എന്റെ കുപ്പായത്തിന്റെ കൊളുത്തുകൾ
ഓരോന്നോരോന്നായി
അടർത്തി മാറ്റിയപ്പോഴും
വളരെ സൂക്ഷ്‌മതയോടെ
ഞാനണിഞ്ഞിരുന്ന
അടിയുടുപ്പുകൾ
നിഷ്‌കരുണം
പറിച്ചു കീറിയപ്പോഴും
നിധി പോലെ കാത്തു വെച്ചിരുന്ന
എന്റെ കണ്ണ്
കുത്തിപ്പൊട്ടിച്ച്,
എന്നെത്തന്നെ വലിച്ചു കുടിച്ചപ്പോഴും
കൃത്യം രണ്ടു കഷ്‌ണമാക്കി
മുറിച്ച്
ചിരവിയെടുത്തപ്പോഴും
ഇനിയെങ്കിലും
എന്നെ ജീവിക്കാൻ വിടുമെന്ന് കരുതി.
ഒടുവിൽ,
തീ പടർന്നു പിടിച്ച്
ഞാൻ നിലവിളിക്കുമ്പോൾ
അഗ്‌നി ശോഭയിലായിരുന്നു
നിന്റെ കണ്ണ്!
സൂക്ഷിച്ചോണം;
നീയും ഒരു ചിരട്ടയാണ്….!
Generated from archived content: poem1_jun5_10.html Author: usman_iringattiri