നിങ്ങൾ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണെങ്കിൽ ഈ ജോലി നിങ്ങൾക്ക് തീർച്ചയായും ലഭിക്കും. ജാതിയോ മതമോ വിദ്യാഭ്യാസയോഗ്യതയോ പ്രശ്‌നമല്ല.
അരിസാമാനങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസ്സിലാണ് സാവിത്രി ഈ പരസ്യം കണ്ടത്.
ചന്ദ്രൻ പരസ്യം വായിച്ചശേഷം ചോദിച്ചു. “നിനക്കിപ്പോഴും പ്രതീക്ഷയുണ്ടോ?”
വെളളക്കടലാസ്സും ഇടയ്‌ക്കുമാത്രം മഷികിനിയുന്ന രാമുവിന്റെ പേനയും ചന്ദ്രനുനേരെ നീട്ടിക്കൊണ്ട് സാവിത്രി പറഞ്ഞുഃ “ഇതുകൂടി അയയ്‌ക്കാം.”
ചന്ദ്രൻ കടലാസ്സും പേനയും വാങ്ങി. ആറുമാസക്കാലമായി അപേക്ഷകളിൽ മാത്രം നിവർന്നുനിൽക്കുന്ന പേര് രണ്ട് തവണ കുടഞ്ഞെടുത്ത മഷികൊണ്ട് എഴുതി; കെ.കെ.ചന്ദ്രശേഖരൻ നായർ. പിന്നെ ഒരിക്കൽകൂടി കുടഞ്ഞെടുത്ത മഷികൊണ്ട് പ്രായം കുറിച്ചു; നാല്പത്തിയേഴ്.
“ഈ ജോലി കൂടി കിട്ടിയില്ലെങ്കിലോ?” കവറിന്റെ മൂടിയിൽ അരിവറ്റുകൊണ്ടു പശതേക്കുന്നതിനിടയിൽ ചന്ദ്രൻ ചോദിച്ചുഃ ‘എന്തുചെയ്യും?“
സാവിത്രി ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി. ചന്ദ്രൻ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രാമുവിനെ നോക്കി. കൈയ്യിലൊരു തകരപ്പാത്രവും പിടിച്ച്, ഞൊണ്ടിഞ്ഞൊണ്ടി ഓരോ ചെടികളും ഓരോ മനുഷ്യരോ വീടോ ആയി സങ്കൽപ്പിച്ച് അവയ്‌ക്ക് മുന്നിൽച്ചെന്ന് അവൻ ’അമ്മാ വല്ലതും തരണേയെന്ന് യാചിച്ചു. ചിലർ ഭിക്ഷകൊടുത്തു. ചിലർ ഒന്നും കൊടുത്തില്ല.
‘രാമൂ’ ചന്ദ്രൻ വിളിച്ചു. ”നീയിതെന്താ കളിക്കുന്നത്.“
രാമു ജാള്യത്തോടെ ചന്ദ്രനെ നോക്കിയിട്ട് വീടിനു പിന്നിലേക്ക് ഓടിപ്പോയി.
ഒരാഴ്‌ച കഴിഞ്ഞ് മറുപടി കിട്ടി. ‘സുഹൃത്തേ, നിങ്ങളുടെ അപേക്ഷ ലഭിച്ചു. നിങ്ങൾ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണ് എന്നറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രായം അൽപ്പം കൂടുതലാണെങ്കിലും സ്വതന്ത്ര മനോഭാവത്തെ ഞങ്ങൾ അംഗീകരിക്കുന്നു. ഇനി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ ഭാര്യയുടെ പേരും വയസ്സും അറിയിക്കുക. അതോടൊപ്പം നിങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോയുടെ രണ്ട് കോപ്പിയും വെയ്‌ക്കുക.
