വായനയുടെ ലോകത്തിൽ ബസ്‌ കണ്ടക്‌ടർ ഇടപെടുമ്പോൾ

നമ്മളൊക്കെ ഇങ്ങനെയൊക്കെയായി പോകുന്നത്‌ നമ്മളൊക്കെ ഇങ്ങനെയൊക്കെയാകാൻ വേണ്ടി ആരൊക്കെയോ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നതുകൊണ്ടാണ്‌.

(ജിതേന്ദ്രൻ കടുന്താടിന്റെ വായനാമുറിയിലെ വെളിച്ചം എന്ന കഥയിൽ നിന്നും)

കോണിപ്പടിയിൽ ആരുടെയോ കാലൊച്ച മുഴങ്ങിയപ്പോൾ ജിതേന്ദ്രൻ എഫ്‌ ടി വിയിലെ പാരീസ്‌ കളക്ഷനിൽ നിന്നും റിമോർട്ട്‌ കൺട്രോളറിലെ രണ്ടാംബട്ടനിൽ ആഞ്ഞുകുത്തി ചടുലമായ ഒരു നീക്കത്തിലൂടെ ഏഷ്യാനെറ്റിലെ വായനാശാലയിലെത്തി. സാങ്കേതികവിദ്യയുടെ വളർച്ചയിൽ അയാൾക്കാദ്യമായി അഭിമാനം തോന്നിയത്‌ ആ സന്ദർഭത്തിലാണ്‌.

അന്നേരം വാതിലിനപ്പുറം പ്രിയംവദ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ആ സന്ദർശനം ജിതേന്ദ്രനെ പരിഭ്രാന്തനാക്കി.

കടുന്താട്‌ പഞ്ചായത്ത്‌ പബ്ലിക്‌ ലൈബ്രറി അപ്പോൾ ഏറെക്കുറെ വിജനമായിരുന്നു. പതിറ്റാണ്ടുകളുടെ തേയ്‌മാനം അരോചകമായ ശബ്‌ദമാക്കി പരിണമിപ്പിച്ചുകൊണ്ട്‌ രണ്ട്‌ പങ്കകൾ കറങ്ങുന്നുണ്ടായിരുന്നു. താഴെ അവയുടെ കാറ്റിൽ വർത്തമാനപത്രങ്ങൾ മേശമേൽ വിശേഷങ്ങളുടെ തല തല്ലി കരഞ്ഞുകൊണ്ടിരുന്നു.

കടുന്താട്‌ പഞ്ചായത്ത്‌ പബ്ലിക്‌ ലൈബ്രറിയുടെ പച്ച ബയന്റിട്ട രജിസ്‌റ്റർ ബുക്കിൽ വനിതാ അംഗങ്ങൾ വളരെയേറെയുണ്ടെങ്കിലും ആഴ്‌ചയിൽ രണ്ടു ദിവസമെങ്കിലും മുടങ്ങാതെ എത്തുന്ന ഒരേയൊരു വായനക്കാരി ഈ പ്രിയംവദയാണ്‌. സാധാരണയായി ശനി, ബുധൻ ദിനങ്ങളിൽ നാലരമണിയോടെയാണ്‌ അവൾ ലൈബ്രറിയിലെത്തുക. എന്നാൽ ചൊവ്വാഴ്‌ച അതും ഈ ഉച്ച കഴിഞ്ഞ നേരത്ത്‌, തികച്ചും സമയക്രമം തെറ്റിച്ചുളള പ്രിയംവദയുടെ സന്ദർശനം തന്റെ ഏകാന്തവും സ്വസ്ഥവുമായ സാമ്രാജ്യത്തിലേക്ക്‌ ഒരു കടന്നുകയറ്റം പോലെയാണ്‌ ജിതേന്ദ്രൻ എന്ന ലൈബ്രേറിയന്‌ അനുഭവപ്പെട്ടത്‌.

ഒരു കർമ്മനിയോഗം പോലെ കടുന്താട്‌ പഞ്ചായത്ത്‌ ലൈബ്രറിയുടെ പുസ്‌തകഷെൽഫുകളുടെ പുരാതനഗന്ധത്തിനു നടുവിലേക്ക്‌ ഒരു രക്ഷകനായി ജിതേന്ദ്രൻ അവതരിച്ചിട്ട്‌ ഒന്നരവർഷത്തിലേറെയായി.

അക്ഷരാർത്ഥത്തിൽ അതൊരു അനിവാര്യതയായിരുന്നു.

സ്‌തുത്യർഹമായ ഭൂതകാലത്തിന്റെ ഊഷ്‌മളസ്‌മരണയിൽ മയങ്ങി, ദീർഘകാലത്തോളം താഴിട്ടുപൂട്ടിയ മൗനവുമായി ആസന്നമരണത്തിലേക്ക്‌ അടർന്നു വീഴാൻ ഒരുങ്ങുകയായിരുന്നു പ്രസ്‌തുത ലൈബ്രറി. വംശനാശം ബാധിച്ചിരുന്നുവെങ്കിലും പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അവശേഷിച്ചിരുന്ന പുസ്‌തകപ്രണയികളുടെ പ്രതിഷേധം ഒരു നിവേദനമായി നീണ്ടുചെന്ന്‌ പഞ്ചായത്ത്‌ കമ്മിറ്റിയെ വിളിച്ചുണർത്തി. പ്രത്യേക അജണ്ടയുണ്ടാക്കി പഞ്ചായത്ത്‌ കമ്മിറ്റി ഈ പ്രശ്‌നം കൂലംകഷമായി ചർച്ച ചെയ്‌തു. ആരാണ്‌ ലൈബ്രറിയെ രക്ഷിക്കുക എന്ന ചോദ്യത്തിന്‌ ഉത്തരമായി 11 വാർഡ്‌ മെമ്പർ ജഗന്നാഥനാണ്‌ ജിതേന്ദ്രന്റെ പേര്‌ നിർദ്ദേശിച്ചത്‌.

