നിശാപ്രയാണം
‘എനിക്കൊന്ന് വെളിക്കിരിക്കണം’. അവൾ അയാളോട് പറഞ്ഞു.
‘രാത്രിയിലെ ഈ പരിപാടി ഒന്ന് നിർത്തിക്കൂടെ നിനക്ക്?
’അകത്തൊന്നുണ്ടാക്കാൻ എത്ര കാലമായി പറയുന്നു. നിങ്ങൾ കേൾക്കണ്ടേ?“
‘നടക്ക്’.
അയാൾ വിളക്കുമായി പിറകെച്ചെന്നു.
‘നിങ്ങളിവിടെ ഇരുന്നാൽ മതി.’
അയാൾ മൂളിപ്പാട്ടും പാടി കാവലിരുന്നു.
എല്ലാം കഴിഞ്ഞ് അവർ വീട്ടിലേക്ക് കേറി വാതിലടച്ചു. അപ്പോഴുണ്ട് എരിയുന്ന ഒരു ബീഡിക്കുറ്റി നടന്നു പോകുന്നു പൂച്ചയെപ്പോലെ.
ശതമാനം
എല്ലാ ശ്രമങ്ങളും വിഫലമായപ്പോഴാണ് നേർച്ചപ്പെട്ടി ലക്ഷ്യമിട്ടത്. പതിവില്ലാത്ത ഒരു ഭീതി അയാളെ മഥിക്കുന്നുണ്ടായിരുന്നു. ആരും കാണാതിരിക്കാൻ, ഒരുറപ്പിന്, ആ അസമയത്ത് അയാളൊരു നേർച്ച നേർന്നു.
പെട്ടിയിൽ നിന്ന് കിട്ടിയതിന്റെ പത്തു ശതമാനം പെട്ടിയിൽ തന്നെയിടും…!
നേർച്ചയുടെ ഫലം കൊണ്ടോ എന്തോ. ഓപ്പറേഷൻ സക്‌സസ്സ്! നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി കൃത്യം പത്തു ശതമാനം പെട്ടിയിൽ തന്നെയിട്ട് അയാൾ വാക്കു പാലിച്ചു.
നാടുണരും മുമ്പേ, അയാൾ വീട്ടിലെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുന്നു. മോൾ മാത്രം ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുന്നുണ്ട്.
Generated from archived content: story1_may14_11.html Author: usman_iringattiri