”ഫോട്ടോ എടുക്കുവാൻ നൂറുരൂപയെങ്കിലും ആവും.“ ചന്ദ്രൻ പറഞ്ഞു. ’ഈ ജോലിക്കുളള അപേക്ഷ ചെലവുപിടിച്ചതാണ്.‘
”തത്‌ക്കാലം രാമുവിന്റെ സ്‌കൂൾഫീസിൽനിന്ന് രൂപയെടുക്കാം.“ മറുപടികത്ത് വായിക്കുന്നതിനിടയിൽ സാവിത്രി പറഞ്ഞു. ’എത്ര നാളായി നമ്മളൊന്നിച്ച് ഒരു ഫോട്ടോയെടുത്തിട്ട്.‘
കിടപ്പുമുറിയുടെ ചുവരിൽ തൂക്കിയിരുന്ന ഫോട്ടോയിലേയ്‌ക്ക് ചന്ദ്രൻ നോക്കി. രാമുവിന് ഒരു മാസം പ്രായമുളളപ്പോൾ എടുത്തചിത്രം ആറുവർഷംകൊണ്ട് മങ്ങിപ്പോയിരുന്നു.
’രാമു ഫോട്ടോ എടുക്കുന്നതിനിടയിൽ നിന്റെ സാരി നനച്ചു അല്ലേ?”
സാവിത്രി ചന്ദ്രനെ നോക്കി. അയാൾ നിറംമങ്ങിയ ആ ചിത്രത്തിൽനിന്നും ആറു വർഷങ്ങൾക്ക് പിന്നിലെ ഓർമകളെ പിടിച്ചെടുക്കുകയായിരുന്നു.
സ്‌റ്റുഡിയോയിലെ ചുവരിലും ചില്ലിട്ട മേശയ്‌ക്കടിയിലും നിരത്തിവെച്ചിരുന്ന ഒരു മുഖവും രാമുവിന് പരിചയമില്ലായിരുന്നു. അതുകൊണ്ട് തന്നെ ആ മുഖങ്ങളിലേക്ക് ആവുന്നത്ര ശ്രദ്ധയോടെ നോക്കി. ഒന്നും മിണ്ടാതെ, എന്നാൽ ഗൗരവത്തിൽ അല്ലെങ്കിൽ ചിരിച്ചുകൊണ്ട് അവരെല്ലാം രാമുവിനേയും നോക്കി. ചില ചിത്രങ്ങളിൽ തൊടാൻ ഏന്തി വലിഞ്ഞു. എന്നാൽ ആ ചിത്രങ്ങളെല്ലാം രാമുവിനേക്കാൾ ഉയരത്തിലായതിനാൽ അതിൽ തൊടുവാൻ കഴിഞ്ഞില്ല.
‘ഇതാ നോക്കൂ’ കൈയ്യിൽ ഒരാൽബവുമായി ഫോട്ടോഗ്രാഫർ പുറത്തേക്ക് വന്നു. പഴകിയതിന്റെ കേടുപാടുകൾ ആ ആൽബത്തിനുണ്ടായിരുന്നു. ഓരോ താളുകളും മറിക്കുമ്പോൾ അയാൾ പറഞ്ഞുകൊണ്ടിരുന്നു. ഇത് എ.കെ.ജിയുടെ അമരാവതിയിലെ നിരാഹാരസമരം, ഇത് ഷീലയും നസീറും ഷൂട്ടിംഗിനിടയിൽ തമാശപറയുന്നു, ഇന്ദിരാഗാന്ധിയോട് ചേർന്ന് ഇടതുവശത്തുനിൽക്കുന്നത് നമ്മുടെ കെ.കരുണാകരൻ, ഇടയ്‌ക്ക് താഴേക്ക് ഇളകിവീണ താളുകൾ രാമു ശ്രദ്ധയോടെ എടുത്ത് അയാളുടെ കൈയിൽ കൊടുത്തു.
‘വളരെപ്പഴയതാണല്ലേ’ ചന്ദ്രൻ ചോദിച്ചു. അയാളൊന്നും മിണ്ടാതെ നിന്നു. പിന്നെ പിഞ്ഞിപ്പോയ ആ താളുകൾ അടുക്കിച്ചേർക്കുന്നതിനിടയിൽ പറഞ്ഞുഃ ‘സർ, കഷ്‌ടപ്പാടാണ്.’
ചന്ദ്രൻ സാവിത്രിയെ നോക്കി. സാവിത്രി ചുവരിലെ ഫോട്ടോയിൽ ഇരട്ടവാലൻ മുറിച്ചുകളഞ്ഞ ഗാന്ധിയുടെ കൈക്കുതാഴെ പുരാതനമായൊരു വസ്‌തുപോലെ കൗതുകമാക്കപ്പെട്ട ചർക്കയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
‘സർ’ നെറ്റിയിൽ നിന്ന് ചാലുകീറിയ ചുളിവിന്റെ തടത്തിനുളളിൽ പ്രകാശം കെടാറായ തന്റെ കണ്ണുകൾ ഒന്നുരണ്ട് തവണ ചിമ്മിയടച്ച് പറഞ്ഞുഃ ‘ഇവിടെ വിമാനമുണ്ട്. സാറിന്റെ കുട്ടിക്കത് തീർച്ചയായും ഇഷ്‌ടമാവും.’