ജിതേന്ദ്രന്റെ വായനയുടെ ലോകം എന്ന ലേഖനസമാഹാരം ഡിസി ബുക്ക്‌ കോട്ടയം ഏതെങ്കിലുമൊരു കാലത്ത്‌ പുസ്‌തകമാക്കി പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതിൽ ഗ്രന്ഥകർത്താവിന്റെ ബയോഡേറ്റ തുടങ്ങുന്നത്‌ ഇങ്ങനെ തന്നെയായിരിക്കും.

ജിതേന്ദ്രൻ കടുന്താട്‌

10-7-74 ൽ ജനിച്ചു.

അച്‌ഛൻ ഃ ശിവരാമൻ നായർ

അമ്മ ഃ കുഞ്ഞിക്കുട്ടിയമ്മ

കോളേജ്‌ വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യരംഗത്ത്‌ സജീവമായി.

മികച്ച കലാലയ കഥാകൃത്തിനുളള എസ്‌.പി. അവാർഡ്‌ നേടി.

ചരിത്രത്തിൽ ബി.എ ബിരുദം.

ഇപ്പോൾ എം.ജി.യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയ്‌ക്ക്‌ പ്രൈവറ്റായി പഠിക്കുന്നു.

ഈ ജിതേന്ദ്രനാണ്‌ കടുന്താട്‌ പഞ്ചായത്ത്‌ പബ്ലിക്‌ ലൈബ്രറിയുടെ തുരുമ്പെടുത്ത പഴയ പൂട്ട്‌ ഇടിച്ചിളക്കി പ്രതീക്ഷയുടെ പുതിയ പദവിയിലേക്ക്‌ വലംകാലുവെച്ച്‌ ചെന്നു കയറിയത്‌.

ഏതൊരു വായനക്കാരന്റെയും ഹൃദയം നുറുക്കുന്ന കാഴ്‌ചയാണ്‌ അവിടെ ജിതേന്ദ്രനെ കാത്തിരുന്നത്‌. അനിശ്ചിതമായ അടച്ചിടൽ, പുസ്‌തകങ്ങളെ ചിതലിന്റെയും ഉറുമ്പിന്റെയും വിഹാരകേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഈർപ്പം പടർന്ന നിലത്ത്‌ പുസ്‌തകകൂമ്പാരങ്ങൾ നനഞ്ഞു കുതിർന്നു കിടന്നു. ഷെൽഫുകൾ തകർന്ന്‌ മരകഷണങ്ങൾ ഒരു വശത്ത്‌. അങ്ങനെയങ്ങനെ തികച്ചും ഞെട്ടിപ്പിക്കുന്ന ദൃശ്യ പരമ്പരകൾ.

പുസ്‌തകങ്ങളുടെ ആ നിലവിളി ജിതേന്ദ്രന്‌ സഹിക്കാവുന്നതിനപ്പുറം ആയിരുന്നു.

ഇനിയുളളത്‌ ചരിത്രമാണ്‌.

പഞ്ചായത്ത്‌ കമ്മിറ്റിയുടെ ധനസഹായത്തിന്റെ പിൻബലത്തോടെ ഒന്നുരണ്ടു ദിവസങ്ങൾക്കകം ജിതേന്ദ്രൻ എന്ന ഒറ്റയാൾ പട്ടാളം അരാജകമായ അവസ്ഥകളിൽനിന്നും കഃപഃപഃലൈബ്രറിയെ വീണ്ടെടുത്ത്‌ പുനർജ്ജീവനത്തിന്റെ പുത്തൻവഴികളിലേക്ക്‌ നയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലുളള നീക്കങ്ങളിലൂടെ ഷെൽഫുകളെ നവീകരിച്ചു. പുസ്‌തകങ്ങളെ പുതിയ രീതിയിൽ ക്രമീകരിച്ചു (കഥകൾക്കായി ഒരു ഷെൽഫ്‌, നോവലുകൾക്കായി മറ്റൊന്ന്‌ എന്ന രീതി) പഴയതും പുതിയതുമായ പുസ്‌തകങ്ങളുടെ ലിസ്‌റ്റ്‌ എഴുതിയുണ്ടാക്കി. മരിച്ചുപോയ അംഗങ്ങളെ ഒഴിവാക്കി പുതിയ രജിസ്‌റ്റർ നിലവിൽ കൊണ്ടുവന്നു. അങ്ങനെ അക്ഷീണമായ യത്‌നത്തിലൂടെ ജിതേന്ദ്രൻ കടുന്താട്‌ പഃപഃലൈബ്രറിയെ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിയാക്കി പുനരുദ്ധരിച്ചു.

