നിലാവിൽ സത്യശീലൻ

ഇരുട്ടിനെ തുളച്ചെത്തുന്ന പ്രകാശവൃത്തങ്ങൾ ജീപ്പിന്റേതുമാകാമെന്ന്‌ ഒരു പോലീസുകാരനും പറഞ്ഞുകൊടുക്കാതെ ഏതൊരു കളളനും അറിയാം. വെളിച്ചത്തിന്റെ പരസ്യപ്പെടുത്തലിനു നിന്നു കൊടുക്കാതെ സത്യശീലൻ പടവുകൾ കയറി ആ വെളുത്ത കെട്ടിടത്തിന്റെ വരാന്തയിലേക്ക്‌ പതുങ്ങി. നേരിയ ഒച്ചയോടെ ജീപ്പ്‌ കടന്നുപോയി. നിലാവ്‌ തെളിയാൻ തുടങ്ങിയിരിക്കുന്നു. പോലീസുകാരെപ്പോലെ നിലാവും കളളന്റെ ശത്രുവാണ്‌. ഇനി ഇന്നത്തെ രാത്രി ഒന്നിനും കൊളളില്ലെന്ന്‌ സത്യശീലൻ മനസ്സിലോർത്തു. അയാൾ വരാന്തയിൽ ചാരിയിരുന്ന്‌ ഉറക്കം തൂങ്ങി.

കണ്ണു തുറന്നപ്പോൾ നിലാവുദിച്ചിരുന്നു. നല്ല വെളിച്ചം. എന്തുചെയ്യണമെന്ന്‌ തിട്ടമില്ലാതെ അയാൾ മുറ്റത്തേക്കിറങ്ങി. അവിടെ തൂക്കിയിട്ടിരുന്ന തകര ബോർഡ്‌ ഒരു നിയോഗം പോലെ നെറ്റിയിലേക്ക്‌ ആഞ്ഞിടിച്ചു. പറഞ്ഞുപതം വന്ന ഒരു തെറിയാണ്‌ നാവിൽ വന്നത്‌. ദേഷ്യത്തോടെ അയാൾ ആ ബോർഡിലേക്ക്‌ തുറിച്ചുനോ​‍ാക്കി. നല്ലാനിക്കുന്ന്‌ എൽ.പി.സ്‌കൂൾ. താൻ പഠിച്ച പളളിക്കൂടമാണിതെന്ന ആശ്ചര്യത്തോടെ വീണ്ടും നോക്കിയപ്പോൾ ആ അക്ഷരങ്ങൾ ബോർഡിൽനിന്നിറങ്ങി വന്ന്‌ തനിക്കു ചുറ്റും നൃത്തം വെയ്‌ക്കുന്നതായി അയാൾക്കുതോന്നി. വല്ലാത്തൊരു നിഷ്‌കളങ്കത വർഷങ്ങൾക്കുശേഷം അയാളെ പിടികൂടി.

വരാന്തയിലൂടെ നടക്കുമ്പോൾ അവിടെ വീണുകിടന്ന നിലാവ്‌ വെയിൽ തുണ്ടുകളായി സത്യശീലന്‌ അനുഭവപ്പെട്ടു. അയാൾ നാലാം ക്ലാസ്സിന്റെ മുന്നിലെത്തി. അഴികളില്ലാത്ത ജനലിലൂടെ അകത്തേയ്‌ക്ക്‌ കടന്ന്‌ പിൻബഞ്ചിൽ വീണുകിടന്ന നിലാവിന്റെ സ്ഥലത്ത്‌ അയാൾ ഇരുന്നു; സ്വസ്ഥനായി.

