കുട്ടികളുടെ പൊറാട്ട്‌

പാട്ടയിൽ താളം കൊടുക്കുകയാണ്‌ രോഹിത്‌. ഉണ്ണി, രാഹുൽ, രഞ്ഞ്‌ജു എന്നിവർ തലേദിവസത്തെ പാന (ഭഗവതി ക്ഷേത്രങ്ങളിലേക്കുളള വഴിപാടായി നടത്തുന്ന ഒരു അനുഷ്‌ഠാനം) കഴിഞ്ഞപ്പോൾ സംഘടിപ്പിച്ച പുക്കുലക്കുറ്റിയുമായി (മുരുക്കുമരം ആശാരികടഞ്ഞ്‌ രൂപപ്പെടുത്തി അതിൽ തെങ്ങിൻ പുക്കുല കുത്തിനിർത്തിയ ഒരു അനുഷ്‌ഠാന രംഗോപകരണം) കുറ്റി തുളളുകയാണ്‌. ഭക്തരായി മാറിയ മണിക്കുട്ടിയും പ്രസീതയും അവരെ ശ്രദ്ധിക്കുകയും തുളളുന്നതും കൊട്ടുന്നതും തെറ്റുമ്പോൾ അവരെ ചീത്ത പറയുകയും ചെയ്യുന്നു.

ഇവിടെ വളരെ ഭക്ത്യാദരപൂർവ്വം നടക്കുന്ന ഒരു അനുഷ്‌ഠാനകലാരൂപത്തിന്റെ അനുകരണം നടക്കുകയാണ്‌. കുട്ടികൾ അവരുടേതായ ഭാവനയിൽ സ്വാതന്ത്ര്യത്തിൽ തലേദിവസം കണ്ട ‘പാന’ ചെയ്യുകയാണ്‌. തങ്ങൾ ചെയ്യുന്നത്‌ അനുകരണമാണെന്നോ അഭിനയമാണെന്നോ അവർ അറിയുന്നില്ല. അവർക്കിത്‌ കളി മാത്രമാണ്‌. ഇത്തരം കളികളിലെല്ലാം ഒരുതരം പൊറാട്ട്‌ നിറഞ്ഞുനിൽക്കുന്നത്‌ കാണാം. നിയതമായ അരങ്ങോ സ്‌ക്രിപ്‌റ്റോ ചിട്ടപ്പെടുത്തലുകളോ ഇല്ലാതെ കുട്ടികൾ അരങ്ങേറുന്ന ഈ കളികളെ ‘കുട്ടികളുടെ പൊറാട്ട്‌’ എന്നു വിളിക്കാം. ഈ പൊറാട്ടുകൾ കാലദേശങ്ങൾക്കനുസരിച്ച്‌ വ്യത്യാസപ്പെടുന്നത്‌ ചെറിയൊരു നിരീക്ഷണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്‌.

ഇരുപത്‌-ഇരുപത്തഞ്ച്‌ വർഷങ്ങൾക്കു മുമ്പ്‌ തമിഴ്‌ സിനിമകൾ കണ്ടുവരുന്ന കുട്ടികൾ കയ്യിൽ കിട്ടുന്ന വടിയോ ഈർക്കിലോ എടുത്ത്‌ എം.ജി.ആറും, എം.എൻ.നമ്പ്യാരുമായിമാറി ആ കഥാപാത്രങ്ങളുടെ ചേഷ്‌ടകൾ അനുകരിച്ച്‌ വാൾപയറ്റ്‌ നടത്തുന്നത്‌ സ്‌ഥിരം കാഴ്‌ചയായിരുന്നു. സ്‌ക്രീനിൽ കാണുന്ന സ്‌ഥലങ്ങൾ (ലൊക്കേഷൻ) വീട്ടുമുറ്റത്തും അകത്തും അടുക്കളയിലും കട്ടിലിനുമുകളിലുമെല്ലാം സൃഷ്‌ടിക്കാൻ അവർക്ക്‌ യാതൊരു പ്രയാസവുമില്ല. ഇന്ന്‌ അവരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സിനിമകളിലെ ബോംബും തോക്കുമാണ്‌ ആധുനിക പൊറാട്ടിൽ ഇടം പിടിക്കുന്നത്‌ (ടി.വിയിൽ രാമായണം കണ്ട്‌ കമ്പികൊണ്ട്‌ അമ്പും വില്ലും ഉണ്ടാക്കിക്കളിച്ച്‌ കുട്ടികളുടെ കണ്ണ്‌ നഷ്‌ടപ്പെട്ടതെല്ലാം ഇതിന്റെ മറ്റൊരു ദുരന്തവശമാണ്‌). നിമിഷങ്ങൾക്കുളളിൽ ഇത്തരം കഥാപാത്രങ്ങളായി അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന ഈ കുട്ടികളെ മുതിർന്നവർ ശ്രദ്ധിക്കുകയോ അകത്തുകയറി തകർക്കുന്നതിനെ ശാസിക്കുകയോ ചെയ്യുമ്പോൾ അവർ പെട്ടെന്നുതന്നെ ആ കളിയിൽനിന്നും വിടുതി നേടുകയും പുതിയരംഗവേദി കണ്ടെത്തി അഭിനയം തുടരുകയും ചെയ്യുന്നതു കാണാം.