അയാൾ മേശയ്‌ക്കുളളിൽ നിന്ന് മറ്റൊരു ചിത്രമെടുത്ത് കാണിച്ചു. വിമാനത്തിനുളളിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന അയാളുടെ തന്നെ ചിത്രമായിരുന്നു അത്.
“മുപ്പതുകൊല്ലം മുമ്പ് ഈ സ്‌റ്റുഡിയോയിൽ വെച്ചെടുത്തതാണ്.” അയാൾ പറഞ്ഞു.
രാമു ആ ചിത്രത്തിലേക്ക് കൗതുകത്തോടെ നോക്കി.
“അമ്മേ വിമാനം മതി” രാമു സാവിത്രിയോട് ചന്ദ്രൻ കേൾക്കാതെ പറഞ്ഞ രഹസ്യം ആ ചെറിയ മുറിക്കുളളിൽ അവന്റെ കൊച്ചുശബ്‌ദത്തിൽ പ്രതിധ്വനിച്ചു.
ഫോട്ടോഗ്രാഫർ കാർഡ്‌ബോഡുകൊണ്ടുണ്ടാക്കിയ വിമാനത്തിന്റെ കൂട് ശരിയാക്കി. പിന്നിൽ മേഘങ്ങൾ വരച്ചുചേർത്ത തുണിയിട്ടു. ചന്ദ്രനേയും രാമുവിനേയും സാവിത്രിയേയും വിമാനത്തിനുളളിലെ ഇരിപ്പിടത്തിലിരുത്തി. വെളിച്ചം ക്രമീകരിച്ചശേഷം അയാൾ ക്യാമറയ്‌ക്ക് പിന്നിലേക്ക് പോയി. ക്യാമറ മൂടിക്കിടന്നിരുന്ന കറുത്തതുണി പിന്നോക്കം വലിച്ച് പർദ്ദയിടുംപോലെ അയാൾ തന്റെ മുഖം മറച്ചു. ക്യാമറയുടെ ഒറ്റക്കണ്ണിലൂടെ അയാൾ ആകാശ സഞ്ചാരികളായ ആ കുടുംബത്തെ നോക്കിപറഞ്ഞുഃ ‘റെഡി’
ആ ശബ്‌ദമെവിടെ നിന്നാണ് പരന്നതെന്ന് രാമു അമ്പരപ്പോടെ നോക്കി.
‘അച്‌ഛാ, ആ അപ്പൂപ്പന്റെ മുഖം കാണുന്നില്ല’ രാമു പേടിച്ച് ചന്ദ്രനോട് പറഞ്ഞു.
ചന്ദ്രൻ രാമുവിന്റെ കൈയ്യിൽ ചെറിയൊരു നുളള് കൊടുത്തിട്ട് മിണ്ടെരുതെന്ന് ആംഗ്യം കാട്ടി. രാമുവിന് സങ്കടം വന്നു.