നാലാംക്ലാസ്സിന്റെ അവസാനദിനമായിരുന്നു അത്‌. കൂട്ടുകാരുടെ ചലപില വർത്തമാനങ്ങൾക്ക്‌ കാതു കൊടുക്കാതെ സത്യശീലൻ പിൻബെഞ്ചിലിരുന്ന്‌ ഉറക്കം തൂങ്ങി. ക്ലാസ്സിനെ നിശ്ശബ്‌ദമാക്കിക്കൊണ്ട്‌ സൗദാമിനിടീച്ചർ കടന്നുവന്നു. സത്യശീലൻ പാളിനോക്കി. ഇല്ല, ടീച്ചറിന്റെ കൈയ്യിൽ വടിയില്ല. ആ മുഖത്ത്‌ പതിവില്ലാത്ത ഒരു സൗമ്യത. ടീച്ചർ ഹാജരുപുസ്‌തകം തുറന്ന്‌ പേരുകൾ ഉറക്കെ വായിച്ചു. അന്ന്‌ എല്ലാവരും എത്തിയിരുന്നു. അവസാന ക്ലാസ്സിന്റെ ആമുഖമായി ടീച്ചർ പഠിച്ചുവളരണമെന്നും വലിയ നിലയിലെത്തണമെന്നും അവരെ ഉപദേശിച്ചു. ക്ലാസ്സിൽ വല്ലാത്ത നിശ്ശബ്‌ദത. പിന്നെ സമയം പോക്കാൻ വേണ്ടി ടീച്ചർ എല്ലാവരോടുമായി ഇങ്ങനെയൊരു ചോദ്യം ചോദിച്ചു. ഭാവിയിൽ നിങ്ങൾക്ക്‌ ആരാകണം. മുൻബെഞ്ചുകാർ ഓരോരുത്തരായി എഴുന്നേറ്റുനിന്ന്‌ ഡോക്‌ടർ, എഞ്ചിനീയർ, പൈലറ്റ്‌ എന്നൊക്കെ പറയാൻ തുടങ്ങി. സത്യശീലൻ ചിന്താകുഴപ്പത്തിലായി. ഇങ്ങനെയൊരു ചോദ്യം മുമ്പെങ്ങും മനസ്സിലുണ്ടായിട്ടേയില്ല. കുറെനേരത്തെ ആലോചനയ്‌ക്കിടയിൽ സത്യശീലന്റെ കുരുന്നു മനസ്സിൽ ഒരു ആരാധ്യരൂപം തെളിഞ്ഞുവന്നു. പളളിക്കൂടത്തിലെ ശിപായി കുമാരനെന്ന കുഞ്ഞേട്ടന്റെ രൂപം. കുഞ്ഞേട്ടൻ ബെല്ലടിക്കുകയും ഉപ്പുമാവ്‌ വെയ്‌ക്കുകയും ചെയ്‌തില്ലെങ്കിൽ പളളിക്കൂടത്തിന്റെ സ്ഥിതി എന്താകും? ശിപായി എന്ന വാക്ക്‌ പലവുരു പറഞ്ഞ്‌ മനസ്സിലത്‌ ഉറപ്പിച്ചു. പിൻ ബെഞ്ചുകാരുടെ ഊഴമാണിപ്പോൾ. അടുത്തിരിക്കുന്ന മാത്യുജോർജ്‌ എഴുന്നേറ്റുനിന്ന്‌ പറയുന്നത്‌ സത്യശീലൻ വ്യക്തമായി കേട്ടു. “എനിക്ക്‌ പോലീസുകാരനാകണം.” അടുത്ത ഊഴത്തിൽ സത്യശീലന്റെ നാവിൽനിന്നും ശിപായി ഓടിയൊളിക്കുകയും പോലീസുകാരൻ കടന്നു വരികയും ചെയ്‌തു. സത്യശീലൻ പോലീസുകാരനാകണമെന്ന്‌ പറഞ്ഞപ്പോൾ ക്ലാസ്സ്‌ മുഴുവൻ ഉറക്കെ ചിരിച്ചു. (ഇരുന്നതിനുശേഷം മാത്യുജോർജ്‌ ചെവിയിൽ പറഞ്ഞു.“ഞാൻ വെറുതെ പറഞ്ഞതാ പോലീസുകാരനാകണമെന്ന്‌. എനിക്ക്‌ നിന്റെയച്ഛനെപ്പോലെ ഒരു കളളനായാൽ മതി”).

സത്യശീലന്റെ ഓർമ്മകളിൽ നിന്നും ചിരിയുടെ ബഹളങ്ങൾ ഇറങ്ങിപ്പോയി. എങ്കിലും ആ അവസാന ക്ലാസ്സിന്റെ മണിയൊച്ചനേരത്ത്‌ സൗദാമിനി ടീച്ചർ എന്തിനാണ്‌ കരഞ്ഞതെന്ന്‌ ഓർത്ത്‌ അയാൾ കുഴങ്ങി. ടീച്ചർക്ക്‌ മക്കളില്ലാത്തതുകൊണ്ടാണെന്ന്‌ ആരോ പറഞ്ഞിരുന്നു. എങ്കിലും വർഷങ്ങൾക്കുശേഷം അതൊരു ചോദ്യമായി സത്യശീലനെ വേട്ടയാടുന്നുണ്ട്‌. സൗദാമിനി ടീച്ചർ എന്തിനാകും കരഞ്ഞത്‌?

