അമ്മ

അമ്മ ഞങ്ങളെ തൊട്ടുണര്‍ത്തുന്നവള്‍
അമ്മ ഞങ്ങടെ കൈപിടിക്കുന്നവള്‍
നേര്‍വഴി തെറ്റി ചൂടു കാക്കുമ്പോഴും
ദിക്കറിയാതുഴന്നു മേവുമ്പൊഴും
അമ്മയാശ്വാസമാകുന്നു: മക്കളെ
തൊട്ടുഴിയും കുളിര്‍തെന്നലാവുന്നു.
കോപഭാവത്തില്‍ പുഞ്ചിരി ചാലിച്ച
ശാസന സ്നേഹസ്വാന്തനമാകുന്നു
അമ്മ ഞങ്ങടെ ജീവിതമാകുന്നു
അമ്മ ഞങ്ങള്‍ക്കൊരാശ്രയമാവുന്നു.

സ്നേഹസാഗരമമ്മക്കൊരാശ്രയം
മക്കളാവുന്ന കാലം വരുമ്പൊഴും
ജീവിതത്തോണിയേറെത്തുഴഞ്ഞവള്‍
വിശ്രമം തേടി വന്നണയുമ്പോഴും
നമ്മളൊന്നുമറിയാത്തപോലെയോ
വന്‍ തിരക്കെന്നു ഭാവിച്ചു നീങ്ങുവോര്‍
സ്വല്‍പ്പനേരാമാ ശ്രീകോവില്‍ മുന്നിലെ
സ്നേഹഭാവത്തിലാത്മ സമര്‍പ്പണം
ചെയ്യുകിലതിന്‍ മീതെയൊന്നില്ല
ധന്യതക്കായി കാത്തു നില്‍ക്കേണ്ടവര്‍
നാം ഹൃദയത്തിലെന്തു സൂക്ഷിക്കുന്നു
അമ്മയല്ലാത്തെതെല്ലാം നിറക്കുന്നു
നാം നരകം വിലക്കെടുക്കുമ്പോഴും
നുള്ളു സ്നേഹം പകരാതെപോകിലും
നമ്മളിലൊരു മൂലയിലല്ലയോ
ഏക, ശാന്തസ്വരൂപിണീയായവള്‍
സ്നേഹപാത്രമടച്ചുവെച്ചും കൊണ്ടു
കണ്ണുപൂട്ടാതെ കാത്തിരിക്കുന്നവള്‍
മുണ്ടിന്‍ കോന്തലകൊണ്ടു കണ്ണുംതുട
ച്ചെന്നുമോരോ വിചാരത്തിലാണ്ടവള്‍
ഇത്തിരിനീരിനെ നീര്‍ച്ചോലയാക്കുന്ന
ഇക്കനല്‍ച്ചാട്ടം നിര്‍വൃതിയാക്കുന്ന
ജീവനകാമനയമ്മ താനല്ലയോ?
ആത്മചോദനയമ്മ താനല്ലയോ?
തട്ടകം നിറയുന്ന സ്നേഹത്തിന്റെ
കൂടെയെന്നും മുഴങ്ങും ചിലമ്പിന്റെ
പേരുമമ്മയാണെന്നറിയുക
സത്യമാനന്ദമാത്മാവറിയുക

Generated from archived content: poem1_dec19_11.html Author: unnikrishnan_chazhiyad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here