കോടി യുഗങ്ങൾക്കുമപ്പുറമോ
പരിണാമചരിത്രം തുടങ്ങും നിമിഷമോ
ആദിമധ്യാന്തരഹിതമാം കാലമേ
ഏതൊരു ബിന്ദുവിൽ വന്നുപിറന്നു ഞാൻ!
“ജന്മദുഃഖം ജരാദുഃഖം
ജായാദുഃഖം പുനഃപുനഃ”
എത്രയുഗസന്ധ്യചിത്രം വരച്ചതാ-
ണിപ്രപഞ്ചത്തിൻ വിഹായസ്സിലെങ്കിലും,
രൂപഭാവങ്ങളനന്തമാണെങ്കിലും,
ചാരുവർണങ്ങൾക്കു മാറ്റമില്ലെങ്കിലും,
നിൻ ചിറകിൻ തുമ്പിലേറിച്ചരിച്ചവർ,
നിന്റെ പുല്ലാംകുഴൽ നാദം ശ്രവിച്ചവർ,
സങ്കല്പലോകം, വിരമിച്ചു സായൂജ്യ-
രംഗത്തു നർത്തനമാടാൻ കൊതിച്ചവർ,
സ്വപ്നങ്ങൾകൊണ്ടു നിരാശകൾ നെയ്‌തവർ,
സ്വന്തം മനസ്സിനെ ഒറ്റുകൊടുത്തവർ.
കാറ്റു വിതച്ചു കൊടുംകാറ്റു കൊയ്തവർ…
നീളുകയാണു പരമ്പര പിന്നെയും!
പിച്ചവച്ചിത്തിരുമുറ്റത്തു നിന്നുകൊ-
ണ്ടെത്തിനോക്കീടട്ടെ നിൻ ദൃശ്യഭംഗികൾ!
ഈ മണിമേടയും ചാരു വസന്തവും
ഹേമന്തരാത്രിയും താരാനികരവും
പൂന്തിങ്കളും ഇളംതെന്നലും തുമ്പിയും
കാവ്യമായ് ചിത്രമായ് മുന്നിൽ തെളിയുന്നു.
ഏഴാം കടലിന്റെയുളളിലെ ചിപ്പിയിൽ
തൂമണിമുത്തായ്, കിനാവിന്റെ ചില്ലയിൽ-
ആദ്യം വിടരും പ്രസൂനമായ്, ആതിര-
രാവിൽപൊഴിയും കുളിർമഞ്ഞു തുളളിയായ്,
മാദകമോഹന നർത്തനമാടുന്ന
മായാമയൂരമായാനന്ദമൂർത്തിയായ്,
ഓതുകയാണിതാ പിന്നെയും പിന്നെയും
“ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”!
പുത്തനുടുപ്പുകളെത്രയണിഞ്ഞതാ-
ണെത്രസത്രങ്ങളിൽ പാർത്തതാ-
ണജ്ഞാതചിത്തങ്ങൾ തേടിയലഞ്ഞതാ-
ണാത്മബന്ധത്തിൻ താമരത്തേൻ നുകർന്നിന്നലെ!
വാക്കുകളില്ലെൻ നിഘണ്ടുവിൽ ജീവിത-
വ്യാഖ്യാനശൈലിതന്നർത്ഥം ഗ്രഹിക്കുവാൻ!
താരും തളിരും തരംചേർന്നു നില്‌ക്കുന്ന
താവളം തേടിയാണീയാത്ര; എത്രയോ-
കാതം നടക്കണം; രാത്രിയണഞ്ഞുവോ!
“തമസോമ ജ്യോതിർഗമയ”
അന്തരാത്മാവിനെ ബന്ധിച്ചു നിർത്തുവാൻ
വെമ്പുകയാണുഞ്ഞാൻ; എങ്ങുമിണങ്ങാത്ത കണ്ണികൾ!
അന്ധകാരാവൃതചിന്തകൾ!
പൊന്തുമപസ്വരം!
തിങ്ങുമഹന്തയും പൊങ്ങച്ചശൃംഗവും!
ആർക്കുമറിയാത്തിടങ്ങളിലൂടെയീ
പോർക്കളം തന്നിലണഞ്ഞതുമെന്തിനോ!
അമ്പുകൾ തീർന്നുവോ ഈ ആവനാഴിയിൽ!
നൊമ്പരമേറുകയാണ്; പത്മവ്യൂഹ-
മെങ്ങനെ ഭേദിക്കുമീ യുദ്ധഭൂമിയിൽ!
പാനപാത്രത്തിൽ നിറയുന്നു കയ്‌പുനീർ!
പാഴ്‌മുളം തണ്ടായ്, പഴമ്പാണനാരുടെ-
പാട്ടായി, നന്തുണിതൻ ശോകഗീതമായ്,
ആന്മഹർഷത്തിന്നമൃതം നിറച്ചുളെളാ-
രായിരം ഹേമകമണ്ഡലുപേറി ഞാൻ
പഞ്ചാഗ്നിമധ്യത്തിൽനിന്നു തപം ചെയ്‌തു
പഞ്ചാക്ഷരി മന്ത്രമേറെയുരുവിട്ടു.
ബുദ്ധനായ്, കൃഷ്ണനായ്, ക്രിസ്തുവായ്, നബിയായി,
സത്യമായ്, ശാശ്വതശാന്തിതൻ ദൂതുമായ്
ജന്മാന്തരങ്ങൾതൻ ഗർഭപാത്രങ്ങളിൽ
തങ്ങിയും വീണുമുടഞ്ഞും തുടരുന്നു.
Generated from archived content: poem_janmandaram.html Author: unnithan_ar1
Click this button or press Ctrl+G to toggle between Malayalam and English