പതിവ് പോലെ ഗൗരിമോള്‍ ഫേസ് ബുക്കില്‍ മുഴുകി.
“ടുഡേ ഈസ് മുഹമ്മദ്സ് ബര്‍ത്ത്ഡേ”.
ഫേസ്ബുക്കിലെ നോട്ടിഫിക്കേന്‍ വായിച്ച ഗൗരിമോള്‍ തന്‍റെ അരികിലിരുന്ന ദേവകിയമ്മയോട് പറഞ്ഞു.
“അമ്മൂമ്മേ…അമ്മൂമ്മേ…” “നമ്മുടെ അയല്‍വീട്ടിലെ മുഹമ്മദ് അങ്കിളിന്‍റെ ജന്‍മദിനമാണല്ലോ ഇന്ന്”.
ദേവകിയമ്മയുടെ ചെറുമകളാണ് ഗൗരി. ഗൗരിമോള്‍ക്ക് വയസ്സ് ഏഴ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുയാണ് ആ കൊച്ചു മിടുക്കി. സുന്ദരികുട്ടി. ഗൗരിയുടെ അമ്മ ഗായത്രി.
“ഗൗരിമോള്‍ ഹാപ്പിബര്‍ത്ത്ഡേ ആശംസിച്ചു കൊണ്ട് അങ്കിളിന്‍റെ ടൈംലൈയിനില്‍ എഴുതട്ടേ”. അവള്‍ ദേവകിയമ്മയോട് ചോദിച്ചു.
“വേഗം എഴുതൂ കുട്ടീ…”
ദേവകിയമ്മ മറുപടി പറഞ്ഞു കൊണ്ട് തന്‍റെ മുഖത്തു വെച്ചിരുന്ന കണ്ണടയെടുത്ത് അതിന്‍റെ ചില്ല് തുടച്ചു വൃത്തിയാക്കി തിരികെ അത് മുഖത്ത് വെച്ചു.
തന്‍റെ മുറിയിലെ ചുവരില്‍ ഘടികാരത്തിനോട് ചേര്‍ന്ന് തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലേ ആ മാസത്തിലേക്കും അന്നത്തെ തീയതിയിലേക്കും വിരലോടിച്ചു കൊണ്ട് ദേവകിയമ്മ പറഞ്ഞു.
“ശരിയാട്ടോ! ഇന്നാ… ഇന്നാ ന്‍റെ മുഹമ്മദ് മോന്‍റെ ജന്‍മദിനം”.
ദേവകിയമ്മയുടെ മനസ്സില്‍ ഓര്‍മ്മകള്‍ പെയ്യുകയായിരുന്നു.
“ആയിരമായിരം വര്‍ണ്ണത്തുവലുകളാലുള്ള ഓര്‍മ്മകള്‍, ഗ്രാമത്തിന്‍റെ സുഗന്ധമുള്ള ഓര്‍മ്മകള്‍, മാതൃസ്നേഹത്തിന്‍റെ സ്പര്‍ശനമുള്ള ഓര്‍മ്മകള്‍, താരാട്ടിന്‍റെ ഈണം നിറഞ്ഞ ഓര്‍മ്മകള്‍”. ആ കണ്ണുകള്‍ ഈറനണിയുന്നത് കണ്ടപ്പോള്‍ ഗൗരിമോള്‍ ചോദിച്ചു.
“അമ്മൂമ്മ എന്തിനാ കരയുന്നത്.”
കണ്ണടകള്‍ മാറ്റി കണ്ണുകള്‍ തുടച്ച് ദേവകിയമ്മ ഗൗരിമോളോട് മനസ്സ് തുറന്നു. “നിനക്കു അത് ഒന്നും അറിയില്ലാ ന്‍റെ കുട്ട്യേയ്. ഒരു വ്യാഴവട്ടക്കാലം മുന്‍പ് വരെ ഒരേ വീടു പോലെ കഴിഞ്ഞവരേല്ല ഞങ്ങള്‍. ഞാനും മുഹമ്മദിന്‍റെ ഉമ്മ സുബൈദയും ഒരു നിമിഷം പോലും വേര്‍പിരിഞ്ഞിരിക്കാന്‍ വയ്യാത്ത കൂട്ടുകാരികള്‍. നിന്‍റെ മുത്തശ്ശന്‍ ഭാസ്കരമേനോന്‍ സാറും മുഹമ്മദിന്‍റെ വാപ്പ ബീരാന്‍ കുട്ടി ഇക്കയും ഉറ്റ ചങ്ങാതിമാരായിരുന്നു. നിന്‍റെ അമ്മ ഗായത്രിയും മുഹമ്മദിന്‍റെ അനിയത്തി ആയിഷയും എന്നെയും സുബൈദയും പോലെ എപ്പോഴും ഒരുമിച്ചായിരുന്നു. നിന്‍റെ ആദിത്യന്‍ മാമനും മുഹമ്മദും വല്യ കൂട്ടുകാരായിരുന്നു”.
