‘എന്തിനാണ് അവർ ഇങ്ങനെ ബഹളം വെയ്‌ക്കുന്നത്?…. ഞാൻ എന്ത് തെറ്റാണ് ചെയ്‌തത് അങ്കിൾ?’
അല്ലെങ്കിൽ അങ്കിളെന്തിന് ഇതിനൊക്കെ മറുപടി പറയണം. ഒരു മറുപടിക്ക് വേണ്ടിയല്ലേ നിസംഗയായ എന്നോടൊപ്പം കുറെകാലമായി നിൽക്കുന്നത്. നിൽക്കുമെന്ന് കരുതിയിരുന്നവരുടെ ഉള്ളിൽ തനിക്കുള്ള സ്‌ഥാനം നിസ്സാരമായിരുന്നുവെന്ന് തിരസ്‌കരണത്തിലൂടെ ബോധ്യപ്പെട്ടപ്പോൾ മാത്രമാണ് ആദ്യമായി സ്വന്തം ശരീരത്തോട് അറപ്പ് തോന്നിയത്.
അനിശ്‌ചിതത്വം വേലികെട്ടിനിന്ന അങ്കിളിൽ നിന്ന് ഇനിയൊന്നും പുറത്തേക്ക് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നിയപ്പോൾ കുഞ്ഞിനേയും എടുത്തുകൊണ്ട് വരാന്തയിൽ നിന്നും അകത്തേയ്‌ക്ക് പോയി. കാഴ്‌ചബംഗ്ലാവിൽ അകപ്പെട്ട ജീവിയെപ്പോലെ.
ചതിയുടെ ഭീകരതയോട് പോരാടാനുള്ള ധീരത തന്നത് ചതിക്കാനിഷ്‌ടമുള്ളവരും ഭീരുക്കളുമായിരുന്നു. അതുകൊണ്ടല്ലേ ഇവർ ഈ വീടിന് മുന്നിൽ സത്‌പാലിന്റെ അമ്മയേയും സഹോദരിമാരെയും മുന്നിൽ നിർത്തി ആർത്തലച്ച് ബഹളം വെയ്‌ക്കുന്നത്.
രണ്ട് വയസ്സുകാരിക്ക് എപ്പോഴും എവിടെയും ഉറങ്ങാം. സൂക്ഷിക്കാൻ ആഗ്രഹിച്ച പാത്രത്തിലേക്ക് വീണ് നഷ്‌ടമായി മാത്രമേ തനിക്കിന്നും ഇവളെ കാണാൻ കഴിയുന്നുള്ളു. പുറത്തെ കോലാഹലങ്ങളൊക്കെ എന്തിനുവേണ്ടിയാണെന്നുപോലും അറിയാതെ അവൾ ഉറങ്ങുന്നു.
കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ അവർ ഞങ്ങളെ പിന്തുടരുകയായിരുന്നു. പത്ര – മാധ്യമക്കാർക്കൊപ്പം ഗേയ്‌റ്റ് കടക്കാൻ അവർ ശ്രമിച്ചപ്പോൾ തടയാനായി എപ്പോഴോ ഒരു പോലീസുകാരന്റെ കാക്കിക്കുപ്പായം കണ്ടിരുന്നു.
ഒരു ആക്രമണത്തിന്റെ സാധ്യതയില്ലെന്ന തോന്നലായിരിക്കാം. കൂടുതൽ സുരക്ഷയ്‌ക്ക് ആരും മുതിരാതിരുന്നത്. കരളലിയിക്കുന്ന പ്രകടനങ്ങളിലൂടെ എനിക്കൊരു മനംമാറ്റം, അതിനുവേണ്ടി ഉപയോഗിക്കുന്ന രോദനങ്ങൾ, അലർച്ചകൾ, അമറലുകൾ, തളർച്ചകൾ, വിലാപങ്ങൾ, വിങ്ങലുകൾ, തേങ്ങലുകൾ. ഇതെല്ലാം സത്‌പാലിന്റെ രക്ഷക്ക് വേണ്ടി അർപ്പിച്ചുകൊണ്ട് സ്വയം പീഢിപ്പിക്കുന്നതായി പ്രദർശിപ്പിക്കുന്ന അയാളുടെ അമ്മയും സഹോദരിമാരും.
