(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. ശ്രീ യു പി ജയരാജിന്റെ‘ സാഹസികനായ എക്സും ഞാനും ’ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം)
ഞാന്‍ ഒരു വിപ്ലവകാരിയാണ്. എക്സ് ഒരു സാഹസികനും.
ജീവിതത്തിലും സമരത്തിലും അതുകൊണ്ടുതന്നെ ഞാന്‍ എന്നും വിജയിക്കുന്നു. നിസ്സംശയമായും എക്സ് എന്നും പരാജയപ്പെടുന്നു.
ഓരോ തിരിച്ചടിയില്‍നിന്നും ഞാന്‍ പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പിന്നീടൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു; കൗതുകം കൊണ്ട് അഗ്നിനാളം തൊട്ടു നോക്കി കൈപൊള്ളിയ കുട്ടിയെപ്പോലെ. പക്ഷേ, സാഹസികനായ എക്സ് മഴപ്പാറ്റകളെപ്പോലെയാണ്. പതിനായിരം പേര്‍ അഗ്നിജ്വാലകളേറ്റ് കരിഞ്ഞാലും പതിനായിരത്തൊന്നാമന്‍ വിളക്കു കെടുത്തുമല്ലോ എന്നാണവന്റെ വങ്കന്‍ ന്യായം. അതിനാല്‍ സാഹസികനായ എക്സ് മര്‍ക്കടമുഷ്ടിയോടെ പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു; ചെയ്തതുതന്നെ വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നു.
ഞാന്‍ ഒരു ബുദ്ധിശാലിയാണ്. സാഹസികനായ എക്സ് ഒരു തിരുമണ്ടനും. ജനങ്ങള്‍ക്ക് ഇക്കാര്യം നന്നായി മനസ്സിലാവുന്നുണ്ട് എന്നതിന് ഓരോ സൂര്യോദയവും സാക്ഷിയാണ്. ഞാന്‍ തെരുവിലിറങ്ങുമ്പോള്‍ ജനങ്ങള്‍ വിശേഷവിധിയായി ഒന്നുമില്ലാതെ നടന്നുപോവുന്നു. പോലീസുകാര്‍ തലയില്‍നിന്ന് തൊപ്പിയെടുത്തുവീശി എന്നെ അഭിവാദ്യം ചെയ്യുന്നു. ചൂഷകനായ മുതലാളിയും ഭൂവുടമയും ഉള്ളില്‍ നിറഞ്ഞ ഭയം ചിരിയാക്കി മുഖത്തു വരുത്തി എന്നെ ക്ഷണിച്ചിരുത്തി സ്നേഹത്തോടെ സത്കരിക്കുന്നു. ആകെപ്പാടെ എന്റെ സാമീപ്യത്തില്‍ ജീവിതം ഡോണ്‍നദിപോലെ ശാന്തമായൊഴുകുന്നു.
എന്നാല്‍ സാഹസികനായ എക്സ് തെരുവില്‍ പ്രത്യക്ഷപ്പെടുമ്പോഴാവട്ടെ ആകാംക്ഷാഭരിതരായ വിക്ഷുബ്ധതയോടെ ജനം ഒന്നടങ്കം വിജൃംഭിച്ചു പോവുന്നു. പോലീസുകാര്‍ പരിഭ്രാന്തരായി നാലുചുറ്റും ഓടുന്നു. ചൂഷകരെങ്കിലും ജനാധിപത്യവാദികളായ മുതലാളിയും ഭൂവുടമയും പെട്ടെന്ന് മോഹാലസ്യപ്പെടുന്നു. ആകെപ്പാടെ ജീവിതം താറുമാറാകുന്ന പ്രതീതി ഉണ്ടാകുന്നു.
സാഹസികനായ എക്സ് അങ്ങനെ ഭയം വിതയ്ക്കുന്നു.
ഞാന്‍ അനുഭവങ്ങളില്‍നിന്നു പഠിക്കുന്നു. എന്നിട്ടും തത്ത്വസംഹിതകള്‍ സദാ തിരുത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ, സാഹസികനായ എക്സിനു തത്ത്വസംഹിതകള്‍ തിരുത്താനുള്ള ബുദ്ധിയോ സാമര്‍ത്ഥ്യമോ ആത്മധൈര്യമോ ഇല്ല. അതുകൊണ്ട് അവനെന്നെ തിരുത്തല്‍വാദിയെന്നു വിളിക്കുന്നു. എന്നിട്ടു മലകിളക്കുന്ന ഏതോ വിഡ്ഢിക്കിഴവന്റെ പൊടിക്കഥയും പറഞ്ഞുകൊണ്ട് അവന്‍ ഊരുചുറ്റുന്നു. സോവിയറ്റ് യൂണിയനിലും ചൈനയിലും ഓരോ കൃഷിക്കാരനും ഓരോ ട്രാക്ടറുള്ളതുകാരണം ഇന്നാരും മല കിളക്കുന്നില്ല എന്ന കാര്യം കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം.