“ഓകെ. റെഡി‘ അയാൾ പറഞ്ഞു. ’സ്‌മൈൽ പ്ലീസ്‘
രാമുവിന് കരച്ചിൽ വരുന്നുണ്ടായിരുന്നു. തുണിക്കുളളിൽ നിന്ന് തലയൂരി നിവർന്ന് ക്യാമറയുടെ ലെൻസ് ചൂണ്ടിക്കാട്ടിക്കൊണ്ട് അയാൾ പറഞ്ഞു. ’എല്ലാവരും ഇവിടേയ്‌ക്ക് നോക്കി ഒന്നു ചിരിക്കൂ.‘
’ചിരിയ്‌ക്ക് കാത്ത് നിൽക്കണ്ട‘ ചന്ദ്രൻ പറഞ്ഞു. ’ഫോട്ടോ എടുത്തോളൂ.‘
”ഓകെ. റെഡി’ അയാളുടെ ശീലം ആവർത്തിച്ചു. ‘സ്മൈൽ പ്ലീസ്’
രണ്ട് ദിവസത്തിനുളളിൽ മറുപടി വന്നുഃ സുഹൃത്തേ നിങ്ങളുടെ ഭാര്യയുടെ പേര് വയസ്സ് എന്നിവയോടൊപ്പം അയച്ച ഫോട്ടോ കിട്ടി. നിങ്ങളുടെ കൃത്യനിഷ്‌ഠയെ ആദ്യമായി അഭിനന്ദിക്കുന്നു. നിങ്ങൾക്കും ഭാര്യയ്‌ക്കും ഒന്ന് ചിരിയ്‌ക്കാമായിരുന്നു. സ്വതന്ത്രചിന്താഗതിക്കാർ ഇത്രയേറെ മുഖം കനപ്പിക്കേണ്ടതില്ല. ഒരുപക്ഷേ, ക്യാമറയുടെ മുന്നിൽ നിങ്ങൾ പകച്ചുപോയിരിക്കാം. ഞായറാഴ്‌ച രാവിലെ പത്തുമണിക്ക് ഈ വിലാസത്തിൽ നിങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പത്തുനിലയുളള ഒരു ഹോട്ടലിന്റെ നാലാം നിലയിലുളള മുറിയിലായിരുന്നു ചന്ദ്രന്റെ ഇന്റർവ്യൂ. മുറിയുടെ വാതിലിൽ രണ്ട് തവണ ചന്ദ്രൻ ചെറുതായി മുട്ടി. അകത്തുനിന്ന് വരൂ വരൂ എന്ന ശബ്‌ദം ചന്ദ്രനെ ക്ഷണിച്ചു. വാതിൽ തുറന്നുചെന്ന ചന്ദ്രൻ കിടക്കയിൽ അലസമായി കിടന്നുകൊണ്ട് കൈയ്യിലൊരു റിമോട്ടുമായി ടി.വി. കണ്ടുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനെയാണ് കണ്ടത്. ചന്ദ്രനെനോക്കി അയാളൊന്ന് ചിരിച്ചു. പിന്നെ ടി.വി.ഓഫ് ചെയ്‌ത് കിടക്കയിൽ നിന്നുമെഴുന്നേറ്റു.
‘വരൂ, മിസ്‌റ്റർ ചന്ദ്രശേഖരൻ’
അയാൾ തന്റെ അരികിലുളള കസേര ചൂണ്ടിക്കാട്ടി പറഞ്ഞു.
‘ഇവിടെ ഇരിക്കൂ’
ചന്ദ്രൻ ഇരുന്നു.
‘മിസ്‌റ്റർ ചന്ദ്രശേഖരൻ, നിങ്ങൾ ചെറുതായി പരിഭ്രമിച്ചിട്ടുണ്ട്’ അയാൾ ചന്ദ്രനെതിരെയുളള കസേരയിലിരുന്നുകൊണ്ട് പറഞ്ഞുഃ ‘അതിന്റെ ആവശ്യമില്ല. ഇവിടെ നമ്മൾ രണ്ടുപേർ മാത്രമേയുളളൂ. അനൗപചാരികമായ ഒരിന്റർവ്യൂ അത്രമാത്രം“
ചന്ദ്രൻ കസേരയിലൊന്നിളകിയിരുന്നു.
”നിങ്ങൾ കൃത്യസമയത്ത് തന്നെ എത്തി“ അയാൾ തന്റെ വാച്ച് നോക്കിപറഞ്ഞു. ”ഈ കൃത്യനിഷ്‌ഠ പലർക്കും ഇല്ല.“
ആ അഭിനന്ദനത്തിനോട് ചന്ദ്രൻ ചെറിയ ചിരിയിൽ പ്രതികരിച്ചു.
”ആറുമാസം മുമ്പ് ഒരു കാരണവുമില്ലാതെ നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു അല്ലേ?“ അയാൾ ചോദിച്ചു. ചന്ദ്രൻ തലയാട്ടി.