സക്കറിയായുടെ യേശുപുരം പബ്ലിക്‌ ലൈബ്രറിയെക്കുറിച്ചൊരു പരാതി എന്ന കഥ വായിച്ചിട്ടുളളതല്ലാതെ, ലൈബ്രറി സയൻസിൽ ഡിഗ്രിയോ, ഡിപ്ലോമയോ, മുൻപരിചയമോ ഒന്നും ജിതേന്ദ്രനുണ്ടായിരുന്നില്ലായെന്നതും എടുത്തു പറയേണ്ട വസ്‌തുതയാണ്‌ (സക്കറിയായുടെ ആ കഥയ്‌ക്ക്‌ ബോർഹസ്സിന്റെ ബാബേലിലെ ലൈബ്രറി എന്ന കഥയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അയാൾക്ക്‌ നിശ്ചയമില്ല.)

ലൈബ്രറി പുസ്‌തകങ്ങളുടെ വീടാണ്‌. അവർ അതിഥികൾക്കായി കാത്തിരിക്കുകയാണ്‌. നിശ്ശബ്‌ദമായി പ്രാർത്ഥിക്കുകയാണ്‌. ചിലപ്പോൾ അവർ അതിഥികളുടെ കൈയും പിടിച്ച്‌ ഇറങ്ങി നടക്കുന്നു. പിന്നെ തിരികെ വന്ന്‌ സഹോദര്യത്തിന്റെ താൾചേർച്ചയിലേക്ക്‌ ഒതുങ്ങിയിരിക്കുന്നു.

ഒരു ലൈബ്രേറിയന്‌ സാമൂഹിക പ്രതിബദ്ധത വേണമെന്ന കാര്യത്തിൽ ജിതേന്ദ്രന്‌ സംശയമുണ്ടായിരുന്നില്ല. മറിച്ച്‌ അതിന്റെ അളവ്‌ എത്രത്തോളം ആകാമെന്ന ചോദ്യമാണ്‌ അയാളെ വല്ലാതെ ഉലച്ചത്‌. ഒരു മുഴുവൻ സമയ ലൈബ്രറി പ്രവർത്തകനായിത്തീരാൻ ജിതേന്ദ്രനെ പ്രചോദിപ്പിച്ചത്‌ ആ ചോദ്യമാണ്‌. ആദ്യകാലങ്ങളിൽ ഔദ്യോഗിക സമയക്രമങ്ങളെ മാനിക്കാതെ പകലന്തിയോളം വായനക്കാർക്കായി ലൈബ്രറി തുറന്നു പ്രവർത്തിപ്പിക്കാൻ നിസ്വാർത്ഥമായ നീക്കത്തിലൂടെ ജിതേന്ദ്രന്‌ കഴിഞ്ഞു. കൂടാതെ മാസത്തിലൊരിക്കൽ ഗൗരവത്തോടെ വായനയെ സമീപിക്കുന്ന അംഗങ്ങളെ കണ്ടുപിടിച്ച്‌ ഒരു കൂട്ടായ്‌മ സംഘടിപ്പിക്കുന്നതിലും ജിതേന്ദ്രൻ വിജയിച്ചു. അതിൽ ആദ്യ രണ്ടെണ്ണത്തിലും പ്രബന്ധം അവതരിപ്പിച്ചതും ജിതേന്ദ്രനായിരുന്നു.

പുസ്‌തകങ്ങളുമായി കൂടുതൽ അടുത്തിടപഴകാനും ഒരു മുഴുവൻ സമയലൈബ്രറി പ്രവർത്തകനായി സ്വയം പരുവപ്പെടുത്താനും വേണ്ടിയാണ്‌ ഇരുപത്തിനാലുമണിക്കൂറും ലൈബ്രറിയിൽ ചെലവഴിക്കാൻ ആദ്യനാളുകളിൽ ജിതേന്ദ്രൻ തയ്യാറായത്‌. പുസ്‌തകങ്ങൾ പെൺകുട്ടികളെപ്പോലെയാണ്‌. ചില നേരങ്ങളിൽ എത്ര കണ്ടാലും മതി വരില്ല. രാത്രിയിൽ അടുപ്പിച്ചിട്ട ബെഞ്ചുകൾക്കുമുകളിൽ പുസ്‌തക ഷെൽഫുകളിലേയ്‌ക്ക്‌ നോക്കി കിടക്കുമ്പോൾ പല തരത്തിലുളള വിഭ്രമചിന്തകൾ അയാളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്‌. പരസ്‌പരം ചേർന്നിരിക്കുന്ന ഖസാക്കിന്റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളും കാണുമ്പോൾ അറിയാതെ ഇങ്ങനെയൊക്കെ ചിന്തിച്ചുപോകും. രവി ബസ്‌ മാറി കയറി അറിയാതെ മയ്യഴിയിലെത്തിയാൽ ആ സ്ഥലവും അയാൾക്ക്‌ അപരിചിതമായി തോന്നാതിരിക്കുമോ എന്തോ? അല്ലെങ്കിൽ അച്ചടിയുടെ ബന്ധനത്തിൽ നിന്നിറങ്ങി, നടന്ന തേവാരത്ത്‌ ശിവരാമൻനായർ മയ്യഴിയിലെ കുമാരൻ മാസ്‌റ്ററെ കണ്ടാൽ ആദ്യം എന്തായിരിക്കും ചോദിക്കുക? മയ്യഴിയിൽ നിന്നൊരു ചട്ടക്കാരൻ മൈമുനയെ പോയി പെണ്ണു ചോദിച്ചാൽ എന്തായിരിക്കും സംഭവിക്കുക? സംഭവിക്കാമായിരുന്ന ചില സാധ്യതകളെ തിരിച്ചറിഞ്ഞ്‌ ജിതേന്ദ്രനെഴുന്നേറ്റ്‌ പുസ്‌തകങ്ങളുടെ മുൻക്രമം തെറ്റിച്ചുവെച്ചിട്ട്‌ ലൈറ്റണച്ച്‌ ഇരുളിലേയ്‌ക്ക്‌ കണ്ണുകൾ വലിച്ചടച്ച്‌ ഉറങ്ങാൻ ശ്രമിച്ചു.