അവർക്ക് പിന്തുണയോടെ ഇതല്ലേ ശരി എന്ന ചോദ്യവുമായി മാധ്യമ പ്രവർത്തകർ ആശ്‌ചര്യത്തോടെ എന്നെ തിരയുന്നു.
കുറച്ചുനാൾ മുൻപ് തനിക്കുവേണ്ടിയും ഈ മാധ്യമക്കാർ അധികാരികളെ ഇങ്ങനെ നോക്കിയിരുന്നു. ഇപ്പോൾ എത്ര പെട്ടന്നാണ് താനൊരു ബ്യൂറോക്രാറ്റ് ആയത്. അധികാരം നിരാലംബയായ എന്റെ കയ്യിലേക്ക് അധികാരം തന്ന ഒരു കോടതി.
സത്‌പാലിന്റെ വിധി നിർണ്ണയിക്കാനുള്ള അവകാശം.
വാദിയുടെ അഭിപ്രായമറിഞ്ഞതിനുശേഷം നാളെ രാവിലെ കോടതി വിധി പറയും. ക്യാപ്പിറ്റൽ പണിഷ്‌മെന്റ് വരെ കിട്ടാം. അതിനിടയിലുള്ള ഈ സമയം വളരെ തന്ത്രപരമായി പ്രതിയുടെ ബന്ധുക്കളോടൊപ്പം ചേർന്ന് മറ്റുള്ളവർ എന്റെ മനസ്സലിയിക്കാനായി വീടിന് മുന്നിൽ നിന്ന് പുതിയ സദാചാരമന്ത്രം ഉരുവിടുകയാണ്. യജ്‌ഞ്ഞപറമ്പാണെന്റെ മുറ്റം.
തന്നെ എത്ര പെട്ടന്നാണ് ഒരു പ്രതീകമാക്കി മാറ്റാൻ അവർ ശ്രമിക്കുന്നത്? ഞാൻ അതൊന്നുമല്ലാതിരുന്നിട്ട് കൂടി. ഭാര്യയാണ്, അമ്മയാണ്, സർവ്വംസഹയാണ്. എല്ലാം ശരിയാണ്. അങ്ങനെതന്നെ. മറ്റൊരേതുപെണ്ണിനെയും വാശിപിടിപ്പിക്കുന്നതുപോലെ താനും ഇതെല്ലാം വിശ്വസിക്കുമായിരുന്നു. അതൊക്കെ എനിക്കും ഇഷ്‌ടവുമായിരുന്നു. സുമേഷ് എന്നെ വിവാഹം കഴിച്ചിരുന്നുവെങ്കിൽ അയാളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നുവെങ്കിൽ.
സുമേഷ് എന്നോടൊപ്പം ധൈര്യത്തോടെ അന്ന് നിന്നിരുന്നുവെങ്കിൽ അതൊരു അപമാനമായിപ്പോലും എനിക്ക് തോന്നില്ലായിരുന്നു. പിന്നീട് വന്നവർ വന്നവർ അവരവരുടെ മനോധർമ്മം അനുസരിച്ച് ഓരോന്ന് നിർദ്ദേശിക്കുകയായിരുന്നു – മരുന്നിന്റെ പേരറിയാത്ത ഡോക്‌ടറെപ്പോലെ.
