ഹിറാ സ്‌ട്രീറ്റിൽ ഒരു വെളുപ്പാൻ കാലത്ത്‌

വെളിച്ചം കണ്ണു തിരുമ്മി എഴുന്നേറ്റു വരുന്നേയുള്ളൂ. വേപ്പു മരങ്ങൾ ഉറക്കച്ചടവ്‌ വിട്ടു മാറാതെ, പുതിയ ഒരു ദിവസത്തിന്റെ ഉന്മേഷത്തിലേക്ക്‌ കൺതുറന്നു നില്‌പു തുടങ്ങിയിട്ടുണ്ട്‌. ഇരുട്ട്‌ പടിയിറങ്ങിപ്പോയതറിയാതെ, സ്‌ട്രീറ്റ്‌ ലൈറ്റുകൾ വെറുതെ ചിരിച്ചുകൊണ്ടിരിക്കുകയാണ്‌. ചവറ്റുകൊട്ടക്കരികിൽ സമൃദ്ധി കടിച്ചീമ്പി വലിച്ചെറിഞ്ഞ കോഴിക്കാലുകളിൽ നിന്ന്‌, ശേഷിച്ച ഇറച്ചിനാരുകൾ കടിച്ചു കുടഞ്ഞ്‌, ചിരി തുടക്കുന്നു ഏതാനും പൂച്ചകുട്ടുകൾ. ‘ഖുമാമ’പ്പെട്ടിയിലേക്ക്‌ തലയിട്ട്‌ ഇന്നലെത്തെ വിഴുപ്പിൽ നിന്ന്‌ ഇന്നത്തെ പകൽ ചികയുകയാണ്‌ പാറക്കറുപ്പുള്ള പാവം ഒരമ്മ. പിറകിൽ കുറുകെക്കെട്ടിയ അമ്മത്തൊട്ടിലിൽ പരിസരം മറന്ന്‌ ഉറങ്ങുന്ന ചുരുണ്ട മുടിയുള്ള കാർവർണ്ണൻ കുട്ടി.

സുഭിക്ഷതയുടെ എണ്ണപ്പാടങ്ങളിൽ നാട്ടിലെപ്പോലെ പാവങ്ങൾ ഉണ്ടാവില്ലെന്നായിരുന്നു വിചാരം. വിശപ്പിനും ദാരിദ്ര്യത്തിനും സ്വന്തമായി ഒരു നാടുമില്ലെന്ന തിരിച്ചറിവുണ്ടാകുന്നത്‌ വളരെ വൈകിയാണ്‌.

നിരത്ത്‌ വിജനമാണ്‌. ഇടയക്ക്‌, മടിയനായ കുട്ടി സർക്കാർ സ്‌ക്കൂളിലേക്ക്‌ പോകും പോലെ, ചിണുങ്ങി നീങ്ങുന്ന അപൂർവം ചില വാഹനങ്ങൾ. എ.സി. പ്രവർത്തിക്കുന്നുണ്ട്‌. എന്നിട്ടും ചൂടിന്‌ കുറവൊന്നുമില്ല. കാർ ഇത്തിരി പഴയതാണ്‌. അടുത്ത നാട്ടിൽ പോക്കിന്‌ കിട്ടിയ വിലക്ക്‌ ആർക്കെങ്കിലും കോടുക്കണം. തിരിച്ചു വന്നിട്ട്‌ ചിന്തിക്കാം ബാക്കി കാര്യങ്ങളൊക്കെ. കൂട്ടത്തിൽ രണ്ട്‌ ടയറുകൾ തനി മൊട്ടയായിരിക്കുന്നു. ഒരാൾ മുന്നിലും മറ്റേയാൾ പിന്നിലും. എന്നാണാവോ അവർ പാതിവഴിയിൽ സേവനം മതിയാക്കി ‘റ്റാറ്റാ’ പറയുന്നത്‌. മുമ്പൊരിക്കൽ ഒരു ടയർ പഞ്ചറായതാണ്‌. അന്ന്‌, സ്‌പെയർ ടയർ കൊണ്ട്‌ തത്‌ക്കാലം രക്ഷപ്പെട്ടു. അതിത്‌വരെ അടക്കാൻ കഴിഞ്ഞിട്ടില്ല. ഒരു പുതിയ ടയർ വാങ്ങണമെന്ന്‌ കരുതിയിട്ട്‌ കാലം കുറച്ചായി. എല്ലാം നീട്ടി വെക്കുന്ന ഈ ദുശ്ശീലം കൂടപ്പിറപ്പാണ്‌. എന്നാണാവോ പറ്റെ കുടുങ്ങുക. ഇന്ന്‌ എന്തുകൊണ്ടോ അങ്ങനെയൊരു ചിന്ത വെറുതെ അലട്ടുന്നുണ്ട്‌.

