കുളം കലക്കി പരുന്തിനു കൊടുത്തു എന്നു പറഞ്ഞാൽ മതിയല്ലോ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഴിമതി – ക്ഷമിക്കണം – ക്രമക്കേട് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെയാണ് ഹൈക്കോടതി നിയമിച്ചിരിക്കുന്നത്. രണ്ടു മുൻ ജഡ്‌ജിമാരും ഒരു മുൻ സി.ബി.ഐ. ഓഫീസറും. ആറുമാസത്തെ അന്വേഷണമൊക്കെ കഴിയുമ്പോൾ ബോർഡിൽ ആരെങ്കിലും അമ്പുകൊളളാതെ ബാക്കിയുണ്ടാകുമോയെന്നാണ് അറിയേണ്ടത്. ഇതാണ് ഈ ഭൂരിപക്ഷജനതയുടെ ഒരു ഗതികേട്. ഏതെങ്കിലുമൊരു പളളിയുടേയോ മഹല്ലിന്റെയോ വരവു ചെലവു കണക്കുകളിലേക്ക് എന്നെങ്കിലും കോടതി ഇടപെട്ടിട്ടുണ്ടോ? ഇടപെടാൻ ധൈര്യമുണ്ടോ. ദേവസ്വം കാര്യമാകുമ്പോ കോടതിയായി, വിജിലൻസ് അന്വേഷണമായി, പുക്കാറായി.
ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് സാക്ഷാൽ വെളളാപ്പളളി നടേശൻ വിശാല ഹിന്ദു ഐക്യമെന്ന മുദ്രാവാക്യവുമായി മൂന്നുകൊല്ലം മുൻപ് രംഗത്തുവന്നത്. വിശാല ഐക്യത്തിനു സാമ്പിൾ വെടിക്കെട്ടായി നായരീഴവ ഐക്യവും തട്ടിക്കൂട്ടി. പക്ഷെ രാമർ പെട്രോളിന്റെ അവസ്ഥയായി നടേശഗുരുവിന്റെ ഈ കണ്ടുപിടുത്തം. ആരോ കണ്ണുവെച്ചപോലെ നായരീഴവ ഐക്യം പൊട്ടി. ആരും കണ്ണുവെച്ചിട്ടല്ലെന്നും പലരും പലതിലും കയ്യ് വെച്ചിട്ടാണ് ഐക്യം പൊളിഞ്ഞതെന്നും ഉപശാല മണത്തു നടക്കുന്ന ചില ദോഷൈകദൃക്കുകൾ അന്നേ പറഞ്ഞിരുന്നു. പക്ഷെ സത്യമതല്ല. ന്യൂനപക്ഷത്തിന്റെ പീഡനമനുഭവിക്കുന്ന ഹിന്ദുസമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിനുളള ആദ്യപടിയാണ് നായരീഴവ ഐക്യമെന്ന് മനസ്സിലാക്കാനുളള ദീർഘവീക്ഷണം പി.കെ.നാരായണപ്പണിക്കർക്കില്ലാതെ പോയി. അല്ലെങ്കിലും എ.കെ.ആന്റണിയെയും പി.സുകുമാരൻ നായരെയുമൊഴിച്ച് മറ്റെല്ലാത്തിനേയും സമദൂരത്തിൽ കാണുന്നതാണല്ലോ പണിക്കരാശാന്റെ സ്വഭാവം.
ഇതൊന്നും പോരാഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അഴിമതി.. സ്വജനപക്ഷപാതം എന്നൊക്കെപ്പറഞ്ഞ് സർക്കാറിന് പരാതിയും നൽകി. നമ്മുടെ കുട്ടികളല്ലേ രാമൻനായരും, എം.ബി.ശ്രീകുമാറും, പുനലൂർ മധുവുമെല്ലാം. എന്തെങ്കിലും കുസൃതി കാട്ടിയാൽത്തന്നെ ക്ഷമിച്ചുകളയാനേ ഉണ്ടായിരുന്നുളളൂ. ആരോപണമെന്തൊക്കെയാണ്. ശർക്കര ഇടപാടിൽ 25ലക്ഷം വെട്ടിച്ചു. 25 ലക്ഷമേ…. കണിച്ചുകുളങ്ങരയിൽ 5 സെന്റ് കിട്ടില്ല. 25 ലക്ഷത്തിന്. ഇതാ പറയുന്നത് കാശുകണ്ടു വളരണമെന്ന്. മദ്യക്കച്ചവടം നടത്തിയിട്ടാണെങ്കിലും കാശുകണ്ടു പൂതി തീർന്നവർക്ക് 25 ലക്ഷമൊന്നും അത്ര വലുതായി തോന്നില്ല. ഇനിയിപ്പോ എന്തുപറയാൻ. കോടതി നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തട്ടെ. അതുവരെ മന്ത്രി സുധാകരനെയും മറ്റും തോണ്ടിക്കളിക്കാൻ നിൽക്കണ്ട. പലതും ക്ഷമിക്കേണ്ടിവരും. എന്തു ചെയ്യാൻ. സാമൂഹ്യ നീതി എന്ന ലക്ഷ്യത്തിനു വേണ്ടി ഇനിയുമെന്തെല്ലാം സഹിക്കാൻ കിടക്കുന്നു.