ഞാന്‍ ഒരു ദേശീയവാദിയാകുന്നു. സാഹസികനായ എക്സ് ഒരു ദേശീയവിരുദ്ധനും. ഹിംസകൊണ്ട് ആക്രമിക്കുന്നവരെ അഹിംസകൊണ്ട് നേരിടണമെന്നു പറഞ്ഞ ദേശീയ നേതവിനെ അതുകൊണ്ടുതന്നെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. സാഹസികനായ എക്സ് ആവട്ടെ കാക്കക്കാലിനു ചുവട്ടിലെ പ്രതിമകളുടെ ശിരസ്സുകള്‍ ഛേദിക്കുന്നു. അങ്ങനെ ജനങ്ങള്‍ക്ക് അവരുടെ ദൈവങ്ങളെ നഷ്ടമാക്കുന്നു. ചോദ്യം ചെയ്യാന്‍ അവരെ പഠിപ്പിക്കുന്നു. ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുവാന്‍ അവരെ ഉപദേശിക്കുന്നു. അങ്ങനെ സാഹസികനായ എക്സ് ജനങ്ങളെ ദേശീയവിരുദ്ധരാക്കുന്നു.
ഞാന്‍ ഒരു കരുത്തനാകുന്നു സാഹസികനായ എക്സ് ഒരു അശുവും. അതുകൊണ്ട് അരോഗദൃഢഗാത്രനായ എന്നെ കാണുമ്പോള്‍ അവനു കുശുമ്പു മൂക്കുന്നു. അവന്റെ എല്ലു പൊങ്ങിയ ശരീരത്തില്‍ ആകെപ്പാടെ ഒരു പ്രാവിന്റെ ഇറച്ചിയേ ഉള്ളൂ. എങ്കിലും അംഗഭംഗം വന്ന ശരീരം ഒരു വലിയ നേട്ടംപോലെ സാഹസികനായ എക്സ് വെളിയില്‍ പ്രദര്‍ശിപ്പിക്കുന്നു. സൗന്ദര്യബോധമുള്ള ജനങ്ങള്‍ (എന്റെ തീട്ടൂരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാപരസ്യങ്ങളിലെ കോമളന്‍മാരാണല്ലൊ അവരുടെ ഇഷ്ടനായകന്മാര്‍) അവനെ ഒരു കോമാളിയായി കരുതുന്നതോര്‍ത്തു ഞാന്‍ വാപൊത്തി ചിരിക്കുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് വിളഭൂമികള്‍ കയ്യേറി കളവുനടത്തുമ്പോള്‍ തൊണ്ടിയോടെ പിടിക്കപ്പെട്ട മലമ്പണ്ടാരങ്ങളുടെ കൈകള്‍ നീതിപാലകര്‍ വെട്ടാനോങ്ങിയപ്പോള്‍ സാഹസികനായ എക്സ് പോയി തടുത്തു. അവന്റെ വലതുകൈ അങ്ങനെ നഷ്ടപ്പെട്ടു. അവന്‍ ചോരയില്‍കിടന്നു പിടയ്ക്കുകയായിരന്നപ്പോള്‍ ഞാന്‍ മലമ്പണ്ടാരങ്ങളെ നയിച്ചുകൊണ്ട് പട്ടണത്തില്‍ ഒരു വലിയ പ്രകടനം നടത്തി. മാലോകര്‍ എന്റെ നേതൃത്വത്തെ വാനോളം പുകഴ്ത്തിപ്പറയുന്നതു കേട്ടു. അവന്‍ കാട്ടുമുക്കില്‍ കിടന്നു പല്ലുഞെരിക്കുന്നതറിഞ്ഞു ഞാനോ അടക്കിച്ചിരിച്ചു.