ഉഷ്‌ണക്കാലം അതിന്റെ സർവവിധ ഐശ്വര്യങ്ങളുമായി പൂത്തു നില്‌ക്കുന്ന കാലമാണിത്‌. ഇവിടുത്തെ തണുപ്പിനും ചൂടിനും പ്രത്യേകമായ ഒരു കാർക്കശ്യമാണ്‌. രോമകൂപങ്ങളിൽ സൂചി മുന പോലെ തുളഞ്ഞു കയറുന്ന തണുപ്പ്‌. തിളച്ച വെള്ളം തല വഴി കോരിയൊഴിക്കും പോലെയുള്ള ചൂട്‌. ഋതുഭേദങ്ങളുടെ ഈ വേഷപ്രച്‌ഛന്ന മത്‌സരം എന്തിനാണാവോ എന്ന്‌ പല കുറി ഓർത്തു നോക്കിയിട്ടുണ്ട്‌. ഉത്തരം കിട്ടിയിട്ടില്ല.

നേരത്തെയിറങ്ങിയത്‌ ഇന്നെങ്കിലും അവനെ കാണണം എന്ന നിർബന്ധം കൊണ്ടാണ്‌. അവൻ ജോലിക്കിറങ്ങും മുമ്പ്‌ അവിടെയെത്തണം. ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല.

ഒന്നിച്ചു താമസിക്കുന്ന കാലത്ത്‌, അവന്റെ കഷ്‌ടപ്പാടോർത്ത്‌ സഹതാപത്തിന്റെ പുറത്ത്‌ ഒരു സഹായമാകട്ടെ എന്ന്‌ കരുതി മനസ്സിലിഞ്ഞതാണ്‌. ‘വാങ്ങുന്ന ഒരാവേശം ആർക്കും തിരികെത്തരാനുണ്ടാവില്ല. കടം കൊടുക്കുന്നതോടെ ഒരു ശത്രുവിനെ വിലക്ക്‌ വാങ്ങിക്കുകയാണ്‌’ എന്നൊക്കെ പറഞ്ഞ്‌ പലരും പരമാവധി പിന്തിരിപ്പിക്കാൻ നോക്കിയതാണ്‌. തിരികെ ചോദിക്കാൻ വിളിക്കുമ്പോൾ ഫോണെടുക്കാതെ, കണ്ടുമുട്ടുമ്പോൾ നൂറു കൂട്ടം ഒഴികഴിവുകൾ പറഞ്ഞ്‌, കണ്ടാലും കണ്ടില്ലെന്ന്‌ നടിച്ച്‌ മുങ്ങിക്കളിക്കുന്നവരുടെയും, പോക്കറ്റിലുള്ള കാശ്‌ കൊടുത്ത്‌ അത്‌ തിരികെ കിട്ടാൻ ഭിക്ഷ യാചിക്കേണ്ടിവന്നവരുടെയുമൊക്കെ, ഉള്ളതും ഇല്ലാത്തതുമായ കഥകൾ ഒരു പാടുണ്ട്‌ പറയാൻ എല്ലാവർക്കും.

