പെരുന്തച്ചനും ഏറാമൂളികളും

സിനിമ ഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും കലയാണ്‌. കണിശമായ സത്യസന്ധത പുലർത്തുകയും കലാമേന്മ കൈവിടാതിരിക്കുകയും ചെയ്‌തിട്ട്‌ കളത്തിനു പുറത്തു പോയ സംവിധായകരും നടീനടൻമാരും മറ്റു സാങ്കേതിക വിദഗ്‌ദ്ധരും നിരവധിയാണ്‌. മറിച്ച്‌ ക്ലിക്കും സൂത്രപണികളും മറിമായങ്ങളും ചാലിച്ച്‌ ചലച്ചിത്രങ്ങൾ വിജയിപ്പിച്ച്‌ മത്സരവിഭാഗത്തിൽ അവാർഡ്‌ നേടി ജന്മസായൂജ്യമടയുന്നവരും മലയാള ചലച്ചിത്രത്തിൽ അനവധിയാണ്‌. ഇങ്ങനെയുള്ള മത്സരപാതയിലാണ്‌ സിനിമാനടൻ തിലകൻ പരിവേദനമായി ഫിലിം സംഘടനയായ അമ്മയ്‌ക്കും സൂപ്പർതാരങ്ങൾക്കുമെതിരെയായി ശ്രീലങ്കൻ ചാവേർ ആക്രമണക്കാരെ പോലെ ഒറ്റയാനായി ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്‌.

പ്രാസംഗിക കലയുടെ സൂപ്പർ സ്‌റ്റാറായ സുകുമാർ അഴീക്കോട്‌ തിലകനുവേണ്ടി വാദിച്ചപ്പോൾ കേരള സാഹിത്യ ചലച്ചിത്ര രംഗം സത്യവും മിഥ്യയുമറിയാതെ കുഴഞ്ഞുമറിഞ്ഞു. മൂക്കിൻ തുമ്പിൽ ദുർവാസാവിനെപോലെ കോപം ഇരിക്കുന്നതുകൊണ്ട്‌ തിലകന്റെ ഒറ്റയാൻ പോരാട്ടങ്ങൾ ജനമനസ്സുകളിൽ ഏൽക്കുന്നില്ല, സൂപ്പർസ്‌റ്റാർ ഫാൻസ്‌ അസോസിയേഷൻകാരുടെ സാംസ്‌ക്കാരിക താണ്ഡവമാണ്‌ തിലകന്‌ കൂടുതൽ ചിത്രങ്ങൾ ലഭിക്കാത്തതിന്‌ കാരണമെന്നാണ്‌ പരാതിസാരം. സൂപ്പർസ്‌റ്റാറുകളുടെ വരുതിയിൽ നിൽക്കുന്ന പ്രവർത്തകരെ മാത്രമാണ്‌ അവർ ഒത്താശ ചെയ്യുന്നതെന്നുള്ള തിലകന്റെ പരസ്യ പ്രസ്‌താവന സിനിമാലോകത്തെ ഇളക്കിമറിച്ചു.

സൂപ്പർതാരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും കണക്കിൽ കവിഞ്ഞ പണം വാങ്ങുന്നതും പ്രസംഗകലയിൽ കണക്കിൽ കവിഞ്ഞ രൂപ വാങ്ങുന്ന സുകുമാർ അഴീക്കോടിന്റെ ആരോപണങ്ങൾ ജനങ്ങൾ ചെവികൊള്ളരുത്‌. ഇവർ ജനന്മയ്‌ക്കായി ഒന്നും ചെയ്‌തവരല്ല.

ഹിസ്‌ഹൈനസ്‌ അബ്‌ദുള്ളയിൽ തിലകന്‌ റോൾ ലഭിക്കാതെ വന്നപ്പോൾ അന്നും ഏറെ ചന്ദ്രഹാസം ഇളക്കുകയുണ്ടായി. നരേന്ദ്രപ്രസാദ്‌, രാജൻ പി.ദേവ്‌ ഇവരുടെ ഉയർച്ചയിൽ തിലകന്‌ കലികയറി പല സിനിമാ പ്രൊഡ്യൂസറെയും അകറ്റിയിരുന്നു. കാട്ടുകുതിരയെന്ന നാടകം സിനിമയായപ്പോൾ അപ്രകാശിത അഭിമുഖങ്ങൾ നൽകി വികൃതമാക്കിയതും കാണികൾ മറന്നിട്ടില്ല. നന്മകൾ വിതച്ചാൽ നന്മകൾ കൊയ്യുമെന്ന സിദ്ധാന്തമിവിടെ അന്വർത്ഥമാകുന്നു. പിതാമഹൻമാരുടെ സൽപ്രവർത്തികൾക്ക്‌ ഫലം പുറപ്പെടുവിക്കുന്നത്‌ പിൻഗാമികളായ അനന്തരവൻമാരുടെ കാലഘട്ടത്തിലായിരിക്കും. ക്ഷിപ്രകോപികളായ തിലകനും അഴീക്കോടും ഒന്നായതിൽ അത്‌ഭുതപ്പെടാനില്ല. തന്തഗുണം സന്തതി അഗ്രഗണ്യൻ എന്ന പൊരുളല്ലേ ഈ ആക്രോശങ്ങളുടെ ഊറ്റം.