”സ്വകാര്യസ്ഥാപനങ്ങൾ അങ്ങനെയാണ്“ ലോകതത്വം പറയുംപോലെ അയാൾ പറഞ്ഞു. ”ആത്മാർത്ഥതയോ കഴിവോ ഒന്നും അവിടെ പ്രശ്‌നമല്ല.“
അയാൾ തന്റെ ഇടതുവശത്തുളള എ.സിയുടെ സ്വിച്ച് കൂടുതൽ ശീതീകരണത്തിനായി തിരിച്ചുകൊണ്ട് പറഞ്ഞു. ”ഈ പിരിച്ചുവിടൽ മാത്രം മതി ഇത്രയും വർഷത്തെ ജീവിതത്തെ നിങ്ങൾ വെറുക്കുവാൻ.“
”സാർ“ ചെറിയൊരു വിറയലോടെ ചന്ദ്രൻ പറഞ്ഞു.”ഞാനൊരു നല്ല തൊഴിലാളിയായിരുന്നു.“
അഞ്ചടിനാലിഞ്ചുയരവും ഇരുനിറവും വെളളിവരകൾ വീണമുടിയും ക്ഷീണത്തിന്റെ മേഘം പടർന്ന മുഖവുമുളള നാല്പത്തിയേഴുവയസ്സുകാരൻ കെ.കെ. ചന്ദ്രശേഖരൻ നായരുടെ വായിൽനിന്ന് വഴിതെറ്റിവീണ ഒരശ്ലീലം കേട്ടപോലെ അയാളപ്പോൾ ഉറക്കെ ചിരിച്ചു.
”നിങ്ങൾക്ക് എന്തുകൊണ്ട് ഒരു മുതലാളി ആയിക്കൂടാ?“ അയാൾ തന്റെ ചിരി പെട്ടെന്ന് അവസാനിപ്പിച്ച് ചോദിച്ചു.”നിങ്ങൾക്കതിഷ്‌ടമല്ലേ?“
ചന്ദ്രൻ ഒന്നും പറഞ്ഞില്ല.
”നിങ്ങൾക്കറിയാമോ, നിങ്ങൾ ഒരു മുതലാളിയാണ്“ അയാൾ ശബ്‌ദം താഴ്‌ത്തി ഒരു രഹസ്യംപോലെ പറഞ്ഞു.
”ഒരുപക്ഷേ, ഈ തിരിച്ചറിവില്ലാത്തുകൊണ്ടാണ് നിങ്ങളിന്നും പഴയ അതേ വാക്ക് ഉപയോഗിക്കുന്നത്“ അയാൾ കാർക്കിച്ചുകൊണ്ട് തൊണ്ടയിൽനിന്ന് പുറത്തേക്ക് വന്ന കഫം ജനാലതുറന്ന് പുറത്തേക്ക് തുപ്പുന്നതിനിടയിൽ പറഞ്ഞു. ’തൊഴിലാളി‘
ചന്ദ്രൻ ഇരുകൈകളിലേയും വിരലുകൾ പിണച്ച് ചലിപ്പിച്ചു. അപ്പോൾ കൈത്തലത്തിനുമേൽ വിരലുകൾ നിസ്‌ക്കരിച്ചു.
”ഒരുമാസം കൂടി കഴിഞ്ഞാൽ നിങ്ങളെന്തു ചെയ്യും? ഇപ്പോൾതന്നെ നിങ്ങൾ താങ്ങാനാവാത്തതിലുമധികം കടത്തിലാണ്“ ചന്ദ്രന്റെ കൈത്തലത്തിനുമേൽ നെറ്റിച്ചേർത്തുകിടന്ന വിരലുകളിലേക്ക് നോക്കി അയാൾ പറഞ്ഞുഃ ”അൽപ്പം വിഷം അല്ലെങ്കിൽ ഒരു കയർ. നിങ്ങൾ പെട്ടെന്ന് ഉത്തരം കണ്ടെത്തും അല്ലേ?“
ചന്ദ്രൻ ഞെട്ടലോടെ അയാളെ നോക്കി.
അയാളുറക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞുഃ ”പേടിക്കേണ്ട മിസ്‌റ്റർ ചന്ദ്രശേഖരൻ, കടം കയറിയാൻ പിന്നെ ആത്മഹത്യമാത്രം വഴിയുളള ഈ നാട്ടിൽ, ഈ വഴിയായിരിക്കും താങ്കളും സ്വീകരിക്കുക എന്നറിയുവാൻ വലിയ ജ്‌ഞ്ഞാനമൊന്നും വേണ്ട.“
അയാളുടെ മുഖത്തേക്ക് നോക്കാതെ ചന്ദ്രൻ കസേരയിലേക്ക് ചാരി ഒന്നും മിണ്ടാതിരുന്നു.
