വിരസമായ ഒരു ദിവസം

ഞായറാഴ്‌ച രാവിലെ ഉറക്കമുണർന്നതു തന്നെ നാളെ തിങ്കളാഴ്‌ച-വിദ്യാഭ്യാസ വർഷാരംഭമാണല്ലോ എന്നു നിനച്ചാണ്‌. സ്‌നേഹിച്ചും കലഹിച്ചും ചിണുങ്ങിക്കരഞ്ഞും പെയ്‌തു നിവർന്ന മഴ കാരണം കുട്ടികളുടെ കളിദിനങ്ങളുടെ എക്കൗണ്ടിലേയ്‌ക്ക്‌ രണ്ടുനാലു ദിനങ്ങൾ കൂടി ചെന്നു ചേരുകയായിരുന്നു.

വിദ്യാഭ്യാസ വർഷാരംഭത്തിന്റെ സ്‌മൃതി മധുരമായ ഓളങ്ങളിൽ നിന്നും ബാധ്യതകളിൽ നിന്നും നരേന്ദ്രൻ കാതങ്ങൾ അകലെയാണ്‌. എന്നിട്ടും-അയാൾ മെല്ലെ ദിനചര്യങ്ങൾ തുടങ്ങി ധൃതിയിലവസാനിപ്പിച്ച്‌ മുറിയടച്ച്‌ ഉഡുപ്പി റസ്‌റ്റോറണ്ടിലെത്തിയപ്പോഴേക്കും ഒൻപതുമണിയായിരുന്നു. നേർത്ത പ്രാതൽ കഴിച്ച്‌ ബസ്‌സ്‌റ്റാന്റിലെത്തി. അവിടെ ലവ്‌ലി ബേക്കറിക്കുമുമ്പിൽ ഒരാൾക്കൂട്ടം-ഒരു വാല്യക്കാരൻ വെളളമടിച്ച്‌ കാലിടറി ചെളിയിൽ ചുരുണ്ട്‌ നിക്കർ പരുവത്തിൽ കിടപ്പാണ്‌. ആ നെഞ്ചിൻകൂടിൽ ഇത്തിരി അനക്കം മാത്രമുണ്ട്‌.

വെളളമടിക്കാതെ ചുറ്റും നിൽക്കുന്നവരിൽ വെറുപ്പും മുറുമുറുപ്പും.

ഇതുപോലൊരു കാഴ്‌ച എന്നോ ഒരുദിവസം! നരേന്ദ്രൻ ഓർമ്മകളുടെ കയത്തിലേയ്‌ക്ക്‌ വലയെറിഞ്ഞു.

എന്തിന്‌ തന്റെ കാലുകൾ ഇപ്പോൾ, ബസ്‌സ്‌റ്റാന്റിലേക്കു ചലിച്ചു, എന്ന ചോദ്യത്തിന്‌ ‘റെഡ്‌സ്‌റ്റാർ വായനശാലാ’ എന്നുത്തരം കിട്ടി. ചില ഞായറാഴ്‌ചകളിൽ ഇത്‌ പതിവാണ്‌. നാലും നാലും എട്ടുരൂപ ബസ്സിന്‌ ചെലവാക്കിയാൽ ഇന്നത്തെ, ഈയാഴ്‌ചത്തെ, ഈ മാസത്തെ ആനുകാലികങ്ങളിൽ നിന്ന്‌ തനിക്ക്‌ വേണ്ടത്‌ വായിച്ചെടുക്കാം-കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾവരെ… വായനയുടെ ലഹരിയിൽ തിരിച്ചുവന്ന്‌ ഈ വെളിവു കെട്ടവനെപ്പോലെ ഇത്തിരി മയക്കം.

നാലാംമൈൽ വഴി പോകുന്ന, മൂന്നുദിവസത്തെ മഴയിൽ കുളിച്ചുകയറി, വീണ്ടും കളഭക്കൂട്ടിട്ട്‌ ചിന്തേരു തളളിയ ഗുരുദേവൻ ബസ്സിൽ ആദ്യത്തെ അതിഥിയായി കയറിയിരുന്നു. പിന്നാലെ പലനേരങ്ങളിൽ മറ്റുചിലർ. ഇതിനിടയിൽ ലോട്ടറി വില്‌പനക്കാരും തോർത്ത്‌, പുസ്‌തകം, കപ്പലണ്ടി മിഠായി വില്‌പനക്കാരുമായി കുറച്ചുപേർ….

