പുനര്‍വായന

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക്‌ കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ ഉറൂബിന്റെ ‘സര്‍വ്വേക്കല്ല്’ എന്ന കഥ വായിക്കുക.

സര്‍വേക്കല്ല്

കുട്ടപ്പപ്പണിക്കര്‍ കുഞ്ഞിത്തേയിഅമ്മയെ കല്യാണം കഴിച്ചു. കുട്ടപ്പപ്പണിക്കര്‍ക്കു സന്തോഷമായി; കുഞ്ഞിത്തേയിഅമ്മയ്ക്കും സന്തോഷമായി. എല്ലാറ്റിലുമധികം സന്തോഷമായത് കുഞ്ഞിത്തേയിഅമ്മയുടെ അമ്മാമനായ ഈച്ചരന്‍ നായര്‍ക്കാണ്. തറവാടിനോടു കൂറുള്ള ആ കാരണവര്‍ തന്റെ തറവാട്ടിലെ ഏകസന്തതിയായ ആ മരുമകളുടെ വിവാഹത്തെപ്പറ്റി വേവലാതിപ്പെട്ടിരിക്കയായിരുന്നു. കുഞ്ഞിത്തേയിഅമ്മയില്‍ ഒരു പൊടിപ്പുണ്ടായിട്ടുവേണം ആ തറവാടു നിലനില്‍ക്കാന്‍. ഒരു പൂവെടുത്തുപോലും ഏറ്റാതെയാണ് ഈച്ചരന്‍ നായര്‍ അവളെ വളര്‍ത്തിയിട്ടുള്ളത്. അമ്മയും അച്ഛനുമില്ലാത്ത ആ പെണ്‍കിടാവ് അമ്മാമന്റെ തണലില്‍ വളര്‍ന്ന് പതിനെട്ടും കഴിഞ്ഞു പന്തലിച്ചുനില്ക്കുകയാണ്. എങ്ങനെ വേവലാതിപ്പെടാതിരിക്കും.

മക്കളെച്ചൊല്ലി ഈച്ചരന്‍ നായര്‍ ഒരിക്കലും അസ്വസ്ഥനായിട്ടില്ല. ‘അവര് നന്നായാല്‍ അവരുടെ തറവാട്ടേക്ക്’ എന്നാണ് അങ്ങോരുടെ വിശ്വാസം. കുഞ്ഞിത്തേയി പ്രസവിച്ചു കുട്ടികളുണ്ടായി തറവാടു തളരാതെ നില്‍ക്കണേ എന്നാണ് ഈച്ചരന്‍ നായര്‍ നിത്യവും പരദേവതയോടു പ്രാര്‍ത്ഥിച്ചിരുന്നത്. വരാന്‍പോകുന്ന ആ തലമുറയ്ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്കയും പതിവാണ്. കാലത്തെഴുന്നേറ്റു കഞ്ഞിയും മോന്തി കൈക്കോട്ടെടുത്തു ചുമലില്‍ വെച്ചു കണ്ടത്തിലേക്കിറങ്ങിയാല്‍ തിരിച്ചു വരുന്നതു സൂര്യന്‍ തലമറഞ്ഞശേഷമാണ്.

കുളിയും ഊണും കഴിച്ച് ഉമ്മറത്തെ ചാരുപടിമേല്‍ കിടന്നു സ്വല്പം വിശ്രമിക്കും. അപ്പോഴൊക്കെ മരുമകളെപ്പറ്റിയായിരുന്നു ആലോചന. മരുമകളുടെ ഐശ്വര്യത്തെപ്പറ്റിയും ജാതകഗുണത്തെപ്പറ്റിയുമെല്ലാം പ്രസംഗിക്കാറുണ്ടെങ്കിലും അവള്‍ അത്രയ്ക്കൊരു സുന്ദരിയൊന്നുമല്ലെന്ന് ഈച്ചരന്‍ നായരുടെ മനസ്സിന്റെ അടിയില്‍ ബോധ്യമുണ്ട്. അതുകൊണ്ട്, കണ്ടു മോഹിച്ച് ഒരു വര‍ന്‍ വരിക എളുപ്പമല്ല. തേടിത്തിരഞ്ഞു പോകണം. എന്നാല്‍, ഇതു വെട്ടാവേളിയായിട്ട് ആരോടെങ്കിലും പറയാമോ? ഈച്ചരന്‍ നായര്‍ മരുമകള്‍ക്കു ഭര്‍ത്താവിനെ തേടി നടക്കുന്നുവെന്ന് നാട്ടുകാര്‍ പറയുക. ഏയ്, ആ തറവാടിക്ക് അതു വിചാരിക്കാന്‍ വയ്യ.