ഇപ്പോൾ മനസ്സിലായി ആ സ്വപ്‌നങ്ങൾക്ക് നപുംസക ഫലമേ തരാൻ കഴിയുമായിരുന്നുള്ളുവെന്ന്, ഇന്നലെ വിവാഹമോചനത്തിനായി വന്ന സുമേഷിന്റെ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തി തന്നത് വക്കീലാണ്. നല്ല മിടുക്കിപ്പെണ്ണ്. ഒരു ഫൂലൻ ദേവിയെപ്പോലെയോ എലിസബത്തിനെപ്പോലെയോ രാധയെപ്പോലെയോ അവൾ ചിന്തിച്ചില്ല നിഷ്‌ഫലമെന്ന് തോന്നിയതിനെ നിയമപരമായി നിഷ്‌ക്കാസനം ചെയ്യാൻ പുറപ്പെട്ടു. അവളുടെ ഫിയാൻസിക്കൊപ്പം.
ഷണ്‌ഢനായാലും മീശ ചുരുണ്ട് തന്നെയിരിക്കണമെന്ന് അന്ന് സുമേഷ് വാശിപിടിക്കുകയായിരുന്നില്ലേ? പുരുഷന്റെ കരുത്തുകളെ അറിയാതിരുന്ന കാലമായിരുന്നു അന്നെനിക്ക്. ഇന്നും അതെനിക്കറിയില്ലെന്നുള്ളത് മറ്റൊരു സത്യം. ധൃതരാഷ്‌ട്രരും ദശരഥനും കുന്തിക്കും കൗസല്യക്കും നൽകിയ സ്വാതന്ത്ര്യത്തെക്കുറിച്ച്, അന്ധന്റെയും ഷണ്‌ഢന്റെയും ധർമ്മരാജ്യ പ്രചാരകർ സുമേഷിന് പറഞ്ഞുകൊടുക്കാൻ മടികാണിച്ച സദാചാരം.
ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും എന്തിന് എന്റെ ബോധം പോലും പൗരുഷങ്ങൾക്കുവേണ്ടിയായിരുന്നില്ലേ? ഒരു ശൂർപ്പണഖക്ക് വേണ്ടി എന്ത് നിയമങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്? കുമാരന്മാർ കവർന്നെടുത്തത് കന്യകാത്വം മാത്രമായിരുന്നില്ല കരചരണങ്ങള കൂടി അവർ അരിഞ്ഞെടുത്തു.
ഇപ്പോൾ ഒരു വിധി പറയേണ്ടിവരുന്നു. ഇണയെ തിരഞ്ഞെടുക്കാനുള്ള ജൈവപരവും നൈസർഗ്ഗീയവുമായ കഴിവിനെ അതിലംഘിച്ചുകൊണ്ട് എന്റെ ശരീരത്തിന്റേ ഇഷ്‌ടമോ ബോധമോ ഇല്ലാത്തനിലയിൽ നിർബന്ധിതമായി ഉപേക്ഷിച്ച…. അല്ല…. സ്വീകരിക്കേണ്ടിവന്ന ബീജത്തിന്റെ പേരിൽ – കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ.
അന്ന് ഖന്നാ നേഴ്‌സിംഗ് ഹോമിൽ രോഗികൾ ഒഴിഞ്ഞ് വിരസമായ രാത്രിയിൽ ബഡ്‌ഡിലേക്ക് തല ചായ്‌ച്ചപ്പോഴെ ഉറങ്ങിയിരുന്നു. ക്ലോറോഫോമിന്റെ മണമേറ്റപ്പോഴാണ് ഉണർന്നത്. സത്‌പാലിന്റെ മുഖം മിന്നിമാഞ്ഞുതുടങ്ങിയപ്പോൾ തലയ്‌ക്കുള്ളിൽ കാറ്റിൽ ചിലമ്പുന്ന ടെലഫോൺ കമ്പികളുടെ ഒച്ച ഉണർന്നു. പിന്നീട് പതുക്കെ പതുക്കെ പെത്തഡിൻ അവയെയും നിശബ്‌ദരാക്കി.