പുസ്‌തക വില്‌പനക്കാരന്റെ കൈയിൽ പത്തുരൂപയുടെ എച്ച്‌&സി പുസ്‌തകമായി ഒ.ഹെന്റിയുടെ അവസാനത്തെ ഇല എന്ന ചെറുകഥയടങ്ങിയ പതിനൊന്ന്‌ കഥകളുടെ ഒരു പുസ്‌തകമുണ്ടായിരുന്നു. മോപ്പസാങ്ങിന്റെ വൈരനെക്ലേസ്‌ പോലെ ഒ.ഹെന്റിയുടെ ലാസ്‌റ്റ്‌ ലീഫ്‌ കുട്ടിക്കാലം മുതൽ പലപ്പോഴായി പത്ത്‌ തവണയെങ്കിലും വായിച്ചിട്ടുണ്ട്‌. ഈ പത്ത്‌ രൂപയുടെ വിശ്വസാഹിത്യ ഗ്രന്ഥം റെഡ്‌ സ്‌റ്റാർ വായനശാലയ്‌ക്ക്‌ തന്റെ സംഭാവനയാവട്ടെ…

നരേന്ദ്രൻ ആ പുസ്‌തകത്തിന്‌ പത്ത്‌ രൂപ കൊടുക്കുന്നത്‌ കണ്ട്‌ മറ്റൊരു ലോട്ടറി വിൽപ്പനക്കാരനും ആളെ മാനം കെടുത്തുന്ന വിധത്തിൽ അഭ്യർത്ഥനയുമായി….നരേന്ദ്രന്‌ ലോട്ടറി വിൽപ്പനക്കാരെ പൊതുവെ വെറുപ്പായിരുന്നു-താനൊരു ഭാഗ്യാന്വേഷി അല്ലെന്നും പൂത്തും തളിർത്തും കായ്‌ച്ചും നിൽക്കുന്ന സൗഭാഗ്യവൃക്ഷത്തിന്റെ മധുരക്കനികൾ കൈയെത്തും ദൂരത്തുണ്ടായിട്ടും…..

ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തിട്ടുളളൂ എന്ന്‌ അയാൾ ഓർത്തു-അത്‌ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു-അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്‌.മുഹമ്മദ്‌ കോയ സാഹിബിന്റെ സ്‌പെഷൽ ഓഡർ പ്രകാരം. അത്തോളിക്കാരനായ സി.എച്ച്‌.പറഞ്ഞാൽ അത്തോളിക്കാരായ വിദ്യാർത്ഥികൾ ടിക്കറ്റെടുക്കാതിരിക്കുന്നതെങ്ങനെ!

ബസ്സ്‌ പുറപ്പെടുകയാണ്‌. ടിക്കറ്റിന്‌ വേണ്ടി നാലുരൂപയ്‌ക്ക്‌ കീശയിൽ തിരഞ്ഞപ്പോൾ ഒരു ഞരക്കം. അഞ്ഞൂറും നൂറും-അറുന്നൂറ്‌ രൂപ മാത്രമേ കീശയിലുണ്ടായിരുന്നുളളൂ. നൂറു രൂപ കൊടുത്ത്‌ നാലു രൂപയുടെ ടിക്കറ്റ്‌ ചോദിച്ചാൽ കണ്ടക്‌ടർ പെട്ടെന്നൊരു കരിയാത്തനായി മാറും. അഥവാ നൂറ്‌ രൂപ മാറ്റി തന്നാൽ തന്നെ അതിലൊരെണ്ണം അയാളുടെ ബാഗിന്റെ പാർശ്വത്തിലുപേക്ഷിച്ച കീറിയ നോട്ടുമായിരിക്കും. അതു വയ്യ. പിന്നെ! ഒ.ഹെന്റി കഥാപുസ്‌തകം തിരിച്ച്‌ കൊടുത്ത്‌-പുസ്‌തക വിൽപ്പനക്കാരൻ മറ്റൊരു ബസ്സിനുളളിലേക്ക്‌ നുഴഞ്ഞു കയറിക്കഴിഞ്ഞിരുന്നു.

കണ്ടക്‌ടർ വന്ന്‌ പെട്ടെന്ന്‌ ടിക്കറ്റ്‌ ചോദിച്ചപ്പോൾ അടുത്ത മുൻസിപ്പൽ ടൗണിന്റെ പേര്‌ പറയേണ്ടിവന്നു. പത്തുരൂപ. അതൊരനാവശ്യ യാത്രയാണ്‌. ഒരു ദിവസം വെറുതെ അലഞ്ഞു തിരിഞ്ഞ്‌ നഷ്‌ടപ്പെടാൻ പോകുന്നു! തന്റെ മുറിയിൽ ഇതുവരെ വായിക്കാനെടുക്കാത്ത നിരവധി പുതിയ പുസ്‌തകങ്ങളുണ്ട്‌. ഏതെങ്കിലുമൊന്നെടുത്ത്‌ വായിച്ച്‌ തീർക്കാമായിരുന്നു…