ഇങ്ങനെ കഥാപാത്രമായിത്തീരാനും കഥാപാത്രത്തിൽനിന്നും വിടുതി നേടാനും വീണ്ടും കഥാപാത്രമാകാനും അവർക്ക്‌ നിമിഷങ്ങൾ മതി. ഇത്‌ ഒരുതരം അന്യവൽക്കരണം തന്നെയാണ്‌. പൊറാട്ടുകളിലെ ഒരു പ്രധാനഘടകമായ അന്യവൽക്കരണം ഏറെ നിറഞ്ഞുനിൽക്കുന്നു കുട്ടികളുടെ പൊറാട്ടിൽ എന്നു കാണാൻ പ്രയാസമില്ല. ഉൽസവക്കാലമായാൽ അമ്പലപ്പറമ്പിലെത്തുന്ന നാടകങ്ങളുടെ അനുകരണങ്ങൾ വീട്ടുമുറ്റങ്ങളിൽ പതിവാണ്‌. മുണ്ടും പുതപ്പും സാരിയുമെല്ലാം കർട്ടനും കോസ്‌റ്റ്യൂംസുമെല്ലാമായി മാറുന്നതു കാണാം. ഇവിടെ അവർ വലിപ്പമോ ചെറുപ്പമോ രൂപമോ ഒന്നും നോക്കാതെതന്നെ ക്യാരക്ടേഴ്‌സ്‌ ആയും മാറുന്നു. യഥാർത്ഥത്തിലുളള കഥാപാത്രത്തിന്റെ ആഴമോ സ്വഭാവമോ ഈ അനുകരണത്തിന്‌ പ്രതിബന്ധമാകുന്നില്ല. അവരെ ആകർഷിച്ചിരിക്കുന്നത്‌ അരങ്ങിൽ അവർ കണ്ട നിറവും രൂപവും ചടുലതയും മാത്രമാണ്‌. ഈ നാടകങ്ങളുടെ, കുട്ടികൾ നടത്തുന്ന മനോധർമ്മപ്രകടനങ്ങളിൽ തന്നെ അവരിലെ നടനും സംവിധായകനും എല്ലാം ഉയർന്നുവരുന്നത്‌ കാണാവുന്നതാണ്‌. വളരെ രസകരമായ സംഭാഷണങ്ങൾ അർത്ഥവും പരസ്‌പരബന്ധവുമില്ലാതെ ഉരുവിട്ടുപോകുന്നതും ഈ മനോധർമ്മ പ്രകടനങ്ങളിലെ കാഴ്‌ചയാണ്‌. പൊറാട്ടിൽ മനോധർമ്മ പ്രകടത്തിനുളള സ്‌ഥാനം ഇവിടെ തെളിഞ്ഞുകാണാം.