ജിതേന്ദ്രൻ കടുന്താട്‌ ലൈബ്രറിയെ നിയന്ത്രണാധീനത്തിലാക്കി കൃത്യം നാലുമാസവും പതിനാല്‌ ദിവസവും കഴിഞ്ഞനാൾ. ആ മദ്ധ്യാഹ്‌നത്തിലാണ്‌ പ്രിയംവദ നടാടെ തന്റെ പാദസ്വരകിലുക്കത്തിൽ ആ മുറിയെ സമ്പന്നമാക്കിയത്‌. സുധാകർ മംഗളോദയത്തിന്റെ മുഴുവൻ കളക്ഷനുമില്ലായെന്ന പരിഭവവുമായി പിണങ്ങിയിറങ്ങിപ്പോയ നന്ദിനിടീച്ചർക്കുശേഷം പിന്നീടൊരു പെണ്ണൊപ്പ്‌ രജിസ്‌റ്ററിൽ പതിയുന്നത്‌ ആദ്യമായാണെന്ന്‌ ഹൃദയമിടിപ്പോടെ ജിതേന്ദ്രൻ ഓർത്തു. അതുകൊണ്ടുതന്നെയാണ്‌ പ്രിയംവദ എന്ന പേര്‌ മുൻപൊരിക്കലും ചെയ്യാത്തവിധത്തിൽ വടിവ്‌ ഒപ്പിച്ചെഴുതിയപ്പോൾ ജിതേന്ദ്രൻ വിയർത്ത്‌ കുളിച്ചത്‌.

പ്രിയംവദയെ ഇങ്ങനെ ചുരുക്കിയെഴുതാം. എസ്‌.എസ്‌.എൽ.സിയ്‌ക്ക്‌ കടുന്താട്‌ സെന്റ്‌ മേരീസ്‌ ഗേൾസ്‌ ഹൈസ്‌കൂളിൽ നിന്നും ഡിസ്‌റ്റിംഗ്‌ഷൻ വാങ്ങി പാസായി. മകളെ ഡോക്‌ടറാക്കണമെന്ന ആഗ്രഹം ഒരു സാംക്രമിക രോഗമായി മാതാപിതാക്കളിൽ കലശലായതിനാൽ പ്രീഡിഗ്രിയ്‌ക്ക്‌ സെക്കന്റ്‌ ഗ്രൂപ്പിൽ അഡ്‌മിറ്റായി. രണ്ടാം ക്ലാസ്സോടെ പ്രീഡിഗ്രി തരണം ചെയ്‌തെങ്കിലും എൻട്രൻസ്‌ തകർന്നുവീണു. അതിന്റെ ക്ഷീണമകറ്റാൻ വേണ്ടിയാണ്‌ ബി.എ. എക്കണോമിക്‌സിൽ ചേർന്നത്‌. ഒരു കോളേജ്‌ ലക്‌ച്ചറർ സ്വപ്‌നം മാതാപിതാക്കളിൽ മൊട്ടിട്ടെങ്കിലും വിധിയുടെ വിളവെടുപ്പ്‌ ക്രൂരമായതുകൊണ്ട്‌ ഡിഗ്രി കഷ്‌ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. എക്കണോമിക്‌സിന്‌ 45 ശതമാനം മാർക്കില്ലാത്തതുകൊണ്ടല്ലാ, മലയാള ഭാഷയോടുളള അദമ്യമായ പ്രണയമാണ്‌ പ്രിയംവദയെ പാരലൽ കോളേജിലെ എം.എ.മലയാളം ക്ലാസ്സിൽ എത്തിച്ചതെന്ന്‌ വിശ്വസിക്കാനാണ്‌ ജിതേന്ദ്രനിഷ്‌ടം. ആദ്യം തീരെ പരിചയം കാട്ടിയില്ലെങ്കിലും ഉണ്ണിയച്ചിയും ഉണ്ണിച്ചിരുതേവിയും ഉണ്ണിയാടിയും അധികം വൈകാതെ പ്രിയംവദയ്‌ക്ക്‌ ഇഷ്‌ടസഖികളായി. അങ്ങനെയിരിക്കെ വായനയുടെ അഭാവം ശൈലിയുടെ മൗലികതയെ ബാധിക്കുമെന്നും അത്‌ മാർക്കിന്റെ എണ്ണത്തേയും സ്‌പർശിക്കുമെന്ന്‌ ഏതോ അദ്ധ്യാപകൻ ഉപദേശിച്ചതുകൊണ്ടാണ്‌ പ്രിയംവദ, പുസ്‌തകങ്ങളുടെ മണമുളള കടുന്താട്‌ പഞ്ചായത്ത്‌ പബ്ലിക്‌ ലൈബ്രറിയിൽ, ജിതേന്ദ്രനെന്ന അർപ്പണബോധമുളള മുഴുവൻ സമയലൈബ്രറി പ്രവർത്തകന്റെ മുന്നിലെത്തപ്പെട്ടത്‌.