നാലാം ക്ലാസ്സിന്റെ മടുപ്പിൽനിന്നിറങ്ങി സത്യശീലൻ വരാന്തയിലൂടെ മൂന്നാം ക്ലാസ്സിന്റെ ജനലരികിലെത്തി. അയാൾ നിലാവ്‌ കളിക്കുന്ന മൈതാനത്തേക്ക്‌ നോക്കി.

മൂന്നാം ക്ലാസ്സിന്റെ കളിക്കൂട്ടത്തിന്റെ നേതാവ്‌ മാത്യുജോർജ്‌ ആയിരുന്നു. മൈതാനത്തിൽ കൂട്ടുകാർ കളളനും പോലീസും കളിക്കുവാനുളള ഒരുക്കത്തിലാണ്‌. സത്യശീലൻ വളളിപോയ നിക്കർ മേലോട്ടാക്കി അങ്ങോട്ടു ചെന്നു. കളളനാകാൻ ആളില്ല. എല്ലാവരും കളളനേപ്പോലെ അവനെ നോക്കി. എല്ലാ കളിയിലും അവൻ കളളനാക്കപ്പെടുകയാണ്‌. നറുക്കെടുത്താലും കളളന്റെ കടലാസ്‌ എങ്ങനെയോ സത്യശീലനിലെത്തുന്നു. എന്തുകൊണ്ടാണങ്ങനെ?

ആദ്യമായി പിടിക്കപ്പെട്ട്‌ ലോക്കപ്പിൽ കിടന്ന ദിവസം രാത്രി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്‌കോൺസ്‌റ്റബിൽ ദാമോദരൻ പിളളയദ്ദേഹം പറഞ്ഞു തുടങ്ങി. “സത്യശീലാ, സത്യത്തിൽ രാത്രിയിൽ ഉറങ്ങാൻ കഴിയാത്തവർ നാലുകൂട്ടരാ. കളളന്മാർക്കും, പോലീസിനും, കാമുകർക്കും, ഭ്രാന്തർക്കും ഉറങ്ങാൻ കഴിയില്ല. അല്ലെങ്കിൽത്തന്നെ ഇവരെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മോഷ്‌ടാക്കൾ തന്നെയാണ്‌. നിനക്കറിയാമോ, ഞാനും നിന്റെ അച്‌ഛനും ഇതുപോലെ എത്ര രാത്രികളിൽ കളളനും കാവലാളുമായതാണെന്ന്‌. ഇപ്പോളിതാ നമ്മളും. അങ്ങനെ പാരമ്പര്യം ചിലപ്പോൾ മുതലയെപ്പോലെ നമ്മുടെ കാലിൽപിടിച്ച്‌ ചെളിയിലാഴ്‌ത്തും. എത്ര ശ്രമിച്ചാലും കുടഞ്ഞെറിയാനാവില്ല.” ബീഡി വലിച്ചുകൊണ്ട്‌ അദ്ദേഹം തുടർന്നു. “എനിയ്‌ക്കതല്ല സത്യശീലാ, മനസ്സിലാകാത്തത്‌. നിനക്ക്‌ നിന്റെ അച്‌ഛൻ എന്തിനാ ആ പേരിട്ടത്‌? അയാൾ ആരുടെ പേരാണ്‌ മോഷ്‌ടിച്ചു നിനക്ക്‌ തന്നത്‌.”

കളളൻ, മോഷ്‌ടാവ്‌ തുടങ്ങിയ പദങ്ങളിൽ സത്യശീലന്‌ ലേശം അഭിമാനക്കുറവ്‌ തോന്നിയിട്ടുണ്ട്‌. എന്തുകൊണ്ട്‌ കളളനെ മോഷണത്തൊഴിലാളി എന്നു വിളിച്ചുകൂടാ?

