ക്യൂ

എ.ആർ.നായർ (42)

എക്സിക്യൂട്ടീവു​‍്‌ മാനേജർ,

(എസ്‌റ്റാബ്ല ​‍ിഷ്‌മെന്റ്‌)

കിഷൻലാൽ കിഷോരിലാൽ ഗ്രൂപ്പ്‌സ്‌,

ബാന്ദ്ര, മുംബെയ്‌.

-ഇദ്ദേഹം റോഡപകടത്തിൽ മരിച്ചിട്ട്‌ കഷ്ടി നാല്പത്തെട്ടു മണിക്കൂറേ ആയിട്ടുളളൂ. അതുകൊണ്ട്‌ കിഷൻലാൽ കിഷോരിലാലിന്റെ എസ്‌റ്റാബ്ലിഷ്‌മെന്റിൽ എക്സിക്യൂട്ടീവ്‌ മാനേജരായി ആരും ഇപ്പോഴും ചാർജ്ജെടുത്തിട്ടില്ല. അതുകൊണ്ടാവും പരേതന്റെ മേൽവിലാസം പഴയതു തന്നെയായത്‌. അതുകൊണ്ട്‌ വിവരം ചരമക്കോളത്തിൽ വായിച്ചറിഞ്ഞപ്പോൾ വെസ്‌റ്റ്‌ മുംബെയിലെ ഹാരിസൺ ഇലക്‌ട്രോണിക്സിലിരുന്ന്‌ കെ.സി.കുരുവിള ഒന്ന്‌ നിശ്വസിച്ചു.

“താനല്പം വൈകിയോ…..?”

കല്ലറയ്‌ക്കൽ ചാക്കോ കുരുവിള തന്നോടുതന്നെ ചോദിച്ച ചോദ്യത്തിൽ ഒരു കഴമ്പുമില്ല. കാരണം വൈകുന്നേരത്തെ ചായ പതിവുളള ‘ഗരംഖാന’യിലെ ആയിടെ കണ്ട്‌ പരിചയിച്ച പയ്യൻ മലയാളിയായതും, ഒഴിഞ്ഞ ചായക്കോപ്പകൾ എടുത്തുമാറ്റാനും മേശതുടച്ച്‌ വൃത്തിയാക്കാനും തന്റെ മുന്നിൽ സമയം വൈകിച്ചെടുത്ത സമയം കൊണ്ട്‌ അവൻ പറഞ്ഞതു കേട്ട പ്രാരാബ്ദങ്ങളിൽ മനസ്‌സലിഞ്ഞതും കുരുവിളയുടേതായ കുറ്റമല്ല. അയാൾ മുമ്പേ സാധുവാണെന്നതുപോലെ പയ്യന്റെ കാര്യത്തിൽ കുരുവിളയ്‌ക്കാദ്യം മനസിൽ വീണ പേരാണ്‌ ഇന്നിപ്പോൾ പത്രത്തിൽ ഇന്നലത്തെ ചരമക്കോളത്തിൽ കിടക്കുന്നത്‌.

അനന്തു എന്ന്‌ അടുത്ത പരിചയക്കാർ വിളിച്ച അനന്തരാമൻ നായർ എന്ന എ.ആർ.നായർ മരിച്ചു. അതും ഇന്നലെ രാത്രി. ‘ഗരംഖാന’യിൽ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ന്‌ വെളുപ്പിന്‌ തന്റെ ശുപാർശക്കത്തുമായി കുഞ്ഞുണ്ണി വണ്ടി കയറിയത്‌ ഇതേ അനന്തുവിനെത്തേടിയാണ്‌ എന്നതോർത്താണ്‌ കുരുവിള സ്വയം വിമ്മിഷ്ടപ്പെട്ടത്‌. പോയ വേഗത്തിൽ അന്തം വിട്ടവൻ തിരികെയെത്തും.