കുഞ്ഞിത്തേയിയോ? തനിക്കെന്തെങ്കിലുമൊരു നാണ്യക്കുറ്റമുള്ളതായി ആ പെണ്‍കിടാവു കരുതുന്നില്ല. യൗവനത്തിന് ആകാവുന്നിടത്തോളം ചിത്രപ്പണികള്‍ ആ മേനിയില്‍ നടന്നിട്ടുണ്ട്. ഏതു കാട്ടുപൊന്തയേയും പുഞ്ചിരിക്കൊള്ളിക്കുന്ന വസന്തകാലം അവളെ തഴുകിത്തലോടി നില്‍ക്കുന്നു. ചുരുണ്ടിരുണ്ട തലമുടി, എണ്ണപുരണ്ട ഉഴുന്നിന്‍ മണിയുടെ വര്‍ണ്ണം, ചൂണ്ടല്‍കൊളുത്തുപോലെയുള്ള നോട്ടം, ചവിട്ടിത്തിമിര്‍ത്ത നടത്തം, ‘എനിക്കെന്താപ്പൊ’ എന്ന ഭാവം – അവളെ സംബന്ധിച്ചിടത്തോളം എല്ലാം ശരിക്കുശരിയായിരുന്നു. എങ്കിലും ഉച്ചയ്ക്കിരുന്നു കോടിമുണ്ടിനു കോഴിക്കണ്ണടയോളം കുത്തുമ്പോഴോ, അന്തിത്തിരി തിരയ്ക്കുമ്പോഴോ, അവളുടെ ഹൃദയത്തിലും പിരിമുറുകിവരുന്ന ചില വികാരങ്ങള്‍ അടയാളം കുത്താന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍, അവ്യക്തമായ ഒരേകാന്തത അനുഭവപ്പെടുകയും ചെയ്യും.

അന്ന് കുഞ്ഞിത്തേയി കിണറ്റിന്‍ കരെയിരുന്ന് വെങ്കലപ്പാത്രങ്ങള്‍ തേച്ചുവെളുപ്പിക്കുകയായിരുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ പറമ്പിനതിര്‍ത്തിയില്‍ നില്‍ക്കുന്ന സര്‍വേക്കല്ലിന്മേല്‍ ഒരു തലയില്‍ക്കെട്ട്! ഒന്നുകൂടി ഊന്നിനോക്കി: കുട്ടപ്പപ്പണിക്കരാണ്- അങ്ങേ പറമ്പിന്റെ ഉടമസ്ഥന്‍. അവിടെ നടക്കുന്ന കിളയുടെ മേല്‍നോട്ടം വഹിക്കുകയാണ്. കൂടെക്കൂടെ ഓരോ നിര്‍ദ്ദേശവും പുറപ്പെടുവിക്കുന്നുണ്ട്: ‘ചാത്തപ്പാ, വെയില്‍ പാടുതിരിയുമ്പോഴേക്ക് ആ മറി കിളച്ചുകയറണം, കേട്ടോ.’ ഘനഗംഭീരമായ ആ ശബ്ദം ശ്രവണസുഭഗമായിത്തോന്നി, കുഞ്ഞിത്തേയിക്ക്. ഒന്നുകൂടി ഊന്നിനോക്കി. രോമം മുറ്റിവിടര്‍ന്ന മാറിടം, കടഞ്ഞെടുത്തപ്പോലെ നീണ്ട കൈകള്‍, നെടിയ ശരീരം- കുട്ടപ്പപ്പണിക്കര്‍ ഒരു പുരുഷന്‍ തന്നെ. അയാള്‍ എഴുന്നേറ്റു പോയപ്പോള്‍, ആ സര്‍വേക്കല്ല് കതിരരിഞ്ഞ നെല്‍ക്കുറ്റിപോലെ ശൂന്യമായി കുഞ്ഞിത്തേയിക്കു തോന്നി. പിന്നീട് കൂടെക്കൂടെ ആ കല്ലിന്മേലേക്ക് കണ്ണയയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ‘ഇതു പണ്ടേ ഇവിടെ ഉണ്ടായിരുന്നൂ ട്ട്വോ’ എന്നദ്ഭുതപ്പെടുകയും ചെയ്തു.

പിറ്റേന്നു വാതില്‍ തുറന്നപ്പോള്‍ തന്നെ കുഞ്ഞിത്തേയിയുടെ കണ്ണ് പകുതി കിളച്ച ആ കണ്ടത്തിലേക്ക് ഓടിച്ചെന്നു. തന്റെ ഹൃദയംപോലെത്തന്നെയുണ്ട് ആ പറമ്പും! ആ സര്‍വേക്കല്ല് ശൂന്യമായി നില്‍ക്കുന്നു. എങ്ങുനിന്നോ പാറിവന്ന ഒരു വിറവാലന്‍ കിളി ആ കല്ലിന്മേലിരുന്നു രണ്ടു മൂന്നു തവണ കുണുങ്ങി, മറ്റൊരിടത്തേക്ക് പറന്നുപോയി.

