വിജയിയുടെ ചൂളം വിളിക്കിടയിൽ
പരാജിതന്റെ ദീർഘനിശ്വാസം
ആരും കേൾക്കാറില്ല.
എങ്കിലും അവന് കണ്ടുകൊണ്ടിരിക്കാൻ
സമയത്തിന്റെ ആകാശമുണ്ട്
നീലമേഘങ്ങൾക്കിടയിൽ സമുദ്രങ്ങളെ
കാത്തുവെച്ച ആകാശം
നക്ഷത്രം പൊട്ടിവീണാലും
ധൂമകേതു ഉദിച്ചുയർന്നാലും
ആകാശം പരാജിതന്റെ ഹൃദയമാണ്
മിന്നൽപ്പിണരുകളും സൂര്യചന്ദ്രന്മാരും
തേജസ്സാർന്ന നക്ഷത്രത്തിളക്കങ്ങളുമായി
അകലെ നീലാകാശം.
ഭൂമിയിൽ ഒന്നും നോക്കാനില്ലാത്തവന്
ഒന്നും കാണാൻ കണ്ണുകളില്ലാത്തവന്
നോക്കിനടക്കാൻ ശക്തിയില്ലാത്തവന്
ഒരു ശൂന്യകാശം.
ആകാശത്തുനിന്നു കണ്ണുപറിച്ചെടുത്ത്
വീണ്ടും ഭൂമിയിലേക്കു നോക്കുമ്പോഴാണ്
പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്
മത്സരം,
ജയം, പരാജയം,
പഞ്ചായത്തു തെരഞ്ഞെടുപ്പ്
എല്ലാം.
Generated from archived content: poem2_mar18_11.html Author: unnikrishnan_chazhiyad