‘ഗരംഖാന’യല്ലാതെ അവനൊരു പോംവഴി സംഘടിപ്പിക്കേണ്ടതും ആയതിനാൽ തന്റെ തന്നെ ഭാരമാകുന്നു. ആ ഒരാലോചനയ്‌ക്ക്‌ വേണ്ടതായ ആയാസം മുൻകൂർ കൈപ്പറ്റി കസേരയിൽ പിന്നോക്കം ചാഞ്ഞിരിക്കുമ്പോൾ വെറുതെ…… വെറും വെറുതെ…… കെ.സി.കുരുവിളയ്‌ക്ക്‌ തോന്നി എ.ആർ. നായരുടെ മരണത്തിൽ ഒരു സ്വഭാവികതയുടെ കുറവുണ്ടെന്ന്‌.

ഒന്നുകിൽ ഈ വാർത്ത രണ്ടു ദിവസം മുമ്പേ താനറിയണമായിരുന്നു. അല്ലെങ്കിൽ മിനിമം രണ്ടാഴ്‌ച കഴിഞ്ഞേ ഇതൊരു വാർത്തയാകാൻ പാടുളളതായിരുന്നു. അദ്യത്തേത്‌ സംഭവിച്ചിരുന്നെങ്കിൽ കുഞ്ഞുണ്ണിയ്‌ക്ക്‌ അവന്റെ പണിയും തനിക്കാകട്ടെ അവന്റെ വഴിച്ചിലവും മിച്ചംവന്നേനെ. രണ്ടാമത്തേതിൽ മുടക്കുമുതൽ രണ്ടും രണ്ടു തരത്തിൽ ലാഭവുമായേനെ. ഇപ്പോൾ കുറച്ചൊരു ഉത്സാഹം വന്ന കുരുവിള മുന്നോട്ടാഞ്ഞിരുന്ന്‌ ഇന്നേക്ക്‌ രണ്ടാഴ്‌ചക്കപ്പുറം മാത്രം നടക്കുന്ന എ.ആർ.നായരുടെ മരണവും അതുവരെ നടക്കേണ്ട തീർത്തും സ്വാഭാവികമായ സംഭവങ്ങളും ചിന്തിക്കാൻ തുടങ്ങി. ചിന്തിക്കുമ്പോൾ കെ.സി.കുരുവിള എന്നത്തേയും പോലെ നിഷ്‌പക്ഷനായിരുന്നു. അത്യാവശ്യക്കാരനും. ഇതൊന്നുമറിയാതെ ബാന്ദ്രയിലെ കിഷൻലാൽ കിഷോരിലാൽ ഗ്രൂപ്പ്‌സിന്റെ കോർപ്പറേറ്റ്‌ ഓഫീസിനു മുന്നിൽ കാലത്ത്‌ പതിനൊന്നു മണിയുടെ വെയിൽച്ചൂടിൽ വിയർക്കാൻ തുടങ്ങുന്ന ക്യൂവിൽ കുഞ്ഞുണ്ണി നിൽപ്പുണ്ട്‌. ഈ ക്യൂവിന്റെ ഉദ്ദേശം കമ്പനിയ്‌ക്കും സഹോദരസ്ഥാപനങ്ങൾക്കും ആവശ്യമായ താത്‌കാലിക ക്ലാസ്‌ ഫോർ ജീവനക്കാരെ തിരഞ്ഞെടുക്കുക എന്നതാണ്‌.

എല്ലാ മാസവും പതിവുളള ഈ ക്യൂ ശരിക്കും പറഞ്ഞാൽ ഇന്നലെ നടക്കേണ്ടതായിരുന്നു. കമ്പനിയിലെ ഒരുയർന്ന ഉദ്യോഗസ്ഥൻ മരണപ്പെട്ട പേരിലുളള അവധി ഇന്നലെയായതുകൊണ്ടാണ്‌ ഇന്നലത്തെ ക്യൂവിൽ കുഞ്ഞുണ്ണിയ്‌ക്ക്‌ ഇന്ന്‌ നിൽക്കാൻ കഴിഞ്ഞത്‌.