വീട്ടുമുറ്റങ്ങളിൽ കുട്ടികൾ ഒറ്റയ്‌ക്കും കൂട്ടായും നടത്തുന്ന നിരവധി കളികളിൽ അഭിനയവും നാടകീയതയും നിറഞ്ഞുനിൽക്കുന്നു. ഈ കാഴ്‌ചപ്പാടിലൂടെ അവരുടെ കുട്ടികളെ കാണുകയാണെങ്കിൽ മൊത്തംകളികളെ രണ്ടായി തിരിക്കാം. അഭിനയകളിയും അഭിനയേതരകളികളും.

1. അഭിനയകളിഃ അഭിനയകളികളിലെല്ലാം കഥാപാത്രങ്ങൾ ഉണ്ടായിരിക്കുകയും കുട്ടികൾ തങ്ങൾക്ക്‌ ഉൾക്കൊളളാൻ കഴിയുന്ന രീതിയിൽ കഥാപാത്രങ്ങളാവുകയും കഴിയാവുന്നത്ര പ്രോപ്പർട്ടീസ്‌ ശേഖരിച്ചും അതുപയോഗിച്ചുമാവും കളിക്കുന്നത്‌. മാത്രമല്ല അവർക്ക്‌ അവരുടേതായ ഒരു രംഗവേദിയും അബോധപൂർവ്വമായി സൃഷ്‌ടിക്കപ്പെടുന്നു. ചിലകളിൽ ഉദാഹരണമായി എടുത്തുനോക്കാം.

സ്‌കൂൾ ടീച്ചർഃ കുട്ടികൾ ഒറ്റയ്‌ക്കും കൂട്ടായും കളിക്കാറുളള ഒരു കളിയാണിത്‌. മരച്ചുവടോ വീടിന്റെ കോലായിലോ (ഇറയം) കളിയുടെ അരങ്ങായി മാറുന്നു. ഒരു പെൺകുട്ടി ടീച്ചറായും മറ്റുളളവർ പഠിതാക്കളുമായാണ്‌ സാധാരണ കളിക്കാറ്‌. ഇവിടെ വിദ്യാർത്ഥികൾ, ടീച്ചർ എന്നീ രണ്ടുകഥാപാത്രങ്ങൾ രൂപം കൊളളുന്നു. ടീച്ചറുടെ പ്രോപ്പർട്ടിയായി ഒരു വടിയും, വിദ്യാർത്ഥികളുടേതായി സ്വന്തം സ്ലേറ്റും തന്നെയായിരിക്കും. കുട്ടികളോട്‌ ചോദ്യം ചോദിക്കുകയും സ്ലേറ്റിൽ മാർക്കിട്ടു കൊടുക്കുന്നതുമെല്ലാം ഈ കളിയുടെ ഭാഗമാണ്‌. ഇവടെ അവരുടെ സംഭാഷണങ്ങൾ സ്‌കൂളിൽ സംഭവിച്ചതോ പാഠപുസ്‌തകങ്ങളിലുളളതോ ഒക്കെയായിരിക്കും. ഒറ്റയ്‌ക്കാണ്‌ കളിയെങ്കിൽ ടീച്ചർമാത്രമേ കഥാപാത്രമായി ഉണ്ടാകൂ. മുറ്റത്തെ മാവും പ്ലാവുമൊക്കെ ഈ ടീച്ചറുടെ (കുട്ടിയുടെ) ഭാവനയിൽ വിദ്യാർത്ഥികളാണ്‌. മരത്തിനോട്‌ ചോദ്യംചോദിക്കുന്നതും മരത്തെ തല്ലുന്നതും എല്ലാം കാണാം. സ്‌കൂളിൽ ടീച്ചർ തങ്ങളോട്‌ ചെയ്‌തതിന്റെ പ്രതികരണമാണിത്‌. മറ്റു കുട്ടികളെ തല്ലാൻ കഴിയാത്തതിനാൽ മരത്തെ തല്ലുന്നു എന്നുമാത്രം. ഇവിടെ മോണോലോഗിന്റെ പ്രയോഗസാധ്യത വളരെ വലുതാണ്‌.