സത്‌പാൽ എത്ര ശ്രമിച്ചിട്ടും എന്നെ പൂർവ്വധരണത്തിലാക്കാൻ കഴിഞ്ഞില്ല. ഒതുക്കം തെറ്റിക്കിടക്കുന്ന വസ്‌ത്രത്തിന്റെ അസ്വസ്‌ഥത സ്‌ത്രീകൾക്കല്ലേ അറിയൂ. അവധിക്ക് മുമ്പെത്തുന്ന ആർത്തവത്തെ അങ്കലാപ്പോടെയല്ലാതെ സ്‌ത്രീക്ക് അംഗീകരിക്കാൻ കഴിയുമോ? അങ്ങനെ ചില അവിശ്വാസങ്ങളുമായാണ് ഉണർന്നത്.
വളരെ നേരം നിശ്‌ചലം തളം കെട്ടിക്കിടന്ന മാംസപേശികളിൽ വേദന തുളുമ്പി നിന്നു. ബാത്‌റൂമിലേക്ക് നടക്കുമ്പോൾ ശരീരത്തിന് നഷ്‌ടമായതെന്തെന്ന് ഓർമ്മിച്ചെടുക്കാനെ കഴിഞ്ഞിരുന്നില്ല. വരാന്തയിൽ നിന്ന സത്‌പാലിന്റെ മുഖത്ത് വിടർന്ന ചിരി ആധിപിടിപ്പിക്കുന്ന ഓർമ്മകൾക്ക് ആരംഭമായിരുന്നു.
പടയാളികൾ ചവിട്ടിമെതിച്ച് പിൻവാങ്ങിയ പടക്കളത്തിലെ ചെളിയെ നാപ്‌കിൻകൊണ്ട് തുടച്ച് മാറ്റിയപ്പോൾ ആണിയടിച്ച് കയറ്റിയ വേദനക്കൊപ്പം ഉരിയുന്ന നീറ്റൽ. ചോരയില്ലാത്ത ബീജത്തിന്റെ അവശേഷിപ്പുകൾ കണ്ട് അമ്പരന്നു. തീരാത്ത തേങ്ങലുകളുടെ തുടക്കം അവിടെയായിരുന്നുവല്ലോ.
വെളിയിലേക്കിറങ്ങുമ്പോൾ സത്‌പാൽ മുന്നിൽ നിൽപ്പുണ്ടായിരുന്നു. തള്ളിമാറ്റാതെ അയാൾ ധൃതിയിൽ ബാത്‌റൂമിലേക്ക് കയറി കതകടച്ചു. എന്തോ സ്‌ഥിരീകരിക്കുവാനെന്നോണം.
വേഗം ബാത് റൂമിന്റെ കുറ്റി വെളിയിൽ നിന്ന് വലിച്ചടുപ്പിച്ചതിനുശേഷം അഭിമാനം വീണ്ടെടുക്കാനായിരുവോ ഞാൻ പോലിസിനെ വിളിച്ചത്. അറിയില്ലിപ്പോഴും. പിന്നീട് വിളിക്കുന്നത് സുമേഷിനെയാണ്. അയാളും വേഗം ഹോസ്‌പിറ്റലിലെത്തി. അതും എന്തോ സ്‌ഥിരീകരിക്കുവാനായെന്നോണം.
ആരെ എന്ത് ബോധ്യപ്പെടുത്താനായിരുന്നു അന്ന് അങ്ങനെയൊക്കെ ചെയ്‌തത്?