കുഞ്ഞിത്തേയിയുടെ കറുത്ത കവിളുകളില്‍ കുറേക്കൂടി എണ്ണമയം വന്നു. കണ്ണുകളില്‍ പുലര്‍കാലപ്രഭ എത്തിനോക്കി. എന്നിട്ടും ഒരാലസ്യം. കാലത്തെഴുന്നേറ്റാല്‍ തിരുതകൃതിയായി ജോലി ചെയ്യാറുള്ള ആ പെകിടാവിന് ഒന്നു കോട്ടുവായിട്ടാലെന്താണ് എന്നൊരു തോന്നല്‍. എന്നിട്ട് ഒരിടത്തു ചാരിക്കിടന്ന് ഓരോന്നങ്ങനെ വിചാരിക്കുക. പക്ഷെ, നിവൃത്തിയില്ല. എല്ലായിടത്തും അവളുടെ കണ്ണെത്തണം. കന്നിനെ നോക്കുന്ന ചെക്കനെ വിളിച്ചു, അടുക്കളക്കാരിയെ ശാസിച്ചു, അടുപ്പിലെ ചാരം വാരി തീപ്പൂട്ടി. കുളിയും കഴിഞ്ഞ് പരദേവതയോട് പ്രാര്‍ത്ഥിച്ചു: ‘എന്നെ സഹായിക്കണേ!’

ഈച്ചരന്‍ നായര്‍ കൈക്കോട്ടും ചുമലില്‍വെച്ചു മേലെ തൊടിയിലേക്കു കയറി. കുഞ്ഞിത്തേയി വീണ്ടും കിളപ്പറമ്പിലേക്കു നോക്കി. പണിക്കാര്‍ നിരന്നുകഴിഞ്ഞു. കിളയ്ക്കലും മറിക്കലും തിരക്ക്. പുതുമണ്ണിന്റെ മാതകമായ പരിമളം. ഭൂമി ഒരമ്മയവാന്‍ ചമഞ്ഞൊരുങ്ങുയാണ്. അവളുടെ കണ്ണുകള്‍ ആ സര്‍ വേക്കല്ലിന്മേലേക്കു പാറിച്ചെന്നു. ആ സര്‍വേക്കല്ലിന്മേല് ഒരു കാലുമെടുത്തുവെച്ചു കുടയും കുത്തി നില്‍ക്കുകയാണ് കുട്ടപ്പപ്പണിക്കര്‍. മരണത്തിനു പിടിക്കൊടുക്കാതെ ഓടിയ മാര്‍ക്കണ്ഡേയന്‍ ചെന്നു കെട്ടിപ്പിടിച്ച ശിവലിംഗത്തിനു പിമ്പില്‍ പ്രത്യക്ഷപ്പെട്ട പരമേശ്വരന്റെ രൂപം കുഞ്ഞിത്തേയിക്ക് ഓര്‍മ്മവന്നു. ആകപ്പാടെ ഒരാശ്വാസം തോന്നി.

പത്തു മണി കഴിഞ്ഞു. പതിനൊന്നായി. പന്ത്രണ്ടും കഴിഞ്ഞു. ആ കൊടും വെയിലത്തും സര്‍വേക്കല്ലില്‍ ചവിട്ടിനില്‍ക്കുകയാണ് കുട്ടപ്പപ്പണിക്കര്‍. കിണറ്റിന്‍കരെ ചെന്നപ്പോള്‍ കുഞ്ഞിത്തേയി അമ്മയ്ക്ക് ഒരാലോചന. പണിക്കരൊരൊ തറവാട്ടികാരനല്ലേ! തങ്ങളുടെ അതിരിന്മേല്‍ വന്ന് ഇത്രയും നേരം നിന്നിട്ടും ഒരൗദാര്യവും കണിക്കാതിരുന്നാലോ? പകുതി കിണറ്റിലേക്കിട്ട പാളയും കയറും വലിച്ചെടുത്തു താഴെയിട്ടു. രണ്ടും കല്പ്പിച്ച് അതിര്‍ക്കല്‍ചെന്ന് ചോദിച്ചു: ‘ദാഹിക്കുന്നുണ്ടോ?’

കുട്ടപ്പപ്പണിക്കര്‍ കുട പൊക്കി തലതിരിച്ചു കുഞ്ഞിത്തേയിയെ ആകെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: ‘അല്പം’.

‘കാപ്പിയോ സംഭാരമോ വേണ്ടത്?’

‘സംഭാരമായാല്‍ ഏറെ നന്ന്. പച്ചവെള്ളമായാലും വിരോധമില്ല.’