ചില സന്ദർഭങ്ങളിൽ ‘നോ’ എന്ന്‌ പറയാൻ കഴിഞ്ഞാൽ തന്നെ പല അബദ്‌ധങ്ങളിൽ നിന്നും രക്ഷപ്പെടാനാവുമെന്ന തത്വമൊക്കെ അറിയാമായിരുന്നിട്ടും എന്തോ ‘ഇല്ല’ എന്ന്‌ പറയാൻ കഴിഞ്ഞില്ല….

ഇന്ന്‌ അവസാനത്തെ അവധി പറഞ്ഞതാണ്‌. കഴിയാഞ്ഞത്‌ കൊണ്ടാവും. അവന്റെ അവസ്‌ഥ തനിക്കാണല്ലോ കൂടുതൽ അറിയുക.

ഒരേകദേശ ധാരണ വെച്ചാണ്‌ പോകുന്നത്‌. കാറിപ്പോൾ ഹിറാ സ്‌ട്രീറ്റിലൂടെ അബ്‌ഹൂർ ജനുബിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു. ഇനിയും ഒരു പാട്‌ ഓടാനുണ്ട്‌….. അടുത്തെത്താറാവുമ്പോൾ അവനെ മൊബൈലിൽ വിളിക്കണം.

പുതിയ പകൽ, മേക്കപ്പ്‌ കഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി സുന്ദരിക്കുട്ടിയായി ഇറങ്ങി വരുന്നേയുള്ളൂ. വിഴിയോരങ്ങളിലൊന്നും ആരെയും കാണുന്നില്ല. ഏകാന്തത ഇഷ്‌ടമാണെങ്കിലും ഇത്തരം ഏകാന്തതകൾ ഒരു തരം ഭീതിയുടെ അനുദൈർഘ്യ തരംഗങ്ങളാണ്‌ സൃഷ്‌ടിക്കുക. ചുറ്റും ആൾക്കൂട്ടമുണ്ടാവുമ്പോഴേ തനിച്ചിരിക്കലിന്‌ മധുരമുള്ളൂ… അല്ലാത്തപ്പോൾ ഏകാന്തത ഭീകരമാണ്‌…..

കാതടപ്പിക്കുന്ന ഒരു വലിയ ശബ്‌ദം കേട്ടാണ്‌ ചിന്തക്ക്‌ സഡൻ ബ്രേക്ക്‌ വീണത്‌. കാർ ഒന്ന്‌ വെട്ടി; വലിയ ശബ്‌ദത്തോടെ ഒന്ന്‌ കുലുങ്ങി. പാമ്പിഴയും പോലെ ആകെയൊന്നുലഞ്ഞു. പിന്നെ റോഡിൽ എന്തോ ഉരഞ്ഞതിന്റെ അതി ദയനീയമായ തേങ്ങിക്കരച്ചിൽ….

ബ്രേക്ക്‌ ചവിട്ടാതെ തന്നെ വണ്ടി നിന്നു. ഡോർ തുറന്ന്‌ നോക്കുമ്പോൾ അവന്റെ കാറ്റു പോയിരിക്കുന്നു… മറ്റാരുടേതുമല്ല; പിന്നിലെ മൊട്ടയുടെ.

വരാനിരിക്കുന്ന ഈ ഒരു രംഗത്തിന്റെ റിഹേഴ്‌സലായിരുന്നു അല്‌പം മുമ്പ്‌ മനസ്സിൽ നടന്നിരുന്നത്‌ എന്ന്‌ വല്ലാത്ത ഒരു ആധിയോടെ ഓർത്തു. വിജനമായ ഈ സ്‌ഥലത്ത്‌ ഇങ്ങനെയൊരു അവസ്‌ഥ വരുമെന്ന്‌ ഓർത്തില്ല. ഇനി എന്തു ചെയ്യും? മാറ്റിയിടാനുള്ള ടയറും കാറ്റു പോയതാണല്ലോ പടച്ചോനേ…..

‘വർഷ’കൾ തുറക്കാനിനിയുമുണ്ട്‌ മണിക്കൂറുകൾ… ഈ ‘മഹാനവർകളെ’ കെട്ടി വലിച്ചു കൊണ്ടു പോവാനും വേണ്ടേ അതിനു പറ്റിയ ഒരു വണ്ടി? ടാക്‌സി പിടിച്ച്‌ ടയർ കൊണ്ടു പോയി പഞ്ചറടപ്പിക്കാമായിരുന്നു. അതിന്‌ ഈ കൊച്ചു വെളുപ്പാൻ കാലത്ത്‌ ആരെയാണ്‌ കിട്ടുക? തനിക്കായി ഏത്‌ വർക്ക്‌ഷാപ്പാണിപ്പോൾ തുറന്നിട്ടിരിക്കുക….? അപ്പോൾ, മനസ്സിൽ നിന്ന്‌ ‘കടം’ എന്ന ചിന്ത ഇറങ്ങിപ്പോയി ആ കസേരയിൽ ‘ശകടം’ വന്ന്‌ കാല്‌ കയറ്റി വെച്ച്‌ ഇരിപ്പുറപ്പിച്ചിരിക്കുന്നു…. അങ്ങനെ ചിന്തിച്ചപ്പോൾ ആ സമയത്തും ഉള്ളിൽ ചിരി പൊട്ടി.

ഒന്ന്‌ രണ്ട്‌ കാറുകൾക്ക്‌ നേരെ കൈ നീട്ടി. മുഖത്തേക്കു പോലും നോക്കാതെ അവരൊക്കെ ‘നെവർ മൈന്റി’ന്റെ ആക്‌സിലേറ്ററിൽ ആഞ്ഞു കാൽ വെച്ചു. ‘ഉജ്‌റ’; എന്ന ബോർഡു വെച്ച വല്ല കാറും വരണേ എന്ന്‌ പ്രാർത്ഥിച്ചു കൊണ്ട്‌ നിൽക്കുമ്പോൾ വന്നു ഒന്നു രണ്ടെണ്ണം. രണ്ടിലുമുണ്ട്‌ നേരത്തെ ഇരിപ്പുറപ്പിച്ച യാത്രക്കാർ…

ഒടുവിൽ, ഇനിയെന്ത്‌ ചെയ്യുമെന്നറിയാതെ നിന്ന്‌ വിയർക്കുമ്പോൾ അകലെ നിന്ന്‌ ഒരാൾ നടന്നു വരുന്നത്‌ കണ്ടു. ഒരു മധ്യവയസ്‌ക്കൻ. പ്രഭാത സവാരിക്കിറങ്ങിയ മട്ടും മാതിരിയും വേഷഭൂഷാദികളും ആരോഗ്യ ദൃഢഗാത്രൻ. സുമുഖൻ വെട്ടി വെടിപ്പാക്കി നന്നായി പരിപാലിച്ചു പോരുന്ന തിങ്ങിയ താടി. മുഖത്ത്‌ കാരുണ്യത്തിന്റെ നിറപ്രസാദം. നന്മയുടെ പ്രകാശപ്പൊട്ടുകൾ ലൈവായി സംപ്രേക്ഷണം ചെയ്യുന്ന കണ്ണുകൾ. ഒരു മനുഷ്യനെ കാണുമ്പോഴേക്കും മനസ്സിങ്ങനെ നിറയുന്നോ? ആശ്‌ചര്യം തോന്നി….

ഹൃദയത്തിലിറ്റി വീഴുന്ന അഭിവാദ്യമധുരവുമായി വെളുത്തു തുടുത്ത കരം നീട്ടി. ഒരു ചൂടുള്ള ഹസ്‌തദാനത്തിന്റെ സ്‌നേഹശ്രുതിയെന്നോണംഃ ‘കൈഫൽ ഹാൽ….’? തുളുമ്പി വീണു.