ക്യൂ എന്തിന്റെ പേരിലാണെന്ന്‌ അറിയാത്തതുകൊണ്ട്‌ കുഞ്ഞുണ്ണിയ്‌ക്ക്‌ മറ്റുളളവരുടെ വേവലാതിയില്ല. സ്‌റ്റേഷനിൽ നിന്നും തിരഞ്ഞു പിടിച്ചിവിടെയെത്തിയപ്പോൾ കണ്ട ക്യൂവിൽ അവൻ കയറിപ്പറ്റിയെന്നേയുളളൂ. അതുകൊണ്ട്‌ ഉളളവരിൽ ഭേദം കുഞ്ഞുണ്ണിയാണ്‌. കൂടാതെ അവനൊരു ചുമതലയുണ്ട്‌. ഇപ്പോഴവൻ മാറത്തടുക്കിപ്പിടിച്ചിരിക്കുന്ന ബാഗിലെ കത്ത്‌ ഭദ്രമായി അകത്ത്‌ ഏൽപ്പിക്കേണ്ടതാണ്‌. ചുമതലാബോധം അവൻ നിൽക്കുന്ന ക്യൂവിൽ ഏറ്റവും വലിയ യോഗ്യതയാണ്‌.

ഹെഡാഫീസിലേക്ക്‌ തന്നെയുളള ജീവനക്കാരെയാണ്‌ തെരഞ്ഞെടുക്കുന്നത്‌ എന്നതിനാൽ അനന്തു നേരിട്ടാണ്‌ വിചാരണ നടത്തുന്നത്‌. വേണമെങ്കിൽ പി.ആർ.ഓ കിഷൻചന്ദ്‌, ജൂനിയർ എക്സിക്യൂട്ടീവു​‍്‌ മീരാ പോപ്പട്‌ എന്ന ‘പോണി പോപ്പട്‌’ ഇവർ സഹായത്തിനും.

ഇരുപത്തിയേഴാമനായി വന്ന മെല്ലിച്ച്‌ വിളറിയ നിറമുളള ചെറുപ്പക്കാരൻ നീട്ടിയ കത്ത്‌ തുറക്കാതെ മാറ്റിവച്ച്‌ എ.ആർ.നായർ ഉദ്യോഗാർത്ഥികളുടെ പക്കലുളള പതിവ്‌ ഫയലിനു കൈനീട്ടി. ഒരു നിമിഷം മനസിലാകാത്തതുപോലെ മിഴിച്ചിട്ട്‌ പിന്നെ ബാഗിൽ കൈയിട്ട്‌ കിട്ടിയ സകലമാനതും അവൻ മേശമേൽ വെച്ചു.

പത്തിരുപതോളം സർട്ടിഫിക്കറ്റുകൾ. അതും സ്‌കൂളിൽ പദ്യപാരായണം, കഥാപ്രസംഗം, മോണോ ആക്‌ട്‌ മുതലായവയ്‌ക്ക്‌ കിട്ടിയത്‌. ഒത്ത നടുക്ക്‌ ലേശം എണ്ണ നനഞ്ഞ്‌ നിറം പകർന്ന എസ്‌.എസ്‌.എൽ.സി. ബുക്ക്‌, ടൈപ്‌റൈറ്റിങ്ങ്‌ ലോവർ പാസായ കടലാസ്‌, ‘പി.കെ.കുഞ്ഞുണ്ണിനായർ’ തന്റെ അറിവിൽ സൽസ്വഭാവിയാണെന്ന്‌ ചിങ്ങോലി കൃഷിഭവൻ ഓഫീസറുടെ സാക്ഷ്യപത്രം…..

ഉളളിലുയർന്ന ചിരി അവിടെത്തന്നെ ഒപ്പി മറച്ചിട്ട്‌ കെ.സി.കുരുവിള തന്റെ കത്ത്‌ എ.ആർ.നായർ പൊട്ടിച്ച്‌ വായിക്കുന്നതു സങ്കല്പിച്ചു – കല്ലറയ്‌ക്കൽ ചാക്കോ കുരുവിളയുടെ കത്ത്‌ അനന്തരാമൻ നായർ വായിച്ചു തീർത്തു.

പിന്നീട്‌ അനന്തുവായിട്ട്‌ കുഞ്ഞുണ്ണിയോട്‌ ശുദ്ധമലയാളത്തിൽ “ചാമ്പത്തറയിലെവിടെയാണ്‌” എന്ന്‌ ചോദിച്ചത്‌ അയാൾക്ക്‌ തന്നെ വിനയായി. ചോദിച്ച്‌ ഒഴിയാനായിരുന്നെങ്കിൽ വേറെ എത്രയെത്ര ചോദ്യങ്ങൾ ഉണ്ടായിരുന്നു. മറുപടിയായി കുഞ്ഞുണ്ണി ഒന്നും പറയുന്നില്ല.. പകരം നിറഞ്ഞ കണ്ണുകളോടെ, വിറയ്‌ക്കുന്ന കൈകൾ കൂട്ടിത്തൊഴുത്‌ അത്ഭുതപ്പെട്ട്‌ നിന്നു. കാര്യമറിയാതെ നോക്കുന്ന കിഷൻചന്ദിനെ അവഗണിച്ച്‌ എ.ആർ. നായർ എണീറ്റു.