ബസ്‌സ്‌റ്റാന്റിലെ കുഴികളിൽ ഇറങ്ങിയും കയറിയും ഊഞ്ഞാലാടിക്കൊണ്ട്‌ റോഡിലേക്ക്‌ കയറിയ ബസ്സിനുളളിൽ അങ്ങനെ ചിന്തിച്ചിരിക്കെ പെട്ടൊന്നൊരോർമ്മ വന്നു-പുലിജന്മം-11.30 ന്‌ ഒരു ഷോ മാത്രമേയുളളൂ. ഈ യാത്ര റദ്ദാക്കിയാലോ-നഷ്‌ടം പത്ത്‌ രൂപ മാത്രം!

പുലിജന്മത്തെപ്പറ്റി ദിവസങ്ങൾക്ക്‌ മുമ്പ്‌ എൻ.പ്രഭാകരൻ സാറുമായി സംസാരിച്ചിരുന്നു. നരേന്ദ്രൻ ബസ്സ്‌ പുറപ്പെട്ട്‌, ആദ്യ സ്‌റ്റോപ്പിൽ തന്നെ ചാടിയിറങ്ങി. അയാളുടെ ആ പ്രവൃത്തി കണ്ട്‌ ബസ്സ്‌ ജീവനക്കാർ നരേന്ദ്രനെ സൂക്ഷിച്ച്‌ നോക്കി, എന്തോ വെളിപാടിലെത്തിയിരുന്നു.

ഫ്‌ളൈ ഓവറിന്റെ ഇറക്കത്തിൽ അന്തിച്ചുനിന്ന്‌ കൊണ്ട്‌ മനസ്സൊന്നു കുടഞ്ഞു. പുലിജന്മത്തിന്‌ ഇനിയും ഒന്നര മണിക്കൂർ കാത്തിരിക്കേണ്ടതുണ്ട്‌. അതുവരെ…

കണ്ടക്‌ടർ ബാക്കി തന്ന പണം ഒരിക്കൽ കൂടി എണ്ണിത്തിട്ടപ്പെടുത്തിയശേഷം സ്‌റ്റേഡിയത്തിന്‌ പിറകുവശത്തെ കടൽകാഴ്‌ച്ചകൾക്കായി വലിഞ്ഞു നടന്നു…..

ഇത്തിരി തണലിനും ആളൊഴിഞ്ഞ ഇരിപ്പിടത്തിനും വേണ്ടി കണ്ണോടിച്ച്‌, മാസങ്ങൾക്കുമുമ്പെപ്പഴോ ചെന്നിരുന്ന്‌-ഈ നഗരത്തിൽ നിന്ന്‌ ഒരു വലിയ അനുഭവം സ്വന്തമാക്കിയ ആ പാഴ്‌മരത്തണലിലെ സിമന്റ്‌ ബഞ്ച്‌ തന്നെ ശരണം എന്ന്‌ കരുതി അവിടേക്ക്‌ നടന്നു.

പാഴ്‌മരമൊ-തനിക്കും മറ്റ്‌ പലർക്കും തണലും സാന്ത്വനവുമേകിയിട്ടില്ലേ, ആ ചെറിയ മരം! കടൽക്കരയിലുണ്ടായിരുന്ന കുറച്ചുപേർ, അവർ കടലുകണ്ട്‌ മടുത്തും വെറുത്തും ഇരിക്കയാണെന്നു തോന്നി. ഒരുത്തൻ തലേന്നുറങ്ങിയത്‌ അവനിരിക്കുന്ന സിമന്റുബഞ്ചിൽ തന്നെയാണെന്നു വ്യക്തം.

നരേന്ദ്രൻ മരത്തണലിലെ സിമന്റു ബഞ്ചിലിരുന്ന്‌ കടലിന്നഭിമുഖമായി കരിങ്കൽ കെട്ടിലേക്ക്‌ കാലെടുത്തുവച്ച്‌ ഇരിക്കുന്നതിനിടയിൽ മാസങ്ങൾക്കുമുമ്പ്‌ ആ ചെറുമരത്തിൽ താൻ കോറിയിട്ട തന്റെ അക്ഷരങ്ങൾ കൗതുകത്തോടെ നോക്കിയിരുന്നു. അന്നു തന്നെയായിരുന്നു, ആ അനുഭവം. അന്ന്‌ താൻ ഈ അക്ഷരങ്ങൾ കോറിയിടുന്നതിനിടയിൽ മദ്യം മണക്കുന്ന ഒരഹങ്കാരവുമായി ഒരു യുവാവ്‌-‘ഒരമ്പത്‌ രൂപ വേണം’

“അയ്യൊ, എന്റെ കൈയിൽ ആകെ ഇരുപത്‌ രൂപയേ ഉളളുവല്ലോ.”