അതിന് കുഞ്ഞിത്തേയി മറുപടി പറഞ്ഞില്ല. അവള്‍ ചവിട്ടിക്കുതിച്ച് ഒരു നടത്തം. അഞ്ചുനിമിഷത്തിനുള്ളില്‍ ഒരു കിണ്ടി സംഭാരവുമായി തിരിച്ചുവന്നു. കുട്ടപ്പപ്പണിക്കര്‍ മുരലിലൂടെ വായിലേക്ക് ഒരു വെള്ളച്ചാട്ടം സൃഷ്ടിച്ചുകൊണ്ടങ്ങനെ നില്‍ക്കുമ്പോള്‍, കുഞ്ഞിത്തേയിയുടെ കണ്ണുകള്‍ അയാളുടെ തൊണ്ടയില്‍ മേല്പോട്ടും കീഴ്പോട്ടും പാഞ്ഞുകളിക്കുന്ന മുഴയില്‍ ചുറ്റിപറ്റിനിന്നു. കിണ്ടി തിരിച്ചു കൊടുത്തപ്പോള്‍ അവള്‍ ചോദിച്ചു: ‘മതിയോ?’

‘ഇപ്പൊ മതി.’ കുട്ടപ്പപ്പണിക്കരും പറഞ്ഞു. എന്നിട്ട്, തലയില്‍ക്കെട്ടിയ മുണ്ടഴിച്ചു നാലാക്കി മടക്കി സര്‍വേക്കല്ലിന്മേലിട്ട് അതിനു മീതെ ഇരുപ്പുറപ്പിച്ചു. ആയത്തില്‍ നാല് ഏമ്പക്കവും വിട്ടു.

കിള പിന്നെയും മൂന്നു ദിവസം നീണ്ടുനിന്നു. മൂന്നു ദിവസവും കുട്ടപ്പപ്പണിക്കര്‍ക്കു ദാഹമുണ്ടായി. കുഞ്ഞിത്തേയി സംഭാരം കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. മൂന്നാം ദിവസം അവള്‍ ചോദിച്ചു: ‘എന്തിനാ ഈ സര്‍വേക്കല്ലിന്മേലിരിക്കുന്നത്? ഈ ഉമ്മറത്തു കയറിയിരുന്നാലും കിള നോക്കാന്‍ കഴിയൂലോ.’

‘പക്ഷെ, ഈ സര്‍വേക്കല്ലിന്മേലിരുന്നാല്‍ സുഖം കൂടും. ഇതെന്റെ ഭൂമിയുടെ അതിര്‍ത്തിയാണല്ലോ. അതിര്‍ത്തി വിടാതിരിക്കുന്നത് എപ്പോഴും നല്ലതല്ലേ?’

‘അതേരിക്കും- കുഞ്ഞിത്തേയി അതും പറഞ്ഞ് അടുക്കളയിലേക്കു കയറി. അന്നത്തോടുകൂടി കിള തീര്‍ന്നു. പിറ്റേന്നു പുതുമണ്ണിളകിയ ആ ഭൂമി ഏകാന്തമായി ചുടുനെടുവീര്‍പ്പുകള്‍ വിട്ടു.’

നാലു ദിവസം അങ്ങനെ കഴിഞ്ഞു. അഞ്ചാം ദിവസം കുട്ടപ്പപ്പണിക്കരുടെ മൂത്ത അളിയന്‍ കയറിവന്നു. കുശലപ്രശ്നങ്ങള്‍ക്കു ശേഷം ഈച്ചരന്‍ നായരോടു പറഞ്ഞു: ‘നമ്മുടെ കുട്ടപ്പയ്ക്ക് ഒരു സംബന്ധം വേണത്രേ.’

‘ആ! അതിനൊക്കെ പ്രായമായല്ലോ! എന്നൊരു ഭംഗിവാക്ക് ഈച്ചരന്‍ നായരും തട്ടിവിട്ടു. അതിഥി സ്വരമൊന്നു താഴ്ത്തിയിട്ടു തുടര്‍ന്നു: ‘ഇവിത്തെ കുട്ടിയോടുകൂടിയാല്‍ തരക്കേടില്ല എന്നുണ്ട്.’

ഈച്ചരന്‍ നായരുടെ ഹൃദയത്തില്‍ നിന്ന് ആഹ്ലാദത്തിന്റെ ജ്വാല മേല്പോട്ടു തള്ളിക്കയറി. ഇത്രയും അനായാസമായി ഒരാലോചന വന്നു കയറുമെന്ന് അദ്ദേഹം വിചാരിച്ചില്ല. ‘എനിക്കിതിലും വലിയ ആഹ്ലാദമുണ്ടോ?’ എന്നു പറഞ്ഞു ചാടിയെഴുന്നേറ്റ ഈച്ചരന്‍ നായര്‍ പിന്നെ ശരിക്കുമൊന്നിരുന്നതു കുഞ്ഞിത്തേയിയുടെ കല്യാണം കഴിഞ്ഞിട്ടാണ്. അങ്ങനെയാണ് ആ വിവാഹം നടന്നത്.