പ്രിയംവദയുടെ വരവോടെയാണ്‌ പുസ്‌തക വിതരണത്തിൽ ഒരു വലിയ പ്രതിസന്ധിയുണ്ടെന്ന വസ്‌തുത ജിതേന്ദ്രനു ബോധ്യമായത്‌. വായനയുടെ ലോകത്തിലേയ്‌ക്ക്‌ കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരാൾ എവിടെനിന്നാണ്‌ തുടങ്ങേണ്ടത്‌ എന്ന ചോദ്യമാണ്‌ ജിതേന്ദ്രനെ കുഴക്കിയത്‌. ഉദാഹരണത്തിന്‌ മലയാളനോവലുകളുടെ സമൃദ്ധിയിലും സൗന്ദര്യത്തിലും ആകൃഷ്‌ടയായ ഒരു വായനക്കാരി&വായനക്കാരൻ എവിടെനിന്നാണ്‌ വായന തുടങ്ങേണ്ടത്‌? ചന്തുമേനോനിൽനിന്ന്‌ തുടങ്ങി മുന്നോട്ടു വരണോ, അതോ സമകാലികരിൽനിന്ന്‌ പിന്നോട്ടുപോകണമോ? മറ്റൊരു വഴിയുണ്ട്‌. തകഴി വഴി മുന്നോട്ടും പിന്നോട്ടും പോകുക. ശാസ്‌ത്രീയമായ ഒരു വായനാരീതി ഏതാണ്‌? ലോകചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പഞ്ചായത്ത്‌ ലൈബ്രേറിയനെ ഇത്തരമൊരു ചോദ്യം ഇമ്മട്ടിൽ വലയ്‌ക്കുന്നത്‌. ഒടുവിൽ ജിതേന്ദ്രൻ സ്വയമൊരു കണ്ടെത്തലിലെത്തി. തകഴിയിൽ നിന്നുതന്നെ തുടങ്ങട്ടെ, ‘പിന്നത്തെ കാര്യമെല്ലാം സംവേദനവശാൽ അതിലീ ലൈബ്രേറിയന്മാർക്കില്ല ചോദ്യം.’

ഇങ്ങനെ പലവിധ ചിന്തകളിലേയ്‌ക്കും കണ്ടെത്തലുകളിലേയ്‌ക്കും ജിതേന്ദ്രൻ എന്ന ലൈബ്രേറിയനെ തളളിയിട്ട പ്രിയംവദയാണ്‌ ലോകം ഉറക്കം തൂങ്ങുന്ന ഈ മദ്ധ്യാഹ്‌നത്തിൽ അപ്രതീക്ഷിതമായ ഒരു സന്ദർശനത്തിലൂടെ ജിതേന്ദ്രനെ വീണ്ടും അമ്പരിപ്പിച്ചത്‌.

പ്രിയംവദ അപ്പോൾ കൊണ്ടുവന്നത്‌ വി.ആർ.സുധീഷ്‌ എഡിറ്റു ചെയ്‌ത മലയാളത്തിലെ പ്രണയകഥകളായിരുന്നു. വിവശതയോടെ ജിതേന്ദ്രൻ ചോദിച്ചു. എങ്ങനെയുണ്ടിത്‌? അല്‌പം വിടർന്ന കണ്ണുകളോടെ പ്രിയംവദ കുഴപ്പമില്ലായെന്നു പറഞ്ഞപ്പോൾ ജിതേന്ദ്രന്റെ കണ്ണുകൾ പുസ്‌തകഷെൽഫിൽ മലയാളത്തിന്റെ പ്രണയകവിതകൾ തെരയുകയായിരുന്നു. അയാളുടെ കൈപ്പെരുമാറ്റത്തിൽ മേശപ്പുറത്തിരുന്ന ബി.മുരളിയുടെ ഉമ്പർട്ടോ എക്കോ താഴേക്ക്‌ വീണ്‌ അപ്രത്യക്ഷമായി.

നീണ്ട തെരച്ചിലിനൊടുവിൽ പ്രിയംവദ എം.ടിയുടെ രണ്ടാമൂഴവും പത്മരാജന്റെ നക്ഷത്രങ്ങളെ കാവലും തെരഞ്ഞെടുത്തു. വിതരണപുസ്‌തകത്തിൽ ഒപ്പിടുമ്പോൾ അവളുടെ നീണ്ട വിരലിന്റെ തുമ്പിൽ ഒന്നു തൊടണമെന്ന്‌ ജിതേന്ദ്രനു തോന്നിപ്പോയി.

അയാളപ്പോൾ ഓർത്തത്‌ ഒരു തുറന്ന പുസ്‌തകമായി തന്റെ പ്രണയം അവളുടെ മുന്നിൽ തുറന്നു കിടക്കുമ്പോൾ എന്താണവൾ ആ താളുകളിലേക്ക്‌ ഒന്നോടിച്ചു നോക്കുകപോലും ചെയ്യാത്തത്‌ എന്നായിരുന്നു. നെരൂദയുടെ വിപ്ലവ കവിതകളേക്കാൾ ജിതേന്ദ്രന്‌ എന്നും ഇഷ്‌ടം അയാളുടെ പ്രണയകവിതകളോടായിരുന്നു.