”മിസ്‌റ്റർ ചന്ദ്രശേഖരൻ, ഈ പ്രതിസന്ധിയിലാണ് ഒരു മുതൽമുടക്കുപോലുമില്ലാതെ നിങ്ങൾ ലക്ഷങ്ങൾ സമ്പാദിക്കാൻ പോകുന്നത്.“ അയാൾ കസേരയിൽ നിന്ന് മുന്നോട്ടാഞ്ഞുകൊണ്ട് പറഞ്ഞു.
”ഒരു സ്വതന്ത്രചിന്താഗതിക്കാരന് മാത്രം ചെയ്യാവുന്ന തൊഴിലിലൂടെ നിങ്ങൾ ലക്ഷാധിപതിയാവുന്നു.“
തണുപ്പിന്റെ വലയ്‌ക്കുളളിൽ മരവിച്ചുപോയ ചന്ദ്രന്റെ ശരീരമപ്പോൾ ചെറുതായൊന്നിളകി. പിന്നെ അയാളുടെ കണ്ണിന്റെ കോർമ്പലിൽ കുടുങ്ങി.
”നിങ്ങൾക്ക് മാത്രം ചെയ്യാനാവുന്ന തൊഴിൽ“ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
”സാർ“ ചന്ദ്രൻ മടിച്ച് മടിച്ച് ചോദിച്ചു. ”ഇതുവരെ ജോലി എന്താണെന്ന് പറഞ്ഞില്ല.“
”പറയാം“ അയാൾ കസേരയിൽ നിന്നെഴുന്നേൽക്കുന്നതിനിടയിൽ ചോദിച്ചു. ”ഈ തണുപ്പിൽ അൽപ്പം മദ്യം കഴിക്കാം അല്ലേ?“
ചന്ദ്രൻ ഒന്നും പറഞ്ഞില്ല.
മുറിയിലെ ഫ്രിഡ്‌ജിൽ നിന്ന് അയാൾ മദ്യവും സോഡയുമെടുത്ത് ഇരുവർക്കുമിടയിലെ മേശയിൽ വെച്ചു. രണ്ടു ഗ്ലാസ്സുകളിൽ മദ്യം പകർന്നു.
’ചന്ദ്രശേഖരൻ, ഞാൻ നിങ്ങളോട് പറഞ്ഞില്ലേ, ഇതൊരു അനൗപചാരിക ഇന്റർവ്യൂ ആണെന്ന്” അയാൾ ചന്ദ്രനുനേരെ ഗ്ലാസ്സ് നീട്ടിക്കൊണ്ട് പറഞ്ഞു. “കഴിക്കൂ”
അയാളുടെ വായിൽനിന്ന് വീഴുവാൻ പോകുന്ന ഭാവിയെകാത്ത് ചന്ദ്രൻ ഇരുന്നു.
രണ്ട് പെഗ്ഗ് കഴിഞ്ഞപ്പോൾ ഒരു പരസ്യത്തിന്റെ ഈണത്തിൽ, കാണാതെ പഠിച്ച ഒരു പാഠം ഉരുവിടുംപോലെ അയാൾ പറഞ്ഞുതുടങ്ങിഃ മിസ്‌റ്റർ ചന്ദ്രശേഖരൻ, നാമിന്നു ജീവിക്കുന്ന ലോകം നിങ്ങൾ കാണുന്ന ലോകമല്ല. ഇത് വളരെ വിചിത്രമാണ്. നിങ്ങൾ ഭാവനയിൽ കണ്ട ലോകത്തുനിന്ന് വിഭിന്നവുമാണ്. ലോകത്തെ മാറ്റിത്തീർക്കുക വിപ്ലവത്തിലൂടെയാണെന്ന് നിങ്ങളുടെ തലമുറ തെറ്റിദ്ധരിച്ചു. പാവങ്ങൾ. എത്രപേർ ആത്മഹത്യചെയ്‌തു. എത്രപേർ കൊല്ലപ്പെട്ടു. എത്രപേർക്ക് ഭ്രാന്ത് പിടിച്ചു. നിങ്ങളോ, നാല്പത്തിയേഴാമത്തെ വയസ്സിൽ, ഒരു കാരണവും കൂടാതെ ജോലി ചെയ്‌ത സ്ഥാപനത്തിൽ നിന്നും പിരിച്ചയയ്‌ക്കപ്പെട്ടു. ആരും നിങ്ങൾക്ക് വേണ്ടി സമരം ചെയ്‌തില്ല. ആരും നിങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കിയില്ല. നിങ്ങളോ കടംവാങ്ങിയും ഭാര്യയുടെ പണ്ടങ്ങൾ വിറ്റും നിത്യവൃത്തിക്കായി പാടുപെടുന്നു. ഭക്ഷണം