-ഇവിടെ കെ.സി.കുരുവിളയ്‌ക്ക്‌ വിചാരം മതിയാക്കാം. കാരണം തന്റെ ശുപാർശ കാരണം കുഞ്ഞുണ്ണിക്കൊരു പണിയായി. പക്ഷേ ജോലി താത്‌കാലികമാണ്‌. അത്‌ സ്ഥിരപ്പെടുത്തേണ്ടത്‌ കുഞ്ഞുണ്ണിയുടെ മിടുക്കാണ്‌. അവനിൽ ഒരു മിടുക്കനുണ്ട്‌. പോരാത്തതിന്‌ രണ്ടാഴ്‌ച സമയവും –

സ്വന്തം ക്യാബിനിലിരുന്ന്‌ ഇപ്പോൾ അനന്തുവാണ്‌ ആലോചിക്കേണ്ടത്‌.

‘ഓഫീസ്‌ ബോയി’മാരെ ആറുമാസത്തിലധികം കമ്പിനി ചുമക്കാറില്ല. സത്യത്തിൽ അവർ സ്‌റ്റാഫിൽ പെടുന്നതേയില്ല. ഡെയിലി വേജായി കൂട്ടിയാണ്‌ ശമ്പളം നൽകുക.

“സേവനത്തിനു നന്ദി……പിരിഞ്ഞുകൊളളൂ…..” എന്നൊരു കടലാസുമായി കുഞ്ഞുണ്ണി തന്നേത്തേടി ഉടനെയെത്തിയേക്കും എന്ന്‌ അയാൾക്കറിയാം. അതുകൊണ്ടവനോടൊരകലം സൂക്ഷിക്കണം. തന്നെയുമല്ല; ഇതിനോടകം മറുനാട്ടിൽ പോയി ഉയർന്ന ഉദ്യോഗസ്ഥരായ ചാമ്പത്തറക്കാരുടെ ലിസ്‌റ്റ്‌ കുഞ്ഞുണ്ണി പലവട്ടം പരതിയിട്ടുണ്ടാകും. അപ്പോൾ തന്നെ എ.ആർ.നായർ ചിരിയോടെ സ്വയം പറഞ്ഞു –

“ഇല്ല….. .കുഞ്ഞുണ്ണി തന്നെ കണ്ടെത്തില്ല….. താനൊരു ലിസ്‌റ്റിലും പെടുന്ന ആളല്ല….”

എന്നിട്ടും ഒരു ലഞ്ച്‌ബ്രേക്ക്‌ നേരം നാലാം ഫ്ലോറിന്റെ ബാൽക്കണിയിൽ നഗരം നോക്കി നിൽക്കുമ്പോൾ കുഞ്ഞുണ്ണി പിന്നിൽ വന്നതറിഞ്ഞില്ല.

-“കീഴൂട്ടില്‌ നാളെ കൊടിയേറ്റാ…..” ഞെട്ടിത്തിരിഞ്ഞതും ആരോടെന്നില്ലാതെ കുഞ്ഞുണ്ണി പൂരിപ്പിച്ചു.

“ഇത്തവണ മൊതല്‌ പന്ത്രണ്ട്‌ ദെവസാ ഉത്സവം” തന്നോടല്ല എന്ന മട്ടിൽ നഗരം നോക്കി നിന്നു. “ബുദ്ധിമാൻ എന്ന്‌ ഉളളിലും പറഞ്ഞു”.