ഞാനെന്നും ജനങ്ങളെ നയിക്കുന്നു. പക്ഷേ, സാഹസികനായ എക്സ് ആവട്ടെ എന്നും ജനങ്ങളാല്‍ നയിക്കപ്പെടുന്നു. തിരുമണ്ടനാകയാല്‍ സാഹസികനായ എക്സ് ഒരിക്കലും ഒന്നും പഠിക്കുന്നില്ല. അവന്റെ പറച്ചില്‍ കേട്ടാല്‍ തോന്നുക ജനങ്ങള്‍ വലിയ ബുദ്ധിശാലികളും എപ്പോഴും ശരി ചെയ്യുന്നവരുമാണെന്നാണ്. ശുദ്ധഭോഷ്ക് എന്നല്ലാതെ എന്തു പറയാന്‍. അത്രയുമാണെങ്കിലും വേണ്ടില്ലായിരുന്നു. അവന്‍ ജനങ്ങളെ ആപത്കരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. എന്നിട്ട് എന്റെ നെറ്റി വിയര്‍ക്കുന്നതു കണ്ടു കൈകൊട്ടി ചിരിക്കുന്നു. അങ്ങനെ വിപ്ലവത്തെ തുരങ്കം വയ്ക്കുന്നു.
അവന്റെ കുരുത്തംകെട്ട ന്യയങ്ങള്‍ നോക്കുവിന്‍. ഒരു വിപ്ലവപ്പാര്‍ട്ടിയില്‍ കലാപത്തിന്റെ കാലത്ത്, ആദ്യം അടിയേല്‍ക്കുക അതിന്റെ നായകനായിരിക്കുമത്രെ. എന്നിട്ട് ജേതാവിന്റെ ഭാവത്തില്‍ അവന്‍ കൈ അറ്റുപോയപ്പോള്‍ തോളില്‍ വളര്‍ന്ന വികൃതമായ മുഴ പ്രദര്‍ശിപ്പിക്കുന്നു. കഴിഞ്ഞ കലാപത്തിന്റെ കാലത്ത് അഞ്ചു നദികള്‍ക്കും അഞ്ചു ഗുഹകള്‍ക്കുമപ്പുറത്തുള്ള രഹസ്യഹര്‍മ്മത്തില്‍ സുഖലോലുപനായി കഴിയുകയും ഞങ്ങള്‍ കലാപത്തില്‍പെട്ടു മരിച്ചു വീഴുകയും; ഇതെന്ത് നീതി? അവര്‍ ചോദിച്ചു. കുരുത്തംകെട്ടവന്മാര്‍ പാതിവഴിക്ക് പല്ലക്ക് താഴെയിറക്കുമോ എന്ന് ഞാനാദ്യം ഭയന്നു. ഒരുവിധം അവരെ അനുനയിപ്പിച്ചു ലക്ഷ്യം പൂകി. പിന്നീടു പാര്‍ട്ടി അച്ചടക്കത്തെ ചോദ്യം ചെയ്തതിന് അവരെ രണ്ടുപേരെയും പ്രസ്ഥാനത്തില്‍നിന്നു പുറന്തള്ളി.
ഞാനെന്നും ജനങ്ങളുടെ കൂടെ ജീവിക്കുന്നു; സാഹസികനായ എക്സ് ആവട്ടെ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നു. വിപ്ലവവിരുദ്ധദുഷ്പ്രചരണങ്ങള്‍ നടത്തി എനിക്കു ജീവിതം അസാദ്ധ്യമാക്കുന്നു. നോക്കുക: ഗ്രാമപ്രദേശത്ത് ഒരു പുരപ്പുറത്ത് കയറിനിന്ന് അവന്‍ പ്രസംഗിച്ചുവത്രെ: ജനങ്ങള്‍ക്കു ജനാധിപത്യവും ജനങ്ങളുടെ ചൂഷകരുടെ മേല്‍ ഏകാധിപത്യവും ചൂഷകരുടെ മേല്‍ ഏകാധിപത്യവും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലനിര്‍ത്താത്ത ഒരു പാര്‍ട്ടിയും വിപ്ലവപ്പാര്‍ട്ടിയല്ല. ഗ്രാമങ്ങളില്‍ പാര്‍ട്ടിഫണ്ടിന് ധനം ശേഖരിക്കാന്‍പോയ എന്റെ അനുയായികള്‍ ദുഷ്ടന്റെ പ്രചരണത്തില്‍ കുടുങ്ങി. അവര്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനുവേണ്ടി രാവും പകലും എന്നെ ശല്യപ്പെടുത്തി. ഒടുവില്‍ ഒരു പരീക്ഷണമെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി മനസ്സില്ലാമനസ്സോടെ സംശയങ്ങള്‍ ഉന്നയിക്കുവാന്‍ അനുവാദം നല്‍കി.