കുഞ്ഞിത്തേയിയുടെയും കുട്ടപ്പപ്പണിക്കരുടെയും ദാമ്പത്യം പ്രശാന്തമായിരുന്നു. കാലത്തെഴുന്നേറ്റു പല്ലുതേയ്ക്കാന്‍ കിണറ്റിനടുത്തിരിക്കുമ്പോള്‍ കുഞ്ഞിത്തേയി ചോദിക്കും: ‘ആ സര്‍വേക്കല്ല് കണ്ടോ?’

‘ഉം’- കുട്ടപ്പപ്പണിക്കര്‍ ഒന്നു നീട്ടി മൂളും. ആ സര്‍വേക്കല്ലിന്മേല്‍ കൊത്തിയ അമ്പടയാളം അര്‍ത്ഥവത്തായി അപ്പോഴയാള്‍ക്കു തോന്നി. കുഞ്ഞിത്തേയിയാകട്ടെ ഒരു ശിവലിംഗംപോലെ പരിശുദ്ധിയുള്ളതായി കരുതി ആ കല്ല്.

പല്ലുതേപ്പ് കഴിഞ്ഞ് രണ്ടാം മുണ്ടുമെടുത്ത് ചുമലിലിട്ട് കുട്ടപ്പപ്പണിക്കര്‍ സ്വഗൃഹത്തിലേക്ക് നടക്കുകയും ചെയ്തു.

രണ്ടാമത്തെ കൊല്ലത്തിന്റെ മധ്യത്തില്‍ വെച്ച് കുഞ്ഞിത്തേയി ഒന്നു പ്രസവിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ ഉമ്മറത്തുനിന്നു പരുങ്ങിയിരുന്ന ഈച്ചരന്‍ നായര്‍ അകത്തേക്കു തലനീട്ടി ചോദിച്ചു: ‘എന്താ കുട്ടി?’

‘ആണ്!’

ആണ്‍കുട്ടി പിറന്നാല്‍ മടല്‍തല്ലി ആര്‍പ്പുവിളിക്കണം. ഈച്ചരന്‍ നായര്‍ അരമണിക്കൂര്‍തന്നെ ആര്‍പ്പുവിളിച്ചു. എല്ലാവരോടും നടന്നു പറയുകയും ചെയ്തു: ‘നോക്കിന്‍, നമുക്കൊരു മരുമകനുണ്ടായിരിക്കുന്നു. എന്റെ തറവാട്ടീന്നു കൂമ്പു വന്നു!’

അതില്പിന്നെ ആ മനുഷ്യന്‍ അധികമധികം അദ്ധ്വാനിക്കാന്‍ തുടങ്ങി. മുതിര്‍ന്നുവരുന്ന മരുമകനുവേണ്ടി നാലുകാശ് ഉണ്ടാക്കിവെക്കണം. കുട്ടപ്പപ്പണിക്കര്‍ക്കും വലിയ സന്തോഷം. ഒരച്ഛന് അത്രയും സന്തോഷമുണ്ടാകേണ്ടതില്ലെന്നാണ് ഈച്ചരന്‍ നായരുടെ പക്ഷം. ‘അയാളുടെ തറവാട്ടിലേതല്ലല്ലോ ഈ കുട്ടി….’

കുട്ടിയുടെ പേര്‍വിളിയും ചോറൂണുമെല്ലാം പൊടിപ്പനായി നടന്നു. സ്വതേ പിശുക്കനായ ഈച്ചരന്‍ നായര്‍ മടിശ്ശീലയുടെ കയറ് നല്ലവണ്ണമഴിച്ചു. ചോറൂണ് ഇതിലും ഗംഭീരമാക്കണമെന്നുണ്ടായിരുന്നു ആ അമ്മാവന്. പക്ഷെ, തോരാതെ കൂടിയ മഴ ഒന്നിനും സമ്മതിക്കുന്നില്ല. ചോറൂണു കഴിഞ്ഞിട്ടും മഴ നിന്നില്ല. എന്നല്ല, മഴയെത്തുടര്‍ന്നൊരു വെള്ളപ്പൊക്കവും. മദിച്ച കാളക്കുട്ടനെപ്പോലെ വേള്ളം ഇടവഴികളിലൂടെ കുതിച്ചുപാഞ്ഞു. നാടൊക്കെ വെള്ളത്തിന്നടിയില്‍. ഈച്ചരന്‍ നായര്‍ മാറത്തു കൈവെച്ചു: ‘ഓ! എന്റെ കരിക്കോറപ്പാടം!’

കുട്ടപ്പപ്പണിക്കരും നെടവീര്‍പ്പിട്ടു: ‘ഓ, എന്റെ ചീര വിതച്ചത്!’