“കളളൻ പരമുനായര്‌ മരിച്ചു. പിന്നെ ഭഗവതിപിളള……. അത്‌ ഞാമ്പോരുന്നേന്‌ ഒരാഴ്‌ച മുന്നേ…… മണ്ഡലിയാര്‌ന്ന്‌…. ഇടങ്കാലിന്റെ പത്തിക്ക്‌ മൂന്നിടത്ത്‌ കടിപറ്റി….. എങ്ങും കൊണ്ടോവേണ്ടി വന്ന്വൊന്നും……ല്ല ……..പാവം…..”

-അറിയാതെ അത്ഭുതം ഏറി വന്നു. എത്ര സമർത്ഥമായാണ്‌ കുഞ്ഞുണ്ണി തനിക്ക്‌ ചുറ്റും വല നെയ്യുന്നത്‌. കീഴൂട്ടിലമ്മ, കളളൻ പരമുനായർ, ഭഗവതിപിളള…… ഏത്‌ സൗരയുഥത്തിലും ചാമ്പത്തറക്കാർക്ക്‌ വീണുപോകാൻ മൂന്നു വാരിക്കുഴികൾ. താനൊന്നു ചുണ്ടനക്കിയാൽ… ‘ഓഹോ’….. ‘അതുശരി…….. കഷ്ടം……’ എന്നേതെങ്കിലുമൊന്നു മിണ്ടിയാൽ പിന്നെ താനും കുഞ്ഞുണ്ണിയും ഒന്നാവും. അത്‌ ചാമ്പത്തറയുടെ പുണ്യമാണ്‌. എന്തെങ്കിലും മിണ്ടാതിരുന്നത്‌ കൂടാ….. വിഷയം മാറ്റാനുളള ബുദ്ധി ഇപ്പോൾ പ്രയോഗിക്കണം –

“കുഞ്ഞുണ്ണി ഇവിടെ വന്നിട്ടെത്ര നാളായി…..”? ആ ചോദ്യം അവനിഷ്ടമായി.

“ഏഴെട്ടുമാസായി. കാവുംപുറത്തെ പ്രഭാകരൻപിളള സാറിന്റെ മർവോൻ….. എല്ലാന്റീല്‌ ജോലിയുളള വസന്തൻ സാറ്‌……. സാറാ ന്നേ കൊണ്ടുപോന്നത്‌…….”“

-അറിയാം…… രാത്രി ബർത്തിൽ ഉറങ്ങിക്കിടന്ന നിന്റെ തുണി സഞ്ചിയിലെ പണവുമെടുത്തയാൾ വഴിയിലിറങ്ങി. രാവിലെ….. ഭയന്നു വിളറി….. കീശയിലെ മൂന്നേമുക്കാൽ രൂപയും കൊണ്ട്‌ നീ വി.റ്റി. സ്‌റ്റേഷനിലെ മഹാസമുദ്രത്തിൽ മുഖമടിച്ചു വിണു.

”എന്റെ രാമേട്ടാ….. ലാട്രിനിൽപ്പോയി വന്നതും ചെക്കനെ കാണാനില്ല. ഇനി എവിടെത്തിരയും……‘ ആ കളളനായ്‌ നാട്ടിലേക്കെഴുതിഃ

’കലപ്പശൂലം പെറന്ന കുരുപ്പ്‌ ……. ആരേലും ദയ കാണിച്ചാലും നന്നാവില്ല…..‘

രാമേട്ടൻ പ്രാകി – കുഞ്ഞുണ്ണി ദൈന്യനായി തുടർന്നുഃ “പപ്പുമാമ പറഞ്ഞതോണ്ട്‌ കൂടെ കൂട്ടീന്നല്ലാതെ ആ സാറിന്‌ എന്താ കഴിയ്യാ….. ഒരു മാസം ഞാനവിടെ നിന്നു. പിന്നെ ഡോക്കിനടുത്ത്‌ ഒരു തമിഴന്റെ ബേക്കറീല്‌ പണി കിട്ടി”

-ഏയ്‌….. തമിഴനല്ല…. സിന്ധി. ഇടത്തേകവിളിൽ വലിയ അറിമ്പാറയുളള, കൂടെക്കൂടെ കീഴ്‌വായു വിടുന്ന തടിയൻ മാർവാടി. പഴയ ഇരുമ്പ്‌ പെട്ടി മുതൽ ബെൻസ്‌ കാർ വരെ വിലയ്‌ക്കെടുക്കുന്ന വിംസി ലാൽജി-

