അങ്ങനെ സ്‌കോർ വീണ്ടും തുല്യനിലയിലായി. കളി ഇനി ഒന്നേയെന്നു തുടങ്ങാം. രണ്ടുകൊല്ലം മുമ്പ് ആലുവ തൃക്കുന്നത്തു സെമിനാരിയിൽ വെച്ച് യാക്കോബായ വിഭാഗം പോലീസിന്റെ ചൂടനടി ഇരന്നു വാങ്ങിയപ്പോഴേ ഗുപ്തൻ കരുതിയതാണ് ഓർത്തഡോക്സ് ശിങ്കങ്ങൾ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന്. അവന്മാര് തേങ്ങായുടക്കുമ്പോൾ നമ്മള് ചിരട്ടയെങ്കിലുമുടച്ചില്ലേൽ മോശമല്ലിയോ. ഓർത്തഡോക്‌സുകാർ ഒട്ടും മോശമാക്കിയില്ല. തലസ്ഥാനത്ത് നേരട്ടെത്തിയാണ് അടി വാങ്ങിയത്. അതും സൂപ്പർ ലക്ഷ്വറി കോച്ചുകളിൽ വന്ന്. ഒരിടവകയിൽ നിന്ന് ഒരു വാഹനമെങ്കിലും തിരുവനന്തപുരത്തേക്ക് അയക്കണമെന്നായിരുന്നു പരിശുദ്ധ ബാവയുടെ കൽപന. ഒട്ടും കുറക്കാതെ വിശ്വസ്ത വിനീതർ മഞ്ഞനിക്കരിയിൽ നിന്നും കണ്ടനാട് നിന്നുമൊക്കെ ടൂറിസ്‌റ്റ് ബസിൽ വന്നിറങ്ങി നാട്ടിൽക്കിട്ടാത്ത നല്ല അടി വാങ്ങി തിരിച്ചുപോയി.
അടി വാങ്ങി മടങ്ങിയെന്നു പറയുമ്പോൾ കൊടുത്തകാര്യം പക്ഷെ വിട്ടുപോകരുത്. ഒതുക്കത്തിൽ കിട്ടിയ ഒരു എസ്.ഐ.യെ വേണ്ടവണ്ണം കൈകാര്യം ചെയ്‌താണ് വിശ്വാസികൾ സഹനസമരത്തിന് തുടക്കം കുറിച്ചതെന്നാണ് ഗുപ്തനു ലഭിച്ച വിശ്വാസയോഗ്യമായ വിവരം. കൂട്ടത്തിലൊരുവനു തല്ലുകൊണ്ടാൽ വെറുതെയിരിക്കാൻ പോലീസിനാകില്ല. അടുത്തകാലത്തായി കസ്‌റ്റഡിമരണമൊന്നും ക്രെഡിറ്റിലില്ലാത്തതിന്റെ നാണക്കേട് അവർ അച്ചായൻമാരുടെ പുറത്തുതീർത്തു. കൂട്ടത്തിൽ അച്ചൻമാർക്കും കിട്ടി വേണ്ടത്. ഇപ്പോൾ മനസിലായിക്കാണും തൃക്കുന്നത്തു സെമിനാരിയിലെ കൂട്ടപ്പൊരിച്ചിലിനുശേഷം യാക്കോബായക്കാർ എന്തുകൊണ്ടാണ് സമരപരിപാടികൾ പള്ളി മതിൽക്കെട്ടിനുള്ളിൽ ഒതുക്കി നിർത്തിയിരിക്കുന്നതെന്ന്. പുറത്തിറങ്ങിയാൽ വിവരമറിയും. ലാത്തിക്ക് പള്ളിയെന്നും പട്ടക്കാരനെന്നും നോട്ടമില്ല സുഹൃത്തേ…
പക്ഷെ യാക്കോബായക്കാർക്കു കഴിയാതിരുന്ന ഒരു കാര്യം ഓർത്തഡോക്‌സുകാർക്കു സാധിച്ചു. വേറൊന്നുമല്ല പത്രക്കാർക്കിട്ടും നാലു കൊടുത്തു. കാര്യം ശരി പത്രക്കാർക്കിട്ട് രണ്ട് കൊടുക്കണമെന്ന് കണ്ണും കാതും തുറന്നിരിക്കുന്ന ഏതു മലയാളിക്കും തോന്നാമെങ്കിലും അത്ര എളുപ്പമുള്ള പണിയല്ലിത്. വളരെ റിസ്‌ക്കുള്ള ഏർപ്പാടാണ്. പത്രക്കാരെ തല്ലാനുള്ള ജൻമാവകാശം താവഴിയായി കിട്ടിയിട്ടുള്ള ഭൂമിയിലെ ഏകവിഭാഗം മാർക്‌സിസ്‌റ്റുകാരാണ്. സഖാക്കൾ തല്ലും. അവരുടെ പോലീസും തല്ലും. വർഗബോധമുള്ള ഒരു പത്രക്കാരനും മറുത്തൊരക്ഷരം പറയാറില്ല. ലോകാരംഭം മുതലേയുള്ള ഒരു വഴക്കമാണത്. ചിലപ്പോൾ തല്ലിനു പകരം ചീത്തവിളിയായിരിക്കും. പിതാവിന്റെ സ്ഥാനം ശൂന്യമാണെന്നൊക്കെ പറയും. അതും ക്ഷമിക്കും. കീഴ്‌വഴക്കങ്ങളെ നമ്മൾ മാനിക്കേണ്ടെ.