“ആദിത്യനെയും ഗായത്രിയേയും സുബൈദയാണ് വളര്‍ത്തിയത്. അവര്‍ക്ക് പത്തിരിയും ഇറച്ചിയും നെയ്ചോറും കോഴിബിരിയാണിയും എല്ലാം എന്നും അവള്‍ രുചിയോടെ ഉണ്ടാക്കി വാരി ഊട്ടും. മുഹമ്മദ് മോനെയും ആയിഷമോളെയും ഞാനാണ് വളര്‍ത്തിയത്. ചോറിന് അവിയലും കണ്ണിമാങ്ങ അച്ചാറും അവര്‍ക്ക് എന്നും നിര്‍ബന്ധമായിരുന്നു. കാലവര്‍ഷത്തോട് അവര്‍ക്ക് ചെങ്ങാത്തമായിരുന്നു. മഴ അവര്‍ക്ക് മഹോല്‍സവമായിരുന്നു. വൈകുന്നേരങ്ങളില്‍ സ്ക്കൂള്‍ വിട്ടവര്‍ കോരിച്ചൊരിയുന്ന മഴ നനഞ്ഞ് ഞങ്ങളുടെ കപ്പയും കട്ടന്‍ ചായയും എവിടെ അമ്മേയെന്ന് ചോദിച്ച് ഓടി വരുമായിരുന്നു. ഞാന്‍ കപ്പയും പിന്നെ കാന്താരി മുളകും ചെറുഉള്ളിയും കല്ലുപ്പും കൂടി അമ്മിക്കല്ലില്‍ വെച്ച് അരച്ച് വെളിച്ചണ്ണ ഒഴിച്ച ചമ്മന്തിയും ചൂട് കട്ടന്‍ ചായയും ഉണ്ടാക്കി വെച്ചിരിക്കും”.
പെറ്റമ്മയെക്കാള്‍ പൊറ്റമ്മമാര്‍ മക്കളെ സ്നേഹിക്കുകയായിരുന്നു. ആ സ്നേഹപ്രവാഹം പെരിയാറു പോലെ ഒഴുകുകയായിരുന്നു. എന്നുമെന്നും ഒരു പോലെ.
“1980 മാര്‍ച്ച് രണ്ടാം തീയതി രാവിലെ 7 മണിക്കാണ് മുഹമ്മദിനെ പ്രസവിച്ചത്. പൂരം നാളില്‍. പൂരം പിറന്ന പുരുഷന്‍. പറവൂര്‍ ഗവര്‍മെന്‍റ് ആശുപത്രിയിലായിരുന്നു പ്രസവം. അമ്പിളി പോലൊരു ആണ്‍കുഞ്ഞ്. അന്നാളില്‍ ഈ നാട്ടിലെ ഭൂരിഭാഗം കുട്ടികള്‍ക്കും ജന്‍മം നല്‍കിയത് പറവൂര്‍ ഗവര്‍മെന്‍റ് ആശുപത്രിയാണ്”. “അതെന്താ അമ്മൂമ്മേ! ഗൗരിമോള്‍ അവിടെയല്ലല്ലോ ജനിച്ചത്”. “ഗൗരിമോള്‍ ജനിച്ച വല്യ ആശുപത്രി കഴിഞ്ഞ ദിവസം മോളെ അമ്മ കാണിച്ചു തന്നുവല്ലോ” ഗൗരിമോള്‍ക്ക് സംശയം. “അക്കാലത്ത് ഇവിടെയെങ്ങും വേറെ പ്രൈവറ്റ് ആശുപത്രി ഉണ്ടായിരുന്നില്ല കുട്ട്യേയ്.. പിന്നീടല്ലയോ ഗൗരിമോള്‍ ജനിച്ച വല്യ സ്വകാര്യ ആശുപത്രി ഒക്കെ വന്നത്”.
