കോർത്തമാലയിലെ
പൂക്കൾ പോലെ
നല്ല വാക്കുപോലെ
വിരൽത്തുമ്പുകൊണ്ട്
ഞാൻ വീണ്ടും വീണ്ടും
എണ്ണിത്തിട്ടപ്പെടുത്തി
ഉഴിഞ്ഞുവെച്ച എന്റെ
സഞ്ചിത സമ്പാദ്യങ്ങൾ
മടിശ്ശീലക്കുത്തഴിച്ച്
ഇന്നലെ ട്രാൻസ്‌പോർട്ടുസ്‌റ്റാഡിൽനിന്ന്
പോക്കറ്റടിച്ചുപോയി.
എന്റെ കഴുത്തിലെ
ഏഴരപ്പവന്റെ സ്വർണസ്‌പർശവും
ആത്മബന്ധവുമൊക്കെ
ആ റോൾഡ് ഗോൾഡ് കശ്‌മലൻ
കട്ടെടുത്ത് അന്തർസംസ്‌ഥാന
ടെർമിനൽ വഴി കടന്നുകളഞ്ഞു.
വിഷണ്ണനായി
ഓർമ്മകളുടെ വരമ്പത്തുകൂടി
രാത്രിയോടൊപ്പം
ഇതികർത്തവ്യതാമൂഢൻ മടങ്ങുമ്പോൾ
എതിരെ പെട്രോമാക്‌സുകാർ
തവള പിടുത്തക്കാർ
അല്ലെങ്കിൽ പഴയ പഞ്ചായത്തു
തെരഞ്ഞെടുപ്പുകാർ
കാളപ്പെട്ടിക്കാർ നാട്ടുപ്രമാണിമാർ
ഓഹരിക്കൂറ്റന്മാർ
വീട്ടിലെത്തിയപ്പോഴോ ആഴ്‌ചപ്പണക്കാർ
കുറ്റിപിരിയ്‌ക്കാൻ കക്ഷത്തുബാഗുമായി നില്‌പാണ്
കൗഝനെ വിധിയാംവണ്ണം സ്വീകരിച്ച്
രഘു കുബേരനെക്കാത്ത് വ്രതശുദ്ധിയോടെ
പഴയ തേർത്തട്ടിൽ മലർന്നു കിടന്നുറങ്ങി.
വട്ടിപ്പണക്കാർ അകത്തും
ഒബാമയുടെ കനിവുകാത്ത്
ഭോപ്പാൽ ദുരന്തത്തിന്റെ വിധികാത്ത്
പുഷ്‌പകവിമാനം കാത്ത്
ആ കിടന്നകിടപ്പ്
നിരാഹാരസത്യാഗ്രഹമായി
മരണമായി
ഇപ്പോഴും തുടരുകയാണ്.
Generated from archived content: poem3_may25_11.html Author: unnikrishnan_chazhiyad
Click this button or press Ctrl+G to toggle between Malayalam and English