പക്ഷെ അതുപോലെയല്ല വഴിയെ പോകുന്നവരാരെങ്കിലും തോണ്ടിയാൽ. കളിമാറും. തോണ്ടിയവനും അവന്റെ പാർട്ടിയും വിവരമറിയും. മൂക്കു കൊണ്ട് ‘ക്ഷ’ വരക്കും. ഇന്ത്യൻ ജനാധിപത്യം തന്നെ അപകടത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പത്രങ്ങൾ മുഖപ്രസംഗങ്ങൾ വഴി വായനക്കാരെ അറിയിക്കും. അവസാനം തോണ്ടിയവന്റെ പാർട്ടി തലയിൽ മുണ്ടിട്ടുവന്ന് പത്രക്കാരെ ഒറ്റക്കും കൂട്ടായും കണ്ട് പ്രശ്‌നം പറഞ്ഞുതീർക്കും. അതാണ് അതിന്റെ രീതി. ഇപ്പറഞ്ഞതിൽ സംശയമുള്ളവർക്ക് ഇന്ത്യൻ നാഷണൽ മുസ്ലീം ലീഗ് എന്ന അഖിലേന്ത്യാ പാർട്ടിയുടെ അനുഭവം പരിശോധിക്കാവുന്നതാണ്. അത്രമേൽ വിശിഷ്ട പശുവായി വാണരുളുന്ന പത്രക്കാരെയാണ് അച്ചായൻമാർ അച്ചാലും മുച്ചാലും തല്ലിയത്. വെറുതെ തല്ലുകയായിരുന്നില്ല സ്‌പെൻസർ ജംഗ്‌ഷനിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിനകത്ത് വളഞ്ഞുവെച്ച് തല്ലുകയായിരുന്നു. പള്ളിക്കകം കുർബാന ചൊല്ലാൻ മാത്രമുള്ളതാണെന്നു കരുതുന്ന വിഡ്‌ഢികൾ ശ്രദ്ധിക്കുക. അത് പത്രക്കാരെ തല്ലാൻ കൂടിയാകുന്നു.
എന്തായാലും തല്ലുകൊണ്ടതിന്റെ ക്ഷീണം പത്രസിംഹങ്ങൾ പിറ്റേന്നു രാവിലെ തീർത്തു. തലസ്ഥാനത്ത് തെരുവുയുദ്ധമെന്നാണ് ഏതെണ്ടെല്ലാ മാധ്യമങ്ങളും അച്ചു നിരത്തിയത്. മദ്യലഹരിയിൽ കാല് നിലത്തുറക്കാതെ നഗരമധ്യത്തിൽ അഴിഞ്ഞാടിയ സമരക്കാരിൽ ചിലരുടെ സചിത്രവിവരണവും ചില പത്രങ്ങൾ നൽകി. ഒരു പത്രം മാത്രമാണ് ഇക്കാര്യത്തിൽ സംയമനം പാലിച്ചത്. പത്രത്തിന്റെ പേര് ഊഹിക്കാൻ ആരും മെനക്കെടേണ്ട. സമ്മാനമൊന്നുമില്ല. ദേവലോകത്തു നിന്ന് കോട്ടയത്തേക്ക് ഏറെ ദൂരമില്ലെന്ന് ഓരോ സുപ്രഭാതത്തിലും ലക്ഷക്കണക്കിന് മലയാളികൾ അറിയുന്നതാണ്. നിയമസഭാ മാർച്ചിനു നേരെ ലാത്തിച്ചാർജ്ജ് എന്നായിരുന്നു മുത്തശിയുടെ തലക്കെട്ടുതന്നെ. എന്നുവെച്ചാൽ തിരുവനന്തപുരത്തു നടന്നത് ലാത്തിച്ചാർജു മാത്രം. അക്രമമില്ല. സമരമില്ല. സമാധാനപരമായി പ്രാർത്ഥനാസമരം നയിച്ചിരുന്ന സമരക്കാർക്കു നേരെ പോലീസ് അഴിഞ്ഞാടി. വാർത്തയിലുടനീളം പോലീസ് ഭീകരതയുടെ കരളലിയിക്കുന്ന വിവരണം. പരിക്കേറ്റവരുടെ പൂർണ്ണമായ പട്ടിക. പക്ഷേ വാർത്തയിലെ ഒരു വാചകം മാത്രം ഗുപ്തനെ കുഴക്കിക്കളഞ്ഞു. സംഗതി ഇങ്ങനെയാണ്. “ഒരു സ്വകാര്യബസും മൂന്നു സർക്കാർ കാറുകളും അക്രമത്തിൽ തകർന്നു”. അക്രമമോ? ലാത്തിച്ചാർജ്ജ് മാത്രമല്ലേ നടന്നത്. ഒരുപക്ഷേ തെറ്റി അച്ചടിച്ചതാവാം. കാറുകൾ തകർന്നത് ലാത്തിച്ചാർജ്ജിലാകാനാണ് എല്ലാ സാധ്യതയും. കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ എന്തും സാധ്യമല്ലേ. പിന്നെയാണോ മൂന്ന് അംബാസഡർ കാറുകൾ ലാത്തിച്ചാർജ്ജിൽ തകർക്കാൻ.