ദേവകിയമ്മ മന്ദഹസിച്ചു കൊണ്ട് തുടര്‍ന്നു.
“ഞാന്‍ ആ പൊന്നുംകുടത്തിന് മുഹമ്മദ് എന്ന് പേരിട്ടു. പ്രവാചകനായ നബിതിരുമേനിയുടെ പേര് അവന്‍റെ ഓമന മുഖത്തിന് മാറ്റ് കൂട്ടി. ആറുമാസം കഴിഞ്ഞാണ് നിന്‍റെ മാമന്‍ ആദിത്യന്‍റെ ജനനം. അന്ന് കൈകുഞ്ഞുമായി സുബൈദ ആ രാത്രി മുഴുവന്‍ എനിക്ക് കൂട്ടിരുന്നു. കുഞ്ഞിനെ ആദ്യമായി സുബൈദയാണ് എടുത്തത്. ചക്കരമുത്താണ് ഉമ്മേടെ മോന്‍ ഖല്‍ബിലെ തേനാണ് എന്ന അവളുടെ വാക്കുകള്‍ എന്‍റെ കാതുകളില്‍ സംഗീതമായി”.
“1981 മാര്‍ച്ച് രണ്ടാം തീയതി മുഹമ്മദ്മോന്‍റെ ഒന്നാം ജന്‍മദിനം ഞങ്ങള്‍ കേമമായി ആഘോഷിക്കുകയുണ്ടായി. ഈ നാടു കണ്ട ഏറ്റവും വല്യ ജന്‍മദിനാഘോഷമായിരുന്നു അത്. മുഹമ്മദ്മോന്‍റെ ജന്‍മദിനം ആഘോഷിക്കണമെന്ന് ഞാനാ ശാഠ്യം പിടിച്ചത്. അതുവരെ ഈ നാട്ടില്‍ കല്യാണങ്ങള്‍ മാത്രമേ ആഘോഷമായി നടത്താറൊള്ളൂ. സദ്യയാണ് ഗംഭീരമാവേണ്ടത്. സദ്യ ഉണ്ട ആളുകള്‍ നല്ല അഭിപ്രായം പറയണം. മറിച്ചായാല്‍ തീര്‍ന്നു. പുറമേ നിന്ന് ദേഹണ്ഡക്കാര്‍ ആരും വേണ്ടാ. നമ്മുക്ക് തന്നെ സദ്യ ഒരുക്കാമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ തലേ ദിവസംതന്നെ കലവറയില്‍ കയറി . നെയ്ചോറും ഇറച്ചിയും സുബൈദയും ബീരാന്‍കുട്ടി ഇക്കയും ചേര്‍ന്ന് തയ്യാറാക്കിയപ്പോള്‍ സദ്യ ഞാനും നിന്‍റെ മുത്തശ്ശനും ചേര്‍ന്ന് ഒരുക്കി. കേക്ക് മുറിക്കുന്ന ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ സദ്യക്ക് ഇലയിട്ടു. സദ്യ ഉണ്ട ആളുകളുടെ മുഖത്തേക്കു ഞാന്‍ അവരറിയാതെ സൂക്ഷിച്ചു നോക്കി, പ്രാര്‍ത്ഥനയോടെ എല്ലാവരുടെയും മുഖത്ത് സംതൃപ്തി പ്രകടമായിരുന്നു. എവിടെ സദ്യക്കുേപായാലും കുറ്റം മാത്രം പറയുന്ന വലിയ വീട്ടിലെ രാഘവപണിക്കരുടെയും വയറന്‍ വാസുവിന്‍റെയും വാക്കുകള്‍ക്കായി ഞാന്‍ ചെവിവട്ടം പിടിച്ചു. സദ്യ ഉണ്ട് കൈ കഴുകി തുടച്ച് നാലും കൂട്ടി മുറുക്കുകയാണവര്‍”.
“എന്താ ആ കറികളുടൊക്കെ ഒരു സ്വാദ്. ആരാണാവോ ദേഹണ്ഡം. ദൂരേന്ന് പ്രശസ്തരായ ഏതോ ദേഹണ്ഡക്കാര്‍ തന്നെ സംശയമില്ല. അടുത്ത കാലത്തൊന്നും ഇത്രങ്ങട് കേമമായ ഒരു സദ്യ ഉണ്ടിട്ടില്ല”. “അതെയതെ.” രാഘവപണിക്കരുടെ വാക്കുകളെ വയറന്‍ വാസു തലകുലുക്കി സമ്മതിച്ചു. “ആ അഭിപ്രായം എന്‍റെ പാചകത്തിന് കിട്ടിയ ഒരു അവാര്‍ഡ് തന്നെയായിരുന്നു”.