“അന്യനാട്ടില്‌ ചെന്നാ നെറയെ കഷ്ടപ്പാടാവുംന്ന്‌ അമ്മ പറയും… ന്നിട്ടും ഞാമ്പട്ടിണി കെടന്നില്ലല്ലോ…. എവിടേലും ആരേലും സഹായിക്കും. ഇവിടിപ്പോ സാറ്‌ സഹായിച്ചല്ലോ…..” കുഞ്ഞുണ്ണി നനഞ്ഞ കണ്ണുകളോടെ മുഖം താഴ്‌ത്തി. കൃതഞ്ജത കേട്ടപ്പോൾ സുഖം തോന്നി. കുഞ്ഞുണ്ണി ഒഴിവാക്കപ്പെടേണ്ട ആളല്ലന്നും.

-ഇവിടെ കെ.സി.കുരുവിളയ്‌ക്ക്‌ തീർച്ചയായും വിചാരിപ്പ്‌ മതിയാക്കാം. കിഷൻലാൽ കിഷോരിലാലിൽ കുഞ്ഞുണ്ണിയ്‌ക്ക്‌ ജോലി സ്ഥിരപ്പെട്ടു കഴിഞ്ഞു. പക്ഷേ അപ്പോഴും എ.ആർ.നായരുടെ മരണം മിച്ചം വരുന്നു. അതിനായുളള രണ്ടോ മൂന്നോ ദിവസത്തെ സമയവും. അതുകൊണ്ട്‌ കുരുവിള വിചാരിപ്പ്‌ തുടർന്നു.

ഇന്റർകോമിൽ പവൻ ചോദിക്കുന്നു.

“വൈകിട്ട്‌ നീ ഫ്രീയല്ലേ……?”

“ഫ്രീയാവാം”

“നേക്കഡ്‌ വെപ്പൺ”

“വിത്ത്‌ പ്ലഷർ”

’മേരേ സാംമ്‌നേ വാലി ഖിഡ്‌കി മേം, ഏക്‌ ചാന്ദ്‌കാ ടുക്കഡാ രഹ്‌താ ഹേ…… ബെയറർ പോയിക്കഴിഞ്ഞ്‌ മേശമേൽ വിരലാൽ താളമിട്ട്‌ പവൻ ഒരു നിമിഷം അനന്തുവിനെ നോക്കി. പിന്നെ മെല്ലെ ചോദിച്ചു;

“പവൻ സാവന്തിനെപ്പറ്റി എന്താ അഭിപ്രായം” ഇതേ ചോദ്യം മുമ്പ്‌ ഒരുപാട്‌ തവണ അയാൾ ചോദിച്ചിട്ടുണ്ട്‌. ആദ്യമായി ഈ ചോദ്യം നേരിടുമ്പോൾ വെറും മുപ്പതു ദിവസത്തെ പരിചയം. മറുപടി പറയാതെ അന്ന്‌ ചിരിച്ചു. പക്ഷേ മൂന്നാം നാൾ ഹാരിസൺ ഇലക്‌ട്രോണികി​‍്സലെ കുടുസ്‌ മുറിയിൽ നിന്ന്‌ അനന്തു കിഷൻലാൽ കിഷോരിലാലിലെ എ.സി.ക്യാബിനിലേക്ക്‌ വളർന്നു. പിന്നീട്‌ മനസിലായി സദാ ധരിക്കുന്ന ഈ ഫുൾസ്യൂട്ടും മൂന്നാം ക്ലാസ്‌ നിയമബിരുദവും പിന്നെ കിഷോരിലാൽജിയുടെ മുടന്തിയായ…. തന്നേക്കാൾ നാലഞ്ചുവയസു മുതിർന്ന മകളുടെ ഭർത്താവുദ്യോഗവും കഴിഞ്ഞാൽ പവൻ സാവന്ത്‌ പുകയാണ്‌. എന്നിട്ടും ആറര വർഷം പിന്നോക്കം പോയി നിന്ന്‌ അനന്തു ആ മറുപടിയില്ലാച്ചിരി ചിരിച്ചു.

“ജയിക്കാനൊരവസരം തരട്ടെ…….?”