ഫോറൻസിസ് ലാബിലേക്കയച്ച സാക്ഷികളായ നേഴ്‌സിംഗ് യുണിഫോമും അടിവസ്‌ത്രവും സത്‌പാലിന്റെ നനവ് സ്വീകരിച്ചില്ലപോലും! ഡോക്‌ടർ പറഞ്ഞു ഞാൻ ഗംഗയെപോലെ പവിത്രമാണെന്ന്. എന്നിട്ടും ഞാൻ ഗർഭിണിയായി. ഒരു തെളിവിനായി പ്രസവിക്കണമെന്ന് വക്കീൽ പറഞ്ഞു. തെളിവ് നശിപ്പിക്കുന്നതു നിയമപരമായി കുറ്റവുമാണല്ലോ? എന്റെ ജീവനുള്ള തെളിവിനെ ആര് സംരക്ഷിക്കും? ആർക്കായിരുന്നു അവളെ വേണ്ടിയിരുന്നത്? ആർക്കാണ് ഞാനവളെ കൈമാറേണ്ടത്? ജയിലിൽ കഴിയുന്ന സത്‌പാലിന് അവളെ എങ്ങനെ സംരക്ഷിക്കാൻ കഴിയും? ചോദ്യങ്ങൾ…. ചോദ്യങ്ങൾ…. ചോദ്യങ്ങൾ…. എന്നെ അപമാനിച്ചപഹരിച്ചവൾ! അവളും വളരും ഒരു പൊതുസ്വത്തായോ ചിലപ്പോൾ ഒരു പൊതുസ്വഭാവമോ ഇല്ലാതെതന്നെ.
ഒരു നിക്ഷേപവസ്‌തു മാത്രമാണവൾ. എന്റെ വയറ്റിൽ നിന്നും പിഴുതെടുത്തതാണവളെ. ഒരു പേര് പോലും അവൾക്ക് ഞാനിതുവരെ ഇട്ടില്ല. എന്തിന് പേരിടണം? ഇന്നും കോടതിയിൽ അവൾ എവിഡൻസ് മാത്രമാണ്. കോടതിയിൽ ഹാജരാക്കിയ എവിഡൻസ് സൂക്ഷിക്കേണ്ടുന്ന ജോലി ആരുടേതാണ്? എന്നിട്ടും വിക്‌റ്റിമിന് എവിഡൻസ് ചുമക്കാനാണ് വിധി.
നാളെ കോടതിയിൽ സത്‌പാലിനെ ഭർത്താവായി സ്വീകരിച്ചാൽ കുഞ്ഞിന്റെ അമ്മയാകാം. അയാളുടെ ശിക്ഷക്ക് ഇളവ് കിട്ടും. അയാളെ രക്ഷിക്കേണ്ടത് ഭാരതസ്‌ത്രീയുടെ ധർമ്മമാണുപോലും. കോടതി പോലും അനുകൂലമായി ആലോചിക്കാൻ എനിക്ക് സമയം തരുന്നു. ഒരു കുറ്റത്തെ കുറ്റമല്ലാതാക്കാൻ. അതിൽ ജനിച്ച കുഞ്ഞിനെ വ്യവസ്‌ഥിതിയുടെ ചൂട് ചുരത്തുന്ന ലാളന നൽകാൻ.
എന്നെ ബലാൽസംഗം ചെയ്‌തവനെ പൊറുത്ത് അവനോടൊപ്പം പൊറുക്കുവാൻ നീചരായ അന്ധ വിശ്വസികൾ എന്നോട് കേഴുന്നു. എന്നോടൊപ്പം നിന്ന് എനിക്ക് വേണ്ടി കരുണ തേടിയവർ എത്ര പാപികളായി മാറുമപ്പോൾ. വിചാരണക്കിടയിൽ വിചിത്രമായി എപ്പോഴാണ് കുറ്റം ആവിയായി അപ്രത്യക്ഷമാകാൻ തുടങ്ങിയത്?.
വാദികളും വിക്‌റ്റിമുകളും ഇല്ലാത്ത ലോകത്ത് നിയമം അസാധുവാകുന്നു. ‘എത്ര മനോഹരം അല്ലേ അങ്കിൾ?’
‘അതേ കുട്ടി ഇവിടെയെല്ലാവരും ശരിയുടെയുള്ളിലെ കുറ്റക്കാരാണ് – നിരപരാധികളായ വഞ്ചകരുമാണ്.’
എന്നെ ഊറിവലിച്ചുവിഴുങ്ങിയ ചതുപ്പ് നിലത്തിന്റെ വായ് തുന്നിത്തീർന്നപ്പോൾ അവസാനത്തെ കുമിളയും പൊട്ടി.
Generated from archived content: story1_jan1_2010.html Author: ullas_eruva