എന്തായാലും യാക്കോബായ ഓർത്തഡോക്‌സ് പൊറാട്ടു നാടകം അടുത്തെങ്ങും തീരുമെന്ന് പ്രതീക്ഷിക്കുന്നവർ വിഡ്‌ഢികൾ. അവസാന പള്ളിയും പൂട്ടുന്നതുവരെ അതു തുടരും എന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ വിവരം. കൂടുതൽ നയനമോഹന കാഴ്‌ചകൾക്കായി വിളക്കിൽ എണ്ണയൊഴിച്ച് ഉറങ്ങാതെ കാത്തിരിപ്പിൻ. അവർ ഏതു നിമിഷവും വരാം.
കുഷ്‌ഠമാണ്….പക്ഷേ…
മലയാള സാംസ്‌കാരിക ലോകത്തെ നിലവിലെ പ്രധാന പ്രശ്‌നം കുഷ്‌ഠമാണെന്നാണ് ഗുപ്തന്റെ പക്ഷം. ചുമ്മാ പറയുന്നതല്ല. വിവരമുള്ളവർ പറയുന്നത് കേട്ട് പറയുന്നതാണ്. നമ്മുടെ സാംസ്‌കാരിക നായകൻമാരിൽ എന്തുകൊണ്ടും തലപ്പൊക്കം കൂടുതലുള്ള സാക്ഷാൽ വെള്ളാപ്പള്ളി നടേശനാണ് കുഷ്‌ഠത്തെ വീണ്ടും മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവന്നിരിക്കുന്നത്. വെറുതെ കാടടച്ച് വെടിവെക്കുകയല്ല വെള്ളാപ്പള്ളി. കൃത്യമായി കുഷ്‌ഠരോഗിയെ പേരെടുത്ത് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അദ്ദേഹം. ഇന്നത്തെ സാഹചര്യത്തിൽ വെള്ളാപ്പള്ളി ആരെയെങ്കിലും കുഷ്‌ഠരോഗിയെന്നു വിളിക്കുകയാണെങ്കിൽ അത് നാരായണപ്പണിക്കരെയാകാനാണ് എല്ലാ സാധ്യതയുമെന്നേ സാധാരാണക്കാർ കരുതൂ. പക്ഷെ പണിക്കരുചേട്ടനല്ല അതിനുള്ള ഭാഗ്യമുണ്ടായത്. ആർക്കും ഓടിക്കയറാൻ പാകത്തിൽ ഒരു ചാഞ്ഞമരം സാംസ്‌കാരിക കേരളത്തിൽ മൂത്ത് ഉണങ്ങി നിൽപ്പുണ്ടല്ലോ. സുകുമാർ അഴീക്കോട്. ഗർജ്ജിക്കുന്ന സിംഹം. അഴീക്കോടിനാണ് വെള്ളാപ്പള്ളി കുഷ്‌ഠരോഗി ബിരുദം സമ്മാനിച്ചിരിക്കുന്നത്.