ആ ചോദിച്ചത്‌ മനസിലായില്ല. ബെയറർ മടങ്ങിയെത്തിക്കഴിഞ്ഞിരുന്നു. കോട്ടിന്റെ അകത്തു നിന്ന്‌ അയാൾ ഒരു എൻവലപ്‌ എടുത്ത്‌ നീട്ടി. അത്‌ കമ്പനിയുടെ പരസ്യജോലികൾക്കായി വന്ന കൊട്ടേഷനുകളാണ്‌. ഇത്‌ പവന്റെ സെക്ഷനാണ്‌. എന്നിട്ടും മറിച്ചുനോക്കി. ഒന്ന്‌… രണ്ട്‌…. മൂന്ന്‌…. അതേ….. മൂന്നാമത്തേത്‌ ‘മൊണാലിസ’യാണ്‌. അനന്തു മുഖമുയർത്തി നിശബ്ദം ചിരിക്കുന്ന പവനെ നോക്കി.

“നമ്മുക്കൊരു മീറ്റിംങ്ങ്‌ വെച്ചാലോ? ക്വട്ടേഷൻ തന്ന എല്ലാവരേയും വിളിക്കാം. അവൾ തന്നെ വരും. നമ്മുക്ക്‌ നാണം കെടുത്തിവിടാം….. എന്താ…?”

അനന്തു മിണ്ടാതെ കടലാസിൽത്തന്നെ നോക്കിയിരുന്നു. ഏറ്റവുമൊടുവിൽ വിശ്വസ്തതയോടെ ഒപ്പിട്ടിരിക്കുന്നത്‌ സുമിത്ര തന്നെ.

“- ഞാൻ ചതിക്കുകയായിരുന്നു. അങ്ങനെ വിശ്വസിക്കൂ…… നിങ്ങൾക്കെന്നെ വേഗം മറക്കാനാവും. സ്വയം ന്യായീകരിക്കുകയല്ല. എങ്കിലും പറയട്ടെ…… ആദ്യത്തേത്‌ ശരിക്കും ഒരു റേപ്പ്‌ തന്നെയായിരുന്നു. പക്ഷേ അനന്തുവിനോടത്‌ പറയാനെനിക്ക്‌ ധൈര്യം വന്നില്ല. പിന്നീടും നിങ്ങളുടെ സ്നേഹിതൻ അതാവർത്തിച്ചു. ഇപ്പോൾ ഞാനത്‌ ആസ്വദിക്കാനും തുടങ്ങിയിരിക്കുന്നു. അതുകൊണ്ട്‌ എല്ലാം ഏറ്റുപറഞ്ഞ്‌ ഒന്നിച്ചു ജീവിക്കാനും കഴിയുന്നില്ല….. സോറി…… ബൈ”

‘ഥൂ’….. എന്ന്‌ നീട്ടിത്തുപ്പുന്നതിനു പകരമായാണോ നഗരത്തിൽ എല്ലാവരും ‘ബൈ’ എന്നു പറയുന്നത്‌. പവൻ മുന്നോട്ടാഞ്ഞ്‌ അനന്തുവിന്റെ കൈത്തണ്ടയിൽ പിടിച്ചു.

“ഇതൊരവസരമല്ലേ”

അനന്തുവിന്‌ ചിരിക്കാൻ തോന്നി. അതേ….. മികച്ച അവസരം. കഥകൾ നേരത്തേ തന്നെ കേട്ടിരുന്നു. ‘അയാൾ’ പഴയ ഗോവക്കാരിയുമൊത്താണിപ്പോൾ താമസം. മൂന്നു വയസുളള കുഞ്ഞിനു മേൽ കേസു നടക്കുന്നു. ദാദറിൽ ഒരു സേഠുവിന്റെ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ മുട്ടിലിഴയുന്ന ‘മൊണാലിസ“യുടെ പ്രൊമോട്ടർക്ക്‌ മാസം ഫ്ലാറ്റ്‌ വാടക തന്നെ പതിനായിരത്തിലേറെ രൂപ വേണം. അപ്പോൾപ്പിന്നെ കിഷൻലാൽ കിഷോരിലാൽ എന്ന കോർപ്പറേറ്റ്‌ ജയിന്റിന്റെ കോളുകിട്ടാൻ. തുണിയുരിഞ്ഞ്‌ നിൽക്കാൻ കൂടി തയ്യാറായിട്ടാവും ആ പഴയ മോഡൽ എത്തുക. നാണം കെടുത്തി പറഞ്ഞയക്കാൻ നോക്കുന്നത്‌ മണ്ടത്തരം.