ഇപ്പോൾ രണ്ടാംക്ലാസ്സിന്റെ വിജനമായ പിൻബെഞ്ചിൽ സത്യശീലൻ ഇരിക്കുകയാണ്‌. പുറത്ത്‌ നിലാവ്‌ തോർന്നിട്ടില്ല. ഓർമ്മയിൽനിന്നും ഓരോരുത്തരേയും എടുത്ത്‌ സത്യശീലൻ ഓരോ ബെഞ്ചിലും പ്രതിഷ്‌ഠിച്ചു. മുൻബെഞ്ചിൽ കൃഷ്‌ണൻകുട്ടി, ഹരിഹരൻ, ഇസ്‌ഹാക്ക്‌, ജോയിക്കുട്ടി, അനന്തപദ്‌മനാഭൻ അങ്ങനെ പിൻബെഞ്ചുകൂടി നിറച്ചപ്പോൾ പിന്നെ പെൺകുട്ടികളിരിക്കുന്ന ബെഞ്ചിലേക്ക്‌ പോയി. അവിടെ ഒന്നാമതിരുന്നത്‌ ലില്ലിയോ വിലാസിനിയോ? ഓർത്തെടുക്കുവാനാകാത്ത ആ സമസ്യയുടെ മുന്നിൽ സത്യശീലൻ കീഴടങ്ങി. പളളിക്കൂടത്തിലേക്കുളള യാത്രയ്‌ക്കിടയിൽ വിലാസിനിക്ക്‌ കാക്കത്തണ്ടുകൾ പറിച്ചുകൊടുത്തിരുന്നു. മധുരമുളള ഒരു ചിരിയായിരുന്നു പ്രതിഫലം. അവസാനമായി ആ ചിരി കണ്ടത്‌ ഇരുളിൽ പതുങ്ങിച്ചെന്ന്‌ രണ്ടരപ്പവന്റെ മാല പറിച്ചെടുക്കുമ്പോഴാണ്‌. ഓർക്കാപ്പുറത്ത്‌ മുഖത്തേക്കുവീണ ടോർച്ചിന്റെ പ്രകാശത്തിൽ വിലാസിനിയുടെ മുഖത്തെ ആ പഴയ ചിരി അയാൾ തിരിച്ചറിഞ്ഞു. അവൾ ഉറങ്ങുകയാണോ, ഉണർന്നിരിക്കുകയാണോ എന്നയാൾ സംശയിച്ചു. ആ മാലയിലെ താലിയിൽ തൊട്ടപ്പോൾ വിരൽ വിറച്ചു. കാക്കത്തണ്ടിന്റെ അതേമാർദ്ദവം. പറിച്ചെടുത്ത മാല വാതിൽപ്പടിയിൽ നിക്ഷേപിച്ച്‌ നടന്നകലുമ്പോൾ, താനിപ്പോൾ സഞ്ചരിക്കുന്നത്‌ കാക്കത്തണ്ടുകളുടെ പഴയ ബാല്യത്തിലൂടെയാണെന്ന്‌ തോന്നിപ്പോയി. ഇപ്പോഴും അതോർക്കുമ്പോൾ രണ്ടറ്റവും കൂർപ്പിച്ച ഒരു വരയൻ പെൻസിൽകൊണ്ട്‌ മനസ്സിലാരോ എന്തോ വരയ്‌ക്കുന്നതുപോലെ.