കുഷ്‌ഠം എന്ന രോഗത്തിന്റെ അനന്ത സാധ്യതകൾ പരിശോധിക്കുമ്പോഴേ വെള്ളാപ്പള്ളിയുടെ കാഞ്ഞബുദ്ധിയുടെ ആഴം മനസിലാകൂ. രോഗിയെ ഒറ്റപ്പെടുത്താമെന്നാണ് അതിൽ ഏറ്റവും പ്രധാനം. ഇക്കാര്യത്തിൽ നമ്മുടെ എയിഡ്‌സിന്റെ വെല്ല്യേട്ടനായി വരും കുഷ്‌ഠം. കുഷ്‌ഠരോഗിയെ ആരും തൊടാറില്ല; അടുത്തിരിക്കാറില്ല; സഹവസിക്കാറില്ല. പൊതുപരിപാടികളിൽ നിന്നെല്ലാം കുഷ്‌ഠരോഗിയെ അകറ്റി നിർത്തും. എന്നുവച്ചാൽ ഒരു ടോട്ടൽബാൻ. പ്രഖ്യാപിത കുഷ്‌ഠരോഗിയായാൽ അഴീക്കോടിന്റെ അടുപ്പ് പൂട്ടിപ്പോകും. കുഷ്‌ഠരോഗിയെ ആരെങ്കിലും പ്രസംഗിക്കാൻ ക്ഷണിക്കുമോ? ദിവസം ഒരു പ്രസംഗമെങ്കിലും നടത്താതെ അഴീക്കോടിന് ജീവിക്കാനാകുമോ? അവസാനം ഒരു വേദിയും കിട്ടാതെ പല്ലുകൊഴിഞ്ഞ സിംഹമായി മാറിയ അഴീക്കോട് വെള്ളാപ്പള്ളിയുടെ അടുത്തെത്തി സമസ്താപരാധങ്ങൾക്കും മാപ്പിരക്കും. അതോടെ വെള്ളാപ്പള്ളി അടുത്ത പ്രസ്‌താവനയിറക്കും. അഴീക്കോടിന്റെ കുഷ്‌ഠം മാറി. അതോടെ അഴീക്കോട് വീണ്ടും ജനകീയനാകുന്നു. പ്രാസംഗീകനാകുന്നു. പക്ഷേ ഒരു വ്യത്യാസം മാത്രം. കണിച്ചുകുളങ്ങരയിലെ കരുണാമയനെതിരെ മാത്രം പ്രസംഗമില്ല. ആ വിഷയം പോർട്ട് ഫോളിയോയിൽ നിന്നും ഔട്ട്. എങ്ങനുണ്ട് വെള്ളാപ്പള്ളിയുടെ ബുദ്ധി?
ഈ തന്ത്രം ഇനിയും പലർക്കുമെതിരെ പ്രയോഗിക്കാവുന്നതാണ്. പതിവായി ശല്യം ചെയ്യുന്ന മൂന്ന് ‘സു’മാർക്കുമെതിരെ ഇത് പ്രായോഗിക്കാം. മൂന്ന് ‘സു’ എന്നുപറഞ്ഞാൽ സുധാകരൻ, സുധീരൻ, സുകുമാരപിള്ള എന്നിവർ. മൂന്നിനും കുഷ്‌ഠമാണ് എന്നൊരു കാച്ചുകാച്ചും. അതോടെ മൂന്നുപേരും ഫ്ലാറ്റ്. പണിക്കരുചേട്ടൻ ഒരു കുഷഠരോഗിയെ അസിസ്‌റ്റന്റ് സെക്രട്ടറിയായി കൂടെ കൊണ്ടുനടക്കുമോ? ഒരു കുഷ്‌ഠരോഗി മന്ത്രിസഭയിലുണ്ടെന്നറിഞ്ഞാൽ വി.എസിനല്ലേ അതിന്റെ നാണക്കേട്. സുധീരനെ പുതിയ കമാൻഡറാക്കിയാണത്രേ ആന്റണി ദൽഹിയിലിരുന്ന് പുതിയ കളി കളിക്കുന്നത്. ആ കളിയും പൂട്ടും. മൂന്ന് ‘സു’മാരും ഏറ്റവും കുറഞ്ഞത് തെണ്ടിപ്പോകും.
അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക. കുഷ്‌ഠം പോലെ ഇനിയും ഏറെ അസ്‌ത്രങ്ങൾ വെള്ളാപ്പള്ളിയുടെ ആവനാഴിയിലുണ്ട്. വെറുതെ അതൊക്കെ പുറത്തിറക്കാൻ നിർബന്ധിക്കരുത്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പലരുടേയും പൊതുജീവിതം അതോടെ തീരും. പിന്നെ കിടന്ന് കരഞ്ഞിട്ട് കാര്യമുണ്ടാവില്ല. അഴീക്കോട് ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കണം. ഈ അവതാരത്തെ പിടിച്ചാൽ കിട്ടില്ല.
Generated from archived content: humour_feb19_07.html Author: upaguptan