എറണാകുളം വലിയ പറമ്പിൽ റിട്ടേയേർഡ് മേഴ്‌സി പീറ്റർ അത്യാസന്നനിലയിലാണ്. പള്ളിവികാരിവന്ന് വിദേശമക്കളോടൊപ്പം രണ്ടുപ്രാവശ്യം അന്ത്യകൂദാശ നൽകിയിരുന്നു.
തൊണ്ണൂറ് വയസ്സു കഴിഞ്ഞ അമ്മച്ചിയുടെ വിയോഗമറിയാൻ പാഞ്ഞെത്തിയ യു.കെ.യിലുള്ള അൽഫോൺസും ബ്രിട്ടനിലുള്ള ഡോളി വർഗ്ഗീസും കാലിഫോർണിയയിലുള്ള ജെയിംസും സിംഗപ്പൂരിലുള്ള ഡെയ്‌സിയും അങ്ങനെ മക്കളും മരുമക്കളും പേരക്കുട്ടികളും അമ്മച്ചിയുടെ തലയ്‌ക്കുചുറ്റും നിന്ന് പൊയ്‌കണ്ണീര് പൊഴിക്കുന്നുമുണ്ട്, പിറുപിറുക്കുന്നുമുണ്ട്.
സമയം തെറ്റി മിന്നൽ വേഗത്തിൽ വരുന്ന ട്രെയിൻ പോലെ മേഴ്‌സി അമ്മച്ചിയുടെ ബോധം വരുകയും പോകുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് അമ്മച്ചിയെ സ്വർഗ്ഗലോകത്തിലോട്ട് വിളിക്കുകയാണെങ്കിൽ അൽഫോൺസാമ്മയുടെ പേരിൽ ഉപകാരസ്‌മരണ നേർന്നുകൊള്ളാമെന്ന് മരുമകൾ ലില്ലി മൂന്നാം തവണയാണ് പ്രാർത്ഥിച്ചിരുന്നത്.
അരമണിക്കൂർ നേരമെങ്കിലും അമ്മച്ചിയുടെ ബോധം ട്യൂബ്‌ലൈറ്റ്‌പോലെ തുടർച്ചയായി നിന്നിരുന്നുവെങ്കിൽ അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിക്കാമായിരുന്നുവെന്നുള്ള അഭിപ്രായം പാസ്സാക്കിയത് കാലിഫോർണിയയിലുള്ള ജെയിംസായിരുന്നു. കാരണം അമ്മച്ചിയുടെ പേരിലുള്ള “പീറ്റർ ഫൈനാൻസ് കമ്പനി” ആരുടെ പേരിലാ എഴുതിവെച്ചിരിക്കുന്നതെന്ന വേവലാതിയിലാണ് ജെയിംസ്. നാട്ടുനടപ്പനുസരിച്ച് ഇളയമകനാണ് അത് ലഭിക്കേണ്ടത്. ഭാര്യ ഡാർലി നൂറുവട്ടം പറയുമായിരുന്നു ഒന്ന് കേരളത്തിൽ പോയി അന്വേഷിച്ചുവരാൻ. ബിസിനസ്സ് തിരക്കുകാരണം കഴിഞ്ഞില്ലെന്നതാണ് സത്യം. ഡാർലിയ്‌ക്കാണ് അമ്മച്ചിയുടെ ബോധം ഒരിക്കലും നഷ്‌ടമാകല്ലെ എന്ന ചിന്ത. മിഡിയും ടോപ്പും ധരിച്ച് കൂളിംഗ് ഗ്ലാസ്സും വെച്ച ഡാർലിയാണ് അമ്മച്ചിയുടെ ബോധത്തെപറ്റി കൂടുതൽ വെമ്പൽ പൂണ്ടുകൊണ്ടിരുന്നത്. ആ ബോധം പിന്നെ ഒരിക്കലും നഷ്‌ടമാകാതെ വന്നാലോ? അങ്ങനെയും ഡാർലി ചിന്തിക്കാൻ തുടങ്ങി.
ഡാർലി അർദ്ധമനസ്സോടെ ഒരു നിർദ്ദേശം വെച്ചു. ഡോക്‌ടർക്കുള്ളത് കൊടുത്ത് കാര്യം സാധിച്ചു തരില്ലേ? ജെയിംസിനാണെങ്കിൽ സ്വത്തുവിവരം അറിഞ്ഞിട്ടുമതി ഡോക്‌ടറും ഐഡിയയും.