“എന്നാൽ ആ ഇരുപതിങ്ങുതാ.”

“ക്ഷമിക്കണം. ഞാൻ വെഷമിച്ച്‌ പോകും.”

“തരില്ല?”

“ക്ഷമിക്കണം. നിങ്ങളാരാണ്‌!”

“ഞാനാണ്‌ രമേശനെ കൊന്നത്‌. ഞാൻ ആ കേസിൽ പ്രതിയായി ജയിലിലായിരുന്നു. പരോളിലിറങ്ങിയിട്ട്‌ ഇത്രനാളായിട്ടേയുളളൂ…”

താൻ നടുക്കത്തോടെ “ഏത്‌ രമേശൻ!” എന്നന്വേഷിച്ചപ്പോൾ ആ യുവാവ്‌ കൂടുതൽ ക്രൂദ്ധനായിരുന്നു.

“രമേശനെ അറിയില്ല!”

“ഇല്ല. ഞാൻ…”തന്റെ ആ വാക്ക്‌ പൂർത്തീകരിച്ചു കേൾക്കാതെ അവൻ ചരൽ കല്ലിൽ നിന്ന്‌ കരിങ്കൽ അടുക്കുകളിലേക്ക്‌ നടന്നു കയറിയിറങ്ങി കടലിലേക്ക്‌ ഒരു കുതിപ്പായിരുന്നു. ഒരു വമ്പൻ തിരയടിച്ച്‌ കയറിയപ്പോൾ കുന്തിച്ചിരുന്ന്‌ കർമ്മം ചെയ്‌ത്‌ തിരിച്ച്‌ നടന്നു.

“കടലിന്‌ കറുത്ത നിറമായിരുന്നു.” എന്ന എം.ടി വാക്യം, മനസ്സിലൂടെ ഇഴഞ്ഞ്‌ പുളഞ്ഞ്‌ കടന്നുപോയി. ഇപ്പോൾ കടലിന്‌ ദ്വാരകയുടെ -ദുഃഖത്തിന്റെ കറുപ്പ്‌ നിറമായിരുന്നില്ല; ക്ഷോഭത്തിന്റെ നുരപതയുന്ന-ചെമ്മണ്ണിന്റെ വിളറിയ അരുണിമയായിരുന്നു. മഴക്കാറൊഴിഞ്ഞ ആകാശത്ത്‌ വെളുത്ത വിധവാ വസ്‌ത്രത്തിന്റെ ശൂന്യത.

“മക്കളേ, ഓടല്ലേ!..” ഒരു സ്‌ത്രീയുടെ ഇഴഞ്ഞ ശബ്‌ദം. നരേന്ദ്രൻ തിരിഞ്ഞ്‌ നോക്കി. രണ്ടാണും ഒരു പെണ്ണും-മൂന്ന്‌ കുസൃതിക്കുടുക്കകൾ. ആരാണ്‌ ആദ്യം കടലു കാണുക എന്ന വാശിയിൽ പാഞ്ഞടുക്കുകയാണ്‌. പിന്നാലെ അച്‌ഛനും അമ്മയും.

മൂന്നുപേർക്കും മൂന്നു കളറുകളിലുളള സ്‌കൂൾ ബാഗുകൾ അമ്മ കൈയിൽ ഒതുക്കി പിടിച്ചിരിക്കുന്നു.

കുട്ടികൾ കരിങ്കൽ നിരകൾക്കടുത്തെത്തി, അവരുടെ കടലിന്റെ കാണാകിനാവുകൾ നേരെ കണ്ട്‌ ആർത്ത്‌ തിമർത്തിരിക്കെ അച്‌ഛനും അമ്മയും അവരിലേക്കെത്തി. അച്‌ഛൻ ഒരു പുത്തൻ പ്ലാസ്‌റ്റിക്‌ സഞ്ചി ശ്രദ്ധയോടെ നിലംമുട്ടെ താഴ്‌ത്തിപിടിച്ചിരിക്കുന്നു. അതിൽ കുടകളും കുഞ്ഞുടുപ്പുകളും കാണുമായിരിക്കും.

