അമ്മേ പോകയോ…
തമ്മിൽ പറയാത്ത, തീരാത്ത
കാര്യങ്ങൾ ബാക്കിയി-
ട്ടെന്നമ്മ പോകയോ…?
ജനിമൃതികൾ ബന്ധിക്കു-
മിടനാഴിതന്നേതു
തിരിവിലായമ്മനടക്കുന്നു
തിരികെ നോക്കാതൊന്നു
മിണ്ടാതെ, കരയും വിളിക്കൊരു
മറുമൊഴി ചൊല്ലാതെ…?
“എന്തെന്നി”തെന്നുമുഖം
ചേർക്കുമച്ഛനെ,
“അമ്മേ, യമ്മേ”, ശബ്ദമില്ലാതെ
സ്തംഭിക്കുമെന്നേ, ‘യരുതേ,
നിസ്സാരം’! വിലക്കാതെയെന്തേ?
നേരും പുലരുന്നു…
പുകയുമടുക്കളക്കോണിൽ
വിറയ്‌ക്കുന്നു മാറാല-
ഇരുൾ തിന്ന പൈക്കളമറുന്നൂ…
തുളസിത്തറയ്‌ക്കുമേൽ
കരിന്തിരിയി-
ലുറുമ്പു നീളുന്നു.
മച്ചിലെപ്പരദൈവ-
തട്ടകത്തിൽ നേദ്യ-
മീച്ചയാർക്കുന്നൂ-
കദളിക്കുല ചീയുന്നു.
നിറഞ്ഞ പത്തായത്തിന്റെ
താക്കോലു കണ്ടില്ല.
അമ്മേ, ഞാനെന്തു ചെയ്യേണ്ടൂ…
ഇന്നലെച്ചൊല്ലിയ
പാഴ്‌ക്കടും വാക്കിൻ
കടമുണ്ടെനിക്ക്,
മടങ്ങുക; തമ്മിൽ
പറയാത്ത, തീരാത്ത
കാര്യങ്ങൾ ബാക്കിയി-
ട്ടെന്നമ്മ പോകല്ലേ…
Generated from archived content: poem3_june24_07.html Author: ushamenon_kanjiramattom