സംഭാഷണം കാടുകയറവെ, മിന്നൽ വേഗത്തിൽ ട്രെയിൻവരുന്നതുപോലെ അമ്മച്ചിയ്‌ക്ക് ബോധംവന്നു. അവസാനമായി ഒരുമയോടെ മക്കളെല്ലാം തന്റെ കട്ടിലിനരുകിൽ നിൽക്കുന്നതുകണ്ടപ്പോൾ അമ്മച്ചിയുടെ കണ്ണ് സന്തോഷം കൊണ്ട് തള്ളിപുറത്തുവന്നു. എല്ലാവരെയുമൊന്ന് അളന്നുനോക്കി, മക്കൾ അങ്ങോട്ട് തിരിച്ചും.
അമ്മച്ചിക്ക് ഇഷ്‌ടമുള്ള എന്താഗ്രഹവും ചോദിച്ചുകൊള്ളണം. ഈ ഭൂമിയിലുള്ള എന്തും ഞങ്ങൾ അമ്മച്ചിക്ക് വേണ്ടി വാങ്ങിത്തരും…..!! യുഗ്‌മഗാനംപോലെ മക്കളുടെ വായിൽ നിന്ന് ഒരുമിച്ചാണ് വാചകം വീണത്. പതിവില്ലാത്ത ഈ സ്‌നേഹം കണ്ട് അമ്മച്ചി ഒന്നു ഞെട്ടി. സാവധാനം പറയാൻ തുടങ്ങി ‘ മക്കളെ, ഈ അമ്മച്ചിയ്‌ക്ക് ഒരാഗ്രഹവുമില്ല. പറ്റുമെങ്കിൽ ’കടമറ്റത്ത് കത്തനാർ‘ എന്ന സീരിയൽ ഒന്നു കണ്ടാൽ കൊള്ളാം….’ മോഹനവാഗ്‌ദാനം നൽകിയ മക്കളെല്ലാം പരസ്‌പരം നോക്കി. അമ്മച്ചിയുടെ സമനില തെറ്റിയെന്നാണ് അവർ കരുതിയത്.
“മക്കൾ ക്ഷമയോടെ ചോദിച്ചു കടമറ്റത്ത് കത്തനാർ തന്നെ കാണണമെന്ന് എന്താണ് നിർബന്ധം? അമ്മച്ചി പറഞ്ഞു, അതിന്റെ ഫൈനാൻസ് നമ്മുടെ ബാങ്കാണ് നൽകിയിരിക്കുന്നത്. അടുത്ത നിമിഷം മക്കളെല്ലാവരും ശ്വാസമടക്കി പിടിച്ചുനിന്നു.??
ഇതിനിടയിൽ ഡാർലി ജെയിംസിനെ മാറ്റിനിറുത്തിവിളിച്ച് ചെവിയിൽ എന്തോ മന്ത്രിച്ചു. മനസ്സില്ലാമനസ്സോടെ ജെയിംസിന് അത് അംഗീകരിക്കേണ്ടിവന്നു. ഭാര്യയുടെ പ്രീതിയ്‌ക്കു വേണ്ടി ജെയിംസ് ആ കൃത്യം നിർവഹിച്ചു. അമ്മച്ചിയുടെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്ത് വിറ്റ തുക, പ്ലെയിൻ പുറപ്പെടുന്നതിന് മുൻപ് ബാഗിലിരുന്ന് തേങ്ങി. മകൻ സൂക്ഷിച്ച് ബാഗിലിട്ടിരുന്ന പണം പിറുപിറുക്കുന്നതുപോലെ ജെയിംസിന് അസ്വസ്‌ഥത. ഭാര്യയുടെ വാക്കുകേട്ട് സ്വന്തം പെറ്റതള്ളയെ ദയാവധത്തിന് കൂട്ടുനിന്ന മനഃസാക്ഷിയോട് അമ്മ പറയുന്നു. മകനെ സൂക്ഷിച്ചു പോകുക.
Generated from archived content: story1_feb14_09.html Author: un_gopinair