അവരും ഇത്തിരി നേരം ചെലവഴിക്കാൻ തണലിന്‌ വേണ്ടി നരേന്ദ്രന്റെ ചെറുമരത്തെ ശ്രദ്ധിച്ചിരിക്കെ ആ അച്‌ഛനെ ഒരിക്കൽ കൂടി ശ്രദ്ധിച്ചു-കാക്കക്കാലുകൾപോലെ കറുത്ത്‌ മെലിഞ്ഞ കാലുകൾ. ഉടുത്ത വെളളമുണ്ട്‌ കാൽമുട്ടും കഴിഞ്ഞ്‌ മടക്കിക്കുത്തിയിരിക്കുന്നു. പറ്റെ വെട്ടിയ ചുരുൾമുടി അവളുടെ സാരിയുടെ ഞൊറികൾ പോലെ താഴ്‌വരകൾ തീർത്തിരിക്കുന്നു. കണ്ണുകളിൽ കറവ വറ്റിയ പശുവിന്റെ വിശുദ്ധഭാവം-ഈ മനുഷ്യൻ!

പെട്ടെന്ന്‌ ഓർത്തെടുത്തു. ലോട്ടറി ടിക്കറ്റ്‌ വിൽപ്പനക്കാരൻ-പലപ്പോഴും ഈ മനുഷ്യൻ തന്റെ നേരെ ലോട്ടറി ടിക്കറ്റ്‌ നീട്ടി പിടിച്ചിട്ടുണ്ട്‌. താൻ വിലക്കുമ്പോൾ സൗമ്യനായി തിരിഞ്ഞു നടക്കാറുളള ഈ മനുഷ്യൻ!

നരേന്ദ്രന്റെ ശ്രദ്ധ ആ ലോട്ടറി വിൽപ്പനക്കാരന്റെ ഭാര്യയിലേക്കും കുഞ്ഞുമക്കളിലേക്കും ചെന്നെത്തി. അവരുടെ ആ സംതൃപ്‌തി-എന്തോ ഓർത്തു-ഒരു കുടുംബത്തിന്റെ….

ആ കുടുംബത്തിനുവേണ്ടി തന്റെ തണൽ മരത്തിന്‌ കീഴിലെ സിമന്റ്‌ ബഞ്ച്‌ ഒഴിഞ്ഞ്‌ കൊടുക്കേണ്ടത്‌ തന്റെ ബാധ്യതയായി നരേന്ദ്രനു തോന്നി.

കടൽ ആർത്തിരമ്പുകയും കുട്ടികൾ ആർത്ത്‌ ചിരിക്കുകയും ആ ദമ്പതികൾ സ്വർഗ്ഗീയാനുഭൂതിയിലും… നരേന്ദ്രന്റെ ഹൃദയം നുറുങ്ങുകയുമായിരുന്നു.

“ഈ കുടുംബം!”

നരേന്ദ്രൻ തന്റെ പാൻസിന്റെ പിൻപോക്കറ്റിൽ കൈകടത്തി ചുരുട്ടി വെച്ചിരിക്കുന്ന നോട്ടുകൾക്കിടയിൽനിന്ന്‌ അൻപത്‌ രൂപ വലിച്ചെടുത്ത്‌ ആ സിമന്റ്‌ ബഞ്ചിന്‌ കീഴെ ചരൽക്കല്ലിലേക്കിട്ട്‌ എഴുന്നേറ്റ്‌ ‘ലാസ്‌റ്റ്‌ലീഫു’മായി കരിങ്കൽ നിരകളിലൂടെ ഇത്തിരി നേരം നടന്നു.

“സർ….” ആ പെൺകുട്ടിയുടെ മൃദുലമായ ശബ്‌ദം. പെൺകുട്ടിയും ജ്യേഷ്‌ഠൻമാരും മൂന്ന്‌ പ്രാവശ്യം വിളിച്ചപ്പോഴേക്കും നരേന്ദ്രൻ തിരിഞ്ഞുനിന്നു.

പെൺകുട്ടി ആ അൻപത്‌ രൂപ നീട്ടിപ്പിടിച്ചിരിക്കുന്നു. നരേന്ദ്രന്റെ കണ്ണുകൾ ചതുരംഗ കളത്തിലെ കരുക്കളിലെന്നപോലെ ആ കുടുംബനാഥന്റെയും അമ്മയുടെയും കുഞ്ഞുമക്കളുടെയും മുഖങ്ങളിൽ മാറിമാറി ഇടറി വീണു. ആ മുഖങ്ങളിലെ സൗമ്യഭാവം… നരേന്ദ്രന്‌ കണ്‌ഠത്തിനുളളിൽ നേരിയ വേദനയനുഭവപ്പെട്ടു.

Generated from archived content: story1_sept14_06.html Author: ummachu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here