടും. വലതു കൈ ചെയ്യുന്നത്‌ ഇടതു കൈ അറിയരുതെന്ന്‌ ഇക്കാര്യത്തിലെങ്കിലും നിർബന്ധമുള്ള ചില മഹല്ല്‌ നിവാസികളുള്ളതുകൊണ്ട്‌, പരമ രഹസ്യമായാണ്‌ കാര്യം നടക്കുന്നത്‌.

ഖുത്വുബയും നിസ്‌ക്കാരവും കഴിഞ്ഞു. വിശ്വാസികൾ പുറത്തിറങ്ങിത്തുടങ്ങി. പറയേണ്ടല്ലോ കള്ളന്മാരും കൂട്ടത്തിലുണ്ട്‌. ഓരോ വഴിയിലൂടെയാണ്‌ രണ്ടുപേരുടെയും നടത്തം. കുശലന്വേഷണങ്ങൾക്കിടെ, കള്ളൻ രണ്ടിനോട്‌ ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

‘വെള്ളിയാഴ്‌ച ലീവാണല്ലേ?’

‘അതെ നിനക്കോ?

ഒരു ദിവസമെങ്കിലും ഒരു റിലാക്‌സ്‌ വേണ്ടേ?’

‘ഉറക്കം വരുമോ?’

‘എന്തെങ്കിലും ഒപ്പിക്കും. ചെറിയ നിലക്ക്‌. ഇന്നത്തേത്‌ ഓ.കെ.’

‘എന്റേതും…’

‘എന്തു ചെയ്‌തു?’

‘മോഷണത്തിനിടെ കിട്ടിയ 100 ന്റെ ഒരു കള്ളനോട്ടുണ്ടായിരുന്നു. അത്‌ ബക്കറ്റിലിട്ടു 50 തിരിച്ചെടുത്തു’.

‘മിടുക്കൻ’

‘നീ……?’

‘50 ഇട്ട്‌ 100 എടുത്തു.’

‘മിടുമിടുക്കൻ’

വീടെത്താറായപ്പോൾ; രണ്ടാളും രണ്ടുവഴി പിരിഞ്ഞു. ഉച്ചഭക്ഷണം കഴിഞ്ഞ്‌ ഒന്ന്‌ പുകയ്‌ക്കാൻ ഒരു ബീഡിയെടുക്കേ, കീശയിൽ നിന്ന്‌ ഒരു പരിഹാസച്ചിരി കേട്ട്‌ കള്ളൻ രണ്ട്‌, ഒന്ന്‌ ഞെട്ടി. അയാളുടെ മുഖം വിളറി വെളുത്തു.

Generated from archived content: story2_may8_09.html Author: usman_iringattiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here