രാഷ്‌ട്രീയക്കാരുടെയും ഭരണാധികാരികളുടെയും അശ്രദ്ധകൊണ്ട് ഇന്ത്യയ്‌ക്ക് പല അമൂല്യസ്വത്തുക്കളും നഷ്‌ടപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ അഭിമാനസ്‌തംഭങ്ങളിലൊന്നായ കാലടി ആദി ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലെ പത്തുകോടിയോളം വിലമതിക്കുന്ന മരതകശിവലിംഗപ്രതിമയും വെള്ളി ഉരുപ്പടികളും അടുത്തിടെ മോഷ്‌ടിക്കപ്പെട്ടത് അക്കൂട്ടത്തിലെ ഏറ്റവും പുതിയ സംഭവമാണ്. മയൂരസിംഹാസനം, ടിപ്പു സുൽത്താന്റെ സ്വർണവാൾ തുടങ്ങി എണ്ണിയാൽതീരാത്ത പലതും മുൻപ് ഇന്ത്യയക്ക് നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന കണ്ണട, ചെരുപ്പ്, ക്ലോക്ക് മുതലായവ അമേരിക്കയിൽ ലേലത്തിനു വച്ചപ്പോൾ ഇന്ത്യയുടെ അന്തസ്സാണ് തകർന്നടിഞ്ഞത്. ബുദ്ധിജീവികളും മാധ്യമങ്ങളും ലോകരാഷ്‌ട്രങ്ങളും ഇന്ത്യൻ കോടതി ലേലത്തിന് വിലക്കു കല്‌പിച്ചിരിക്കുന്നുവെന്നു പറഞ്ഞ് തിരിഞ്ഞുനോക്കിയില്ല. ലോകചരിത്രത്തിലെ എക്കാലത്തെയും അവിസ്‌മരണീയ വ്യക്തിയായ ഗാന്ധിജിയുടെ മാസ്‌മരികമായ ഊർജപ്രവാഹത്തിന്റെ ചരിത്രസത്യങ്ങളായി ഇന്ത്യൻ രാഷ്‌ട്രീയത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം രചിച്ച സമധാന പിതവായിരുന്നു മഹാത്മഗാന്ധിയെ വിട്ട് ഇന്ത്യൻ ഭരണകൂടവും രാഷ്‌ട്രീയക്കാരും ഇലക്‌ഷന്റെ പരവതാനിയിലേക്ക് ഇറങ്ങിയത് അസാധാരണവും വേദനാനിർഭരവുമായിരുന്നു. ഭാരത സർക്കാരും ഗാന്ധിയൻ സിദ്ധാന്തക്കാരും രാഷ്‌ട്രീയക്കാരും ആലസ്യത്തിലും മയക്കത്തിലും ആണ്ടുകിടന്നപ്പോൾ ആർക്കും അലോസരമുണ്ടാക്കാതെ ഗാന്ധിയൻ മഹത്വവും ഇന്ത്യയുടെ അന്തസ്സും കാത്തുസൂക്ഷിച്ചത് മദ്യവ്യവസായിയെന്ന ദുഷ്‌പേരുള്ള വിജയ് മല്യ ആയിരുന്നു.
ലോകമാകെയുള്ള ജനങ്ങൾ വിജയ് മല്യയുടെ ഈ സൽപ്രവൃത്തിയെ പുകഴ്‌ത്തി. ഇന്ത്യയുടെ ഈ അമൂല്യനിധി വീണ്ടെടുത്ത വിജയ് മല്യയെ ഭാരതരത്നം നൽകി ആദരിക്കേണ്ടതാണ്. ഇന്ത്യൻ കോടതിയുടെ വിലക്കിന് പുല്ലുവില കല്‌പിച്ച് അമേരിക്കൻ സാമ്രാജ്യത്വശക്തികൾ ഇന്ത്യയെ അപമാനിച്ചതിന് യാതൊരു ന്യായികരണവും ഇതുവരെ വന്നിട്ടില്ല. ദേശാഭിമാനം വെറും വാക്കുകളിലും പ്രസംഗങ്ങളിലും ഒതുക്കുന്ന ഇന്ത്യൻ പ്രവണത ലോകരാഷ്‌ട്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. മാലപ്പടക്കത്തിന് തീ പിടിച്ചപോലെ രാഷ്‌ട്രീയക്കാർ കോടികൾ ധൂർത്തടിച്ചുകളയുന്നു. എന്തുകെണ്ട് രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി ഉപയോഗിച്ചവസ്‌തുക്കൾ ലേലത്തിൽ വയ്‌ക്കപ്പെട്ടു? പത്തു കോടി രൂപ മടക്കി ഇന്ത്യയിലെ ഏതെങ്കിലുമൊരു രാഷ്‌ട്രീയപ്രസ്‌ഥാനം അവ ഇന്ത്യയിലെത്തിച്ചിരുന്നെങ്കിൽ ആ പാർട്ടിക്കത് മുതൽക്കൂട്ടായേനേ. ടാറ്റ, ബിർള, അംബാനി തുടങ്ങിയ കോടീശ്വരന്മാരാരും ചെയ്യാത്ത സൽകർമ്മമാണ് വിജയ് മല്യ ചെയ്‌തത്. അത് ഇന്ത്യയെ വൻ നാണക്കേടിൽനിന്ന് രക്ഷപ്പെടുത്തി. ബിൻ ലാദനോ ദാവൂദ് ഇബ്രാഹിമോ ആണ് ഗാന്ധിജിയുടെ ഈ ഓർമവസ്‌തുക്കൾ ലേലത്തിൽ പിടിച്ചിരുന്നതെങ്കിൽ ഇന്ത്യൻ രാഷ്‌ട്രീയലോബിയുടെ അടിവസ്‌ത്രം കാലം ഉരിഞ്ഞേനേ. രാഷ്‌ട്രീയക്കാരും ഭരണകൂടങ്ങളും കണ്ടില്ലെന്നു നടിക്കുന്ന ഇത്തരം സംഭവവികാസങ്ങൾ മനുഷ്യസമൂഹം ഒന്നടങ്കം അറിഞ്ഞിരിക്കേണ്ട വിചാരങ്ങളാണ്. നമ്മൾ ഇന്നനുഭവിക്കുന്ന സുഖലോലുപ ജീവിതം ലഭിച്ചിരിക്കുന്നത് മഹാത്മാഗാന്ധിയെപോലുള്ളവർ നിരവധി പ്രതിസന്ധികളയും പ്രതിബന്ധങ്ങളെയും തരണം ചെയ്‌ത് നേടിത്തന്നതുകൊണ്ട്. ഭാരിച്ച കുടുംബസ്വത്തും സൽപേരും മുടി്യനായ പുത്രന്മാർ നശിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
വിജയ് മല്യ
കടപ്പാട് – ജ്വാല
Generated from archived content: essay1_may9_09.html Author: un_gopinair
Click this button or press Ctrl+G to toggle between Malayalam and English