കഴിക്കണം. വീട്ടുവാടകകൊടുക്കണം. അങ്ങനെയെത്രയെത്ര കാര്യങ്ങളാണ് നിങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഈ ആറുമാസംകൊണ്ട് നിങ്ങൾ തളർന്നുപോയിരിക്കുന്നു. നിങ്ങളും ഭാര്യയും ചിരിക്കാൻ മറന്നുപോയിരിക്കുന്നു. നിങ്ങൾക്കിടയിൽ സംസാരംപോലും കുറഞ്ഞു. നാല്പത്തിയേഴാമത്തെ വയസ്സിൽ ഇനിയേതു ജോലിയാണ് ലഭിക്കുക എന്ന ആശങ്കയിൽപ്പെട്ട് നിങ്ങളുടെ ആയുസ്സ് കുറഞ്ഞുവരുന്നു. സുഹൃത്തേ, ഈ സ്വകാര്യലോകത്തിലെ ദുഃഖങ്ങളെ മാറ്റിമറിക്കുകയാണ് ഞങ്ങൾ. മനുഷ്യന്റെ ദുഃഖങ്ങളല്ല ആനന്ദമാണ് ഈ ലോകത്തിനാവശ്യമെന്ന് ഞങ്ങൾ കരുതുന്നു.
ചന്ദ്രനും അയാൾക്കുമായി ഓരോ പെഗ്ഗുകൂടി പകർന്ന് അയാൾ തുടർന്നു. മിസ്‌റ്റർ ചന്ദ്രശേഖരൻ, ഞങ്ങൾ കാണുന്നത് പുതിയൊരു കമ്മ്യൂൺ ആണ്. നിങ്ങൾ വിഭാവനം ചെയ്‌ത കമ്മ്യൂണിൽ നിന്നും തീർത്തും വ്യത്യസ്‌തമാണത്. നിങ്ങളുടെ ഉത്‌പാദനക്ഷമമല്ലാത്ത, പ്രതിഫലമില്ലാത്ത സ്വകാര്യവേളകളെ ലാഭമുളളതാക്കിത്തീർക്കുവാൻ പരസ്പരവിദ്വേഷങ്ങളില്ലാത്ത കുറച്ചുപേർ ഒത്തുകൂടുമ്പോൾ അതൊരു പുതിയ കമ്മ്യൂൺ ആയിമാറുന്നു. ഞാൻ വിശദീകരിക്കാം. നിങ്ങൾ നിങ്ങളുടെ ആനന്ദം മറ്റുളളവരുമായി പങ്കുവെക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് മാന്യമായ പ്രതിഫലമാണ്. എന്നാൽ, ഇന്ന് നിങ്ങളാവട്ടെ ഭയങ്കരമായ സങ്കടത്തിന്റെ നുകത്തിനു കീഴിലാണ്. ഒരേ ലക്കിനുചുറ്റും നടന്ന് ജീവിതം തീർക്കുന്നു. നിങ്ങളുടെ ശരീരം ഒരു തൊഴിൽശാലയാണെന്ന് നിങ്ങൾ അറിയുന്നില്ല. ഈ തൊഴിൽശാലയിലെ ഉടമയും തൊഴിലാളിയും നിങ്ങൾ മാത്രമാണ്. അപ്പോൾ തൊഴിൽവേള ആനന്ദകരമാക്കുമ്പോൾ നിങ്ങളുടെ കീശ നിറയുന്നു. ഒരാൾക്കുപോലും നിങ്ങളുടെ അനുവാദമില്ലാതെ തൊഴിൽശാലയിലേക്ക് പ്രവേശനമില്ല. ചന്ദ്രശേഖരൻ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടെന്ന് കരുതട്ടെ. നിങ്ങളും ഭാര്യയും നിങ്ങളുടെ ശരീരങ്ങൾ ഇത്രനാളും പവിത്രമായി ഒളിപ്പിച്ചുവെച്ചപ്പോൾ നിങ്ങൾക്ക് ലഭിച്ചതെന്താണ്? ഗൂഢമായ സദാചാരത്തിന്റെ ആനന്ദം. ഈ ആനന്ദം എത്ര ജുഗുപ്‌സാവഹമാണ്. ഹാ കഷ്‌ടം! ശരീരത്തിന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ ആനന്ദം. ആ ആനന്ദത്തിന് കുറച്ചുപേർ സാക്ഷികളാവുന്നു. അത്രമാത്രം.