“സത്യശീലാ, നിനക്കു ഞാനൊരു കഥ പറഞ്ഞുതരാം.” ലോക്കപ്പിന്റെ അടുത്തേക്ക്‌ കസേര നീക്കിയിട്ട്‌ ദാമോദരൻപിളളയദ്ദേഹം പറഞ്ഞുതുടങ്ങി. “ഉറക്കം വരാതിരിക്കാൻ എപ്പോഴും കഥയാണ്‌ നല്ലത്‌. അതിലെ ചില ചോദ്യങ്ങൾ നമ്മുടെ ഉറക്കത്തെ തല്ലിക്കെടുത്തും. ഒരിടത്തൊരിടത്ത്‌ ഒരു കളളനുണ്ടായിരുന്നു. ഒരു കാക്കകറുമ്പൻ. അയാൾക്കൊരു ഭാര്യയുണ്ടായിരുന്നു. ഒരു കാക്കകറുമ്പി. അവർക്കൊരു മോനുണ്ടായി, ഒരു വെളുവെളുത്ത സുന്ദരക്കുട്ടപ്പൻ. കറുപ്പും വെളുപ്പും ചേർന്നാൽ വെളുപ്പോ. ഈ ചിന്ത അയാളിൽ ഭാര്യയെക്കുറിച്ചുളള സംശയത്തെയുണർത്തി. അയാൾക്ക്‌ കളവിലും മറ്റും തീരെ താത്‌പര്യമില്ലാതായി. വളർന്നുവരുന്തോറും മകനോടുളള ദേഷ്യവും അയാളിൽ വർദ്ധിച്ചുകൊണ്ടിരുന്നു. അയാളവനെ തിരിഞ്ഞുനോക്കാതായി. അങ്ങനെയിരിക്കെ ഒരു ദിവസം അവനെ ക്ലാസ്സിൽ നിന്നിറക്കിവിട്ടെന്നും രക്ഷകർത്താവിനെ വിളിച്ചുകൊണ്ടുവന്നിട്ട്‌ ക്ലാസിൽ കയറിയാൻ മതിയെന്ന്‌ ടീച്ചർ പറഞ്ഞതായും ഭാര്യ അയാളെ അറിയിച്ചു. കളളൻ അനങ്ങിയില്ല. ഒടുവിൽ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അയാൾക്ക്‌ മകൻ പഠിക്കുന്ന പളളിക്കൂടത്തിൽ പോകേണ്ടിവന്നു. അയാൾ ചെന്നപാടെ, ഒരുപിടി പെൻസിൽ മുന്നിലേക്കിട്ടുകൊണ്ട്‌ ടീച്ചർ പറഞ്ഞു ഇതെല്ലാം പലകുട്ടികളുടെയും ബാഗിൽനിന്ന്‌ തന്റെ മോൻ മോഷ്‌ടിച്ചതാ.” ഒരുനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു. “ഇനി നീ പറ സത്യശീലാ അത്‌ അയാളുടെ മകൻ തന്നെയല്ലേ.” സത്യശീലൻ മറുപടി പറഞ്ഞില്ല. അയാളാലോചിച്ചത്‌ ഇത്ര കൃത്യമായി ഈ സംഭവം ആരാണ്‌ ദാമോദരൻപിളളയദ്ദേഹത്തോട്‌ പറഞ്ഞതെന്നാണ്‌. ഒരുപക്ഷെ അച്‌ഛൻതന്നെയായിരിക്കുമോ?

ഒന്നാം ക്ലാസിന്റെ വെറും നിലത്ത്‌ ചമ്രം പടിഞ്ഞിരുന്നപ്പോൾ സത്യശീലന്‌ കരച്ചിലാണ്‌ വന്നത്‌. കളഞ്ഞുപോയ ഒന്നാം പാഠപുസ്‌തകം വർഷങ്ങൾക്കുശേഷം തിരിച്ചുകിട്ടിയ ആശ്ചര്യമായിരുന്നു അയാൾക്ക്‌. വീർപ്പുമുട്ടിക്കുന്ന ആ ലോകത്തിൽനിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി. പൊട്ടിയ സ്ലേറ്റിലെ തെളിയാത്ത അക്ഷരങ്ങൾപോലെ ഓർമ്മകൾ കലങ്ങിമറിഞ്ഞു. ഒന്നാം ക്ലാസിൽനിന്നും ജനൽവഴി പുറത്തുചാടിയപ്പോൾ തന്റെ ബാല്യവും അവിടെ കളഞ്ഞുപോയതായി അയാൾക്ക്‌ തോന്നി.

ഇപ്പോൾ ഓഫീസ്‌മുറിയുടെ വാതിലിന്‌ അഭിമുഖമായി നിൽക്കുകയാണ്‌ സത്യശീലൻ. അമ്മയുടെ കൈയ്യിൽ തൂങ്ങി പളളിക്കൂടത്തിലേക്ക്‌ ആദ്യമായിവന്ന ഓർമ്മയായിരുന്നു മനസ്സിൽ. ഹെഡ്‌മാസ്‌റ്റർ അവനോട്‌ പേരും വയസ്സും ചോദിച്ചു. അമ്മയാണ്‌ എല്ലാത്തിനും ഉത്തരം പറഞ്ഞത്‌. പക്ഷേ അച്‌ഛന്റെ തൊഴിൽ ചോദിച്ചപ്പോൾ മാത്രം അമ്മ ഒന്നും മിണ്ടിയില്ല. ഊറിയ ചിരിയോട്‌ ഹെഡ്‌മാസ്‌റ്റർ പറഞ്ഞു. “കൃഷിയെന്നുതന്നെ എഴുതാം. അല്ലെങ്കിൽതന്നെ എല്ലാം ഒരുതരം കൃഷിതന്നെയല്ലേ.”