* * * * * * * *
സദ്ദാം ഹുസൈൻ ഒരു മഹാനാണെന്ന് പലരും നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും പാവം ഉപഗുപ്‌തന് അതു തിരിഞ്ഞത് സദ്ദാമിന്റെ മരണശേഷമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സാമ്രാജ്യത്വവിരുദ്ധ ആഗോള പ്രസ്ഥാനത്തിന്റെ ആസ്ഥാനം നമ്മുടെ കൊച്ചു കേരളമായിരുന്നില്ലേ. അമേരിക്കയുടെ അധിനിവേശ നയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ നേതൃത്വം ഹ്യൂഗോ ഷാവേസിൽ നിന്നും അഹ്‌മദി നജാദിൽ നിന്നും നമ്മുടെ സ്വന്തം പിണറായി വിജയനും രമേശ് ചെന്നിത്തലയും ഏറ്റെടുത്തു. ഇതെഴുതുന്നതുവരെ തിരിച്ചുകൊടുത്തിട്ടുമില്ല. അമേരിക്കൻ സാമ്രാജ്യത്വ ഹുങ്കിനെ വിറപ്പിക്കുന്ന എന്തെന്തു പ്രകടനങ്ങളാണ് ഇവിടെ നടന്നത്. അതിൽ ഏറ്റവും പ്രധാനം ഫോർട്ടുകൊച്ചി കാർണിവലിന്റെ ഭാഗമായി നടക്കാറുളള ബൈക്ക്‌റേസ് ഇക്കുറി വേണ്ടെന്നു വെച്ചതാണ്. ഇക്കാര്യമറിഞ്ഞ് ബുഷ് നാണിച്ചുപോയിക്കാണും. മലയാളിപ്പിള്ളേർ തട്ടിക്കൂട്ടു ബൈക്കുകളിൽ കടപ്പുറത്തെ പുഴിമണ്ണ് പറത്തി ഓടിച്ചുപോകുന്നതുകാണാൻ സ്വിറ്റ്‌സർലാന്റിൽ നിന്നും നെതർലാന്റ്‌സിൽ നിന്നും വണ്ടിക്കൂലി മുടക്കി വന്ന സായിപ്പും മദാമ്മയുമൊക്കെ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ തിരിച്ചുപോവുകയും ചെയ്‌തു. സാമ്രാജ്യത്വത്തിന് ഇതിലും കനത്ത ഒരടി എങ്ങനെ കൊടുക്കാൻ.
സദ്ദാം വധം അറിഞ്ഞയുടൻ സി.പി.എമ്മും, കോൺഗ്രസും ഒരേ സമയം ഹർത്താൽ പ്രഖ്യാപിച്ചതാണ അതിലും ശ്രദ്ധേയം. കൃത്യം മൂന്നുമണി മുതൽ ആറുമണിവരെ. മൂന്നുമണിക്കൂർ സ്വിച്ചിട്ടപോലെ കേരളം നിശ്ചലമാകുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസുകൾ മൂന്നുമണിയ്‌ക്ക് കൃത്യം നിറുത്തിയിടുന്നു. ആളുകൾ അവരവരിരിക്കുന്ന സീറ്റുകളിൽ അനങ്ങാതെയിരിക്കുന്നു. ചെറുപ്പത്തിൽ ‘മരപ്പാവ’ പറഞ്ഞു കളിച്ചിട്ടുളളവർക്ക് സംഭവം വളരെ എളുപ്പമായിരുന്നു. ഓപ്പറേഷൻ തീയറ്ററുകളിൽ, പെട്രോൾ പമ്പുകളിൽ എന്നുവേണ്ട എല്ലായിടത്തും കാലത്തെ നിശ്‌ചലമാക്കുന്ന മഹനീയവിദ്യ.