“സുബൈദ അവളുടെ അകലെയുള്ള ബന്ധുകളെ എനിക്ക് പരിച്ചയപ്പെടുത്തി. അടുത്തുള്ളവരെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. എല്ലാവര്‍ക്കും സദ്യയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. എല്ലാവരും സ്നേഹത്തോടെ എന്നെ വാനോളം പുക്ഴത്തി. ദേവകിയുടെ മക്കളുടെ ജന്‍മദിനത്തിന് തങ്ങളെയെല്ലാം മറക്കാതെ ക്ഷണിക്കണമെന്ന് പറഞ്ഞാണ് അവരെല്ലാം അന്ന് യാത്രയായത്”.
“ആളുകളെല്ലാം ഒഴിഞ്ഞപ്പോള്‍ ഞാന്‍ സുബൈദയുടെ അടുത്ത് ചെന്ന് പറഞ്ഞു”.
“എന്നാ ഞാനും വീട്ടിലേക്ക് ചെല്ലട്ടേ സുബൈദാ. അവിടെ കോഴികളെയെല്ലാം കൂട്ടില്‍ കയറ്റണം. അല്ലാച്ചാ അവറ്റകള്‍ വല്ല മരത്തിന്‍റെ ചില്ലകളില്‍ കയറിയിരിക്കും. രാത്രിയില്‍ മരപ്പട്ടിയോ കോക്കാന്‍ പൂച്ചയോ പിടിച്ചു കൊണ്ട് പോവും. ആടുകളെ പാടത്ത് നിന്ന് അഴിച്ച് കൊണ്ടു വന്ന് കൂട്ടില്‍ കയറ്റണം. മുട്ടനാടുകളെ നാലണ്ണത്തിനെ കൊടുത്തിട്ടു വേണം ന്‍റെ ആയിഷമോള്‍ടെയും ഗായത്രിമോള്‍ടെയും ജന്‍മദിനത്തിന് പൊന്നുമേടിക്കാന്‍. പിന്നെ രാത്രിലേ അത്താഴത്തിനു വല്ലതും ഉണ്ടാക്കണം”
“നീയെന്‍റെ കൂടപിറപ്പാ ദേവൂ…” സുബൈദാ എന്നെ കെട്ടിപിടിച്ച് കൊണ്ട് കരഞ്ഞു. എന്‍റെ കണ്ണുകളും നിറഞ്ഞൂട്ടോ”.
അന്ന് ആദ്യമായി മിഴിനീര്‍ സ്വയം വഴി മറന്ന് ആ കവിള്‍ തടത്തിലാകെ പരന്നൊഴുകി. ആ സ്വര്‍ഗീയ നിമിഷം കണ്ട് കൊതിതീരാതെ കടന്നു പോയ കാലചക്രം സ്വയം തന്‍റെ ജോലിയെ പഴിച്ചിട്ടുണ്ടാകാം.
“ഞാനും സുബൈദയും കണ്ണുകള്‍ തുടച്ചു. എന്‍റെ ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ട് അവള്‍ പറഞ്ഞു”.
“ഇതാ ഇപ്പോ നന്നായേ ദേവൂ. നീ ഇനി വീട്ടില്‍ പോയി അത്താഴം ഉണ്ടാക്കേണ്ട. പിന്നെ ഇവിടെ ഈ ഇരിക്കണതൊക്കേ ആരാ കഴിക്കാ എന്‍റെ റബ്ബേ”.
“അവള്‍ വേഗം തന്നെ ചോറും കറികളും ഒരോരോ പാത്രങ്ങളിലാക്കി അടച്ച് വലിയ ഒരു കുട്ടയില്‍ ഇറക്കി ന്‍റെ ഒരു കൈസഹായത്തോടെ സ്വന്തം തലയിലേറ്റി. അവള്‍ ഒരു കൈയ്യാല്‍ കുട്ടയും മറുകൈ ന്‍റെ തോളിലും പിടിച്ചുകൊണ്ട് പറഞ്ഞു”.
