വെന്തുതുടങ്ങിയ
രണ്ടു വറ്റുകളെടുത്ത്
കൈവെള്ളയിൽ വെച്ചപ്പോൾ
അവ മുഖം വെട്ടിച്ച്
കാലത്തിലേക്കു തന്ന പിണങ്ങിപ്പോയി.
തിളച്ചു തൂവിയ വാക്കിന്റെ വക്കിൽ നിന്ന്
വേവിറക്കി വെക്കുമ്പോൾ
വിരൽച്ചുണ്ടുകളിൽ
പൊള്ളൽക്കുത്തേറ്റു.
ചുട്ടുനീറ്റുന്ന കൈ കുടഞ്ഞ്
തണുപ്പ് പരതുമ്പോൾ
ഹോർലിക്‌സ് കുപ്പികൾക്കിടയിൽ മറഞ്ഞിരുന്ന്
തേൻ കുപ്പി കണ്ണിറുക്കിക്കാണിച്ചുഃ
മിണ്ടരുത്.
കറിക്കരിയുമ്പോൾ
പൊള്ളിയ വിരൽ പള്ളയിൽ തന്നെ
കത്തി തട്ടിയപ്പോൾ
അടുക്കളക്കോണിൽ
പേടിച്ചരണ്ട് പതുങ്ങിക്കിടന്നിരുന്ന
വളപ്പൊട്ടുകൾ ചോദിച്ചുഃ
വല്ലാതെ നൊന്തോ…?
Generated from archived content: poem1_octo1_09.html Author: usman_iringattiri