വലിയ ഒരു ചുമടുമായിട്ടാണ് അയാള്‍ ദൈവത്തിന്റെ സന്നിധിയില്‍ ചെന്നത്. നെഞ്ച് വിരിച്ച് വിജയഭാവത്തില്‍, പ്രസന്ന വദനനായി, വലിയ ഗമയില്‍, നാലാള്‍ കാണട്ടെ എന്നെ എന്ന മട്ടിലാണ് നടത്തം! ദൈവസന്നിധിയിലെത്തി, ഏറെ പ്രയാസപ്പെട്ടാണ് അയാള്‍ ഭാണ്ഡം ഇറക്കി വച്ചത്. ‘ഇതാ ഇതെല്ലാം എന്റെ സുകൃതങ്ങള്‍…’ അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു.
ഉടനെ ദൈവം ഓരോരുത്തരെയായി വിളിച്ചു തുടങ്ങി. എന്നിട്ട് അതില്‍ നിന്നും ഓരോരുത്തര്‍ക്കും അവരവരുടെ വിഹിതം എടുത്തു കൊടുത്തു തുടങ്ങി. ഒടുവില്‍ ഭാണ്ഡം കാലിയായി. എന്നിട്ടും ആളുകള്‍ വന്നുകൊണ്ടിരുന്നു.
അവസാനം ദൈവം വന്നവരുടെ അഴുക്കുകള്‍ എടുത്തു ഭാണ്ഡത്തില്‍ ഇട്ടു തുടങ്ങി. ഒടുക്കത്തെ ആളും വന്നു വിഹിതം വാങ്ങി പോയപ്പോള്‍, ദൈവം മാലാഖമാരെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ഭാണ്ഡം പഴയതിന്റെ പത്തിരട്ടി വലുതായി കഴിഞ്ഞിരുന്നു.
‘ഇവനെ ഇവന്റെ വിഴുപ്പു സഹിതം നരകത്തിന്റെ അടിത്തട്ടിലേക്കു വലിച്ചെറിയുക….’!
മാലാഖമാര്‍ അവനെ വലിച്ചിഴച്ച് നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു മാലാഖയുടെ കാതില്‍ മറ്റെയാള്‍ കേള്‍ക്കാതെ അവന്‍ സ്വകാര്യം പറഞ്ഞു: അവരും ദൈവവും ഒത്തു കളിച്ചതാ… എന്നെ കുടുക്കാന്‍ .. ദൈവമാണെത്രെ ദൈവം!
Generated from archived content: story2_aug24_11.html Author: usman_iringattiri