കച്ചവടക്കാരൻഃ കുട്ടികൾ തങ്ങൾക്ക്‌ കിട്ടാവുന്ന മണ്ണും കല്ലും ഇലയും പൂവും കായും ചിരട്ടയും കടലാസുമെല്ലാം ഉപയോഗിച്ച്‌ കളിക്കുന്നതാണ്‌ പീടികക്കളി അഥവാ കച്ചവടക്കാരൻ. ഇതിൽ ഒരു കടയുടമ. ഒരു സെയിൽസ്‌മാർ. സാധനങ്ങൾ വാങ്ങാൻ വരുന്നവർ എന്നിങ്ങനെ കഥാപാത്രങ്ങൾ ഉണ്ടാകുന്നു. പണത്തിനുപകരം ഇലകളോ കടലാസ്‌ തുണ്ടുകളോ നലകുന്നു. ഇവിടെ സാധനങ്ങൾ വാങ്ങാൻ വരുന്നയാൾ കരുതുന്ന മൂല്യമല്ല ഇലയ്‌ക്ക്‌ കടക്കാരൻ കാണുന്നത്‌. അതിനെ ചൊല്ലി കുട്ടികൾ തർക്കം തുടങ്ങുന്നു. ഒരു നാടകത്തിന്റെ conflictനുളള സാധ്യത ഇവിടെ ആരംഭിക്കുകയായി. ഭൂരിഭാഗവും തർക്കിച്ചു തല്ലിപ്പിരിയുന്നതായിരിക്കും ഇതിന്റെ ക്ലൈമാക്സ്‌ അല്‌പസമയത്തിനു ശേഷം കളി വീണ്ടും ആരംഭിക്കുന്നതും കാണാം. ഇതുപോലെ മറ്റുകളികളിലും കഥാപാത്രങ്ങളെ കണ്ടെത്താം. കളളനും പോലീസും (കഥാപാത്രങ്ങൾ, രാജാവ്‌, മന്ത്രി, പോലീസ്‌, കളളൻ) വീടുകളി (കഥാപാത്രങ്ങൾഃ അച്ഛൻ, അമ്മ, കുട്ടികൾ, അയൽക്കാർ….) ഇങ്ങനെ കഥാപാത്രങ്ങൾ ഉളള കളികളിലെല്ലാംതന്നെ നാടകത്തിന്റെ പ്രാഗ്‌രൂപങ്ങൾ കാണാനും കഴിയും. Situation, Conflict, Improvisation ഇവയെല്ലാം ഇതിൽ നിറഞ്ഞുനിൽക്കുന്നു.

2. അഭിനയേതരകളികൾഃ കഥാപാത്രങ്ങളോ, നല്ല മുഹൂർത്തങ്ങളോ സൃഷ്‌ടിക്കാതെ പോകുന്ന കളികളാണ്‌ ഇവ. ഉദാഃ ഗോട്ടികളി, ഒളിച്ചുകളി, കിളിമാസ്‌, കല്ലുകളി, നാലുമൂല എന്നിങ്ങനെ ഒരു പട്ടിക തന്നെ നിരത്താം. ഈ കളി, കളിയായിത്തന്നെ തീരുമ്പോൾ അഭിനയക്കളിയിൽ അവർ അറിയാതെതന്നെ ജീവിതത്തിന്റെ ചില മുഹൂർത്തങ്ങളെയാണ്‌ റീ-ക്രിയേറ്റ്‌ ചെയ്യുന്നത്‌. നിയതമായ രംഗഭാഷയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കാത്ത ഈ മനോധർമ്മാഭിനയങ്ങൾ-കുട്ടികളുടെ പൊറാട്ടുകൾ പഴയ നാടൻകളികളിൽ തുടങ്ങി ഇന്ന്‌ ടി.വിയിലെ പ്രധാന ഇനമായ പുണ്യപുരാണചിത്രങ്ങളുടെ അനുകരണങ്ങളിലെത്തുന്ന ആധുനികപൊറാട്ടുകളായി തീർന്നിരിക്കുന്നു. ഇത്തരത്തിൽ നോക്കിയാൽ കുട്ടികളുടെ പൊറാട്ട്‌ എന്ന സങ്കൽപം അവരുടെ കളികളിലാണ്‌ നിറഞ്ഞുനിൽക്കുന്നത്‌ എന്നു കാണാം.

Generated from archived content: essay1_apr7.html Author: unnikrishnan_nellikkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English