പ്രിയംവദയുടെ ചുരിദാർഷാളിന്റെയറ്റം വാതിലിന്നപ്പുറം മായുന്നതുവരെ ജിതേന്ദ്രൻ നോക്കിയിരുന്നു പോയി. ഇതുവരെ സംഭവിച്ച കാര്യങ്ങൾ പല ദൃശ്യങ്ങളാക്കി ക്രമീകരിച്ച്‌ അയാൾ മനസ്സിലടുക്കിവയ്‌ക്കാൻ തുടങ്ങി. എല്ലാ സംഭവങ്ങളേയും പല സീനുകളിലാക്കി മാറ്റാനുളള ഒരു പ്രവണത തന്നിൽ വളർന്നുവരുന്നുണ്ടെന്ന്‌ അയാളറിഞ്ഞു. കടുന്താട്‌ ലൈബ്രറിയിൽ ജനകീയാസൂത്രണപദ്ധതി പ്രകാരം ഒരു ടിവി സ്ഥാപിച്ചതിനുശേഷമാണ്‌ ഇങ്ങനെ. കാഴ്‌ച വായനയുടെ കൊലയാളിയാണെന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്‌. എങ്കിലും വിവിധ ചാനലുകളെ ചാടി കടന്നുളള ആ യാത്ര ജിതേന്ദ്രന്‌ അങ്ങേയറ്റം ആശ്വാസം നൽകി. ഉച്ചയ്‌ക്ക്‌ സംപ്രേഷണം ചെയ്യുന്ന ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ മലയാള ചലച്ചിത്രങ്ങളോടാണ്‌ അയാൾക്ക്‌ അങ്ങേയറ്റത്തെ പ്രതിപത്തി. ബ്ലാക്ക്‌ ആന്റ്‌ വൈറ്റിന്‌ നിർവ്വചിക്കുവാനാകാത്ത ഒരഴകുണ്ടെന്ന്‌ എം.മുകുന്ദൻ പറയുന്നതിനുമുൻപാണിത്‌. അടുത്ത കാലത്ത്‌ ഇടയ്‌ക്കുവെച്ച്‌ കണ്ടു തുടങ്ങിയ ഒരു പഴയ മലയാളപടം അയാളെ ഹഠാദാകർഷിച്ചു. നസീറും സത്യനും ജയഭാരതിയും തന്മയത്വത്തോടെ അഭിനയിച്ച ആ ചലച്ചിത്രം ഒരു ത്രികോണപ്രണയത്തെ പ്രമേയമാക്കി സ്വീകരിച്ചതായിരുന്നു. സത്യൻ ജയഭാരതിയെ അഗാധമായി സ്‌നേഹിക്കുന്നു; അയാളറിയാതെ നസീറും. ഒടുവിൽ ഇഷ്‌ടതോഴനായ നസീറിനുവേണ്ടി ജയഭാരതിയെ വിട്ടുകൊടുക്കുന്ന സത്യന്റെ ആരെയും കരയിപ്പിക്കുന്ന ശോകമുഖം കണ്ടപ്പോൾ സഹിക്കാനാവാതെ ആ ചാനൽ മാറ്റിവെച്ച്‌ ജിതേന്ദ്രൻ എം.ടിവിയിലെത്തി ബക്‌റാ കണ്ടു.

പിന്നെയും എത്രയോ പുസ്‌തകങ്ങൾ കോവണിയിറങ്ങി വിരുന്നുപോയി. തിരികെ വന്നു. വിതരണ രജിസ്‌റ്റർ പല വടിവിലുളള ഒപ്പുകൾ വീണു നിറഞ്ഞു. ജിതേന്ദ്രൻ എത്രയോ സിനിമകൾ കണ്ടു മറന്നു. പ്രിയംവദ തന്റെ പാദസ്വരക്കിലുക്കത്താൽ കടുന്താട്‌ പഞ്ചായത്ത്‌ പബ്ലിക്‌ ലൈബ്രറിയേയും ജിതേന്ദ്രന്റെ മനസ്സിനേയും പിന്നെയും പലവുരു തരളിതമാക്കി.

അപ്പോഴും തന്റെ തുറന്ന പ്രണയപുസ്‌തകത്തിലെ ഒരു വരിപോലും അവൾ വായിക്കാതെ പോകുന്നതിൽ അയാൾ കുണ്‌ഠിതനായി. ഒന്നും തുറന്നുപറയാൻ ധൈര്യമില്ലാതെ, എവിടെനിന്നു തുടങ്ങുമെന്ന ആശങ്കയിൽ അയാൾ വലഞ്ഞു.

ആയിടയ്‌ക്കാണ്‌ കടുന്താട്‌-നല്ലാനിക്കുന്ന്‌ റൂട്ടിലോടുന്ന മരിയ ബസ്സിന്റെ കണ്ടക്‌ടർ സുപാൽ കടുന്താട്‌ പഞ്ചായത്ത്‌ ലൈബ്രറിയിൽ അംഗമായി ചേരുന്നത്‌. വായനാശീലത്തിന്റെ വ്യാപ്‌തി സമൂഹത്തിന്റെ അടിത്തട്ടിലേയ്‌ക്കും വ്യാപിക്കുന്നതിൽ സന്തുഷ്‌ടനായ ജിതേന്ദ്രൻ ഇരുകൈയ്യും നീട്ടി അയാളെ സ്വാഗതം ചെയ്‌തു. ബസ്‌ കണ്ടക്‌ടർമാരുടെ ജീവിതം വല്ലാത്തൊരു ജീവിതമാണ്‌. മാസത്തിന്റെ പകുതി നാളിൽ ജീവിതത്തിൽ നിന്ന്‌ വിട്ടുനിന്നുകൊണ്ട്‌ അന്യരുടെ ലക്ഷ്യത്തിലേക്ക്‌ ടിക്കറ്റു മുറിച്ചു കൊടുക്കുന്നു. കൈകൾ നീട്ടുന്നു. ബാഗിലെ ചില്ലറ കിലുക്കത്തിലേക്ക്‌ കൈയ്യാഴ്‌ത്തി ജീവിതനിയോഗം നിറവേറ്റുന്നു. സ്ഥലനാമങ്ങളും ടിക്കറ്റ്‌ നിരക്കുകളും മനസ്സിലോർത്ത്‌ ഓടുന്ന വണ്ടിയിൽ അസ്വസ്ഥനായി ജീവിക്കുന്നു.