കുഞ്ഞിത്തേയിഅമ്മ പറഞ്ഞതിങ്ങനെയാണ്:

‘ഈ ശീതക്കാറ്റ് എന്റെ മോനു ജലദോഷം പിടിപ്പിക്കും.’

മൂന്നു ദിവസം കഴിഞ്ഞിട്ടാണ് വെള്ളമൊഴിഞ്ഞത്. പ്രതീക്ഷിച്ചതെല്ലാം സംഭവിച്ചിരിക്കുന്നു. പച്ചപിടിച്ചുനിന്ന ഭൂമിയാകെ വിളര്‍ത്തു. കരിക്കോറപ്പാടത്തു ചെളിക്കെട്ട്. ചീരക്കണ്ടത്തിലേക്കു മണല്‍ കുത്തിയൊലിച്ചിരിക്കുന്നു. കുഞ്ഞിത്തേയിഅമ്മയുടെ മകന്നു ജലദോഷവും. ഈച്ചരന്‍ നായര്‍ പറമ്പിലാകെ നടന്നുനോക്കി. കിണറ്റിനടുത്തുള്ള സര്‍വേക്കല്ല് കടപുഴകി നീങ്ങിപ്പോയിരിക്കുന്നു. കുഞ്ഞിത്തേയി അമ്മയ്ക്കും അതു കണ്ടപ്പോള്‍ വലിയ വേവലാതിയായി. അന്നുതന്നെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും ചെയ്തു. പിറ്റേന്നു കാലത്തു കുട്ടപ്പപ്പണിക്കരുടെ പണിക്കാര്‍ വന്നു സര്‍വേക്കല്ല് നിവര്‍ത്തിക്കുഴിച്ചിട്ടു. പക്ഷെ, മുന്‍പുണ്ടായിരുന്നേടത്തുനിന്ന് ഒരടി തള്ളിയിട്ടാണു കുഴിച്ചിട്ടത്. ഉച്ചതിരിഞ്ഞപ്പോള്‍ ഈച്ചരന്‍ നായര്‍ ഇതു കണ്ടു. അങ്ങോര്‍ക്കു ശുണഠിവന്നു: ‘എന്താണീ കാണിച്ചത്! സര്‍വേക്കല്ല് എന്റെ പറമ്പിലേക്കു തള്ളി കുഴിച്ചിട്ടിരിക്കുന്നു. ചോദിക്കാന്‍ ഇവിടെ ആണും തൂണുമില്ലാതായിട്ടില്ല. ഉടനെ പണിക്കാരെ വിളിച്ചു മുന്‍പുണ്ടായിരുന്നിടത്തുനിന്ന് ഒരടി അങ്ങോട്ടു തള്ളി കുഴിച്ചിടുവിച്ചു. പിറ്റേന്നുകാലത്തു പല്ലു തേക്കുമ്പോഴാണ് കുട്ടപ്പപ്പണിക്കര്‍ അതു കണ്ടത്. ഒന്നും മിണ്ടിയില്ല. ഉച്ചക്കു പണിക്കാര്‍ വന്ന് സര്‍വ്വേക്കല്ലു പൊരിച്ചെടുത്ത് ഈച്ചരന്‍‍ നായരുടെ ഭൂമിയിലേക്കു മൂന്നടി തള്ളി കുഴിച്ചിട്ടു. ഈച്ചരന്‍ നായര്‍ അടങ്ങുമോ? അങ്ങിനെ, ഉറച്ചു നിന്ന സര്‍വ്വേക്കല്ല് നടക്കാന്‍ തുടങ്ങി. കുഞ്ഞിത്തേയിഅമ്മക്കുവേവലാതിയായി. അമ്മാവനും ഭര്‍ത്താവും തമ്മില്‍ ഒരു വടം വലി നടന്നു കാണാന്‍ അവരാഗ്രഹിച്ചില്ല.

‘ അമ്മാവനോടെന്തിനാ വഴക്കിനു പോണത്?’ കുഞ്ഞിത്തേയി ഭര്‍ത്താവിനോടു ചോദിച്ചു.’

‘അമ്മാമനെന്തിനാ എന്നോടു വഴക്കിനു വരുന്നത്?’ കുട്ടപ്പപ്പണിക്കര്‍ തുടര്‍ന്നു: ‘ എന്റെ ഭൂമി ഒരിഞ്ച് ഞാന്‍ വിടില്ല’.