ഗ്ലാസുകൾ തുടരെ കാലിയാക്കി മടുത്തപ്പോൾ അനന്തു സിഗാറിനു തീ കൊളുത്തി. ”അനന്തൂ…… ഞാൻ നിന്നെ വേദനിപ്പിച്ചോ…..? നീ ഒക്കേയും മറന്നു കളഞ്ഞതായിരുന്നോ……?“

-ഫോർമാലിറ്റികൾ വേണ്ട പവൻ, വായിൽക്കടത്തിയശേഷം ടൂത്ത്‌ബ്രഷ്‌ മറ്റാരുടേതൊ ആയിരുന്നു എന്നറിയുമ്പോഴത്തെ ആ ഓക്കാനമുണ്ടല്ലോ; സുമിത്രയെപ്പറ്റി ഇന്നോളം എനിക്കതേ തോന്നിയിട്ടുളളൂ.

തേഡ്‌ലൈനിൽ കാർ നിർത്തുമ്പോൾ പവൻ ചിരിയോടെ ചോദിച്ചു ഃ ”കാറിലേക്ക്‌ തിരികെക്കൊണ്ടാക്കാമോ? ഫ്ലാറ്റിലേക്ക്‌ ഞാനും വരാം…..“

എ.ആർ.നായർ അവസാനം കേട്ടത്‌ പവൻ സാവന്തിന്റെ ഈ ഫലിതമാവണം. കാൽ നടക്കാർക്കായി ഉയർത്തിക്കെട്ടിയ നടപ്പാതയുടെ കമ്പിക്കാലുകളിൽ പിടിച്ചു നിന്ന്‌ അയാൾ ചുറ്റും നോക്കി. നിരയായി എരിഞ്ഞു നിൽക്കുന്ന നിയോൺ ബൾബുകൾ….. ചീറിപ്പോകുന്ന വാഹനങ്ങൾ….. പുകമണമുളള വായു…. പ്രകാശിക്കുന്ന സൈൻബോർഡുകൾ…… ഹോഡിംങ്ങ്‌സുകൾ….. കനം തൂങ്ങുന്ന ശിരസ്‌ പണിപ്പെട്ടുയർത്തി നിൽക്കുമ്പോൾ അനന്തുവിന്‌ സന്തോഷം തോന്നി. അതും മുമ്പ്‌ ഒരിക്കലും തോന്നിയിട്ടില്ലാത്തത്രയും ധാരാളമായി. അതുകൊണ്ടയാൾ തീരുമാനിച്ചു…… ഫ്ലാറ്റിലേക്ക്‌ പോകണ്ട…. പോയാൽ ഇറങ്ങേണ്ടിവരും… ഉണർന്നാൽ ഓഫീസിലേക്കല്ലേ പോകണ്ടത്‌…… നേരെ ഓഫീസിലേക്ക്‌ പോകാം.. അപ്പോൾ ഉറങ്ങാതെയും ഉണരാതെയും കഴിക്കാം…..

അയാൾ തിരിഞ്ഞ്‌ പിന്നെ റോഡു മുറിച്ച്‌ നടന്നു…. ഇതാണ്‌ നഗരത്തിന്റെ സുഖം….. ആർക്കും എപ്പോഴും എവിടേക്കും പോകാം…… ഉറങ്ങാനോ ഉണരാനോ പോകുന്നതെന്ന്‌ പോകുന്നവരേ അറിയേണ്ടൂ……

-ഇതൊന്നും അറിയാതെ….. ക്യൂവിൽ തന്റേയോ കെ.സി.കുരുവിളയുടേയോ എ.ആർ.നായരുടേയോ ആയ തെറ്റുകൊണ്ടല്ലാതെ… ഇരുപത്തിയേഴാമനായി…… ശാന്തനായി….. കുഞ്ഞുണ്ണി കാത്തുനിൽക്കുന്നു.

Generated from archived content: story1_july13_07.html Author: ullas_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here