അംഗമായി ചേർന്ന അന്നുമുതൽ സുപാൽ ലൈബ്രറിയിലെത്താൻ തുടങ്ങി. വെറുതെ പുസ്‌തകങ്ങൾ തെരയുകയും ഒടുവിൽ ഏതെങ്കിലും ഒന്നെടുത്ത്‌ മടങ്ങുകയും ചെയ്യുന്ന ലക്ഷ്യബോധമില്ലാത്ത ഒരു വായനക്കാരനായിരുന്നു അയാൾ. ദീർഘനാളത്തെ അനുഭവപരിചയം കൊണ്ട്‌ അത്തരക്കാരെ സഹായിച്ചിട്ടോ ഉപദേശിച്ചിട്ടോ യാതൊരു പ്രയോജനവുമില്ലെന്ന്‌ ജിതേന്ദ്രൻ മനസ്സിലാക്കിയിരുന്നു.

എന്നാൽ പ്രിയംവദ വരുന്ന സമയം മുൻകൂട്ടി അറിഞ്ഞിട്ടെന്നവണ്ണം സുപാൽ അവിടെനിന്ന്‌ കറങ്ങുന്നതിൽ ജിതേന്ദ്രനൊരു പന്തികേട്‌ തോന്നാതിരുന്നില്ല. ചില നേരങ്ങളിൽ അവരിരുവരും കടാക്ഷങ്ങൾ കൈമാറുന്നതും ഇമ ചിമ്മാതെ നോക്കിനിൽക്കുന്നതും പ്രായത്തിന്റെ പ്രത്യേകതകൊണ്ട്‌ ജിതേന്ദ്രൻ കണ്ടറിഞ്ഞു. സമയക്രമങ്ങളെ ലംഘിച്ച്‌ പ്രിയംവദ നേരത്തെ എത്താൻ തുടങ്ങിയതും അയാളെ കൂടുതൽ കൂടുതൽ സംശയരോഗിയാക്കി.

കാര്യങ്ങൾ കൂടുതൽ കൂടുതൽ വഷളാകുകയായിരുന്നു.

ഷെൽഫുകളുടെ അങ്ങേയറ്റത്ത്‌ ഏതോ പുസ്‌തകം തെരയുന്ന മട്ടിൽ അവർ ഒച്ചയുണ്ടാക്കാതെ സംസാരിച്ചു നിൽക്കുന്നതു കണ്ടിട്ടും രണ്ട്‌ വായനക്കാർ തമ്മിലുളള സർഗസംവാദമായി അതിനെ കരുതാൻ ജിതേന്ദ്രൻ നിർബന്ധിതനായി. പുകവലി പാടില്ലായെന്നതിന്റെ താഴെ ലൈബ്രറി ഹാളിനകത്ത്‌ പ്രണയം നിരോധിച്ചിരിക്കുന്നുവെന്നൊരു ബോർഡ്‌ വെയ്‌ക്കുന്നതിനെപ്പറ്റിയും ജിതേന്ദ്രൻ സഗൗരവം ആലോചിക്കാൻ തുടങ്ങി. പിന്നെപ്പിന്നെ മദ്ധ്യാഹ്നത്തിലെ വിജനമായ ലൈബ്രറിയിലേക്ക്‌ അവർ മുട്ടിയുരുമ്മി എത്താൻ തുടങ്ങിയപ്പോഴേക്കും സംഗതിയുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ജിതേന്ദ്രന്‌ ഏകദേശം മനസ്സിലായി.

കാര്യങ്ങൾ വിശദമായി പ്രിയംവദയോട്‌ സംസാരിക്കണമെന്ന്‌ അയാൾ ഉറച്ചു.

വിദ്യാഭ്യാസവും സൗന്ദര്യവും സമ്പന്ന കുടുംബാംഗവുമായ ഒരു പെൺകുട്ടി- സർവ്വോപരി അവളൊരു നല്ല വായനക്കാരിയാണ്‌-വിദ്യാഭ്യാസവും വിവരവുമില്ലാത്ത ഒരു ബസ്‌ കണ്ടക്‌ടറോട്‌ പ്രണയം തോന്നുന്നതിലും പവിത്രങ്ങളായ ലോക ക്ലാസ്സിക്കുകളിൽ വെച്ച്‌ കത്തുകൾ കൈമാറുന്നതിലും എത്ര പുരോഗമനപരമായി ചിന്തിച്ചിട്ടും അക്ഷന്ത്യവ്യമായ ഒരു തെറ്റ്‌ ജിതേന്ദ്രന്‌ കണ്ടെത്താനായി. ഇതിന്റെ ഫലമായി അതിവിദൂരമല്ലാത്ത ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക്‌ അവളുടെ ശ്രദ്ധയെ കൊണ്ടുവരേണ്ടതുണ്ട്‌.