അവള്‍ തോറ്റു അമ്മാവനെ സമീപിച്ചു. അയാളിം പറയുന്നത് ഒരിഞ്ച് വിടില്ലെന്നു തന്നെയാണ്. ‘ പിന്നല്ലേ എന്റ മര്വോന്‍ വലുതാകുമ്പോഴെക്കും ഭൂമിയൊക്കെ അന്യാധീനപ്പെട്ടാല്‍ പറ്റില്ല. ‘

അന്യാധീനപ്പെടുന്നുണ്ടോ? അവന്റെ അച്ഛന്റെ കയ്യില്‍ തന്നെയല്ലേ? കുഞ്ഞിത്തേയി പതുക്കെ ഒന്നുവാദിച്ചു നോക്കി. ‘എന്ത്’ ഈച്ചരവാരിയര്‍ക്ക് ശുണ്ഠിപിടിച്ചു. ‘കുട്ടപ്പയുടെ കൈയിലായാല്‍ അവന്റെ തറവാട്ടേയ്ക്കോ ങാ’.

വീണ്ടും സര്‍വ്വേക്കല്ലിനു സ്വൈര്യമില്ലാതായി. ഇളക്കലും പറിക്കലും മാറ്റിക്കുഴിച്ചിടലും തന്നെ. ആ വഴക്കു മൂത്തു. സര്‍വ്വേക്കല്ലും പണിക്കാരും തമ്മിലുള്ള ഇടപാടു നിന്നു. അമ്മാമനും മരുമകനും തമ്മിലേറ്റു. കട്ടപ്പപ്പണിക്കരുടെ മകന്നു സ്വത്തുണ്ടാക്കാന്‍ വേണ്ടി കുട്ടപ്പപ്പണിക്കര്‍ക്കെതിരായി ഈച്ചരന്‍ നായര്‍ കൊണ്ടുപിടിച്ചു വാദിച്ചു. തന്റെ മകനു ഭൂമി കൊടുക്കാതെ കഴിക്കാന്‍ കുട്ടപ്പപണിക്കരും തീവ്രമായി യത്നിച്ചു. കുഞ്ഞിതേയിയമ്മ നോക്കി നിന്നു കണ്ണീര്‍ വാര്‍ത്തു. അവരുടെ ഒക്കത്തിരുന്ന കുട്ടിയാകട്ടെ എല്ലാമറിയുന്നവനേപ്പോലെ പൊട്ടിചിരിക്കുകയും ചെയ്തു.

വാശി മൂത്തു കേസ്സായി. ഒന്നാം കോടതി കഴിഞ്ഞു. രണ്ടാം കോടതിയിലെത്തിയപ്പോള്‍ കുന്നിന്‍ പുറത്തെ മരമെല്ലാം മുറിച്ചു വിറ്റ് ഈച്ചരന്‍ നായര്‍ കേസ് നടത്താനുള്ള വക നേടി. കുട്ടപ്പപ്പണിക്കര്‍ക്ക് ഒരു കഷണം ഭൂമി തന്നെ വില്‍ക്കേണ്ടി വന്നു.എന്നിട്ടും ആ രണ്ടു തറവാടികളും ഒഴിഞ്ഞില്ല.

രണ്ടാളും കണ്ടാല്‍ മിണ്ടാതായി. തല തിരിച്ചു നടന്നു കളയും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുട്ടപ്പപ്പണിക്കര്‍ സംബന്ധത്തിനുള്ള വരവും നിര്‍ത്തി. കുഞ്ഞിത്തേയിയമ്മക്കു വേവലാതിയായല്ലോ. പണിക്കരെന്തിനു സംബന്ധം മാറ്റുന്നുവെന്ന് ഈച്ചരന്‍ നായര്‍ക്കു മനസിലായില്ല. മരുമകളെ ചൊല്ലി വ്യവഹാരമില്ലല്ലോ.

മൂന്നു ദിവസം കുഞ്ഞിത്തേയിയമ്മ കാത്തു. വരുന്നില്ല. നാലാം ദിവസവും അവര്‍ ആ സര്‍വ്വേക്കല്ലിന്റെ അടുത്ത് ചെന്നു ഒന്നാട്ടി നോക്കി. ഇളകുന്നുണ്ട്. കുറേ ദിവസമായി ആ കല്ലിനു നിന്നുറക്കാന്‍ സമയം കിട്ടിയിട്ടില്ല. അവര്‍ പണിക്കാരെ വരുത്തി അതാട്ടി പറിപ്പിച്ചു. രണ്ടുപേരും കൂടി താങ്ങിപ്പിടിച്ചു കിണറ്റില്‍ കൊണ്ടുവന്നു നിക്ഷേപിച്ചു. മരുമകനു വേണ്ടി ഈച്ചരന്‍ നായര്‍ ആ കിണറ്റില്‍ വളര്‍ത്തിയ ബ്രഹ്മിത്തെയുകള്‍ അലമാലകളില്‍ കിടന്നു ചാഞ്ചാടി. കുഞ്ഞിത്തേയിയമ്മ തലയുയര്‍ത്തി നോക്കി സര്‍ വ്വേക്കക്കില്ലാത്ത ആ ഭൂമി അവളുടെ ഹൃദയംപോലെത്തന്നെ വിശാലമായി കിടക്കുന്നു. എന്നിട്ടും കിതച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു:

‘ഇതങ്ങട്ട് അവസാനിക്കട്ടെ’

അന്നു വൈകുന്നേരം ഈച്ചരന്‍ നായര്‍ സര്‍വേക്കല്ലു നോക്കി. കാണാനില്ല. പരിഭ്രമമായി. മരുമകളെ വിളിച്ചു ചോദിച്ചു. ‘എവിടെ കുഞ്ഞിത്തേയി, സര്‍വേക്കല്ല്?’

