കൊടുംപാപി ചാകാതെ നിന്നൂ
കോടമഴ പെയ്യാതൊഴിഞ്ഞു
പൊരിക്കാനടുപ്പത്തു വെച്ച വറച്ചട്ടിപോലെ
ത്തിളക്കുന്ന മേടുകൾ.
പാതതോറും നീളെ നിരത്തിയ
പാത്രങ്ങളിൽ കാത്തിരിപ്പിന്റെ കണ്ണീരുകൾ.
വിണ്ടപാടങ്ങളിൽ കൊയ്യാതനാഥരായ്
പതിരായി തീക്കറ്റയായൊടുങ്ങുന്നോർ.
വെളളം പതഞ്ഞു പൊങ്ങുന്നു.
കുടുകുടെ മുക്കിക്കുടിച്ച തെളിമയിൽ
കാളിയൻ നാക്കു നീട്ടുന്നു.
ഒരു നാട്ടിൻപുറത്തിനെ നടുക്കുമീ ദുരിതത്തെ
എങ്ങനെ നാം വിളിക്കുന്നൂ?
പ്ലാച്ചിമട.
പ്ലാച്ചിമട ദുഃഖമാകുന്നു.
വാ പൊളിച്ചലയുന്ന വേഴാമ്പലുമൊരു
തേങ്ങലായ് തെന്നിവീഴുന്നു.
മലകളിൽത്തെളിയുന്ന പുഞ്ചിരിയുറവകളെ
ആർത്തിത്തിരപൂണ്ടൂറ്റിക്കുടിക്കുന്ന
കാകോളപ്പിശാചിന്റെ കേന്ദ്രമിത്
പ്ലാച്ചിമട.
പ്ലാച്ചിമട രോഷമാകുന്നു.
ശോകനാശിനികൾ ദൂരെയാകുന്നു.
നിറകുടം സ്വപ്നമാകുന്നു.
കൊടുംപാപിയെ മാലചാർത്തി
ച്ചലങ്കാരമാക്കി കെട്ടോടെ പാട്ടോടെ
തെരുവിൽ നടത്തിച്ചു.
വൈക്കോൽ പ്രതിമയെ
കൊടുംപാപിയെന്നോർത്തു കല്ലെറിഞ്ഞു.
പുഴമോന്തുമസുരന്റെ രൂപത്തിലിപ്പൊഴും
കൊടുംപാപി ചാകാതെ നിന്നൂ
പുത്തൻ വരം നേടിയാജാനബാഹുവതു
വെളളംകുടിച്ചു പെരുത്തു.
കൊടുംപാപി ചാകാതെ നിന്നാൽ
ചോരമഴ പെയ്യാതൊഴിഞ്ഞാൽ?
Generated from archived content: poem1_may5_08.html Author: unnikrishnan_chazhiyad