ഒന്നു പിടിച്ചപ്പോൾതന്നെ ഓഫീസ്‌മുറിയുടെ പൂട്ട്‌ അടർന്ന്‌ സത്യശീലന്റെ കൈയിലിരുന്നു. നേർത്ത അങ്കലാപ്പോടെ അയാൾ ടോർച്ചു കത്തിച്ച്‌ അകത്തേക്കു കടന്നു. പഴയ ചിരിയോടെ ഹെഡ്‌മാസ്‌റ്റർ അവിടെയുണ്ടാകുമെന്ന്‌ ഭയന്ന്‌ ആ കസേരയിലേക്ക്‌ നോക്കിയതേയില്ല. അയാൾ അലമാരിയിൽനിന്നും പഴയ ഫയലുകൾ കുടഞ്ഞിട്ടു. നീണ്ട തിരച്ചിലിനൊടുവിൽ വർഷങ്ങളുടെ പഴക്കമുളള ആ ഫയൽ അയാൾ കണ്ടെത്തി. പിന്നെ ദ്രവിച്ചു മങ്ങിയ ആ കടലാസുകളിലേക്ക്‌ വെളിച്ചം വരുത്തി, തന്റെ സഹപാഠികളുടെ പേരുകൾ വായിച്ചു തുടങ്ങി. ഓരോരുത്തരുടെയും കോളങ്ങൾ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. എവിടെയാണ്‌ സത്യശീലൻ എന്നപേര്‌? കോളങ്ങളുടെ അഴികൾക്കുളളിലെവിടെയാണ്‌ ഹെഡ്‌മാസ്‌റ്റർ ആ പേരിനെ തടവിലിട്ടിരിക്കുന്നത്‌? ഒടുവിൽ അയാൾ സ്വന്തം പേരിനെ കണ്ടുമുട്ടി. എന്നാൽ തന്റെ പേരിന്റെ ക്രമത്തിലുളള കോളങ്ങളെല്ലാം ശൂന്യമായി കിടക്കുന്നതു കണ്ട്‌ അയാൾ നിരാശനായി.

ഇല്ല, ഒന്നും എഴുതിയിട്ടില്ല. മേൽവിലാസവും, അച്‌ഛന്റെ പേരും തൊഴിലും ഒന്നുമില്ല. വീണ്ടും നോക്കി. ഇല്ല ഒന്നുമില്ല. തന്റെ ബാല്യം ഫയലുകൾക്കുളളിൽ നിന്നും ആരോ മോഷ്‌ടിച്ചതായി സത്യശീലനുതോന്നി.

ഭാവിയിൽ ആരാകണം?

ഇക്കുറി ഉത്തരം മാറിയില്ല.

ശിപായി കുഞ്ഞേട്ടൻ.

ഇരുമ്പുപാത്രത്തിലേക്ക്‌ സത്യശീലന്റെ കൈയിലെ ചുറ്റിക ഉയർന്നു താഴാൻ തുടങ്ങി.

അർദ്ധരാത്രിയിലെ ഏകാന്തതയിലുയർന്ന മണിയൊച്ച അയൽവാസികളുടെ ഉറക്കത്തെ തടഞ്ഞു. ജനാലകളിലൂടെയും വെന്റിലേറ്ററുകളിലൂടെയും പ്രകാശം പുറത്തേക്ക്‌ ഒഴുകിപ്പരന്നു. അന്നേരം ദൂരെ പോലീസ്‌ സ്‌റ്റേഷനിലെ ഫോൺ ശബ്‌ദിച്ചു. കൈകുഴഞ്ഞിട്ടും സത്യശീലൻ തളർന്നില്ല. വല്ലാത്തൊരു സംതൃപ്‌തി അയാളെ പൊതിഞ്ഞു. ഓടിവന്ന ജനങ്ങൾ ഓഫീസ്‌ മുറിയുടെ മുറ്റത്ത്‌ നിലാവിലൊരു വലിയ വൃത്തം സൃഷ്‌ടിക്കവേ, അതിനിടയിലേയ്‌ക്ക്‌ ഒരു പോലീസ്‌ ജീപ്പ്‌ വന്നുനിന്നു. അതിൽനിന്നും പുതുതായി ചാർജെടുത്ത മാത്യുജോർജ്ജ്‌ എന്ന എസ്‌.ഐ പുറത്തിറങ്ങി. എസ്‌.ഐ. ആ മണ്ണുതൊട്ട്‌ വന്ദിച്ചു.

Generated from archived content: story2_july12_05.html Author: unnikrishnan_poozhikkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English