അഭയം
കംപ്യൂട്ടറിൽ
സുരക്ഷിതായാണെന്ന് കരുതി
ഒളിച്ചിരുന്ന
ഒരു ഇളമുറക്കാരി കവിത
പേടിച്ചരണ്ട്
ഇറങ്ങിയോടി
എ4 ൽ കേറി വാതിലടക്കുന്നു.
പരിണാമം
കണ്ണാടി നോക്കി
മുഖം മിനുക്കുമ്പോഴുണ്ട്
വാലു മുറിഞ്ഞ ഡാർവിൻ
നാലു കാലിൽ നിന്ന് വെളുക്കെ ചിരിക്കുന്നു.
മാറ്റം
താഴേക്കു വീണ ആപ്പിൾ
കൃത്യം തലമണ്ടയിൽ തന്നെ
പതിച്ചപ്പോഴാണ്
ഗൾഫ് ഗേറ്റിന്
ഒരു പുതിയ ബ്രാഞ്ച് കൂടി തുറന്നത്.
നീല വെളിച്ചം
ഒന്നരമാസം മാത്രം പ്രായമായ
പെൺ പൂവിനെ നോക്കി
2010 നാവുനുണക്കുമ്പോൾ
ഫ്രോയിഡിന്റെ ഒരു ഭീമൻ ചിത്രം
സ്‌ക്രീനിൽ തെളിയുന്നു.
വികസനം
കുന്നുകൾ
നാട്ടിലിറങ്ങിയപ്പോൾ
കാണുന്നത് കോൺക്രീറ്റ് കാടുകൾ
കൺസ്യൂമർ സ്‌റ്റോറുകൾക്ക് മുമ്പിൽ
ക്യൂ നിൽക്കുന്നതാണ്.
റേഞ്ച്
വിരൽത്തുമ്പിൽ
യഥേഷ്‌ടം റേഞ്ചുണ്ടായിട്ടും
അവളിപ്പോഴും
പരിധിയ്‌ക്കു പുറത്താണ്.
പ്ലാസ്‌റ്റിക് സർജറി
സഹിക്ക വയ്യാതെ
രണ്ട് ഹൈഹീൽ ചെരിപ്പുകൾ
പ്ലാസ്‌റ്റിക് സർജറിക്ക്
ഓപ്പറേഷൻ തിയേറ്ററിനു മുമ്പിൽ
കാത്തുകിടക്കുന്നു.
നിലവിളി
ട്രാഫിക് ജാം സമയത്ത്
ലോറിയിൽ
കേറ്റിക്കൊണ്ടു പോവുന്ന
പുഴയും മണലും
കുന്നും മരങ്ങളും
പരസ്‌പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ഒരു ഹർത്താലിന് പോലും വഴി കാണുന്നില്ലല്ലോ ദൈവങ്ങളേ…..
Generated from archived content: poem1_dec6_10.html Author: usman_iringattiri