‘എശ്‌ ഫി മുശ്‌കില….? അയ്യു ഖിദ്‌മ യാ മുഹമ്മദ്‌…’?

‘ശുക്‌റൻ…. ഹയ്യാകല്ലാഹ്‌…’ എന്ന ഉപചാര മുഖപ്രാർത്ഥനയോടെ ധർമ്മ സങ്കടം മുഴുവനും ഏതാനും വാചകങ്ങളിലൊതുക്കി അദ്ദേഹത്തെ ധരിപ്പിച്ചു. വല്ല മെക്കാനിക്കൽ പ്രോബ്ലവുമാണ്‌ എന്നാണ്‌ അദ്ദേഹം കരുതിയത്‌ എന്നു തോന്നുന്നു. എക്‌സ്‌ട്രാ ടയറുണ്ടെങ്കിൽ മാറ്റിയിടാൻ സഹായിക്കാമെന്നായി അദ്ദേഹം. ജാള്യതയുടെയും സ്വയം ശപിക്കലിന്റെയും ചമ്മിപ്പോയ കണ്ണുകളുമായി ഉള്ളത്‌ തുറന്നു പറഞ്ഞു…

‘അല്ലാഹുൽ മുസ്‌തആൻ…’

സലാം പറഞ്ഞ്‌ അദ്ദേഹം നടന്നു നീങ്ങി…..

‘അല്ലാഹ്‌ ആ തീകൽ ആഫിയ….’

‘അല്ലാഹ്‌ ആഫീക്‌….’

വീണ്ടും അസ്വസ്‌ഥതയുടെ വിജനമായ തെരുവിലേക്ക്‌ പിന്നെയും പിന്നെയും വാഹനങ്ങൾക്കു നേരെ കൈ കാട്ടി സ്വയം പരിഹാസ്യനായിക്കൊണ്ടിരുന്നു.

ഒരു പത്തു പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞു കാണും. അകലെ നിന്ന്‌ അതിവേഗം ഒരു പക്ഷിയെപ്പോലെ പറന്നു വന്ന ഒരു ലക്ഷ്വറി കാർ തൊട്ടരികിൽ നിശ്ശബ്‌ദതയുടെ ഓരം ചേർന്ന്‌ നിന്നു. കാരിൽ നിന്ന്‌ ശുഭ്ര വസ്‌ത്രത്തിന്റെ കുലീനതയിൽ നിന്ന്‌ ഒരാൾ ഇറങ്ങി വന്ന്‌ സലാം പറഞ്ഞു.

വിസ്‌മയത്തിന്റെ ആകാശക്കണ്ണുകളുമായി ആ മുഖത്തേക്ക്‌ ഒന്നേ നോക്കിയുള്ളു. അതയാൾ തന്നെ! നേരത്തെ വന്ന ആൾ….

ആ കണ്ണുകളിൽ ‘വാഹനമൊന്നും കിട്ടിയില്ല അല്ലേ….’? എന്ന ചോദ്യം വീർപ്പുമുട്ടുന്നുണ്ടായിരുന്നു.

‘ഫദ്ദൽ…. ഇർകബിസ്സയ്യാറ….’

സ്‌റ്റെപ്പിനി ടയർ കാറിന്റെ ഡിക്കിലിട്ട്‌ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ, വില കൂടിയ സുഗന്ധ ലേപനത്തിന്റെ ഊഷ്‌മളത മുറ്റി നില്‌ക്കുന്ന പതുപതുത സ്‌നിഗ്‌ധതയിൽ അദ്ദേഹത്തോടൊപ്പം…..

ഒരു കാര്യം മുമ്പേ തീരുമാനിച്ചിരുന്നു. ഒരു പുതിയ ടയർ വാങ്ങുക തന്നെ. അതദ്ദേഹതോട്‌ തുറന്ന്‌ പറയുകയും ചെയ്‌തു.