ജാതിമതപരമായ വിവേചനങ്ങൾക്ക്‌ വഴങ്ങാതെ ദീർഘകാലം സത്യനും പ്രേംനസീറും മധുവുമൊക്കെ അസാമാന്യത ഇല്ലാതെ കലാകാരൻമാരായി തിളങ്ങിയത്‌ നാം കണ്ടതാണ്‌. കൊട്ടാരക്കര ശ്രീധരൻ നായർ നായകപദവിയിൽ നിന്നും നിഷ്‌ക്കാസിതനായി വില്ലൻ കഥാപാത്രമായി അഭിനയിച്ചതിനും അനുഭവസാക്ഷികളാണ്‌ നമ്മൾ.

മലയാള സിനിമയ്‌ക്ക്‌ ജീവിതം തന്നെ അർപ്പിച്ച മധുവിന്‌ ഇന്നോളം ഒരു പത്മശ്രീ പോലും ലഭിച്ചിട്ടില്ല. നടനെന്ന ആ കലാകാരൻ നിശബ്‌ദനായി ജീവിക്കുന്നു. ഇവിടെ മലയാള സിനിമയുടെ മുഖ്യ വിഷയം ഇതൊന്നുമല്ല. വ്യാജ സി.ഡി.കളുടെ പ്രചരണമാണ്‌ സിനിമയുടെ അന്തകൻ. മേൽപറഞ്ഞ കാരണങ്ങൾകൊണ്ട്‌ ഈ കലാകാരൻമാർ തമ്മിൽ ഏറ്റുമുട്ടിയിട്ട്‌ വല്ല പ്രയോജനവുമുണ്ടോ? വ്യാജ സി.ഡി.യുടെ അതിപ്രസരമല്ലാതെ ചലച്ചിത്രമെന്ന കലാരൂപത്തിന്റെ നിലനില്‌പിനെ അപകടത്തിലാക്കുന്ന ഒരു പ്രതിസന്ധിയും കേരളത്തിൽ വന്ന്‌ ഭവിച്ചിട്ടില്ല. ടി.വി ചാനലുകളുടെ അതിപ്രസരംകൊണ്ട്‌ ചലച്ചിത്രമിന്ന്‌ ലോകത്തിന്റെ ഏതു കോണുകളിലും ഇന്ന്‌ സർവ്വ സാധാരണമായിരിക്കുന്നു. ബോക്‌സ്‌ ഓഫീസിൽ മൂക്ക്‌ കുത്തിവീഴുമ്പോൾ ആ നിർമ്മാതാവിനെ രക്ഷിക്കാൻ ഒരു കലാകാരനും ഒരുമ്പെടുന്നില്ല. കലയെ സ്‌നേഹിക്കുന്നവർ അതിനുള്ള പോംവഴിയാണ്‌ കണ്ടെത്തേണ്ടത്‌. സാങ്കേതിക വികാസം എത്രമേൽ വിപ്ലവം സൃഷ്‌ടിച്ചാലും സിനിമയുടെ സൗന്ദര്യലാവണ്യങ്ങൾ നടീനടൻമാരുടെ അഭിനയ മുഹൂർത്തങ്ങളുടെ പ്രസക്തിയിലാണ്‌ നിൽക്കുന്നത്‌. സാമൂഹ്യമാറ്റങ്ങളെ ഉൾകാഴ്‌ചയോടെ നിരീക്ഷിച്ചിറങ്ങുന്ന സിനിമകൾ സാമൂഹ്യവിജയം നേടും. നിരവധി അഭിനയ കലാപ്രതിഭകളുള്ള ‘അമ്മ’ സംഘടനക്കെതിരെ കഴിവുള്ള ഒറ്റകൊമ്പൻമാർ ഇറങ്ങിവന്നാലും പെരുന്തച്ചന്റെ സ്വഭാവത്തിന്‌ ജനങ്ങൾ വിധി എഴുതികഴിഞ്ഞു.

Generated from archived content: cinema1_mar6_10.html Author: un_gopinair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here