എന്തായാലും കീരിയും പാമ്പും പോലെ കഴിയുന്ന കേരളത്തിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും മതസംഘടനാ നേതാക്കളെയും ഒരു കാര്യത്തിന് ഒരുമിച്ചണിനിർത്തനായായാൽ സദ്ദാമിന് അഭിമാനിക്കാം. റെഡ്‌ഫ്ലാഗ് വരെ ഇക്കാര്യത്തിൽ സി.പി.എമ്മിനൊപ്പമുണ്ടായിരുന്നു എന്നു പറഞ്ഞാൽ എല്ലാമായി. പിന്നെ ബി.ജെ.പി. ഇടംതിരിഞ്ഞുനിന്നത്. അവരല്ലെങ്കിലുമങ്ങിനെയാണ്. ഒരു നല്ല കാര്യത്തിനു വിളിച്ചാൽ അവരെ കിട്ടില്ല. വോട്ടുവിൽപനയൊഴിച്ച് വേറൊന്നും വൃത്തിയായി ചെയ്യാനറിയാത്ത ഇങ്ങനെയൊരു പാർട്ടി ഭൂമി മലയാളത്തിൽ നിലനിൽക്കുന്നതാണൽഭുതം.
* * * * * * * *
എ.കെ.ആന്റണി പ്രതിരോധമന്ത്രിയായാൽ സൈനികരുടെ ആത്മവീര്യം ചോർന്നുപോകുമെന്ന് വിലപിച്ചവർക്ക് ഒരു കിടിലൻ മറുപടി കൊൽക്കത്തയിൽ നിന്ന്. പോരാട്ടവീര്യം തലക്കുപിടിച്ച ഒരു സംഘം സൈനികർ പോലീസ്‌റ്റേഷൻ ആക്രമിച്ചാണ് തങ്ങളുടെ നയം വ്യക്തമാക്കിയത്. വളരെ ക്രൂരവും പൈശാചികവുമായ ആക്രമണം. പുതുവർഷരാത്രിയിൽ മദ്യപിച്ച് മദോന്മത്തരായി സ്‌ത്രീകളെ കയറിപ്പിടിച്ച രണ്ടു ജവാന്മാരെ പോലീസ് പിടികൂടിയതാണ് പ്രകോപനകാരണം. മൂന്നാം മദ്രാസ് റെജിമെന്റിലെ ഒരു സംഘം സൈനികർ പുലർച്ചെ സ്‌റ്റേഷൻ ആക്രമിച്ച് സഹപ്രവർത്തകരെ മോചിപ്പിച്ചു. സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കണക്കിനു കിട്ടിയെന്നാണ് വിവരം. സംഗതി പക്ഷേ ലളിതമായെടുക്കാൻ പോലീസ് മേധാവികൾ തയ്യാറായിട്ടില്ല. സൈന്യത്തിന്റെ അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് കൊൽക്കത്ത പോലീസ് ചീഫ് പ്രവൂൺ ബാനർജി (ക്രിക്കറ്റ് ബോർഡ് ഫെയിം) പ്രസ്താവിച്ചിട്ടുണ്ട്. കാരണം ലളിതം. നേരിട്ടന്വേഷിക്കാൻ പോലീസിന് വകുപ്പില്ല. ഇത്തരം നിസ്സാര കുറ്റകൃത്യങ്ങൾ സൈന്യം തന്നെ അന്വേഷിക്കാനാണ് ആർമി ആക്‌റ്റിൽ വകുപ്പ്. പട്ടാളക്കാരുടെ കൈ വാങ്ങിച്ച പോലീസ് ഏമാൻമാർക്ക് ഇനി മുറിവും നോക്കി നെടുവീർപ്പിടാമെന്നു ചുരുക്കം. ചുമ്മാ ഇടി കൊളളുന്നതിന്റെ ഒരു സുഖം പോലീസും അറിയട്ടെ എന്നേ ഉപഗുപ്‌തനു തോന്നുന്നുളളൂ. മൂന്നാം മദ്രാസ് റെജിമെന്റിന്റെ ഒരു ക്യാമ്പ് കേരളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് വായനക്കാരിൽ ചിലരെങ്കിലും കരുതുന്നുണ്ടാകും.
Generated from archived content: humour1_jan05_07.html Author: upaguptan
Click this button or press Ctrl+G to toggle between Malayalam and English