‘നേരത്തെ തുറക്കുന്ന ഒരു ’വർഷ‘ എനിക്കറിയാം. നമുക്ക്‌ അങ്ങോട്ട്‌ പോകാം….’ സ്വതസിദ്ധമായ അദ്ദേഹത്തിന്റെ വാക്കുകൾ മനസ്സ്‌ അങ്ങനെ പരിഭാഷപ്പെടുത്തി.

കാർ കുതിച്ചു കൊണ്ടിരുന്നു. ഇപ്പോൾ പുലർകാലത്തിന്റെ ഉറക്കച്ചടവിൽ നിന്ന്‌ തെരുവ്‌ സജീവതയിലേക്ക്‌ ഉണർന്നിരിക്കുന്നു. ഏറെ നേരത്തെ ഓട്ടത്തിനു ശേഷം ഒരു വർഷയുടെ മുമ്പിൽ കാർ നിർത്തി. ശരിയാണ്‌; അത്‌ തുറന്നിരിക്കുന്നു…

ഹൃദയ പൂർവം നന്ദി പ്രകാശിപ്പിച്ച്‌ സലാം പറഞ്ഞ്‌ പിരിയാമെന്നാണ്‌ കരുതിയത്‌. പുതിയ ടയർ വാങ്ങി ഒരു ടാക്‌സി പിടിച്ച്‌ പോകാമെന്നും….

അതിനു മുതിരുമ്പോൾ അതിശയത്തിന്റെ കൊടുമുടിയിൽ പിടിച്ചുയർത്തിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ‘ടയർ വാങ്ങി വരൂ…. ഞാൻ കാറിലിരിക്കാം….’

പഴയ ടയറടർത്തിയടുത്ത്‌ പുതിയത്‌ ഫിറ്റ്‌ചെയ്യാൻ ഏകദേശം അര മണിക്കൂറോളമെടുത്തു. തിരിച്ച്‌ വീണ്ടും അബ്‌ഹൂർ ജനുബിലേക്ക്‌….

ഇസ്‌തിരിയുടെ ചൂട്‌ വിട്ടു പോവാത്ത, മഞ്ഞു തുള്ളിയുടെ വെണ്മ മുറ്റിയ മേൽക്കുപ്പായം മടക്കിക്കുത്തി ടയർ മാറ്റിയിടാൻ സഹായിച്ച്‌ അദ്ദേഹം വീണ്ടും വിസ്‌മയിപ്പിക്കുകതന്നെയായിരുന്നു.

എല്ലാം കഴിഞ്ഞ്‌ കയ്യിൽ പുരണ്ട അഴുക്ക്‌ കഴുകിക്കളയാൻ അത്യാവശ്യം വരുമ്പോൾ ഉപയൊഗിക്കാൻ കാത്തു വെച്ച ‘വാക്കർ കാനി’ൽ നിന്ന്‌ കൈക്കുമ്പിളിലേക്ക്‌ അദ്ദേഹം പകർന്നത്‌ സ്‌നേഹമായിരുന്നോ, കാരുണ്യമായിരുന്നോ, പരോപകാരത്തിന്റെ പരിശുദ്ധമായ സംസം ജലമായിരുന്നോ…..?

അന്നേരം, നന്ദിയുടെയും കടപ്പാടിന്റെയും ഭാരം താങ്ങാനാവാതെ, കുനിഞ്ഞ ശിരസ്സുയർത്തി ആ മുഖത്തേക്ക്‌ നോക്കുമ്പോൾ, അദ്ദേഹം ഒരു ചിരി ചിരിച്ചു. പടച്ചവന്‌ മാത്രമറിയാവുന്ന ഭാഷയായിരുന്നു ആ ചിരിക്ക്‌.

Generated from archived content: story1_july27_10.html Author: usman_iringattiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here