ഞങ്ങളെ ഗുണ്ടകളെവിട്ട് തല്ലിച്ചതച്ച വ്യവസായപ്രമുഖന്റെ വീട്ടില്‍ അന്നേ ദിവസം വൈകുന്നേരം സഖാവ് വിരുന്നിന് പോയത് ശരിതന്നെയോ? ഞാന്‍ ഒരു വിറയലോടെ ജനക്കൂട്ടത്തിന്റെ നടുവില്‍ നിന്നും കൂണുപോലെ മുളച്ചു വന്ന് ചോദ്യം ചെയ്തവനെ നോക്കി. നിലന്തകരപോലെ മെലിഞ്ഞ ഒരുത്തന്‍! ഞങ്ങളോടു ഭൗതീകവാതത്തില്‍ വിഹ്വാനം ചെയ്യാന്‍ ആഹ്വാനം ചെയ്തശേഷം സഖാവ് സ്വകാര്യമായി ഭാര്യയെ പഴനി മല ചവിട്ടാന്‍ കൊണ്ടുപോയത് സത്യസന്ധതയ്ക്ക് നിരക്കുന്നതാണോ? എന്റെ മുഖം ചുവന്നു. കണ്ടാല്‍ കാസരോഗിയെപ്പോലിരിക്കുന്ന ഇവനൊക്കെ സംസാരിക്കുമ്പോള്‍ ചുമക്കുമെന്നറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നില്ലല്ലൊ. സഹായ സഹകരണസംഘത്തില്‍ നിന്നും ഭീമമായ തുകകള്‍ തട്ടിയെടുത്തു സംഘത്തെ നശിപ്പിച്ചവര്‍ ഇപ്പോഴും പ്രസ്ഥാനത്തില്‍ തന്നെ തുടരുന്നു. കേവലം ഒരു സഹായ സഹകരണസംഘം ശരിയായി നടത്താന്‍ കഴിവില്ലാത്ത നമുക്ക് വിപ്ലവാനന്തരകാലത്തെ രാഷ്ട്രത്തിന്റെ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ എങ്ങെനെയാണ് സഖാവേ, കഴിയുക? ഉനൗഫ്,ഞാന്‍ ചോദിച്ചവന്റെ മുഖം കണ്ടില്ല. ചോദ്യം തന്നെ കേട്ടില്ല.ഒന്നാം സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ തന്ന ഒരു ഫയല്‍ ഗാഢഗാഢം പരിശോധിക്കുകയായിരുന്നു. നമ്മള്‍ സമരസഖാക്കള്‍,ജീവന്‍ പോലും ബലികൊടുത്ത് പരസ്പരം സംരക്ഷിക്കേണ്ടവര്‍, ഇനിയുമൊരുത്തന്റെ ചോദ്യമാണ്. പക്ഷെ സഖാവിന് പട്ടുമെത്തയും ഞങ്ങള്‍ക്ക് കീറപ്പായും. സഖാവിന് ഒന്നാം പന്തിയും ഞങ്ങള്‍ക്ക് സര്‍വ്വാണിയും. സഖാവിന്റെ മക്കള്‍ ഇംഗ്ലീഷ് പള്ളിക്കൂടത്തിലും ഞങ്ങളുടെ മക്കള്‍ പിക്കറ്റ് ചെയ്യാനും. ഇതെന്തു നീതി. വര്‍ഗ്ഗവ്യത്യാസം പ്രസ്ഥാനത്തിനകത്തുപോലും എന്തുകൊണ്ടു നിലനില്‍ക്കുന്നു?