സുപാൽ ബസിൽപോയി തുടങ്ങിയതോടെ പ്രിയംവദയ്‌ക്ക്‌ ആ പഴയ പ്രസരിപ്പ്‌ നഷ്‌ടമായതായി ജിതേന്ദ്രനു തോന്നിപ്പോയി. ലൈബ്രറി സന്ദർശനം വിരളമായി. വന്നാൽ തന്നെ മുട്ടത്തുവർക്കിയുടെ നായികമാരെപ്പോലെ പുസ്‌തകങ്ങളെ മറന്ന്‌ അലസമായി നിൽക്കാൻ തുടങ്ങി. പ്രിയംവദയുടെ ആ വിരഹവേദന ജിതേന്ദ്രൻ വായിച്ചെടുത്തു.

സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ലെന്ന്‌ എവിടെയോ വായിച്ചത്‌ ജിതേന്ദ്രൻ ഓർത്തു. ഇതാണ്‌ നല്ല സമയം. അയാൾ പല പുസ്‌തകങ്ങളിൽ നിന്നും കഥകൾ ഉദ്ധരിച്ച്‌ അവളെ അതിൽനിന്നും പിൻതിരിപ്പിക്കാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു.

പക്ഷേ പ്രണയത്തിലേക്കൊരു നീണ്ട ചർച്ചയിൽ പ്രവേശിക്കവേ, താനും സുപാലും തമ്മിലുളളത്‌ ഇരുപത്തിനാല്‌ കാരറ്റ്‌ വിശുദ്ധപ്രണയമാണെന്നും അതിൽ നിന്ന്‌ തങ്ങളെ പിൻതിരിപ്പിക്കാൻ ലോകത്തൊരു ശക്തിക്കും കഴിയുകയില്ലെന്നും പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്‌തകങ്ങൾ തൊട്ട്‌ അവൾ സത്യം ചെയ്‌തു. ഇതൊക്കെ ഏതു പുസ്‌തകത്തിലെ വരികളാണെന്ന്‌ ആലോചിച്ച്‌ ജിതേന്ദ്രൻ കുഴങ്ങി. ഒപ്പം ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തുനിന്ന്‌ ഈ വിവാഹം നടത്തിത്തരുമോയെന്നു കൂടി പ്രിയംവദ ജിതേന്ദ്രനോട്‌ ചോദിച്ചു. ആ ചോദ്യം ഒരു ഉൾക്കിടിലത്തോടെയാണ്‌ അയാൾ ഉൾക്കൊണ്ടത്‌. അതു കേട്ടപ്പോൾ ഒരു ദിവസം പ്രിയംവദ വന്ന്‌ പമ്മന്റെ പുസ്‌തകം ചോദിച്ചാലെന്നവണ്ണം ജിതേന്ദ്രൻ വിളറി.

തൊട്ടടുത്ത ദിവസങ്ങളിൽ കടുന്താട്‌ പഃപഃലൈബ്രറി അടഞ്ഞു തന്നെ കിടന്നു. തന്റെ ജീവിതം ശൂന്യമാണെന്നും ഒന്നിനും യാതൊരു അർത്ഥവുമില്ലെന്നും ജിതേന്ദ്രന്‌ ജീവിതത്തിലാദ്യമായി തോന്നി. വീടിനു പുറത്തേക്കിറങ്ങാൻ പോലും അയാൾ കൂട്ടാക്കിയില്ല.

അധികം വൈകാതെ സുപാലും പ്രിയംവദയും വീട്ടുകാരുടെ എതിർപ്പിനെ തൃണവദ്‌ഗണിച്ചു കൊണ്ട്‌ കടുന്താട്‌ സബ്‌രജിസ്‌റ്റർ ഓഫീസിൽ വെച്ച്‌ വിവാഹിതരായി. രണ്ടാം സാക്ഷി ജിതേന്ദ്രനായിരുന്നു. ഒപ്പിടുമ്പോൾ അയാളുടെ വിരലുകൾ നന്നായി വിറച്ചിരുന്നു. അവിചാരിതമായി കണ്ണാടിയിൽ കണ്ട തന്റെ മുഖത്തിന്‌ ആ പഴയ മലയാള സിനിമയിലെ സത്യന്റെ മുഖവുമായി സാമ്യമുണ്ടെന്നും അയാൾ കണ്ടുപിടിച്ചു.

അതിനുശേഷം ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ ജിതേന്ദ്രൻ പൂർവ്വാധികം ഭംഗിയായി നടത്തിവരുന്നുണ്ട്‌. ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയായി ആ ലൈബ്രറിയെ ഉയർത്തുവാനും ലൈബ്രറി കൗൺസിലിന്റെ അവാർഡ്‌ വാങ്ങാനും അയാൾ നിശ്ചയിച്ചുറച്ചു കഴിഞ്ഞു. വായനക്കാരുടെ ആ പഴയ കൂട്ടായ്‌മ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ചുളള ചർച്ചകളും പുരോഗമിക്കുന്നുണ്ട്‌. അതിനായി പുതിയൊരു പ്രബന്ധവും ജിതേന്ദ്രൻ എഴുതുന്നുണ്ട്‌. പ്രബന്ധത്തിന്റെ വിഷയം വായനയുടെ ലോകത്ത്‌ ബസ്‌ കണ്ടക്‌ടർമാരുടെ ഇടപെടലുകൾ എന്നതാണ്‌.

Generated from archived content: story1_sep22.html Author: unnikrishnan_poozhikkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here