“വാ ദേവൂ; നമ്മുക്ക് നമ്മുടെ വീട്ടില്‍ പോകാം”.
“സൗഹൃദത്തിന്‍റെ പര്യായമായിരുന്നു ഞങ്ങള്‍. യഥാര്‍ത്ഥ സൗഹൃദം എങ്ങിനെയായിരിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. തന്‍റെ പ്രിയ സുഹൃത്തിന്‍റെ മനസ്സ് അന്യോന്യം വായിക്കുവാനുള്ള കഴിവാണ് ഒരു യഥാര്‍ത്ഥ സൗഹൃദബന്ധത്തിനു ആദ്യം ഉണ്ടായിരിക്കേണ്ടത്. ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ പിണങ്ങിയിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളൊന്നും ഇല്ലായിരുന്നു. സ്വര്‍ണ്ണം മേടിക്കുവാനായി തുണികള്‍ മേടിക്കുവാനായി ചന്തയില്‍ പച്ചകറികളും പലച്ചരക്കും മേടിക്കുവാനായി എന്നു വേണ്ട എന്തിനും ഏതിനും എനിക്ക് അവളുടെയും അവള്‍ക്ക് എന്‍റെയും കൂട്ട് വേണമായിരുന്നു. ഭഷണവും ആഭരണവും എല്ലാം ഞങ്ങള്‍ തമ്മില്‍ എന്നും കൈമാറിയിരുന്നു. ഉള്ളില്‍ എത്ര വിഷമമുള്ളപ്പോഴും അവളുടെ മുഖത്ത് നിറഞ്ഞ ചിരി ഉണ്ടായിരിക്കും. ആ ചിരി എന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ പൂത്തിരിയായി. എന്‍റെ ശുഭാപ്തി വിശ്വാസമുള്ള വാക്കുകള്‍ അവളിലും ഒരായിരം കനവുകള്‍ ഉണര്‍ത്തി. എത്രയെത്ര സംവല്‍സരങ്ങള്‍ ഇതെല്ലാം ആവര്‍ത്തിച്ചു കൊണ്ടിരുന്നു”.
“പിന്നെ എന്നോ എവിടെയോ നഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. കുട്ടികള്‍ വലുതായി. മുഹമ്മദ് മോന് മൈക്രോസോഫ്റ്റില്‍ ജോലികിട്ടി അമേരിക്കയില്‍ പോയതും ആദിത്യന്‍ IASസുമായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയതും ആയിഷമോളുടെ നിക്കാഹും ഗായത്രിയുടെ വിവാഹവും എല്ലാമെല്ലാം വളരെ പെട്ടെന്നായിരുന്നു. സുബൈദയുടെ ഓലമേഞ്ഞവീട് പൊളിച്ചു മാറ്റി ഇപ്പോള്‍ കാണുന്ന വലിയ മണിമാളികയായി. ഇവിടുത്തെ ചെറിയ ഓടിട്ട വീട് പൊളിച്ചു മാറ്റി ഈ കാണുന്ന ആധുനിക നാലുക്കെട്ടായി. ഇതെല്ലാം എന്‍റെയും അവളുടെയും ഒരു കാലത്തെ മോഹങ്ങളായിരുന്നു; സ്വപ്നങ്ങളായിരുന്നു. ഇരുവീടുകള്‍ക്കും ഇടയില്‍ ഇടത്തൂര്‍ന്ന് നിറഞ്ഞു നിന്ന ചെമ്പരത്തിപ്പൂക്കള്‍ ഉള്ള, നാടുമുഴുവന്‍ സൗരഭ്യം പരത്തി വിടര്‍ന്നു നിന്നിരുന്ന ഗന്ധരാജപൂക്കള്‍ ഉള്ള വേലിക്കെട്ട് പൊളിച്ചുമാറ്റി ആ സ്ഥാനത്ത് കൂറ്റന്‍ മതില്‍ കെട്ടിപൊക്കിയപ്പോള്‍ അവളുടെ മുഖം എനിക്കും എന്‍റെ മുഖം അവള്‍ക്കും കാണാന്‍ പറ്റാതെയായി. പിന്നെ തമ്മില്‍ ഒന്നു കാണണമെങ്കില്‍ വിശേഷങ്ങള്‍ ഒന്ന് ചോദിച്ചറിയണമെങ്കില്‍ മെയിന്‍ റോഡിലൂടെ പോയി അപരിച്ചിതരേ പേടിച്ച് പൂട്ടിയിട്ടിരിക്കുന്ന വീടിന്‍റെ ഗേയ്റ്റ് തുറപ്പിച്ചിട്ട് വേണമായിരുന്നു. അതോടെ ഞങ്ങളുടെ കൂടിക്കാഴ്ച്ചകള്‍ വല്ല വിവാഹച്ചടങ്ങുകളില്ലോ മരണവീടുകളില്ലോ ഒക്കെ വെച്ചായി ചുരുങ്ങി. ഇപ്പോ അതും നിലച്ചു. വാതം അവളുടെ കാലുകള്‍ക്ക് കൂച്ചുവിലങ്ങിട്ടപ്പോള്‍ കാന്‍സര്‍ എന്‍റെ ശരീരത്തില്‍ ഇത്തിക്കണിയായി പടര്‍ന്ന് തുടങ്ങിയപ്പോള്‍. തൊട്ടടുത്ത് ജീവിച്ചിരുന്നിട്ടും വളരെവളരെ അകലങ്ങളിലെവിടെയോ ആണെന്നുള്ള തോന്നലാണ് ഞങ്ങള്‍ക്കിരുവര്‍ക്കും. രണ്ടു ധ്രുവങ്ങളിലെന്ന പോലെ. ദൈവം ഇപ്പോള്‍ എന്‍റെ മുന്‍പില്‍ പ്രത്യഷപ്പെട്ട് ഒരു വരംചോദിക്കുവാന്‍ അവസരം തന്നാല്‍ ഞാന്‍ ചോദിക്കും”.
“ആ പ്രിയപ്പെട്ട നാളുകള്‍ ഒരേയൊരു തവണ ഞങ്ങള്‍ക്ക് തിരിച്ച് തന്നുകൂടെയെന്ന്. യഥാര്‍ത്ഥ സ്നേഹത്തിന്‍റെ സൗഹൃദത്തിന്‍റെ സത്യത്തിന്‍റെ ദൈവികസ്പര്‍ശമുള്ള ആ നാളുകള്‍”.
“അമ്മൂമേ… അമ്മൂമേ…എന്‍റെ ആശംസക്ക് മുഹമ്മദ് അങ്കിളിന്‍റെ കമ്മന്‍റ് വന്നു. താങ്ക്യൂ മോളൂന്ന്”. ഗൗരിമോള്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ തുറന്ന് വായിച്ചു.
“അമ്മൂമ്മയെ അന്വേഷിച്ചില്ലേ മോളെ. അമ്മൂമ്മക്ക് സുഖമാണോയെന്നൊന്നും ചോദിച്ചില്ലേ മുഹമ്മദ് അങ്കിള്‍”.
“ഇല്ല അമ്മൂമേ”. ദേവകിയമ്മയുടെ ചോദ്യത്തിന് ഗൗരിമോളുടെ വേഗത്തിലുള്ള മറുപടി.
“സൂക്ഷിച്ചു നല്ല പോലെ നോക്കൂ കുട്ടി. നിനക്കും കണ്ണട വേണ്ടി വര്വോ? എന്നെ അന്വേഷിക്കാണ്ടിരിക്കില്ല ന്‍റെ മോന്‍”.
“താങ്ക്യൂ മോളൂന്ന് മാത്രമേയൊള്ളൂ അമ്മൂമേ”. ദേവകിയമ്മയുടെ പരിഭവത്തിനു ഉത്തരം നല്‍കി കൊണ്ട് ഗൗരിമോള്‍ അടുത്ത മുറിയില്‍ ബെല്ലടിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ എടുക്കുവാന്‍ ഓടി.
ദേവകിയമ്മയുടെ ഉള്ളില്‍ നിന്ന് ഒരു തേങ്ങല്‍ ഉയര്‍ന്നു. ആ മനസ്സില്‍ അളവില്ലാത്ത മാതൃസ്നേഹത്തിന്‍റെ ഈ ലോകത്തെ കളങ്കമില്ലാത്ത ഏറ്റവും പരിശുദ്ധമായ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ പെയ്യുകയായിരുന്നു. ആ ശരീരം ഒന്ന് പിടഞ്ഞു. പിന്നെ നിശ്ചലമായി. പെയ്യ്തൊഴിഞ്ഞ ഓര്‍മ്മകള്‍ പോലെ.
Generated from archived content: story1_mar26_15.html Author: unni_manjali