അവസാനം ചുമച്ചു ശബ്ദം ശരിയാക്കിക്കൊണ്ടു ഞാന്‍ പറഞ്ഞു: ഇവിടെ ഇപ്പോള്‍ ഉന്നയിച്ച ചോദ്യങ്ങളത്രയും വിപ്ലവവിരുദ്ധ ചിന്താഗതിയില്‍നിന്നുടലെടുത്തവയാണ്. മൂലധനത്തിന്റെ അറുന്നൂറ്റി എഴുപത്തഞ്ചാം പേജില്‍ രണ്ടാം ഖണ്ഡികയില്‍ മാര്‍ക്സ് ഈ പ്രവണതയെ ഭര്‍ത്സിച്ചിരിക്കുന്നത് നിങ്ങള്‍ വായിച്ചു കാണില്ല. നമ്മുടേത് ഒരു വിപ്ലവപാര്‍ട്ടിയാണ്. വിപ്ലവപാര്‍ട്ടിയില്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ത്യാഗസമ്പന്നരെയാണ് ആവശ്യം. നിങ്ങള്‍ക്കു പോകാം. തെറ്റായ ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ തങ്ങളുടെ പെരുമാറ്റം വിശദീകരിച്ചുകൊണ്ട് അതാത് ഡിസ്ട്രിക്ട് സെക്രട്ടറിക്ക് ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അച്ചറ്റക്ക നടപടി വേണമോ വേണ്ടയോ എന്നു പിന്നീടു തീരുമാനിക്കും. യോഗം പിരിച്ചു വിട്ടിരിക്കുന്നു.
സാഹസികനായ എക്സിന്റെ കുല്‍സിതപ്രവര്‍ത്തനങ്ങള്‍ ഇവിടെയും അവസാനിക്കുന്നില്ല. ചാവും എന്നു പറഞ്ഞ് അവന്‍ ചത്തു കാണിക്കുന്നു. കൊല്ലും എന്ന് പറഞ്ഞ് അവന്‍ കൊന്നുകാണിക്കുന്നു. പറയുന്നതു പ്രവര്‍ത്തിക്കുന്നവരെ മരണംപോലെ ഭയപ്പെടുന്ന എനിക്ക് ശരീരമാകെ കുളിരു കോരുന്നു.
ഒരാശ്വാസമേയുള്ളൂ. ഞാനെന്നും സ്വകാര്യമായി അഭിപ്രായപ്പെട്ടിരുന്ന അതേ വസ്തുത. ഇവിടെ ഒരിക്കലും ഒന്നും സംഭവിക്കുകയില്ല. ഒരു ചുക്കും സംഭവിക്കുകയില്ല. ഞാനും എന്റെ കാലശേഷം എന്റെ അനുയായികളുമായി കാര്യങ്ങള്‍ ഇതേ മട്ടില്‍ത്തന്നെ നീങ്ങിക്കൊള്ളും. സമരം ചെയ്യാന്‍ ചൂഷകരും പിക്കറ്റ് ചെയ്യാന്‍ ഗേറ്റുകളും പ്രകടനം സംഘടിപ്പിക്കാന്‍ ജനങ്ങളും എന്നെന്നും നിലനില്‍ക്കുമെന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നല്ല കോണ്‍ക്രീറ്റില്‍ നാടൊട്ടുക്ക് കെട്ടിയുയര്‍ത്തിയിരിക്കുന്ന നമ്മുടെ രക്തസാക്ഷിമണ്ഡപങ്ങളും സ്മാരകമന്ദിരങ്ങളും പാര്‍ട്ടിക്കെട്ടിടങ്ങളും നീന്തല്‍ക്കുളങ്ങളും ഉദ്യാനങ്ങളുമൊക്കെ അനശ്വരമായിരിക്കും.
സാഹസികനായ എക്സ് ആവട്ടെ, ഇയ്യാംപാറ്റകളെപ്പോലെ ഇങ്ങനെ ജനിച്ചുകൊണ്ടും ചത്തുകൊണ്ടും ഇരിക്കും. അവനുവേണ്ടി ഒരു സ്മാരകമന്ദിരം കൂടി ഉയരുകയില്ല. ഒരു ജീവിറ്റ്യും അവനെ ഓര്‍മ്മിക്കുകയില്ല. ലെനിന്‍ എവിടെയോ ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ സാഹസികനായ എക്സ്… അല്ല, ഇതെന്താ ദൂരെ ആരവം കേള്‍ക്കുന്നുവല്ലൊ. എന്ത്, കലാപം ആരംഭിച്ചു കഴിഞ്ഞു എന്നോ?അവനാണ് നേതൃത്വം കൊടുക്കുന്നത് എന്നോ? മാര്‍ക്സേ, നീയും ചതിച്ചോ? ഞാനിത്രയൊക്കെ തിരുത്തിയിട്ടും ഒടുവില്‍ അവസാനവാക്ക് നിന്റേതുതന്നെ ആയിരിക്കുമെന്നോ? ആരവിടെ പല്ലക്ക്. പല്ലക്ക്….
Generated from archived content: story1_sep22_12.html Author: up_jayaraj