“സാർ” ചന്ദ്രൻ കുഴഞ്ഞുപോയ നാവിൽ ചോദിച്ചു. “അതായത് ഞാനും ഭാര്യയും മറ്റുളളവരുടെ മുന്നിൽവെച്ച്…”
അയാൾ ചിരിച്ചുകൊണ്ട് ചന്ദ്രനോട് ചേർന്നിരുന്നു. “ആരാണീ മറ്റുളളവർ? പുതിയ ലോകത്തിൽ നാമെല്ലാം ഒന്നല്ലേ.”
“ആണോ” ചന്ദ്രൻ പാതിയടഞ്ഞ കണ്ണുകളോടെ വിശ്വസിക്കാനാവാതെ ചോദിച്ചു.
അയാൾ തലയാട്ടി.
ചന്ദ്രൻ മുറിവിട്ടിറങ്ങും മുമ്പ് അയാളോട് ചോദിച്ചുഃ “സാർ, ഞങ്ങൾക്ക് ഞങ്ങളുടെ മകനെയുംകൂടി കൂട്ടാമോ?”
അയാൾ പറ്റില്ലെന്നു തലയാട്ടി.
“സർ, അവനൊരു പാവമാണ്” ചന്ദ്രൻ ചെറിയൊരു വിതുമ്പലോടെ പറഞ്ഞു. “കുട്ടികൾക്കായുളള ഒരിടത്ത് അവൻ ഇരുന്നുകൊളളും.”
“ക്ഷമിക്കണം ചന്ദ്രശേഖരൻ, ഇത് വലിയവരുടെ ലോകമല്ലേ.”
മെഴുതിരികൾകൊണ്ട് ചുറ്റും വെളിച്ചം തെളിയിച്ച സ്‌റ്റേജിനുനടുവിൽ നിറമുളള കിടക്കയിൽ സാവിത്രി നവവധുവിനെപ്പോലെകിടന്നു. കണ്ണിനുതാഴെ ചന്ദ്രക്കലപോലെ പടർന്ന കറുപ്പ് റോസ്‌പൗഡറിനു മുകളിൽ തെളിഞ്ഞിരുന്നു. കാണികളുടെ ഇരിപ്പിടം നിറഞ്ഞപ്പോൾ സംഗീതമാരംഭിച്ചു. ചന്ദ്രൻ സാവിത്രിയെ ചേർത്തുപിടിച്ചു. സാവിത്രി അടക്കിയ ശബ്‌ദത്തിൽ ചോദിച്ചു. ‘രാമു ഇടയ്‌ക്ക് ഉണരുമോ?“
വീടിന്റെ മേൽപ്പുരകൾ കടന്ന് ഉയരമാർന്ന വൃക്ഷങ്ങൾ കടന്ന് ആറുവയസ്സുകാരൻ സഞ്ചാരിമേഘങ്ങളിൽ മറയുന്നത് ചന്ദ്രൻ കണ്ടു. ചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞതുകണ്ട് പരിഭ്രമിച്ചുപോയ സാവിത്രി എന്തേ എന്നു ചോദിക്കുവാൻ തുടങ്ങുംമുമ്പേ പുതിയ കമ്മ്യൂണിന്റെ ആനന്ദത്തിനായി ആ ചോദ്യത്തെ വിടർത്തുവാൻ വിസമ്മതിച്ച് സാവിത്രിയുടെ ചുണ്ടുകളെ തന്റെ വായ്‌ക്കുളളിലാക്കി ചന്ദ്രൻ ഞെരിച്ചുകളഞ്ഞു.
Generated from archived content: story_may14.html Author: unni_r