‘എന്റെ നെഞ്ചത്ത്! സ്വല്പം ക്ഷോഭത്തോടെയാണ് കുഞ്ഞിത്തേയി പറഞ്ഞത്: അമ്മാമന്‍ എന്റെ കുട്ടിക്കു സര്‍വേക്കല്ലുണ്ടാക്കിക്കൊടുക്കുവാന്‍ വേണ്ടി അച്ഛനെ കളഞ്ഞു!’

‘അച്ഛനില്ലാഞ്ഞാലും പുലരാം. ഭൂമിയില്ലാഞ്ഞാല്‍ കഴിഞ്ഞുകൂടില്ല.’ കാരണവര്‍ ഓര്‍മ്മപ്പെടുത്തി.

‘ഭൂമിയൊക്കെ കൊടുത്താലും ഒരച്ഛനെ കിട്ടില്ല.’ കുഞ്ഞിത്തേയി വീറോടെ തുടര്‍ന്നു: ‘ശിവനെ! എന്റെ നെഞ്ചത്തുനിന്ന് ഈ സര്‍വേക്കല്ല് ഒന്നെടുത്തു മാറ്റിത്തന്നാല്‍ മതി.’ കുഞ്ഞിത്തേയിയുടെ ആ വാക്കു ഭൂമിയില്‍ ചെന്നുതട്ടി മുഴങ്ങി. ഭൂമിയും അതേറ്റു പറയുന്നതുപോലെ അവള്‍ക്കു തോന്നി.

‘എനിക്കതിന്നു നിവൃത്തിയില്ല.’ കാരണവര്‍ പറഞ്ഞു: ‘എന്റെ തറവാടു ഞാന്‍ നശിപ്പിക്കില്ല.’

‘എന്നാല്‍, ഞാനെന്റെ ജീവന്‍ നശിപ്പിക്കും-‘ കുഞ്ഞിത്തേയി സത്യം ചെയ്തു. ഈച്ചരന്‍ നായര്‍ ഞെട്ടിപ്പോയി. അന്നേവരെ ആ തറവാട്ടില്‍ ഒരു സ്ത്രീയുടെ ശബ്ദം അങ്ങനെ പൊന്തിയിട്ടില്ല. തന്റെ മരുമകളാണോ ഈ സംസാരിച്ചത്? അയാള്‍‍ ആകാശത്തേക്കും ഭൂമിയിലേക്കും ഒന്നു നോക്കി, ചുറ്റും കണ്ണോടിച്ച് ഉമ്മറത്തേക്കു കയറി ചിന്താധീനനായി ഉലാത്തി. ഭൂമിയുടെ ആണിക്കല്ലുകളൊക്കെ ഇളകുന്നോ? ഭൂമി തന്നെ വഴുതിപ്പോകുന്നോ? കാലിന്നടിയില്‍ ശൂന്യതയാണോ? ഇതോടൊപ്പം തന്റെ തറവാടിന്റെ മൂലക്കല്ലുകളും ഇളകിയൊലിച്ചുപോകുന്നുണ്ടോ? ഈച്ചരന്‍ നായര്‍ക്കു കരച്ചില്‍ വന്നു. സന്ധ്യ കഴിയുന്നതു വരെ അയാള്‍ ഉലാത്തിക്കൊണ്ടിരുന്നു. ഒടുവില്‍ മരുമകളെ വിളിച്ചു: ‘കുഞ്ഞിത്തേയീ!’

‘എന്താ അമ്മാമാ?’

‘നോക്ക്, നീ തൂങ്ങിച്ചാവൊന്നും വേണ്ട. ഞാന്‍ കേസ് പിന്‍വലിക്കാം. നിനക്കിഷ്ടമില്ലെങ്കിപ്പിന്നെ അമ്മാമന്‍ കൂട്ടിയാല്‍ ഈ തറവാട്ടിലെ ഒരു സര്‍വേക്കല്ലും ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയില്ല. ഞാന്‍ ഇപ്പൊത്തന്നെ കുട്ടപ്പനെ കാണാം. വ്യസനിക്കേണ്ട ട്ട്വോ.’

Generated from archived content: story1_sep2_11.html Author: uroob

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English